Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാരുണ്യ@ഹോം: മിതമായ നിരക്കിൽ മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും; മുതിർന്ന പൗരന്മാർക്ക് മരുന്നുകൾ വാതിൽപ്പടിയിൽ; ആദ്യഘട്ട രജിസ്ട്രേഷൻ ജൂലൈ 15 വരെ

കാരുണ്യ@ഹോം: മിതമായ നിരക്കിൽ മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും; മുതിർന്ന പൗരന്മാർക്ക് മരുന്നുകൾ വാതിൽപ്പടിയിൽ; ആദ്യഘട്ട രജിസ്ട്രേഷൻ ജൂലൈ 15 വരെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും വാതിൽ പടിയിലെത്തിക്കുന്ന 'കാരുണ്യ@ഹോം' പദ്ധതിക്ക് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ തുടക്കമിട്ടു. മിതമായ നിരക്കിൽ മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച 'കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി' വിജയകരമായി സർക്കാരാശുപത്രികളിലൂടെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ അടുത്ത ഘട്ടമാണ് 'കാരുണ്യ@ഹോം' എന്ന പുതിയ പദ്ധതി.

പൊതുവിപണിയിലേക്കാൾ വൻ വിലക്കിഴിവിൽ മരുന്നുകളും ഗ്ലൂക്കോമീറ്റർ, ബി.പി. അപ്പാരറ്റസ്, എയർബെഡ് മുതലായ അനുബന്ധ സാമഗ്രികളും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ സർക്കാരാശുപത്രികളിൽ പ്രവർത്തിക്കുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിലൂടെ വിതരണം ചെയ്യുന്നുണ്ട്. വിലക്കിഴിവിന് പുറമേ ഒരു ശതമാനം അധിക വിലക്കിഴിവോടെ മുതിർന്ന പൗരന്മാർക്ക് ആവശ്യമായ എല്ലാ മരുന്നുകളും, ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കപ്പെടുന്ന ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകളും കൊറിയർ മുഖേന പ്രതിമാസം വീട്ടിലെത്തിച്ചു കൊടുക്കും.
സാമ്പത്തിക ലാഭത്തോടൊപ്പം 'കോവിഡിനൊപ്പം സുരക്ഷിതരായി ജീവിക്കുക' എന്ന പുതിയ ജീവിതശൈലിക്കായി ഈ പദ്ധതി മുതിർന്ന പൗരന്മാരെ സഹായിക്കും. തിരക്കേറിയ ആധുനിക ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുന്ന വയോജനങ്ങൾക്ക് പദ്ധതി കൈത്താങ്ങായിരിക്കും.

ഈ സേവനം ലഭിക്കാൻ താല്പര്യമുള്ള ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്യണം. ആദ്യഘട്ട രജിസ്ട്രേഷൻ ജൂൺ 30 മുതൽ ജൂലൈ 15 വരെയായിരിക്കും. www.khome.kmscl.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി മരുന്നിന്റെ കുറിപ്പടി സഹിതം രജിസ്റ്റർ ചെയ്യുകയോ, സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ സ്ഥിതി ചെയ്യുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിൽ നിന്നും രജിസ്ട്രേഷൻ ഫോറം കൈപ്പറ്റുകയോ ചെയ്യാം. പൂരിപ്പിച്ച രജിസ്ട്രേഷൻ ഫാറങ്ങൾ, കുറിപ്പടി സഹിതം കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിൽ തിരികെ ഏൽപ്പിക്കാം.

ഈ കാലയളവിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തികളെ, അവർ സമർപ്പിച്ചിരിക്കുന്ന കുറിപ്പടി പ്രകാരം ഒരു മാസത്തേക്കാവശ്യമായ മരുന്നുകളുടെ അന്നത്തെ വിലവിവരപട്ടിക അനുസരിച്ചുള്ള തുക അറിയിക്കും. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് തുക കൈമാറിയാൽ സെപ്റ്റംബർ 15-നകം അവർക്കുള്ള മരുന്നുകൾ വീട്ടിലെത്തിക്കും. തുടർന്ന് തിരുത്തൽ അറിയിപ്പ് ഉണ്ടാകാത്ത പക്ഷം കൃത്യമായ ഇടവേളകളിൽ പ്രതിമാസാവശ്യത്തിനുള്ള മരുന്നുകൾ മുടക്കമില്ലാതെ വീട്ടിലെത്തിക്കും. ലഭിക്കുന്ന മരുന്നുകൾക്ക് എന്തെങ്കിലും തരത്തിലുള്ള ന്യൂനതകൾ ശ്രദ്ധയിൽപെട്ടാൽ 48 മണിക്കൂറിനകം പരാതി മരുന്ന് വിതരണം ചെയ്യുമ്പോൾ ലഭിക്കുന്ന ഇൻവോയ്സിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫോൺ നമ്പരുകളിലോ/ ഇ-മെയിൽ വിലാസത്തിലോ/ തൊട്ടടുത്ത കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിലോ അറിയിക്കുമ്പോൾ പരിഹാര നടപടി സ്വീകരിക്കും.

കുറിപ്പടിയിൽ വ്യത്യാസമുണ്ടാവുന്ന ഘട്ടങ്ങളിലോ, കൂടുതൽ മരുന്ന് കൂട്ടിച്ചേർക്കുന്നതിനോ, രേഖാമൂലം രജിറ്റർ നമ്പർ സഹിതം കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിൽ അപേക്ഷിക്കുകയോ, ഓൺലൈനായി അപ്ലോഡ് ചെയ്യുകയോ വേണം. കിടപ്പ് രോഗികൾക്കും, കാൻസർ ബാധിതർക്കും ജീവിതശൈലി രോഗബാധിതർക്കും പദ്ധതി പ്രയോജനപ്രദമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP