Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെങ്കൊടി പിടിച്ചില്ല, ആരെയും കാണാനും പോയില്ല; അർഹിച്ചത് നേടാൻ ഡോ. താരാ സൈമൺ നടത്തിയത് നിയമ വഴിയിലെ പോരാട്ടം; ആലുവ യു.സി.കോളേജ് പ്രിൻസിപ്പലായി ഡോ.താരയെ നിയമിച്ചത് സുപ്രീം കോടതിയും ശരിവെക്കുമ്പോൾ

ചെങ്കൊടി പിടിച്ചില്ല, ആരെയും കാണാനും പോയില്ല; അർഹിച്ചത് നേടാൻ ഡോ. താരാ സൈമൺ നടത്തിയത് നിയമ വഴിയിലെ പോരാട്ടം; ആലുവ യു.സി.കോളേജ് പ്രിൻസിപ്പലായി ഡോ.താരയെ നിയമിച്ചത് സുപ്രീം കോടതിയും ശരിവെക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടതു സർക്കാർ അധികാരത്തിലെത്തിയത് മുതൽ ചെറുതെങ്കിൽ പോലും അധികാര സ്ഥാനങ്ങളിൽ ഒരാളെ നിയമിക്കുമ്പോൾ അത് തങ്ങളുടെ പക്ഷക്കാരാകണം എന്നു വാശിപിടിക്കുന്ന ശൈലിയുണ്ട്. അങ്ങനെ വരാത്ത സാഹചര്യത്തിൽ പല വിധത്തിലുള്ള കുതന്ത്രങ്ങളും പയറ്റിയ ചരിത്രം നമുക്ക് മുന്നിലുണ്ട് താനും. ഈ ശ്രേണിയിൽ അർഹിച്ചതു നേടാൻവേണ്ടി ഏറ്റവും ഒടുവിൽ ദ്വീർഘകാലത്തെ നിയമ പോരാട്ടം നടത്തേണ്ടി വന്നത് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഡോ.താര കെ.സൈമണെ പ്രിൻസിപ്പലായി നിയമിച്ച നടപടിയായിരുന്നു.

ക്രൈസ്തവ സഭകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന കോളേജിൽ ഇടതുതാൽപ്പര്യം പുലർത്തിയ ചിലർ നടത്തിയ ചരടുവലികൾ കാരണമാണ് പ്രിൻസിപ്പൽ സ്ഥാനം നിലനിൽത്താൻ ഡോ. താര സൈമണ് നിയമ പോരാട്ടത്തിന്റെ വഴിയിൽ നീങ്ങേണ്ടി വന്നത്. ഈ നിയമ പോരാട്ടത്തിന്റെ വഴിയിൽ നീങ്ങിയ അവർ ചെങ്കൊടി പിടിക്കാതെയും ആരുടെ മുന്നിലും സഹായ അഭ്യർത്ഥന നടത്താതെയും തന്നെ വിജയിച്ചു കയറി. താരയെ പ്രിൻസിപ്പലായി നിയമിച്ചതിത് എതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി തള്ളുകയും ചെയ്തതോടെ അവസാനത്തെ ചിരി അർഹിച്ചതു നേടിയെടുത്ത താര സൈമണ് തന്നെയാണ്.

മഹാത്മാ ഗാന്ധി സർവകലാശാലയും, കോളേജ് മാനേജരും നൽകിയ ഹർജികളാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്. ഇവരെ പ്രിൻസിപ്പലായി നിയമിച്ച ഹൈക്കോടതി വിധി പരമോന്നത കോടതി ശരിവെക്കുകയും ചെയ്തു. 2018ലാണ് ബോട്ടണി വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസറായ ഡോ.താരയെ പ്രിൻസിപ്പാൾ ആയി നിയമിച്ചത്. എന്നാൽ യുജിസിയുടെ 2016 ലെ റെഗുലേഷൻ പ്രകാരമുള്ള യോഗ്യത താരയ്ക്ക് ഇല്ലെന്ന് മഹാത്മാ ഗാന്ധി സർവ്വകലാശാലയ്ക്ക് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്തയും, ജി.പ്രകാശും കോടതിയിൽ വാദിച്ചു. സർവകലാശാലയുടെ അംഗീകാരം ഇല്ലാത്ത ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധമാണ് ഹാജരാക്കിയത്. വിദേശത്ത് പങ്കെടുത്ത രാജ്യാന്തര സെമിനാറിന്റെ ക്ഷണക്കത്ത് ഹാജരാക്കിയില്ലെന്നും മഹാത്മാ ഗാന്ധി അഭിഭാഷകർ കോടതിയിൽ വാദിച്ചു.

സർവകലാശാലയുടെ വാദങ്ങളോട് യോജിക്കുന്ന നിലപാടാണ് കോളേജ് മാനേജർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ റോമി ചാക്കോയും കോടതിയിൽ സ്വീകരിച്ചത്. ചില വിവരാവകാശ രേഖകൾ ഹാജരാക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ സർവ്വകലാശാലയുടെയും, മാനേജരുടെയും വാദം തെറ്റാണെന്ന് ഡോ താര കെ.സൈമണ് വേണ്ടി ഹാജരായ അഭിഭാഷകൻ കുര്യാക്കോസ് വർഗീസ് ചൂണ്ടിക്കാട്ടി. യുണിവേഴ്സിറ്റി സ്‌കോർ കണക്കാക്കിയതിൽ നഗ്‌നമായ തെറ്റുകൾ സംഭവിച്ചുവെന്നും അദ്ദേഹം വാദിച്ചു.

സർവകലാശാലയുടെയും മാനേജരുടേയും വാദം സ്വീകാര്യമല്ലെന്നും നിയമനം അംഗീകരിച്ച ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നും ഹർജി തള്ളി കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. താരാ സൈമണ് വിരമിക്കാൻ ഇനി എട്ട് മാസം മാത്രമേ ഉള്ളൂവെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഹർജി തള്ളിക്കൊണ്ട് ചൂണ്ടിക്കാട്ടി.

2018 മാർച്ച് 31ന് മുൻ പ്രിൻസിപ്പാളായ തോമസ് മാത്യു വിരമിച്ച ശേഷമാണ് താര സൈമണെ നിയമിക്കുന്നത്. ഈ നിയമനം തുടക്കത്തിൽ തന്നെ തർക്കങ്ങളിൽ ഇടംപിടിച്ചത് താര സൈമണ് പ്രത്യേകിച്ച് ആരോടും രാഷ്ട്രീയ താൽപ്പര്യം പ്രകടിപ്പിക്കാത്തതു കൊണ്ടായിരുന്നു. എന്നാൽ തോമസ് മാത്യുവിനേക്കാൾ മുമ്പേ ഡോ. താര തന്നെ പ്രിൻസിപ്പൽ ആകേണ്ടതായിരുന്നു. ബോട്ടണി വിഭാഗം അദ്ധ്യാപികയായിരുന്ന ഡോ. താരയെ പ്രിൻസിപ്പലായി തിരഞ്ഞെടുത്തു. മാനേജമെന്റ് യൂണിവേഴ്‌സിറ്റി അപ്രൂവലിന് വേണ്ടി ശ്രമിച്ചപ്പോഴാണ് കുഴപ്പങ്ങളുടെ തുടക്കം.

ന്യൂനപക്ഷപദവിയുള്ള യു.സി കോളേജ് പ്രിൻസിപ്പാളിനെ തീരുമാനിക്കുന്നത് നാല് ക്രൈസ്തവ സഭകൾ ചേർന്നാണ്. ദക്ഷിണേത്യൻ പള്ളി, മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളി, മലങ്കര മാർത്തോമ സിറിയൻ പള്ളി, മലങ്കര യാക്കോബൈറ്റ് സിറിയൻ പള്ളി എന്നിവരുമായി ബന്ധപ്പെട്ട സഭകളുടെ അധികാരികൾ ചേർന്ന് തീരുമാനിക്കുന്ന പ്രിൻസിപ്പാളിന് സിൻഡിക്കേറ്റ് അനുമതി ചെയ്യുകയാണ് ചെയ്യുക. ഈ കോളേജിന്റെ മാനേജറാണ് ഡോ. താര സൈമണിന്റെ നിയമനത്തിന് എതിരായി നിന്നത്. ഇടതു സിൻഡിക്കേറ്റുമായി ബന്ധമുള്ള ഇടതുപക്ഷ തൽപ്പരനായ മാനേജർ ഇടപെട്ടതോടെ ഡോ. താര സൈമണന്റെ നിയമനത്തിന് അംഗീകാരം ലഭിക്കാതെ പോകുകയായിരുന്നു.

'യുജിസിയുടെ 2010 റെഗുലേഷൻ പ്രകാരം ഓരോ അപ്പോയിന്റ്മെന്റിന്റേയും കൃത്യമായ റെഗുലേഷൻസ് പറയുന്നുണ്ട്. 26/2/2016 കോടതി വിധി പ്രകാരമാണിത്. അതിൽ മൂന്ന് കാറ്റഗറികളുണ്ട് ജേർണൽ, റിസർച്ച് എന്നിങ്ങനെയെല്ലാം. ഓരോ കാറ്റഗറിയിലും ഇത്ര ഇത്ര പോയിന്റുകൾ വേണമെന്ന് നിബന്ധനയുണ്ട്. ഈ എ.പി.എസ് പോയിന്റ് സഭ നിർദ്ദേശിച്ച ഡോ. താര കെ. സൈമണിനില്ല. ഇതാണ് അംഗീകാരം നൽകാത്തതിന് കാരണം' എന്നായിരുന്നു യൂണിവേഴ്‌സിറ്റി താരയുടെ നിയമനത്തെ എതിർത്തു കൊണ്ട് പറഞ്ഞത്. എന്നാൽ താൻ ഡോക്ടറേറ്റ് നേടിയ യൂണിവേഴ്‌സിറ്റി തന്നെ തന്റെ മാർക്കിനെ ചോദ്യം ചെയ്തപ്പോൾ വിട്ടുകൊടുക്കാൻ താരയും തയ്യാറായില്ല.

400 എ.പി.എസ് സ്‌കോർ താരക്കില്ലെന്നാണ് ഇടതു സിൻഡിക്കേറ്റ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, തനിക്കുള്ള മറ്റ് യോഗ്യതകൾ ഒന്നു പരിഗണിക്കാതെയായിരുന്നു ഈ വാദം. ഇതോടെ തനിക്ക് ലഭിക്കേണ്ട പ്രിൻസിപ്പൽ പദവിയും കിട്ടിയില്ല. ഇതോടെ താര ഹൈക്കോടതിയെ സമീപിച്ചു. എം ജി യൂണിവേഴ്‌സിറ്റി തീരുമാനം പുനപ്പരിശോധിക്കണെന്നായിരുന്നു ആവശ്യം. എന്നാൽ വീണ്ടും സമാന നിലപാട് ഹൈക്കോടതിയിൽ വീണ്ടും അറിയിച്ചു. എന്നാൽ യൂണിവേഴ്‌സിറ്റിയുടെ വാദം തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് താരയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഡോ.താര കെ. സൈമണിന്റെ പ്രിൻസിപ്പൽ നിയമനത്തിന് എംജി സർവകലാശാല ഒരു മാസത്തിനകം അംഗീകാരം നൽകണമെന്നു ഹൈക്കോടതി നിർദ്ദേശിച്ചു. ഡോ. താര നൽകിയ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമന തീയതിയായ 2018 ഏപ്രിൽ 1 മുതൽ അംഗീകാരവും നൽകണമെന്നും നിർദ്ദേശിച്ചു. യുജിസി നിഷ്‌കർഷിക്കുന്ന എപിഐ (അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റർ) സ്‌കോർ 400 ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു സർവകലാശാല അംഗീകാരം നിഷേധിച്ചതെന്ന വാദം തള്ളിയ ഡോ. താര തനിക്ക് കിട്ടേണ്ട സ്‌കോർ 2000ൽ കൂടുതൽ വരുമെന്ന വ്യക്തമാക്കുകയായിരുന്നു.

വിവിധയിനങ്ങളിൽ ഡോ.താരയ്ക്കു കിട്ടേണ്ട സ്‌കോർ സർവകലാശാല കണക്കിലെടുത്തില്ലെന്നു കോടതി വിലയിരുത്തിയതോടെ സുപ്രീംകോടതിയിലും നിർണായകമായി. ചെങ്കൊടി പിടിക്കാതെ നിയമത്തിന്റെ വഴിയിൽ തന്നെ ഡോ. താര സൈമൺ വിജയിച്ചു കയറി. തോൽക്കുമെന്ന് അറിഞ്ഞിട്ടും ചിലരുടെ രാഷ്ട്രീയതാൽപ്പരവും വ്യക്തിതാൽപ്പര്യവുമാണ് ഡോ. താര സൈമണിന്റെ പ്രിൻസിപ്പൽ പദവി നീട്ടിക്കൊണ്ടു പോയത്. കുറച്ചു കാലം മാത്രമേ ഇനിയും താര സൈമണ് ആ പദവിയിൽ ഇരിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ തല ഉയർത്തിപ്പിടിച്ചു തന്നെ ആ അക്കാദമിക് സ്ഥാനത്ത് തുടരാൻ അവർക്ക് സാധിക്കുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP