Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

''കൊള്ളക്കാരെയും, കള്ളന്മാരെയും ഭീകരപ്രവർത്തകരെയും ഒക്കെ നേരിടുന്ന പോലെ സർക്കാർ; ഒരുമാസത്തിനിടെ 11 റെയ്ഡുകളെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ്; സർക്കാരുമായി ചേർന്നുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റക്‌സ് പിൻവാങ്ങുന്നു

''കൊള്ളക്കാരെയും, കള്ളന്മാരെയും ഭീകരപ്രവർത്തകരെയും ഒക്കെ നേരിടുന്ന പോലെ സർക്കാർ; ഒരുമാസത്തിനിടെ 11 റെയ്ഡുകളെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ്; സർക്കാരുമായി ചേർന്നുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റക്‌സ് പിൻവാങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കിറ്റക്‌സ് കേരളം വിടുമെന്ന അഭ്യൂഹം പരക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. കാരണം, വേറൊന്നുമല്ല, സർക്കാരിന്റെ പ്രതികാര ബുദ്ധിയെന്ന് എംഡി സാബു ജേക്കബ് ആവർത്തിച്ചുപറയുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ 11 തവണയാണ് ഓരോ കാരണം പറഞ്ഞ് റെയ്ഡ് ചെയ്തതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് സർക്കാരുമായി ചേർന്നുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽനിന്ന് പിൻവാങ്ങുകയാണെന്ന് കിറ്റെക്സ്. പദ്ധതികൾ സംബന്ധിച്ച് ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ് വ്യക്തമാക്കി. സർക്കാരിന്റെ രാഷ്ട്രീയവൈരാഗ്യം തീർക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് പിൻവാങ്ങൽ. അപ്പാരൽ പാർക്കും മൂന്ന് വ്യവസായ പാർക്കും തുടങ്ങാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.

എംഡി സാബു ജേക്കബിന്റെ വാക്കുകൾ:

' കൊള്ളക്കാരെയും, കള്ളന്മാരെയും ഭീകരപ്രവർത്തകരെയും ഒക്കെ നേരിടുന്ന രീതിയിലാണ് സർക്കാരിന്റെ സമീപനമെന്ന് സാബു ജേക്കബ് പറഞ്ഞു. 15,000 പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഇരച്ചുകയറി, പത്തും പന്ത്രണ്ടും വാഹനങ്ങളിൽ വരുന്നു, 50 ഓളം ഉദ്യോഗസ്ഥർ വിവിധ ഫ്‌ളോറുകളിലേക്ക് ഓടിക്കയറുന്നു. ആരാണ് വന്നിരിക്കുന്നത്, എന്തിനാണ് വന്നിരിക്കുന്നത് എന്നൊന്നും നമുക്കറിയില്ല. മുതൽമുടക്കിയവൻ, ഇത്രയും നാൾ വിയർപ്പൊഴുക്കിയവൻ മണ്ടനെ പോലെ നോക്കി നിൽക്കുന്നു. ജോലിക്കാരെ ജോലി നിർത്തി വപ്പിച്ച് ചോദ്യം ചെയ്യിക്കുന്നു..പേര് എഴുതിയെടുക്കുന്നു, ഫോൺ നമ്പർ എഴുതിയെടുക്കുന്നു...സ്ത്രീകളെ വിളിക്കുന്നു, ട്രിപ്പിൾ ലോക് ഡൗൺ ഉള്ള സമയത്താണ് മാസ്‌ക് പോലും ധരിക്കാതെ ചോദ്യം ചെയ്യുന്നത്. 26 കൊല്ലത്തോളമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് ഈ പ്രഹസന റെയ്ഡ്. നാലും അഞ്ചും മണിക്കൂർ റെയ്ഡ് കഴിഞ്ഞ് ഇറങ്ങിപ്പോവുന്നു. നമ്മൾ മണ്ടന്മാരെ പോലെ നോക്കി നിൽക്കുന്നു. യാതൊരുവിധ തിരുത്തൽ നിർദ്ദേശങ്ങളും നൽകുന്നുമില്ല. ഇങ്ങനെയാണെങ്കിൽ ഇവിടെ എങ്ങനെ വ്യവസായംനടത്തുമെന്നും സാബു ജേക്കബ് ചോദിക്കുന്നു. ആരെയും ഭയന്ന് വ്യവസായം നടത്താൻ ഉദ്ദേശിക്കുന്നില്ല. കേരളത്തിന് പുറത്തേക്ക് ചെന്നാൽ വ്യവസായികൾക്ക് ചുവന്ന പരവതാനിയാണ്. കിറ്റക്‌സിനെ പുറത്തേക്ക് കൊണ്ടുപോകുന്ന കാര്യം ആലോചിച്ചുതീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

10 ഓളം റെയ്ഡുകളിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. പക്ഷെ ഇത്തരത്തിൽ തുടർച്ചയായി പരിശോധനകൾ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിപ്പിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഈ കാരണങ്ങളാൽ സർക്കാരിന്റെ തുടർവികസനപദ്ധതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് കിറ്റെക്സ് എം ഡി പറഞ്ഞു. 2020ൽ കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് കിറ്റെക്സ് സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. 3,500 കോടിയുടെ പുതിയനിക്ഷേപം സംബന്ധിച്ച ധാരണാപത്രമായിരുന്നു അന്ന് ഒപ്പിട്ടത്. ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അന്ന് ആഗോള നിക്ഷേസംഗമത്തിൽ ഒപ്പിട്ടത്. ഇതിൽ ഏറ്റവും വലിയ പ്രോജക്ട് കിറ്റെക്സിന്റേതായിരുന്നു.

അനാവശ്യമായി പരിശോധനകൾ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കിറ്റെക്സ് ആരോപിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മലിനീകരണ നിയന്ത്രണ ബോർഡ്, തൊഴിൽ വകുപ്പ് ഉൾപ്പെടെ പല വകുപ്പുകളുടെയും പരിശോധനകൾ നടന്നിരുന്നു. ഒരു മാസത്തിനിടയിൽ 11 പരിശോധനകൾ നടന്നു എന്നാണ് കിറ്റെക്സിന്റെ വാർത്താക്കുറിപ്പിൽ പറയുന്നത്. എന്നാൽ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുകയോ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം തീർക്കുന്ന നടപടിയാണിതെന്നും കിറ്റെക്സ് ആരോപിക്കുന്നു.

സർക്കാരിന്റെ ഈ സമീപനം മൂലം വികസനപദ്ധതികളുമായി കമ്പനി മുന്നോട്ടുപോകുന്നില്ലെന്ന് കിറ്റെക്സ് പറയുന്നു. 2020 ജനുവരിയിൽ കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമത്തിൽ വച്ചാണ് കിറ്റെക്സ് സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഒരു അപ്പാരൽ പാർക്ക്, മൂന്ന് മറ്റു വ്യവസായ പാർക്കുകൾ എന്നിവ സംസ്ഥാനത്ത് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളായിരുന്നു ധാരണാപത്രത്തിൽ ഉണ്ടായിരുന്നത്.

പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. 20,000 ഓളം പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതികളാണ് നടപ്പാക്കാനിരുന്നതെന്നും, എന്നാൽ ഇപ്പോൾ വ്യവസായ അനുകൂല സാഹചര്യമല്ല ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും കിറ്റെക്സ് പറയുന്നു. ഇനി പരീക്ഷണം നടത്താൻ സാധിക്കാത്തതിനാൽ പദ്ധതികളിൽനിന്ന് പിന്നോട്ടു പോകുകയാണെന്നും അവർ പ്രസ്താവനയിൽ പറയുന്നു.

 പ്രസ്താവനയുടെ പൂർണരൂപം:

3,500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുന്നു കിറ്റെക്‌സ്

കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തിൽ സർക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും കിറ്റെക്‌സ് പിന്മാറുകയാണ് . ഒരു അപ്പാരൽ പാർക്കും കൊച്ചി , തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ 600 ഓളം പുതുസംരംഭകർക്ക് അവസരമൊരുക്കുന്ന വ്യവസായ പാർക്കും നിർമ്മിക്കാനുമുള്ള ധാരണാ പത്രത്തിൽ നിന്നാണ് പിന്മാറുന്നത്. 20000പേർക്ക് തൊഴിൽ ലഭിക്കുന്ന അപ്പാരൽ പാർക്കും തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാടും ആയി 5000 പേർക്ക് വീതം തൊഴിൽ ലഭിക്കുന്ന 3 ഇൻഡസ്ട്രിയൽ പാർക്കും അടക്കം 35000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയുടെ ധാരണാ പത്രമാണ് അന്ന് ഒപ്പിട്ടത്. ഇതനുസരിച്ചുള്ള തുടർ നടപടികൾക്കും തുടക്കമിട്ടിരുന്നു. അപ്പാരൽ പാർക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്റ്റ് റിപ്പോർട്ടും മറ്റ് തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിലും വലിയ മുതൽ മുടക്കുള്ള നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതുമാണ്. 2025 ഓടെ പദ്ധതി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ മുതൽമുടക്കാനുള്ള ധാരണാ പത്രത്തിൽ നിന്നും പിന്നോട്ട് പോകുവാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്.

നിലവിലുള്ള വ്യവസായ സ്ഥാപനങ്ങൾ തന്നെ നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കിറ്റെക്‌സിന്റെ യൂണിറ്റുകളിൽ പരിശോധനയുടെ പേരിൽ കയറിയിറങ്ങിയത്. പത്തും പതിനഞ്ചും വണ്ടിയിൽ വന്നിറങ്ങി നാൽപ്പതും അമ്പതും പേർ വരുന്ന ഉദ്യോഗസ്ഥസംഘം ഫാക്ടറിയുടെ ഓരോ ഫ്‌ളോറിലേക്കും ഇരച്ച് കയറുകയായിരുന്നു. ജോലി തടസ്സപ്പെടുത്തി സ്ത്രീകൾ അടക്കമുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് അവരുടെ അഡ്രസും ഫോൺനമ്പറും എഴുതി എടുക്കുന്നു.ഓരോ തവണയും മൂന്നും നാലും മണിക്കൂർ കമ്പനിക്കകത്ത് അഴിഞ്ഞാടി പരിശോധനകൾ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്ത് പോയതല്ലാതെ, ഇതുവരെയും എന്തിനാണ് പരിശോധിച്ചതെന്നോ എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് ഞങ്ങൾ ചെയ്ത കുറ്റമെന്നോ അവർ പറഞ്ഞിട്ടില്ല.

കൊള്ളക്കാരെയും കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാൻ വരുന്ന രീതിയിലാണ് കഴിഞ്ഞ 26 വർഷമായി പ്രവർത്തിക്കുന്ന ഫാക്ടറിയിൽ പരിശോധനകളെല്ലാം നടന്നത്. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സമയത്ത് യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരത്തിൽ നിയമാനുസൃതമല്ലാത്ത പരിശോധനകൾ കേരളത്തിൽ മാത്രമേ ഉണ്ടാകൂ. 10000 ത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിൽ പല പരിശോധനകൾക്കും ഓൺലൈൻ മാധ്യമങ്ങളുടെ ക്യാമറ സംഘവും ആയിട്ടാണ് ഇവർ എത്തിയത്.

53 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ ഒരു പുതിയ വ്യവസായ സംസ്‌കാരത്തിന് തുടക്കം കുറിച്ച സ്ഥാപനമാണ് അന്ന കിറ്റെക്‌സ് ഗ്രൂപ്പ്. 1968 ൽ പത്ത് തൊഴിലാളികളുമായി തുടക്കം കുറിച്ച കിറ്റെക്‌സ് ഇന്ന് കേരളത്തിൽ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ്. 15000 പേർക്കാണ് ഞങ്ങൾ നേരിട്ട് തൊഴിൽ നൽകുന്നത്. നിരവധി വിദേശആഭ്യന്തര ബ്രാന്റുകളാണ് ഈ ഗ്രൂപ്പുകളുടേതായി ഇന്ന് വിപണിയിലുള്ളത്. അന്ന അലുമിനിയം, സാറാസ്, ലുങ്കി, ബെഡ്ഷീറ്റ്, സ്‌കൂബി അടക്കമുള്ള കിറ്റെക്‌സിന്റെ നിരവധി ജനപ്രിയ ഉല്പന്നങ്ങൾക്ക് ഇന്ത്യയിൽ വലിയ വിപണിയുമുണ്ട്. അമേരിക്കയിലെ വാൾമാർട്ട്, ടാർഗെറ്റ് അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നിരവധി ഡിപ്പാർട്‌മെന്റ് സ്റ്റോറുകളിലേക്കാണ് കിറ്റെക്‌സ് ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. നവജാതശിശു മുതൽ 24 മാസം വരെ പ്രായമുള്ള കുട്ടികളുടെ ഉല്പന്നങ്ങളിലാണ് കിറ്റെക്‌സ് ഗാർമെന്റ്‌സ് കേന്ദ്രീകരിച്ചിരിക്കുന്നത്. കുട്ടികളുടെ വസ്ത്ര ഉല്പന്നങ്ങളിൽ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് കിറ്റെക്‌സ്. നിലവിലുള്ള യൂണിറ്റുകൾ തന്നെ നടത്തിക്കൊണ്ടു പോവാൻ കഴിയാത്ത സാഹചര്യമായതോടെയാണ് ഇനിയും കേരളത്തിൽ നിക്ഷേപങ്ങൾ നടത്തണ്ട എന്ന തീരുമാനത്തിലേക്ക് കിറ്റെക്‌സ് എത്തിയത് .

ഇന്ത്യയിൽ നിക്ഷേപ സൗഹൃദ റാങ്കിംഗിൽ 29 സംസ്ഥാനങ്ങളുള്ളതിൽ വെച്ച് 28ആം സ്ഥാനമാണ് കേരളത്തിനുള്ളത്. കേരളത്തിന് പിന്നിലുള്ള ഒരേയൊരു സംസ്ഥാനം ത്രിപുര മാത്രമാണ് . ഇതിൽ നിന്നും വ്യക്തമാണ് കേരളത്തിലെ വ്യവസായിക സൗഹൃദം എത്രത്തോളമുണ്ടെന്ന്..വ്യവസായ സൗഹൃദത്തിൽ വളരെയധികം പിന്നിലായിരുന്ന ഉത്തർപ്രദേശ് ,ആസാം ,ഒഡീഷ, ജാർഖണ്ഡ് എന്നിവയെല്ലാം സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുന്നിലേക്ക് പോയപ്പോൾ കേരളം 18 ൽ നിന്നും 28 ലേക്ക് പോവുകയാണ് ഉണ്ടായത്. വളരെയധികം പിന്നിലായിരുന്ന യുപി ഇന്ന് രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുന്നു.സാംസംഗ് പോലുള്ള ആഗോള കമ്പനികൾ യുപിയിൽ വൻ നിക്ഷേപങ്ങൾ നടത്തുന്നു. പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ നേരിട്ടു തന്നെയാണ് വ്യവസായികൾക്കും നിക്ഷേപകർക്കുമുള്ള ക്ലിയറൻസ് കൊടുക്കുന്നതും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും.

61 ലക്ഷം മലയാളികളാണ് കേരളത്തിൽ നിന്നും വിദേശത്തേക്കും അന്യ സംസ്ഥാനത്തേക്കും തൊഴിൽ തേടി പ്പോയിരിക്കുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും നേടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന യുവതീ യുവാക്കളടക്കം 75 ലക്ഷം പേർ തൊഴിൽ രഹിതരായി ഇന്ന് കേരളത്തിലുണ്ട്. ഇത്തരം സാഹചര്യത്തിലും നിലവിലുള്ള വ്യവസായങ്ങളെ വരെ വേട്ടയാടുന്ന ഒരു സംസ്ഥാനമാണ് കേരളമെന്നത് ദൗർഭാഗ്യകരമാണ്.

കേരളത്തിന്റെ അതിർത്തി വിട്ടാൽ ചുവന്ന പരവതാനി വിരിച്ചാണ് വ്യവസായികളേയും നിക്ഷേപകരേയും സ്വീകരിക്കുന്നത്. സൗജന്യമായി ഭൂമി , കെട്ടിടം ,വെള്ളം ,കുറഞ്ഞ നിരക്കിൽ വൈദ്യുതി ,അഞ്ചും പത്തും വർഷത്തേക്ക് നികുതിയിളവ് ,കൂടാതെ തൊഴിലാളികളുടെ പി.എഫ്., ഇ.എസ്‌ഐ വിഹിതവും സർക്കാർ നൽകുന്നു. ചില സംസ്ഥാനങ്ങളിൽ 5 വർഷത്തേക്ക് 5000 രൂപ വരെ തൊഴിലാളികളുടെ ശമ്പളവും സർക്കാർ നൽകുന്നുണ്ട്.എന്നാൽ കേരളത്തിൽ മുതൽ മുടക്കുന്നവർക്ക് യാതൊരുവിധ സൗജന്യവും സഹായവും ലഭിക്കുന്നില്ല എന്നു മാത്രമല്ല ഇവിടെ മുതൽ മുടക്കാൻ വരുന്നവരെ രാജ്യദ്രോഹികളായാണ് കാണുന്നത്. അവനെ കുത്തക മുതലാളിയായി , ബൂർഷ്വയായി , ചൂഷകനായി , കയ്യേറ്റക്കാരനായി , നിയമലംഘകനായി ,കോർപ്പറേറ്റായി ചിത്രീകരിച്ച് അപമാനിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം.

എഴുപതുകളിലും എൺപതുകളിലും തൊഴിലാളി സമരങ്ങൾ മൂലമാണ് ഇവിടെ വ്യവസായങ്ങൾ കൂട്ടമായി അടച്ചു പൂട്ടിയതെങ്കിൽ ഇന്ന് കപട പരിസ്ഥിതി വാദികളും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് വ്യവസായത്തിന്റെ അന്തകരായി മാറുന്നത്. ഇവരുടെയൊക്കെ താത്പര്യങ്ങൾ സംരക്ഷിക്കാത്തവരെ ഇവർ വളഞ്ഞിട്ടാക്രമിക്കും. ഒന്നുകിൽ അവനെ നാടു കടത്തും. അല്ലെങ്കിൽ അവൻ സ്വയം ജീവിതമവസാനിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിക്കും. ഒരു പുരുഷായുസ്സ് മുഴുവൻ മരുഭൂമിയിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണവുമായി നാട്ടിൽ സംരംഭം തുടങ്ങാൻ ശ്രമിച്ച് ഒടുവിൽ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന പ്രവാസി സഹോദരങ്ങളെ ആർക്ക് മറക്കാനാകും. ഇതിനൊരു മാറ്റം ഉണ്ടാകണമെങ്കിൽ ഇപ്പോഴത്തെ ഉദ്യോഗസ്ഥ രാഷ്ട്രീയ മേഖലയിൽ ഒരു തലമുറ മാറ്റം തന്നെ ഉണ്ടാകണം.

എന്ത് ധൈര്യത്തിലാണ് കേരളത്തിൽ ഇത്രയും ഭീമമായ തുക നിക്ഷേപിക്കുക ...? എന്ത് സുരക്ഷിതത്വമാണ് ഇവിടെ വ്യവസായികൾക്കുള്ളത്.? കിറ്റെക്‌സിനെ പോലുള്ള ഒരു കമ്പനിയുടെ സ്ഥിതി ഇതാണെങ്കിൽ ജീവിക്കാനായി അമ്പതിനായിരമോ ഒരു ലക്ഷമോ മുടക്കി ചെറുകിട സംരംഭവുമായി ഇറങ്ങിത്തിരിക്കുന്ന സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. മറ്റു സംസ്ഥാനങ്ങൾ വാരിക്കോരി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ജനിച്ച നാടിനോടുള്ള കടപ്പാടും സ്‌നേഹവും ,ഈ നാട്ടിൽ തന്നെയുള്ള ആയിരക്കണക്കിന് യുവതീ യുവാക്കൾക്ക് തൊഴിൽ ഉണ്ടാവണം എന്ന ഒറ്റ ഉദ്ദേശവും കൊണ്ട് മാത്രമാണ് സഹായവും ആനുകൂല്യങ്ങളും ഇല്ലെങ്കിലും ഇവിടെത്തന്നെ ഭീമമായ തുകയുടെ നിക്ഷേപം തുടങ്ങുവാൻ ഞങ്ങൾ തീരുമാനിച്ചത്. ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങാൻ തീരുമാനിച്ചാൽ അവന്റെ ശനിദശ ആരംഭിക്കുകയായി. മന:സമാധാനം എന്നെന്നേക്കുമായി ഇല്ലാതായിത്തീരും. ഈ നാട്ടിലെ ഏറ്റവും കൊള്ളരുതാത്തവനായി അവനെ മുദ്രകുത്തും എന്തിന് കേരളത്തിൽ മുതൽ മുടക്കി റിസ്‌ക് എടുക്കുന്നു.

ഇനി മുന്നോട്ടില്ല. മലയാളികളേ .... ക്ഷമിക്കുക...

തർക്കം ഇങ്ങനെ:

കിറ്റക്‌സ് കമ്പനിയിയുടെ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സുകളുടെ അവസ്ഥ ശോചനീയമെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ലേബർ ഓഫീസർമാരും ആരോഗ്യവകുപ്പ് സംഘവും പ്രദേശത്ത് പരിശോധന നടത്തി. കിറ്റെക്‌സ് ഗാർമെന്റ്‌സിലെ തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിലെ വൃത്തിഹീനവും അനാരോഗ്യകരമായ ചുറ്റുപാടുകളെ കുറിച്ച് ജില്ലാ കലക്ടർക്കും സംസ്ഥാന ആരോഗ്യ വകുപ്പിനും ദുരന്ത നിവാരണ അഥോറിറ്റിക്കും ലേബർ കമ്മീഷണർക്കും ജില്ലാ തൊഴിൽ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചതായും വാർത്തകൾ വന്നു. ഇതിനെ തുടർന്ന് സാബു ജേക്കബ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

സാബു ജേക്കബിന്റെ ജൂൺ 11ലെ പ്രസ്താവന

15,000 പേർക്ക് തൊഴിൽ നൽകുന്നുവെന്നതാണ് തങ്ങൾ ചെയ്ത കുറ്റമെന്ന് സാബു ജേക്കബ് പ്രസ്താവനയിൽ പറഞ്ഞു. ഇങ്ങനെയൊരാളെ വെറുതെ വിടരുത്, അകത്തിടണം, പൂട്ടിക്കണം എന്നതാണ് ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും മനോഭാവമെന്നും അദ്ദേഹം വിമർശിച്ചു. എന്തുകൊണ്ട് കിറ്റക്സിൽ മാത്രം പരിശോധന എന്നതാണ് ചോദ്യം. നിയമം എല്ലാവർക്കും ഒരുപോലെയല്ലേ വേണ്ടത്?

കിറ്റക്സിലെ തൊഴിലാളികൾ രാത്രി ഉറങ്ങിയോ, ബ്രേക്ഫാസ്റ്റിന് മുട്ട ഉണ്ടായിരുന്നോ, മുട്ടയ്ക്ക് ഉപ്പുണ്ടായിരുന്നോ എന്നൊക്കെ അന്വേഷിക്കലും അത് സോഷ്യൽ മീഡിയയിൽ തട്ടിവിടലും മാത്രമാണ് ചിലർക്ക് പണിയെന്ന് സാബു ജേക്കബ് കുറ്റപ്പെടുത്തി. ഈ കുറ്റം പറയുന്നവർ ആരെങ്കിലും, സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് ആർക്കെങ്കിലും ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ടോ എന്നും മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ഫലം തിന്നു ജീവിക്കുന്നതല്ലാതെ ഒരാൾക്കെങ്കിലും ഒരുദിവസത്തെ ജോലി കൊടുത്തിട്ടുണ്ടോ എന്നും സാബു ജേക്കബ് ചോദിച്ചു. ആർക്കും ഒരുപ്രയോജനവുമില്ലാത്ത പാഴ് ജന്മങ്ങൾ..ഇതാണ് കേരളത്തിന്റെ ശാപമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കിറ്റക്സ് ഫാക്ടറിയിൽ തൊഴിലാളികൾക്ക് കൊടുക്കുന്ന സൗകര്യങ്ങൾ പോരെന്ന് പറയുന്നവർ ഒരെണ്ണം തുടങ്ങി കാണിക്കട്ടെ എന്നും സാബു ജേക്കബ് വെല്ലുവിളിച്ചു. ഒരുവ്യവസായം തുടങ്ങി 10 പേർക്കെങ്കിലും തൊഴിലും താമസവും ഭക്ഷണവും ശമ്പളവും ഒക്കെ കൊടുത്ത് നടത്തി കാണിച്ചിട്ടാവാം വാചകമടി.

25 ലക്ഷം മലയാളികൾ ആണ് ഇതരസംസ്ഥാനങ്ങളിൽ പോയി തൊഴിലെടുക്കുന്നതെന്നും ജീവിക്കണം എന്നുണ്ടെങ്കിൽ മലയാളിക്ക് ഇതരസംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ പോയി തൊഴിലെടുക്കേണ്ട ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു. എംആർഎഫും സിന്തൈറ്റും, വി-ഗാർഡ് തുടങ്ങിയ വൻകിട കമ്പനികൾ എന്തുകൊണ്ട് കേരളം വിട്ടുപോയി എന്നും സാബു ജേക്കബ് ചോദിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ നടത്തുന്ന സ്ഥാപനങ്ങളിൽ മാത്രം 38 ലക്ഷത്തിലധികം മലയാളികൾ ജോലി ചെയ്യുന്നു. ഇതുകൊണ്ട് ആർക്കാണ് നഷ്ടം സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. ആരും ഒട്ടും ആശ കൈവിടരുതെന്നും ഒത്തൊരുമിച്ച് ഉത്സാഹിച്ചാൽ ഒരുവ്യവസായ സ്ഥാപനവും ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ നമുക്ക് മാറ്റാം, മാറ്റണം എന്ന പരിഹാസത്തോടെയാണ് സാബു ജേക്കബ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP