Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെംബ്ലിയെത്തന്നെ സാക്ഷിയാക്കി തിരിച്ചടി നൽകാൻ ഇംഗ്ലണ്ട്; ചരിത്രം ആവർത്തിക്കാൻ ജർമ്മനിയും; വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാനൊരുങ്ങി വെംബ്ലി; സ്വീഡനെതിരെ വിജയം ആവർത്തിക്കാൻ ഉക്രൈൻ

വെംബ്ലിയെത്തന്നെ സാക്ഷിയാക്കി തിരിച്ചടി നൽകാൻ ഇംഗ്ലണ്ട്; ചരിത്രം ആവർത്തിക്കാൻ ജർമ്മനിയും;  വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാനൊരുങ്ങി വെംബ്ലി; സ്വീഡനെതിരെ വിജയം ആവർത്തിക്കാൻ ഉക്രൈൻ

സ്പോർട്സ് ഡെസ്ക്

വെംബ്ലി: പഴയൊരു കണക്കുതീർക്കാൻ ഇംഗ്ലണ്ടും ചരിത്രം ആവർത്തിക്കാൻ ജർമ്മനിയും അതേ വെംബ്ലിയിൽ ഇറങ്ങുമ്പോൾ മികച്ചൊരു മത്സരത്തിനാണ് വെംബ്ലി സ്റ്റേഡിയം കാത്തിരിക്കുന്നത്. യുറോയിൽ ഇന്നത്തെ പ്രീക്വാർട്ടർ മത്സരങ്ങളിൽ ആദ്യമത്സരത്തിൽ ജർമ്മനി ഇംഗ്ലണ്ടിനെ നേരിടും.1996ലെ യൂറോ കപ്പ് സെമിയിൽ ജർമനിയോടേറ്റ തോൽവിക്ക് അതേ വെംബ്ലിയിൽ പകരംവീട്ടാനാണ് ഗാരെത് സൗത്‌ഗേറ്റിന്റെ ഇംഗ്ലണ്ട് ഇറങ്ങുന്നത്.

ജർമനിയും ഇംഗ്ലണ്ടും വിഖ്യാത വെംബ്ലി സ്റ്റേഡിയത്തിൽ വീണ്ടും മുഖാമുഖമെത്തുകയാണ്. പ്രീ ക്വാർട്ടറെങ്കിലും ഫൈനലിന്റെ വീറും വാശിയും ഉറപ്പ്. വേഗവും കരുത്തും കൃത്യതയും ഒത്തുചേർന്ന താരനിരയാണ് ഇരുവശത്തും അണിനിരക്കുന്നത്. ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്‌ഗേറ്റ് പ്രതിരോധത്തിൽ വിട്ടുവീഴ്ചയില്ലാത്ത 4-2-3-1 ഫോർമേഷനിലാണ് വിശ്വസിക്കുന്നത്.

ജർമൻ കോച്ച് യോക്വിം ലോയും സമാന ചിന്താഗതിക്കാരൻ. ലോ ആശ്രയിക്കുന്നത് 3-4-2-1 ഫോർമേഷനിൽ. ഇംഗ്ലണ്ട് ഹാരി കെയ്‌നെയും ജർമനി സെർജി ഗ്‌നാബ്രിയേയും ഗോളിലേക്ക് ഉന്നം വയ്ക്കും. കിമ്മിച്ചും ക്രൂസും ഗോരെസ്‌കയും ഹാവെർട്‌സും ഗുൺഡോഗനും മുള്ളറുമടങ്ങിയ പരിചയമ്പന്നരായ മധ്യനിരയാണ് ജർമനിയുടെ കരുത്ത്.

അതേസമയം സ്റ്റെർലിങ്, ഫോഡൻ, ഗ്രീലിഷ്, മൗണ്ട്, റീസ് എന്നിവരുടെ ചുറുചുറുക്കിലൂടെയാവും ഇംഗ്ലീഷ് മറുപടി.ഗോൾവലയത്തിന് മുന്നിൽ ജർമനി മാനുവൽ നോയറെ വിശ്വസിക്കുമ്പോൾ ജോർദാൻ പിക്‌ഫോർഡാണ് ഇംഗ്ലണ്ടിന്റെ കാവൽക്കാരൻ.ജർമനി ഉഗ്രരൂപം പുറത്തെടുത്താൽ ഒറ്റ ഗോൾ വിജയങ്ങളുമായി മുന്നേറുന്ന ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കുക എളുപ്പമാവില്ല.

രണ്ടാമത്തെ പ്രീ ക്വാർട്ടറിൽ സ്വീഡൻ, ഉക്രൈനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. ഇരു ടീമും നാല് കളികളിൽ ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും ഉക്രൈനായിരുന്നു ജയം. സ്വീഡൻ ജയിച്ചത് 2011ലെ സൗഹൃദമത്സരത്തിൽ മാത്രം. 2012ലെ യൂറോ കപ്പിൽ ഉക്രൈൻ ഒന്നിനെതിരെ രണ്ട് ഗോളിന് സ്വീഡനെ തോൽപിച്ചിരുന്നു. ഇപ്പോഴത്തെ കോച്ച് ആന്ദ്രേ ഷെവ്‌ചെങ്കോയുടെ ഇരട്ട ഗോൾ മികവിലായിരുന്നു അന്ന് ഉക്രൈന്റെ ജയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP