Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീയൊരു ചാരനാണ് എന്ന് അന്വേഷണ സംഘം നമ്പി നാരായണനോട് ആക്രോശിച്ചത് 27 വർഷങ്ങൾക്ക് മുമ്പ്; മറിയം റഷീദ കിടപ്പറയിലെ ട്യൂണ എന്ന് പൊലിപ്പിച്ച് മാധ്യമങ്ങൾ; ചാരക്കേസിലെ ഗൂഢാലോചനയിൽ നേരറിയാൻ സിബിഐ സംഘം വീണ്ടും എത്തുമ്പോൾ

നീയൊരു ചാരനാണ് എന്ന് അന്വേഷണ സംഘം നമ്പി നാരായണനോട് ആക്രോശിച്ചത് 27 വർഷങ്ങൾക്ക് മുമ്പ്; മറിയം റഷീദ കിടപ്പറയിലെ ട്യൂണ എന്ന് പൊലിപ്പിച്ച് മാധ്യമങ്ങൾ; ചാരക്കേസിലെ ഗൂഢാലോചനയിൽ നേരറിയാൻ സിബിഐ സംഘം വീണ്ടും എത്തുമ്പോൾ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: രാജ്യത്തെ പിടിച്ചു കുലുക്കിയ ഐ എസ് ആർ ഒ വ്യാജ ചാര വൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിൽ സിബിഐയുടെ അറസ്റ്റ് ഭയന്ന് നാലാം പ്രതി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യുവിന്റെ മുൻകൂർ ജാമ്യ ഹർജി ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും. ഹർജിയിൽ സിബിഐ നിലപാട് ചൊവ്വാഴ്ച അറിയിക്കും. ഡൽഹി സി ബി ഐ സംഘം തിങ്കളാഴ്ച തലസ്ഥാനത്തെത്തി. നമ്പി നാരായണന്റെ മൊഴിയെടുത്തു.

പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തയ്യാറെടുപ്പ് ആരംഭിച്ചതായി സൂചനയുണ്ട്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ പിന്നോട്ടടിക്കാൻ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരെ സംശയനിഴലിൽ നിർത്തി ഇന്ത്യൻ ക്രയോജനിക് സാങ്കേതിക വിദ്യ അട്ടിമറിക്കാൻ കേരള പൊലീസ് ശ്രമിച്ചതിന്റെ ഫലമായി മെനഞ്ഞെടുത്ത കള്ളക്കേസാണ് വ്യാജ ചാരക്കേസ്. ചാരക്കേസ് കാരണം ഇന്ത്യൻ ബഹിരാകാശ മേഖല വളർച്ച മുരടിച്ച നിലയിലായി.

മാലി സ്വദേശിനി മറിയം റഷീദയെ വിസാ കാലാവധി തീരാൻ 5 ദിവസം ബാക്കി നിൽക്കെ തമ്പാനൂർ ഹൊറൈസൺ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത് കേരളാ പൊലീസ് സംഘമാണ്. എഫ് ഐ ആർ (ക്രൈം) പോലും രജിസ്റ്റർ ചെയ്യാതെ 5 ദിവസം അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ച ശേഷം വിസാ കാലാവധി തീർന്നിട്ടും കേരളത്തിൽ തങ്ങിയതായി വരുത്തി ഫോറിനേഴ്‌സ് ആക്റ്റ് പ്രകാരം വ്യാജ കേസെടുത്ത് തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയതായും സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ജയിൻ കമ്മിറ്റി കണ്ടെത്തി. കമ്മിറ്റി സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ അക്കമിട്ട് നിരത്തിയിട്ടുള്ളതായി അറിയുന്നു. 5,000 രൂപ പെറ്റിയടിച്ച് തീരാവുന്ന കേസിനെ കേരളാ പൊലീസ് അന്നത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹബീബുള്ളയെക്കൊണ്ട് കോടതിയിൽ ജാമ്യഹർജിയെ ശക്തമായി എതിർത്തു. തുടർന്ന് കോടതി പ്രതിയുടെ ജാമ്യഹർജി തള്ളി റിമാന്റ് ചെയ്യുകയായിരുന്നു.

തുടർന്നാണ് തുമ്പ ഐ എസ് ആർ. ഒ ശാസ്ത്രജ്ഞരായ നമ്പി നാരായണനെയും ശശികുമാറിനെയും ചേർത്ത് മസാലയിൽ പൊതിഞ്ഞ ചാരക്കഥ മെനഞ്ഞത്. കേരളാ പൊലീസിന്റെ ഭാവനയിൽ വിരിഞ്ഞ സാങ്കൽപ്പിക അപസർപ്പക കഥകൾ മെനഞ്ഞ് പത്ര ദൃശ്യമാധ്യമങ്ങൾക്ക് നൽകി ആഘോഷമാക്കി. കേരളാ പൊലീസ് ഉദ്യോഗസ്ഥർ കേസന്വേഷണത്തിന്റെ പേരിൽ മാധ്യമ ശ്രദ്ധ നേടുകയായിരുന്നു ഉദ്ദേശ്യമെന്ന ആരോപണവുമുയർന്നിട്ടുണ്ട്.

സിബിഐയുടെ നിലപാടറിയിക്കാൻ സിബിഐ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ജൂൺ 25 ന് സമയം തേടിയിരുന്നു. തുടർന്ന് 29 ന് ഹർജി പരിഗണിക്കാനായി ജില്ലാ ജഡ്ജി പി. കൃ ഷ്ണകുമാർ മാറ്റുകയായിരുന്നു. ഹർജി ചൊവ്വാഴ്ച പരിഗണിക്കും വരെ അറസ്റ്റ് തടയണമെന്ന പ്രതിയുടെ അപേക്ഷയിൽ ചൊവ്വാഴ്ച വരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന താൽക്കാലിക നിർദ്ദേശം നൽകിയിരുന്നു. തന്നെ സി ബി ഐ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ പീഡിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ സി ബി ഐ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കാൻ സി ബി ഐ ക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതി മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി(ഗൂഢാലോചന) , 167 (പൊതുസേവകൻ തെറ്റായ രേഖ തയ്യാറാക്കുന്നത്) , 218 (ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കുന്നതിന് തെറ്റായ റെക്കോർഡ് തയ്യാറാക്കുന്നത്) , 195 ( തടവ് ശിക്ഷാ കുറ്റം സ്ഥാപിക്കുന്നതിന് വേണ്ടി വ്യാജ തെളിവ് നൽകലും നിർമ്മിക്കലും) , 348 ( ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങാൻ അന്യായ തടങ്കലിൽ വെക്കൽ) , 477 A (കണക്കുകളുടെ വ്യാജീകരണം) , 506 (1) ( കുറ്റകരമായ ഭയപ്പെടുത്തൽ) എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സി ബി ഐ കേസെടുത്തത്. ഗൂഢാലോചന നടത്തി നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കി അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ചതിനും മറ്റുമായി 18 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ന്യൂ ഡൽഹി സിബിഐ കേസെടുത്ത് എഫ് ഐ ആർ, എഫ് ഐ എസ് തുടങ്ങിയ രേഖകൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ജൂൺ 24 ന് സിബിഐ സമർപ്പിച്ചിരുന്നു.

ചാരക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതി ചേർക്കപ്പെട്ട ഫൗസിയ ഹസനും രംഗത്തു വന്നിരുന്നു. അന്നത്തെ പൊലീസുദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചാണ് നമ്പി നാരായണനെതിരെ വ്യാജ മൊഴി നൽകാൻ ഭീഷണിപ്പെടുത്തിയതെന്നായിരുന്നു വെളിപ്പെടുത്തൽ. ശാസ്ത്രജ്ഞന്മാരായ നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്. ഐ.എസ്.ആർ.ഒ രഹസ്യങ്ങൾ ചോർത്തിക്കിട്ടാൻ ഇവർക്ക് ഡോളർ നൽകിയെന്ന് പറയാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. അതിന് വിസമ്മതിച്ചപ്പോൾ പൊലീസുദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു. മാറിലും കാലിലുമെല്ലാം അടിക്കുകയും ക്രൂരമായ മർദ്ദനമുറകൾ പ്രയോഗിക്കുകയും ചെയ്തു. മംഗലാപുരത്ത് പഠിക്കുന്ന തന്റെ മകളെ തന്റെ മുന്നിലിട്ട് ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഗതികെട്ടാണ് പൊലീസ് ക്യാമറക്കു മുന്നിൽ വ്യാജ മൊഴി നൽകിയത്. എല്ലാവരും ചേർന്ന് തന്നെ ചാര വനിതയാക്കി. തന്റെ വ്യാജ കുറ്റസമ്മത മൊഴി പൊലീസ് വീഡിയോയിൽ പകർത്തി. ആ സമയത്ത് തനിക്ക് നമ്പി നാരായണന്റെ പേരു പോലും അറിയില്ലായിരുന്നു. അപ്പോൾ ക്യാമറക്ക് പിന്നിൽ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താൻ ആ പേര് വായിച്ചത്. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയിൽ വച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി.

കൊടിയ മർദ്ദനമുറകളാണ് നമ്പി നാരായണന് മേലും പ്രയോഗിച്ചത്. മനുഷ്യമൂത്രം കുടിപ്പിച്ചും മൂന്നാം മുറ പ്രയോഗിച്ചും വ്യാജ ചാരക്കഥകൾ മെനഞ്ഞ് പ്രസ് റിലീസ് നൽകിയും പൊലീസുദ്യോഗസ്ഥർ കേസന്വേഷണം ആസ്വദിച്ചു. യാതൊരു തെളിവും കണ്ടെത്താനോ ഹാജരാക്കാനോ സാധിച്ചതുമില്ല.

മുൻ ഡിഐജി സിബി മാത്യൂസ് , പേട്ട സ്‌പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയൻ , വഞ്ചിയൂർ എസ്. ഐ തമ്പി. എസ് ദുർഗാ ദത്ത് , സിറ്റി പൊലീസ് കമ്മീഷണർ വി. ആർ. രാജീവൻ , ഡിവൈഎസ്‌പി കെ.കെ. ജോഷ്വ , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ , ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ , അസിസ്റ്റന്റ് ഡയറക്ടർ സി.ആർ.ആർ.നായർ , ഡി സി ഐ ഒ ജി.എസ്. നായർ , ബി സി ഐ ഒ കെ.വി. തോമസ് , കൊച്ചി ഐ ബി ഡെപ്യൂട്ടി സെൻട്രൽ ഇൻലിജന്റ്‌സ് ഓഫീസർ എസ്. ജയപ്രകാശ് , ക്രൈം ബ്രാഞ്ച് നർക്കോട്ടിക് സെൽ എസ്‌പി. ജി. ബാബുരാജ് , ജോയിന്റ് ഡയറക്ടർ മാത്യു ജോൺ , ഡി സി ഐ ഒ ജോൺ പുന്നൻ , ബേബി , സ്‌പെഷ്യൽ ബ്രാഞ്ച് എ റ്റി ഐ ഒ ഡിന്റ മത്യാസ് , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ വി. കെ. മായിനി , സിബിസിഐഡി എസ് ഐ എസ്. ജോഗേഷ് എന്നിവരെ പ്രതിചേർത്താണ് സിബിഐ കേസെടുത്തത്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയും അച്ചടി - ദൃശ്യ മാധ്യമ ജന ശ്രദ്ധയാകർഷിക്കാനായി വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി മാധ്യമങ്ങൾക്ക് ഇന്റർവ്യൂ നൽകിയും പത്രവാർത്ത നൽകിയും പേരെടുക്കുന്ന പൊലീസുദ്യോസ്ഥർക്കുള്ള ഗുണപാഠവും മുന്നറിയിപ്പുമാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്. ഊഹാപോഹങ്ങൾ വെച്ചും കേട്ടുകേൾവി വച്ചും യാതൊരു തെളിവുമില്ലാതെ ഒരു വ്യക്തിയെ സമൂഹമധ്യത്തിൽ സംശയത്തിന്റെ കരിനിഴലിൽ നിർത്തി തേജോവധം ചെയ്യുന്ന പൊലീസുദ്യോഗസ്ഥർക്കുള്ള താക്കീതുകൂടിയാണ് സുപ്രീം കോടതി വിധിന്യായം.

1998 ൽ സി ബി ഐ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനൊപ്പം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള വീഴ്ചകൾ സംബന്ധിച്ചും റിപ്പോർട്ട് നൽകിയിരുന്നു. ഇത് സംസ്ഥാന സർക്കാരിന്റെ പരിഗണനക്കും വന്നു. എന്നാൽ സർക്കാരുകൾ മാറ്റി വന്നെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടികളൊന്നുമുണ്ടായില്ല. ഇവർക്ക് നേരെയുള്ള ആരോപണങ്ങൾ നിലനിൽക്കെ തന്നെ ഇവർക്ക് സ്ഥാനക്കയറ്റവും ലഭിച്ചു. സി ബി ഐ തയ്യാറാക്കിയ രഹസ്യ റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് വന്നു. 2011 ൽ രഹസ്യ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.

കോടതി ഉത്തരവിനെ തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ചിഫ് സെക്രട്ടറിയായിരുന്ന സി. പി. നായർ ഈ ഫയൽ മുഖ്യ മന്ത്രിക്ക് നൽകി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയൊന്നും വേണ്ടെന്ന് ഉമ്മൻ ചാണ്ടി 2012 ൽ ഉത്തരവിറക്കി. ഇതിനെതിരെ നമ്പി നാരായണൻ വീണ്ടും ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. 2013 ൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരു ഉന്നതതല സമിതി രൂപീകരിച്ചു. തുടർന്ന് റിപ്പോർട്ടിൽ പ്രതിസ്ഥാനത്തുള്ള സിബി മാത്യു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചു. സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് അസ്ഥിരപ്പെടുത്തി. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്ന 2012 ലെ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനം ശരിവെച്ചു.

ഇതിനെതിരെ 2015 ൽ നമ്പി നാരായണൻ സുപ്രീം കോടതിയെ സമീപിച്ചു. ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരവൃത്തിയാരോപിച്ച് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതി 2018 സെപ്റ്റംബർ 14 ന് ഉത്തരവിട്ടിരുന്നു. സംസ്ഥാന സർക്കാർ അരക്കോടി രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി നിർദ്ദേശിക്കാൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.കെ. ജയിൻ അധ്യക്ഷനായ മൂന്നംഗ സമിതിയെയും സുപ്രീം കോടതി നിയോഗിച്ചു. ജസ്റ്റിസ് ജയിൻ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച സുപ്രീം കോടതി 2021 ഏപ്രിൽ 15 ന് വ്യാജ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് തുടന്വേഷണം നടത്താൻ ഉത്തരവിട്ടു.

സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സിബിഐ പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആർ ഇട്ടത്. ജസ്റ്റിസ് ജയിൻ കമ്മിറ്റി റിപ്പോർട്ട് ഞെട്ടലുളവാക്കുന്നതെന്ന് നിരീക്ഷിച്ച കോടതി സിബിഐ അന്വേഷണത്തിനുത്തരവിട്ടു. നഷ്ടപരിഹാരമല്ല തന്നെ കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹർജിയിൽ 24 വർഷം നീണ്ട നിയമയുദ്ധത്തിലാണ് സുപ്രീ കോടതി വിധി 2018 ൽ വന്നത്.

നമ്പി നാരായണന് നഷ്ടമായത് അന്തസും സ്വാതന്ത്ര്യവുമെന്ന് സുപ്രീം കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. അദ്ദേഹം നേരിട്ടത് കടുത്ത പീഡനമെന്നും കോടതി വിലയിരുത്തി. ദേശീയ പ്രശസ്തിയുള്ള , വിജയിച്ച ശാസ്ത്രജ്ഞനായ അദ്ദേഹത്തിന് കടുത്ത പീഡനങ്ങളിലൂടെയാണ് കടന്നു പോകേണ്ടി വന്നത്. ആരെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെക്കാമെന്ന പൊലീസിന്റെ മനോഭാവമാണ് അദ്ദേഹത്തിന് ഇത്രയും വേദനയുണ്ടാക്കിയതെന്നും സുപ്രീം കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

1994 നവംബർ 30 നാണ് നമ്പി നാരായണനെ ചാരക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂതകാല മഹത്വമെല്ലാമുണ്ടായിട്ടും ചാരക്കേസിൽ അറസ്റ്റിലായതോടെ നമ്പി നാരായണന് സമൂഹത്തിൽ നിന്ന് വെറുപ്പ് നേരിടേണ്ടി വന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ് വ്യക്തിയുടെ പ്രശസ്തി. എന്നാൽ ചാരക്കേസിൽ അറസ്റ്റിലായതോടെ മനുഷ്യാവകാശത്തിന്റെ അടിസ്ഥാന ഘടകങ്ങളായ അന്തസും സ്വാതന്ത്രവും അദ്ദേഹത്തിന് നഷ്ടമായി. കസ്റ്റഡി പീഡനമെന്നത് ദേഹോപദ്രവം മാത്രമല്ല ഭരണഘടനയിലോ ശിക്ഷാ നിയമത്തിലോ പീഡനം (ടോർച്ചർ) എന്ന പദത്തിന് നിർവ്വചനം പറയുന്നില്ല. എന്നാൽ ദുർബലന് മേൽ പേശീബലമുള്ളവൻ അടിച്ചേൽപ്പിക്കുന്ന യാതനകളാണ് പീഡനമെന്ന് മറ്റൊരു കേസിൽ സുപ്രീം കോടതി നിയമ വ്യാഖ്യാനം നടത്തിയിട്ടുണ്ട്.

പ്രതിയെ കസ്റ്റഡിയിലെടുത്ത് വിചാരണ നടത്തിയ ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തി വെറുതെ വിട്ട കേസല്ല ഇത്. അതീവ ഗൗരവമുള്ള വിഷയത്തിൽ നമ്പി നാരായണൻ ഉൾപ്പെടെ ചിലരെ അറസ്റ്റ് ചെയ്ത ശേഷം കേസ് സിബിഐക്ക് കൈമാറുകയാണ് പൊലീസ് ചെയ്തത്. മനോരോഗത്തിന് ചികിത്സ നേരിടേണ്ടി വരുന്നത് ഒരു വ്യക്തിയുടെ അന്തസ്സിനാണ് ആഘാതമേൽപ്പിക്കുന്നത്. അന്യായ പ്രവൃത്തി കൊണ്ട് ആത്മാഭിമാനം ക്രൂശിക്കപ്പെടുമ്പോഴാണ് ഒരാൾ നീതിക്ക് വേണ്ടി നിലവിളിക്കുന്നത്. അയാൾക്ക് നഷ്ടപരിഹാരം അനുവദിക്കപ്പെടേണ്ടതും അപ്പോഴാണ്. നമ്പി നാരായണൻ കസ്റ്റഡിയിൽ നേരിട്ട പീഡനങ്ങളെക്കുറിച്ച് സി ബി ഐ യുടെ കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നത് സുപ്രീം കോടതി വിധിയിൽ എടുത്തു പറഞ്ഞു.

പൊലീസിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ പരാമർശങ്ങളടങ്ങുന്നതാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര , ജസ്റ്റിസുമായ എ. എം. ഖാൻ വിൽക്കർ , ഡി. വൈ. ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധിന്യായം. നമ്പി നാരായണനെതിരായ കേസ് തെറ്റാണെന്നും വ്യാജമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമുള്ള സി ബി ഐ റിപ്പോർട്ട് സംസ്ഥാന സർക്കാർ തള്ളിയിരുന്നു. സംസ്ഥാനത്തിന്റെ ഉത്തരവ് റദ്ദാക്കിയിട്ടുപോലും ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്ന് വിധിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കസ്റ്റഡിയിൽ പീഡനമുണ്ടായിട്ടില്ലെന്ന വാദം കോടതി തള്ളി. ശാരീരിക വേദനയുണ്ടാക്കുന്നത് മാത്രമല്ല പീഡനം. നമ്പി നാരായണൻ അനുഭവിച്ച തീവ്ര പീഡനങ്ങൾ സി ബി ഐ റിപ്പോർട്ടിൽ വ്യക്തമാണ്. കേരള പൊലീസിന്റെ മുഴുവൻ നടപടികളും പകപോക്കലായിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നതിനാൽ അവരാണ് കുറ്റക്കാരെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി തള്ളി.

പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെയാണ് നമ്പി നാരായണൻ സുപ്രീം കോടതിയെ സമീപിച്ചത്. 2018 ഒക്ടോബർ 10 ന് നമ്പി നാരായണന് സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് നൽകിയ നഷ്ട പരിഹാര തുകയായ 50 ലക്ഷം രൂപ സിബി മാത്യൂസ് , കെ.കെ.ജോഷ്വ , എസ്.വിജയൻ ,പുനരന്വേഷണത്തിന് വിജ്ഞാപനമിറക്കിയ ഉദ്യോഗസ്ഥർ ' തുടങ്ങിയവരുടെ സ്ഥാവരജംഗമ സ്വത്തുക്കളിൽ നിന്ന് ഈടാക്കിയെടുക്കാൻ 2019 മെയ് 5 ന് സംസ്ഥാന നിയമ സെക്രട്ടറി ഉത്തരവിട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP