Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരട്ട ഗോളുകളുമായി മെസ്സി, ബൊളീവിയയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന; പാരഗ്വായിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി യുറുഗ്വായ് ക്വാർട്ടർ; കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു, ക്വാർട്ടർ ഫൈനൽ ലൈനപ്പായി; മത്സരങ്ങൾ ജൂലായ് മൂന്നിന് തുടങ്ങും

ഇരട്ട ഗോളുകളുമായി മെസ്സി, ബൊളീവിയയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന; പാരഗ്വായിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി യുറുഗ്വായ് ക്വാർട്ടർ; കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു, ക്വാർട്ടർ ഫൈനൽ ലൈനപ്പായി; മത്സരങ്ങൾ ജൂലായ് മൂന്നിന് തുടങ്ങും

സ്പോർട്സ് ഡെസ്ക്

സൂയിയാബ: കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരേ നാലുഗോളുകൾക്ക് തകർത്ത് അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് എ യിൽ നിന്നും 10 പോയന്റുകൾ നേടിയാണ് അർജന്റീന ഒന്നാം സ്ഥാനത്തെത്തിയത്. ഇരട്ട ഗോളുകൾ നേടിയ നായകൻ ലയണൽ മെസ്സിയുടെ പ്രകടന മികവിലാണ് അർജന്റീന കൂറ്റൻ വിജയം സ്വന്തമാക്കിയത്.

മറ്റൊരു മത്സരത്തിൽ കരുത്തരായ പാരഗ്വായിയെ കീഴടക്കി യുറുഗ്വായ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് യുറുഗ്വായിയുടെ വിജയം. തോറ്റെങ്കിലും പാരഗ്വായ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. അഞ്ചുടീമുകൾ അണിനിരന്ന രണ്ട് ഗ്രൂപ്പിൽ നിന്നും നാല് ടീമുകൾ വീതം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് എ യിൽ അർജന്റീനയും ഗ്രൂപ്പ് ബി യിൽ ബ്രസീലും ഒന്നാം സ്ഥാനത്തെത്തി. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലായ് മൂന്നിന് ആരംഭിക്കും

ഗ്രൂപ്പ് എ യിൽ നിന്നും അർജന്റീന, യുറുഗ്വായ്, പാരഗ്വായ്, ചിലി എന്നീ ടീമുകളും ഗ്രൂപ്പ് ബി യിൽ നിന്നും ബ്രസീൽ, പെറു, കൊളംബിയ, ഇക്വഡോർ എന്നീ ടീമുകളും ക്വാർട്ടർ ഫൈനലിലെത്തി. ബൊളീവിയ, വെനസ്വേല എന്നീ ടീമുകളാണ് ക്വാർട്ടർ കാണാതെ പുറത്തായത്.

ബൊളീവിയയ്ക്കെതിരായ അർജന്റീന ടീമിൽ ഇടം നേടിയതോടെ നായകൻ ലയണൽ മെസ്സി പുതിയൊരു റെക്കോഡ് സ്വന്തമാക്കി. അർജന്റീനയ്ക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്. മെസ്സിയുടെ കരിയറിലെ 148-ാം അന്താരാഷ്ട്ര മത്സരമാണിത്.

മെസ്സിക്ക് പുറമേ അലെക്സാൻഡ്രോ ഡാരിയോ ഗോമസും ലോട്ടാറോ മാർട്ടിനെസും അർജന്റീനയ്ക്കായി സ്‌കോർ ചെയ്തപ്പോൾ ബൊളീവിയയ്ക്കായി എർവിൻ സാവേദ്ര ആശ്വാസ ഗോൾ നേടി. ഈ തോൽവിയോടെ ഗ്രൂപ്പ് എ യിൽ നിന്നും ഒരു വിജയം പോലും നേടാനാകാതെ, ബൊളീവിയ ക്വാർട്ടർ കാണാതെ പുറത്തായി. ക്വാർട്ടർ ഫൈനലിൽ അർജന്റീന ഇക്വഡോറിനെ നേരിടും.

നാല് ഗോളുകൾ വഴങ്ങിയെങ്കിലും ബൊളീവിയൻ ഗോൾകീപ്പർ ലാംപെ മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഗോളെന്നുറച്ച അരഡസനോളം ഷോട്ടുകളാണ് താരം രക്ഷപ്പെടുത്തിയത്.

മത്സരം തുടങ്ങിയപ്പോൾ തൊട്ട് അർജന്റീനയാണ് പന്ത് കൂടുതൽ സമയം കൈവശം വെച്ചത്. നാലാം മിനിട്ടിൽ തന്നെ ഗോളെന്നുറച്ച രണ്ട് അവസരങ്ങൾ സെർജിയോ അഗ്യൂറോയും ആൻഹൽ കോറിയയും നഷ്ടപ്പെടുത്തി. എന്നാൽ ആറാം മിനിട്ടിൽ അർജന്റീന മത്സരത്തിൽ ലീഡെടുത്തു.

അലെക്സാൻഡ്രോ ഡാരിയോ ഗോമസാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. ബൊളീവിയൻ പ്രതിരോധ താരങ്ങളുടെ തലയ്ക്ക് മുകളിലൂടെ സൂപ്പർതാരം ലയണൽ മെസ്സി നൽകിയ പാസ് സ്വീകരിച്ച ഗോമസ് അനായാസം പന്ത് വലയിലെത്തിച്ചു.

ഗോൾ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് അർജന്റീന കളിച്ചത്. മെസ്സിയും അഗ്യൂറോയും കോറിയയുമെല്ലാം പന്തുമായി ബൊളീവിയൻ ഗോൾമുഖത്ത് ഭീതിപരത്തി. മത്സരത്തിന്റെ തുടക്കത്തിൽ പതറിയെങ്കിലും പതിയേ ബൊളീവിയയും മത്സരത്തിൽ പിടിമുറുക്കി. ഇതോടെ മത്സരം ആവേശത്തിലായി.

31-ാം മിനിട്ടിൽ പന്തുമായി ബൊളീവിയൻ ബോക്സിലേക്ക് മുന്നേറിയ അലെക്സാണ്ടർ ഗോമസിനെ ബോക്സിനുള്ളിൽ വെച്ച് വീഴ്‌ത്തിയതിന് അർജന്റീനയ്ക്കനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. പെനാൽട്ടി കിക്കെടുത്ത നായകൻ മെസ്സിക്ക് പിഴച്ചില്ല. ഗോൾകീപ്പർ ലാംപെയെ നിസ്സഹായനാക്കി മെസ്സി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ അർജന്റീന 2-0 എന്ന സ്‌കോറിന് മുന്നിലെത്തി.

38-ാം മിനിട്ടിൽ ബൊളീവിയയുടെ ജേസൺ ചൂറയുടെ ഉഗ്രൻ ലോങ്റേഞ്ചർ അർജന്റീന ഗോൾകീപ്പർ അർമാനി മികച്ച ഡൈവിലൂടെ തട്ടിയകറ്റി.

41-ാം മിനിട്ടിൽ മെസ്സിയിലൂടെ അർജന്റീന ലീഡ് മൂന്നാക്കി. ഇത്തവണ സെർജിയോ അഗ്യൂറോയുടെ പാസ്സിൽ നിന്നാണ് മെസ്സി ഗോൾ നേടിയത്. ബോക്സിനകത്തേക്ക് മുന്നേറാനൊരുങ്ങിയ മെസ്സിയുടെ കാലിലേക്ക് ബൊളീവിയൻ പ്രതിരോധ താരങ്ങൾക്ക് മുകളിലൂടെ കൃത്യമായി പന്തെത്തിക്കാൻ അഗ്യൂറോയ്ക്ക് കഴിഞ്ഞു. പന്ത് സ്വീകരിച്ച് ബോക്സിനകത്തേക്ക് കയറിയ മെസ്സി ഗോൾകീപ്പർ ലാംപയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ട് തന്റെ രണ്ടാം ഗോൾ നേട്ടം എആഘോഷിച്ചു.

പിന്നീട് അഗ്യൂറോ രണ്ട് ഷോട്ടുകൾ ബൊളീവിയൻ പോസ്റ്റിലേക്ക് ഉതിർത്തെങ്കിലും നിർഭാഗ്യവശാൽ അവ പോസ്റ്റിലുരുമ്മി പുറത്തേക്ക് പോയി. വൈകാതെ ആദ്യപകുതി അവസാനിച്ചു

രണ്ടാം പകുതിയിലും അർജന്റീന ലീഡുയർത്തുന്നതിന്റെ ഭാഗമായി ആക്രമിച്ചുതന്നെയാണ് കളിച്ചത്. അഞ്ച് പ്രതിരോധതാരങ്ങളെയാണ് ബൊളീവിയ അർജന്റീന ആക്രമണങ്ങളെ നേരിടാനായി വിന്യസിച്ചത്. എന്നാൽ കിട്ടിയ അവസരങ്ങളിൽ ആക്രമിച്ച് കളിക്കാനും ബൊളീവിയ മറന്നില്ല. അതിന്റെ ഭാഗമായി 60-ാം മിനിട്ടിൽ ടീം ഒരു ഗോൾ തിരിച്ചടിച്ചു.

എർവിൻ സാവേദ്രയാണ് ബൊളീവിയയ്ക്കായി ഗോൾ നേടിയത്. നായകൻ ജസ്റ്റിനിയാനോയുടെ മികച്ച ക്രോസ് സ്വീകരിച്ച സാവേദ്ര ഗോൾകീപ്പർ അർമാനിയെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. അർജന്റീന പ്രതിരോധം വരുത്തിയ അലസതയാണ് ഗോളിന് വഴി വെച്ചത്. ഗോൾ വഴങ്ങിയതോടെ അർജന്റീന ഉണർന്നുകളിച്ചു.

അഗ്യൂറോയെ പിൻവലിച്ച് ലോർട്ടാറോ മാർട്ടിനെസിനെ 63-ാം മിനിട്ടിൽ പരിശീലകൻ സ്‌കലോനി ഇറക്കി. ഗ്രൗണ്ടിലെത്തിയ ഉടൻ തന്നെ ടീമിനായി നാലാം ഗോൾ നേടാൻ മാർട്ടിനെസിന് കഴിഞ്ഞു. 65-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. ബൊളീവിയൻ ബോക്സിനുള്ളിൽ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് മാർട്ടിനെസ് ഗോൾ നേടിയത്. ഇതോടെ അർജന്റീന 4-1 എന്ന സ്‌കോറിന് മുന്നിലെത്തി.

70-ാം മിനിട്ടിൽ മാർട്ടിനെസ് രണ്ട് ഷോട്ടുകൾ തുടരെത്തുടരെ ബോളീവിയൻ പോസ്റ്റിലേക്കടിച്ചെങ്കിലും ഇവ രണ്ടും മികച്ച സേവിലൂടെ ഗോൾകീപ്പർ ലാംപെ വിഫലമാക്കി.

76-ാം മിനിട്ടിൽ മെസ്സിയെടുത്ത ഫ്രീകിക്ക് ഗോൾകീപ്പർ ലാംപെ തട്ടിയകറ്റി. പിന്നാലെ വന്ന കോർണറിൽ നിന്നും അൽവാരെസ് പോസ്റ്റിലേക്ക് മികച്ച ഷോട്ടുതിർത്തെങ്കിലും അതും ലാംപെ രക്ഷപ്പെടുത്തി. പിന്നാലെ അർജന്റീനയുടെ ആക്രമണങ്ങൾ കൊണ്ട് ബൊളീവിയൻ ബോക്സ് നിറഞ്ഞെങ്കിലും പ്രതിരോധതാരങ്ങൾ അതെല്ലാം വിഫലമാക്കി. ഇൻജുറി ടൈമിൽ മെസ്സിയുടെ ഗോളെന്നുറച്ച ഉഗ്രൻ ലോങ്റേഞ്ചർ ലാംപെ തട്ടിയകറ്റി.

21ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് സൂപ്പർതാരം എഡിൻസൺ കവാനിയാണ് യുറുഗ്വായിയുടെ വിജയഗോൾ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എ യിൽ യുറുഗ്വായ് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനക്കാരായാണ് പാരഗ്വായിയുടെ ക്വാർട്ടർ ഫൈനൽ പ്രവേശനം.

നാലുമത്സരങ്ങളിൽ നിന്നും ഏഴുപോയന്റുകൾ ഉറുഗ്വായ് നേടിയപ്പോൾ പാരഗ്വായ് ഇത്രയും മത്സരങ്ങളിൽ നിന്നും ആറുപോയന്റുകൾ നേടി. എ ഗ്രൂപ്പിൽ നിന്നും നാലാം സ്ഥാനക്കാരായി ചിലിയും ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയിട്ടുണ്ട്.

ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ

ജൂലായ് 3 പുലർച്ചേ 2.30 - പെറു - പാരഗ്വായ്
ജൂലായ് 3 പുലർച്ചേ 5.30 - ബ്രസീൽ - ചിലി
ജൂലായ് 4 പുലർച്ചേ 3.30 - യുറുഗ്വായ് - കൊളംബിയ
ജൂലായ് 4 പുലർച്ചേ 6.30 - അർജന്റീന - ഇക്വഡോർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP