Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉപേന്ദ്രവർമ്മയേയും രാമനേയും വെട്ടിമാറ്റിയത് ചാണ്ടിയുടെ വിശ്വസ്തനായി; ഡൽഹിക്ക് പറന്നപ്പോൾ പുന്നൂസിനെ പിൻഗാമിയാക്കിയതും താൽപ്പര്യത്തിൽ; സീനിയർമാരെ മൂലയ്ക്കിരുത്തി അനിൽകാന്തിനെ ഒന്നാമനാക്കി ശ്രീവാസ്തവയുടെ ഹാട്രിക്; തച്ചങ്കരിയേയും സുധേഷിനെയും സന്ധ്യയേയും മറികടന്ന് നാലാമൻ മേധാവിയാകുന്നത് ഗോഡ് ഫാദറുടെ കരുത്തിൽ

ഉപേന്ദ്രവർമ്മയേയും രാമനേയും വെട്ടിമാറ്റിയത് ചാണ്ടിയുടെ വിശ്വസ്തനായി; ഡൽഹിക്ക് പറന്നപ്പോൾ പുന്നൂസിനെ പിൻഗാമിയാക്കിയതും താൽപ്പര്യത്തിൽ; സീനിയർമാരെ മൂലയ്ക്കിരുത്തി അനിൽകാന്തിനെ ഒന്നാമനാക്കി ശ്രീവാസ്തവയുടെ ഹാട്രിക്; തച്ചങ്കരിയേയും സുധേഷിനെയും സന്ധ്യയേയും മറികടന്ന് നാലാമൻ മേധാവിയാകുന്നത് ഗോഡ് ഫാദറുടെ കരുത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ ഒഴിയുമ്പോൾ പിന്നെ സീനിയർ ഋഷി രാജ് സിംഗാണ്. ആറു മാസം സർവ്വീസുള്ളവരെ മാത്രമേ ഡിജിപിയാക്കാവൂ എന്ന സുപ്രീംകോടതി നിർദ്ദേശം ഋഷിരാജ് സിംഗിന് വിനയായി. പിന്നെ കേരളാ കേഡറിൽ മുമ്പിലുണ്ടായിരുന്നത് നാലു പേർ. ഇവരിൽ ഒരാൾ മാറി നിന്നപ്പോൾ. രണ്ടാമനെ യുപിഎസ് സി വെട്ടി. അങ്ങനെ പിണറായി സർക്കാരിന് മുമ്പിൽ മൂന്നംഗ ചുരുക്കപ്പട്ടിക എത്തി. അതിൽ ഏറ്റവും ജൂനിയറിന് പൊലീസ് മേധാവി സ്ഥാനം കിട്ടുകയാണ് കേരളത്തിൽ. എല്ലാ കീഴ് വഴക്കങ്ങളും യുപിഎസ് സിയുടെ ഇടപെടലോടെ മാറിമറിയുകാണ്.

സീനിയർ ഐപിഎസുകാരൻ പൊലീസ് മേധാവിയാകുന്നതാണ് പതിവ്. ഇത് തെറ്റിക്കപ്പെട്ടത് മുമ്പ് രണ്ട് തവണ വലിയ ചർച്ചകൾക്ക് വിധേയമായിരുന്നു. അന്ന് സീനയർ ഉദ്യോഗസ്ഥരെ മറികടന്ന് സർക്കാരിന്റെ പിന്തുണയോടെ പൊലീസ് മേധാവിയായത് രമൺ ശ്രീവാസ്തവയായിരുന്നു. സീനിയർ ഡിജിപിമാരായിരുന്ന ഉപേന്ദ്ര വർമ്മയേയും എംജിഎ രാമനേയും പിന്തള്ളിയാണ് ശ്രീവസ്തവ പൊലീസിന്റെ തലപ്പത്ത് എത്തിയത്. അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ തീരുമാനമാണ് നിർണ്ണായകമായത്.

രമൺ ശ്രീവാസ്തവ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയപ്പോൾ പകരമെത്തിയത് ജേക്കബ് പുന്നൂസായിരുന്നു. അന്നും എംജിഎ രാമൻ സർവ്വീസിലുണ്ടായിരുന്നു. ശ്രീവാസ്തവയുടെ ആഗ്രഹം കൂടി പരിഗണിച്ചാണ് അന്ന് ഇടത് പക്ഷത്തോട് ചേർന്നു നിന്ന ജേക്കബ് പുന്നൂസ് പൊലീസ് മേധാവിയായത്. അതിന് ശേഷം വീണ്ടും പൊലീസ് മേധാവി പദത്തിൽ സീനിയോറിട്ടി അട്ടിമറിക്കപ്പെട്ടു. ഇപ്പോഴും നിർണ്ണായകമായി മാറിയത് ശ്രീവാസ്തവയുടെ നിലപാടാണെന്നാണ് സൂചന. ശ്രീവാസ്തവയുടെ അതിവിശ്വസ്തനാണ് പുതിയ പൊലീസ് മേധാവി അനിൽകാന്ത്.

ഋഷിരാജ് സിംഗിന് തടസ്സമായി സുപ്രീംകോടതി മാനദണ്ഡമായിരുന്നുവെങ്കിൽ അരുൺകുമാർ സിൻഹ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ തുടരാനാണ് അഗ്രഹം കാട്ടിയത്. ടോമിൻ തച്ചങ്കരിയായിരുന്നു പിന്നീട് സീനിയോറിട്ടിയിൽ ഒന്നാമൻ. സർക്കാരിനും സർവ്വ സമ്മതൻ. പക്ഷേ കേന്ദ്ര സർക്കാരിന്റെ യുപിഎസ് സി തച്ചങ്കരിയെ വെട്ടി. ഇതിന് പിന്നിൽ ചില ഇടപെടലുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് ചുരുക്കപ്പട്ടികയിൽ മൂന്നാമനായി അനിൽ കാന്ത് എത്തുന്നത്. സുദേശ് കുമാറും സന്ധ്യയുമായിരുന്നു പട്ടികയിലെ ആദ്യ രണ്ടു പേരുകാർ. ഇതിൽ സന്ധ്യയെ ഡിജിപിയാക്കാനായിരുന്നു ആലോചന. ഇതിനിടെയിൽ സന്ധ്യ പറഞ്ഞാൽ കേൾക്കുമോ എന്ന സംശയം ഉയർന്നു. ഇതോടെ സുധേഷ് കുമാറിനെ കുറിച്ചായി ചിന്ത. എന്നാൽ ഗവാസ്‌കർ എന്ന പൊലീസുകാരനെ മകൾ അടിച്ച കേസ് സുധേഷ് കുമാറിന് വിനയായി.

ഇത്തരം ചർച്ചകൾക്കിടെ സന്ധ്യയെ ഒഴിവാക്കുന്നതിൽ രമൺ ശ്രീവാസ്തവയുടെ ഇടപെടൽ നിർണ്ണായകമായി. പിണറായി സർക്കാരിന്റെ ആദ്യ ഘട്ടത്തിൽ രമൺ ശ്രീവാസ്തവയായിരുന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്. പല ഘട്ടങ്ങളിൽ വിവാദമുണ്ടായപ്പോഴും പിണറായി നേരിട്ട് പിന്തുണച്ച വ്യക്തി. ഈ ശ്രീവാസ്തവയ്ക്ക് മുഖ്യമന്ത്രിയിലുള്ള സ്വാധീനത്തിന് തെളിവായിരുന്നു അനിൽ കാന്തിന്റെ പൊലീസ് മേധാവി സ്ഥാനം. തന്റെ ഏറ്റവും വിശ്വസ്തനായ അനിൽ കാന്തിനെ പൊലീസ് മേധാവിയാക്കി സർക്കാരിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാൾ താനാണെന്ന് വ്യക്തമാക്കുകയാണ് ശ്രീവാസ്തവ. 

പൊലീസിന്റെ മേധാവിക്കായുള്ള ഇത്തവണത്തെ ചുരുക്കപ്പട്ടികയിൽ പോലും ഈ ഇടപെടലുകൾ ദൃശ്യമാണ്. തച്ചങ്കരി പട്ടികയിൽ ഉണ്ടെങ്കിൽ അദ്ദേഹമേ ഡിജിപിയാകൂവെന്ന് ശ്രീവാസ്തവ തിരിച്ചറിഞ്ഞിരുന്നു. തച്ചങ്കരിക്കെതിരെ കേന്ദ്രത്തിലേക്ക് പരാതി പ്രവാഹം എത്തിയതോടെ കാര്യങ്ങൾ അനുകൂലമായി. അങ്ങനെ മൂന്ന് സീനിയർമാരെ വെട്ടി അനിൽകാന്ത് പൊലീസ് മേധാവിയാകുന്നു. 

ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു. ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. എഡിജിപി കസേരിയിൽ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച ട്രാക്ക് റെക്കോർഡുള്ള അനിൽ കാന്തിനുണ്ട്. ഡിജിപി സ്ഥാനത്തേക്ക് അനിൽ കാന്ത്, ബി സന്ധ്യ, സുദേഷ് കുമാർ എന്നീ മൂന്ന് പേരടങ്ങിയ ചുരുക്കപ്പട്ടികയാണ് യുപിഎസ്‌സി സംസ്ഥാന സർക്കാരിന് നൽകിയിരുന്നത്. ഇതിൽ നിന്നാണിപ്പോൾ അനിൽ കാന്തിനെ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തത്. വൈകീട്ട് പൊലീസ് ആസ്ഥാനത്തെത്തുന്ന അനിൽ കാന്ത് സ്ഥാനം ഒഴിയുന്ന ലോക്നാഥ് ബെഹ്റയിൽ നിന്ന് ചുമതല ഏറ്റെടുക്കും. ഏഴ് മാസത്തെ സർവീസാണ് അനിൽ കാന്തിന് അവശേഷിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഡിജിപിമാർക്ക് രണ്ട് വർഷം കാലാവധി നൽകണം. ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ നിയമോപദേശങ്ങൾ തേടിയേക്കും.

കേരളാ കേഡറിൽ എ.എസ്‌പി ആയി വയനാട് സർവ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്‌പി ആയി പ്രവർത്തിച്ചു. തുടർന്ന് ഡൽഹി, ഷില്ലോംങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്‌പി ആയും പ്രവർത്തിച്ചു. സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയും സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണൽ എക്സൈസ് കമ്മീഷണർ ആയിരുന്നു.

എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവർത്തിച്ചു. ഫയർഫോഴ്സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പൊലീസ് ആസ്ഥാനം, സൗത്ത്സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയിൽ മേധാവി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തലവൻ, ഗതാഗത കമ്മീഷണർ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്.

പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്. പരേതനായ റുമാൽ സിങ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ: പ്രീത ഹാരിറ്റ്, മകൻ: റോഹൻ ഹാരിറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP