Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടുതൽ കുടുംബങ്ങൾക്കും അന്തിയുറങ്ങാൻ വീടില്ലാതായത് പെൺമക്കളെ കെട്ടിച്ചയയ്ക്കാൻ വീട് വിറ്റതോടെ; പെൺകുട്ടികൾ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴേ സ്ത്രീധനം തേടുന്ന മാതാപിതാക്കൾ; വൻതുക വാങ്ങി ഗൾഫിലേക്ക് കടക്കാനോ കച്ചവടം നടത്താനോ പ്ലാനിട്ട ആൺകുട്ടികൾ; ദുരവസ്ഥയ്ക്ക് പ്രതിരോധം ഒരുക്കിയ നിലമ്പൂരിന്റെ സ്ത്രീധനരഹിത ഗ്രാമത്തിന്റെ കഥ

കൂടുതൽ കുടുംബങ്ങൾക്കും അന്തിയുറങ്ങാൻ വീടില്ലാതായത് പെൺമക്കളെ കെട്ടിച്ചയയ്ക്കാൻ വീട് വിറ്റതോടെ; പെൺകുട്ടികൾ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴേ സ്ത്രീധനം തേടുന്ന മാതാപിതാക്കൾ; വൻതുക വാങ്ങി ഗൾഫിലേക്ക് കടക്കാനോ കച്ചവടം നടത്താനോ പ്ലാനിട്ട ആൺകുട്ടികൾ; ദുരവസ്ഥയ്ക്ക് പ്രതിരോധം ഒരുക്കിയ നിലമ്പൂരിന്റെ സ്ത്രീധനരഹിത ഗ്രാമത്തിന്റെ കഥ

ജംഷാദ് മലപ്പുറം

മലപ്പുറം: സ്ത്രീധനം പെൺകുട്ടികൾക്ക് കൊലക്കയറാകുമ്പോൾ സ്ത്രീധനത്തിനെതിരായ പ്രതിരോധ പാഠമാവുകയാണ് നിലമ്പൂരിന്റെ സ്ത്രീധനരഹിത ഗ്രാമം. ഒരു പതിറ്റാണ്ട് മുമ്പ് 2010ൽ ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് നിലമ്പൂരിൽ സ്ത്രീധനത്തിനെതിരായ സാമൂഹ്യമുന്നേറ്റത്തിന് തുടക്കംകുറിച്ച് 'സ്ത്രീധനരഹിത ഗ്രാമം' എന്ന മാതൃകാപദ്ധതിക്ക് തുടക്കമിട്ടത്.

മുസ്ലിം പെൺകുട്ടികളെ സ്‌കൂൾപഠനകാലത്തു തന്നെ വിവാഹം കഴിപ്പിച്ചയക്കുന്നതും നരകതുല്യമായ ജീവിതത്തെ അതിജീവിച്ച് വിദ്യാഭ്യാസത്തിലൂടെ അവർ വിമോചിതരാകുന്നതുമായ പ്രമേയവുമായി 2003ൽ ആര്യാടൻ ഷൗക്കത്ത് കഥയും തിരക്കഥയും രചിച്ച 'പാഠം ഒന്ന് ഒരു വിലാപം' ഏറെ ശ്രദ്ധേയമായിരുന്നു. മികച്ച കഥക്കും തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ലഭിച്ച സിനിമക്ക് പ്രമേയമായ ജീവിതങ്ങൾ ഒരുപാടുണ്ടായിരുന്നു നിലമ്പൂരിൽ.

പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ആ സാമൂഹ്യസാഹചര്യങ്ങൾ മാറ്റാനുള്ള മുന്നേറ്റത്തിന് തുടക്കമിടാനും ഷൗക്കത്തിന് കഴിഞ്ഞു. ജ്യോതിർഗമയ പദ്ധതിയിലൂടെ നിലമ്പൂർ പഞ്ചായത്തിനെ എല്ലാവർക്കും നാലാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ പഞ്ചായത്താക്കി. വീടില്ലാത്തവർക്കെല്ലാം വീടു നിർമ്മിച്ചു നൽകുന്ന പദ്ധതിയായിരുന്നു പിന്നീട്. എന്നാൽ ഓരോ വർഷവും വീടില്ലാത്തവരുടെ എണ്ണം വർധിക്കുന്നത് കണ്ട് സർവേ എടുത്തപ്പോഴാണ് പെൺമക്കളെ കെട്ടിച്ചയക്കാൻ സ്ത്രീധനം നൽകാനായി വീടു വിൽക്കുന്നതാണ് കൂടുതൽ കുടുംബങ്ങളെയും ഭവനരഹിതരാക്കുന്നതെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം മനസിലാക്കിയത്. സ്വന്തമായി വീടുള്ളവർ സ്ത്രീധനം നൽകാനായി വീടു വിറ്റ് വാടകവീട്ടിലേക്കുമാറി പുതിയ വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകുന്നു. സ്ത്രീധനത്തിനെതിരെ പൊരുതാതെ എല്ലാവർക്കും വീടുനൽകാനാവില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു.

കൂട്ടായി നടത്തിയ ആലോചനയിലൂടെയാണ് സ്ത്രീധനരഹിത ഗ്രാമമെന്ന പദ്ധതി പിറവികൊണ്ടത്. കേരള മഹിള സമഖ്യ സൊസൈറ്റിയും സഹകരിച്ചു. യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും യൂത്ത് ലീഗും അടക്കമുള്ള എല്ലായുവജന സംഘടനകളും രാഷ്ട്രീയ എതിർപ്പുകൾ മറന്ന് ഒപ്പം നിന്നു. മത സാമുദായിക സംഘടനകളും മഹല്ലുകമ്മിറ്റികളും എങ്ങിനെ പ്രതികരിക്കുമെന്നതായിരുന്നു ആശങ്ക. എന്നാൽ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് അവരും സ്ത്രീധനത്തിനെതിരായ പോരാട്ടിൽ മുന്നിൽ നിൽക്കാൻ തയ്യാറായി.

ഇതോടെ സ്ത്രീധനം തെറ്റാണെന്ന സാമൂഹിക ബോധം വളർത്താനുള്ള പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. തെരുവുനാടകങ്ങളും സെമിനാറുകളും മതപ്രഭാഷണങ്ങളും സ്ത്രീസദസുകളും വരെ നടത്തി. യുവതീയുവാക്കളുടെ അഭിപ്രായം തേടി. തൊഴിൽസംരംഭം തുടങ്ങാനാണ് യുവാക്കളിൽ പലരും സ്ത്രീധനം വാങ്ങുന്നതെന്നു വ്യക്തമായതോടെ സ്വയംതൊഴിൽപരിശീലനം നൽകി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സ്വന്തം കാലിൽ നിൽക്കാനൊരു തൊഴിലാണ് പെൺകുട്ടികൾ ആഗ്രഹിച്ചത്. ഇതോടെ പഞ്ചായത്ത് മുൻകൈയെടുത്ത് തൊഴിൽപരിശീലനം നൽകി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

യുവതീയുവാക്കൾക്ക് തൊഴിൽ നൽകാൻ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാലയുടെ അംഗീകാരത്തോടെ കമ്യൂണിറ്റി കോളേജും തുടങ്ങി. കമ്യൂണിറ്റി കോളജ് വഴി 650-ൽ ഏറെപ്പേർ തൊഴിൽ നേടി. സൗജന്യ പി.എസ്.സി. പരിശീലനം വഴി 300 പേർക്ക് സർക്കാർ ജോലിയും ലഭിച്ചു. ജോലി നേടിയ യുവതികളെ സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാൻ ചെറുപ്പക്കാർ തയാറായി. സ്വന്തമായി ജീവിതവരുമാനം ഉണ്ടാക്കിയ ചെറുപ്പക്കാരും സ്ത്രീധനത്തിനെതിരെ നിലപാടെടുത്തു.

ഡൗറി ഫ്രീ വില്ലേജെന്ന വെബ്‌സൈറ്റുണ്ടാക്കി സ്ത്രീധനരഹിത വിവാഹങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 2010ൽ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തത്. പദ്ധതി അന്നത്തെ പ്രായംകുറഞ്ഞ എംപിയായ സച്ചിൻ പൈലറ്റ് ഉദ്ഘാടനം ചെയ്തു. പിന്നീട് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും വലിയ പിന്തുണയാണ് നൽകിയത്.

ഒട്ടേറെ സ്ത്രീധനരഹിത വിവാഹങ്ങൾ പദ്ധതിയിലൂടെ നടത്താൻ കഴിഞ്ഞു. വധൂവരന്മാർക്ക് വസ്ത്രങ്ങളും സദ്യയുമടക്കമുള്ള ചെലവുകൾ പഞ്ചായത്ത് വഹിച്ചു. സ്ത്രീധനരഹിത ഗ്രാമം പദ്ധതി സ്ത്രീധനത്തിനെതിരായ വലിയ സാമൂഹ്യ മുന്നേറ്റത്തിന് വഴിയൊരുക്കിയെന്ന് ആര്യാടൻ ഷൗക്കത്ത് പറയുന്നു. സ്ത്രീധന വിവാഹങ്ങൾ പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിലും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നത് നാണക്കേടാണെന്ന കാഴ്ചപ്പാട് നാട്ടിൽ വളർന്നു.

പെൺകുട്ടികളെ വിലപറഞ്ഞുറപ്പിച്ച് വിവാഹം കഴിക്കുന്ന രീതിക്ക് മാറ്റം വന്നു. മുമ്പൊക്കെ പെൺകുട്ടികൾ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴേ മാതാപിതാക്കൾ വിവാഹം കഴിച്ചയക്കാൻ സ്ത്രീധനത്തിനുള്ള വഴിതേടിയിരുന്നു. സ്‌കൂൾ പഠനം കഴിയുന്ന ആൺകുട്ടികൾ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച് ആ പണം ഉപയോഗിച്ച് വിസ വാങ്ങി ഗൾഫിലേക്ക് കടക്കാനോ ഓട്ടോ റിക്ഷവാങ്ങാനോ കച്ചവടം നടത്താനോ ആണ് ലക്ഷ്യമിട്ടിരുന്നത്.

സ്ത്രീധനം തെറ്റാണെന്ന മാതാപിതാക്കൾക്കും തോന്നിതുടങ്ങി. പെൺകുട്ടികൾക്കാവട്ടെ പഠിച്ച് ജോലികിട്ടി സ്വന്തം കാലിൽ നിന്നിട്ടുമതി വിവാഹമെന്ന തീരുമാനമെടുക്കാൻ കരുത്തുനൽകി. കൂടുതൽ രക്ഷിതാക്കളും ആ തീരുമാനത്തിനൊപ്പം നിന്നു. സ്ത്രീധനരഹിത ഗ്രാമം പദ്ധതി കൊണ്ടുവന്ന ആര്യാടൻ ഷൗക്കത്തിന്റെ മകളുടെ വിവാഹത്തിനൊപ്പം മൂന്ന് യുവതീയുവാക്കളുടെ വിവാഹവും സ്ത്രീധനമില്ലാതെയാണ് നടത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും ആത്മഹത്യകളും പെരുകുമ്പോൾ സ്ത്രീധനത്തെ പടിക്ക്പുറത്താക്കാൻ നിലമ്പൂരിന്റെ സ്ത്രീധനരഹിത ഗ്രാമം പദ്ധതി വഴിവിളക്കാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP