Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജമ്മുവിലെ കാലൂചക് സൈനിക ആസ്ഥാനത്ത് ഡ്രോണുകൾ; വെടിവച്ച് തുരത്തി; സൈനിക കേന്ദ്രങ്ങളിൽ അതിജാഗ്രതാ നിർദ്ദേശം; സുരക്ഷ ശക്തമാക്കി; ആയുധക്കടത്തിനും ആക്രമണങ്ങൾക്കും പാക്കിസ്ഥാന് ഡ്രോണുകൾ ലഭ്യമാക്കുന്നത് ചൈന; പ്രതിരോധിക്കാൻ യുഎസിൽ നിന്ന് 30 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യൻ സൈന്യം

ജമ്മുവിലെ കാലൂചക് സൈനിക ആസ്ഥാനത്ത് ഡ്രോണുകൾ; വെടിവച്ച് തുരത്തി; സൈനിക കേന്ദ്രങ്ങളിൽ അതിജാഗ്രതാ നിർദ്ദേശം; സുരക്ഷ ശക്തമാക്കി; ആയുധക്കടത്തിനും ആക്രമണങ്ങൾക്കും പാക്കിസ്ഥാന് ഡ്രോണുകൾ ലഭ്യമാക്കുന്നത് ചൈന; പ്രതിരോധിക്കാൻ യുഎസിൽ നിന്ന് 30 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യൻ സൈന്യം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ജമ്മുവിലെ കാലൂചക് സൈനിക കേന്ദ്രത്തിന് മുകളിൽ ഞായറാഴ്ച രാത്രി രണ്ട് തവണ സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. രാത്രി 11.30 നും 1.30 നുമാണ് സൈനിക ആസ്ഥാനത്തിനുള്ളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. രണ്ട് ഡ്രോണുകൾ സൈനികർ വെടിവച്ച് തുരത്തി.

ബ്രിഗേഡ് ആസ്ഥാനത്തിനു മുകളിലൂടെ ഡ്രോൺ പറക്കുന്നതാണ് ശ്രദ്ധയിൽപെട്ടത്. ഉടനെ ജാഗ്രതാ നിർദ്ദേശം നൽകുകയും ക്വിക്ക് റിയാക്ഷൻ ടീം ഡ്രോണിനു നേരെ വെടിവയ്ക്കുകയും ചെയ്തു. 1.30ഓടെ എത്തിയ രണ്ടാമത്തെ ഡ്രോണിനു നേരെയും വെടിവച്ചു. ഇതോടെ ഡ്രോണുകൾ പറന്നകന്നുവെന്ന് സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ജമ്മു-പത്താൻകോട്ട് ദേശീയപാതയിൽ കാലൂചക്-പുർമണ്ഡൽ റോഡിൽ കാലൂചക് സൈനിക കേന്ദ്രത്തിന് സമീപം രണ്ട് ക്വാഡ്കോപ്ടറുകൾ ശ്രദ്ധയിൽ പെട്ടതായി പൊലീസ് അറിയിച്ചു. ഡ്രോണുകൾക്ക് നേരെ സൈനികോദ്യോഗസ്ഥർ 20-25 റൗണ്ട് വെടിയുതിർത്തു. എന്നാൽ ഡ്രോണുകൾ ഇരുളിലേക്ക് നീങ്ങി മറഞ്ഞതായാണ് വിവരം.

നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ജമ്മുവിൽ, പ്രത്യേകിച്ച് സൈനികആസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതിർത്തിയിലൂടെ നുഴഞ്ഞുകയറി ആക്രമണം നടത്തുന്നതിനു പകരം, വിദൂര നിയന്ത്രിത ഡ്രോണുകൾ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങൾ ഭീകരർ ഇന്ത്യയ്‌ക്കെതിരെ പരീക്ഷിക്കുകയാണെന്നതിന്റെ തെളിവാണ് ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ഇരട്ട സ്‌ഫോടനം. 1.5 കിലോഗ്രാം വീതമുള്ള രണ്ടു സ്‌ഫോടക വസ്തുക്കളാണ് വ്യോമസേനാ താവളത്തിനുള്ളിൽ പതിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടർന്നുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് 2019ൽ അതിർത്തിയിലുടനീളം സേന സുരക്ഷ ശക്തമാക്കിയിരുന്നു.

നുഴഞ്ഞുകയറ്റം ദുഷ്‌കരമായ സാഹചര്യത്തിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള പുതു ആക്രമണ നീക്കങ്ങളിലേക്കു ഭീകരർ കടന്നത്. 2019 ജൂൺ മുതൽ പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ അതിർത്തി മേഖലകളിൽ പാക്ക് ഡ്രോണുകളുടെ സാന്നിധ്യമുണ്ട്. ആയുധങ്ങളും ലഹരിവസ്തുക്കളും കടത്തുന്നതിനു പുറമെ ഇന്ത്യയ്ക്കു നേരെയുള്ള ആക്രമണങ്ങൾക്കും ഡ്രോണുകൾ ഉപയോഗിക്കാമെന്ന മുന്നറിയിപ്പ് സുരക്ഷാ സേനകൾക്ക് ഇന്റിലിജൻസ് ബ്യൂറോ മുൻപ് നൽകിയിരുന്നു.

നിലവിൽ, പാക്കിസ്ഥാനിൽ നിന്നുള്ള ഡ്രോണുകളെ സേനാംഗങ്ങൾ വെടിവച്ചു വീഴ്‌ത്തുകയാണു പതിവ്. ഉന്നം തെറ്റാതെ വെടിവയ്ക്കുന്ന സേനാംഗങ്ങൾക്കാണ് (സ്‌നൈപ്പർ) ഇതിന്റെ ചുമതല. ഡ്രോണുകൾ വ്യക്തമായി കണ്ടാൽ മാത്രമേ വെടിവച്ചു വീഴ്‌ത്താൻ സാധിക്കൂ. സേനാംഗം ഉപയോഗിക്കുന്ന തോക്കിന്റെ ദൂരപരിധിയേക്കാൾ ഉയരത്തിലാണു ഡ്രോൺ പറക്കുന്നതെങ്കിൽ അതിനെ വീഴ്‌ത്തുക ബുദ്ധിമുട്ടാണ്.

സേനാംഗങ്ങളുടെ കണ്ണിൽപ്പെടാതിരിക്കാൻ രാത്രിയിലാണു ഡ്രോണുകളിലധികവും പാക്ക് മേഖലയിൽ നിന്നെത്തുന്നത്. രാത്രിയിലെ ഇരുട്ടിലും ഡ്രോണുകളെ വെടിവച്ചു വീഴ്‌ത്താൻ സാധിക്കുന്ന ആയുധങ്ങളും സാങ്കേതിക വിദ്യയും തങ്ങൾക്കു ലഭ്യമാക്കണമെന്ന് ഏതാനും വർഷങ്ങൾ മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ബിഎസ്എഫ് അഭ്യർത്ഥിച്ചിരുന്നു.

ഡ്രോണുകൾ ഉപയോഗിച്ചുള്ള ജമ്മുവിലെ 'ടെസ്റ്റി'നു പിന്നാലെ കൂടുതൽ ആക്രമണങ്ങൾക്കു ഭീകരർ മുതിരുമോ എന്നാണ് ഇനി അറിയേണ്ടത്. വ്യോമതാവളത്തിനുള്ളിലേക്ക് ഡ്രോണുകൾ ഇടിച്ചിറക്കി സ്‌ഫോടനം നടത്താൻ സാധിച്ചത് നേട്ടമായി ഭീകരർ കരുതാൻ സാധ്യതയേറെ. അതു നൽകുന്ന ആത്മവിശ്വാസത്തിൽ കൂടുതൽ ആക്രമണങ്ങൾക്ക് അവർ തയാറായേക്കുമെന്നാണു സുരക്ഷാ സേനകളുടെ വിലയിരുത്തൽ.

പഠാൻകോട്ട് ഉൾപ്പെടെ ഉത്തരേന്ത്യയിലെ സേനാ താവളങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. ഡ്രോണുകളെ ഫലപ്രദമായി നേരിടാനുള്ള തന്ത്രങ്ങൾ സുരക്ഷാ സേനകൾ ആവിഷ്‌കരിക്കുന്നുണ്ട്. ഭാവിയിലെ പോരാട്ടങ്ങളിൽ ഡ്രോണുകളുടെ സാന്നിധ്യവും നിർണായകമാകുമെന്നതിനാൽ, അവയ്‌ക്കെതിരായ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ സേന സജ്ജമാക്കും.

ഇന്ത്യയിലേക്കുള്ള ആയുധക്കടത്തിനും ആക്രമണങ്ങൾക്കും പാക്കിസ്ഥാന് ഡ്രോണുകൾ ലഭ്യമാക്കുന്നത് ചൈനയെന്ന് വ്യക്തമായിട്ടുണ്ട്. ചൈനയിൽനിന്നു വാങ്ങുന്ന വിലകുറഞ്ഞ ഡ്രോണുകൾ ഉപയോഗിച്ച് 2019 മുതൽ ആയുധങ്ങളും ലഹരിമരുന്നും വ്യാജ നോട്ടുകളും പാക്കിസ്ഥാൻ ഇന്ത്യയിലേക്കു കടത്തുന്നുണ്ട്. ഹെക്‌സാകോപ്റ്റർ, ക്വാഡ്‌കോപ്റ്റർ എന്നീ വിഭാഗങ്ങളിലുള്ള ഡ്രോണുകളാണു പാക്ക് ഭീകരർ ഇതിനായി ഉപയോഗിക്കുന്നത്. 900 കിലോ സ്‌ഫോടക വസ്തുക്കൾ വഹിച്ച് പറക്കാൻ കെൽപുള്ള ആയുധസജ്ജമായ 50 ഡ്രോണുകൾ (വിങ് ലൂങ് 2) 2020 ഡിസംബറിൽ ചൈന പാക്കിസ്ഥാനു കൈമാറിയിരുന്നു.

പാക്ക് സേന, ചാര സംഘടനയായ ഐഎസ്‌ഐ എന്നിവ വഴിയാണു ചൈനയിൽനിന്നുള്ള ഡ്രോണുകൾ ഭീകരർക്കു ലഭ്യമാക്കുന്നതെന്നാണു വിവരം. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ തക്കംപാർത്ത് മൂന്നൂറിലധികം ഭീകരർ അതിർത്തിയോട് ചേർന്ന് പാക്ക് അധിനിവേശ കശ്മീരിലുള്ള താവളങ്ങളിൽ (ടെറർ ലോഞ്ച് പാഡ്) കഴിയുന്നുണ്ടെന്നാണു കരസേനയുടെ വിലയിരുത്തൽ. ഇത്തരം താവളങ്ങൾക്കെതിരെയാണു 2016 സെപ്റ്റംബറിൽ സേന മിന്നലാക്രമണം നടത്തിയത്. ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാനുള്ള പരിശീലനത്തിനു പുറമെ ആയുധങ്ങൾ ഘടിപ്പിച്ച ഡ്രോണുകൾ പറത്താനുള്ള പരിശീലനവും പാക്ക് സേന ഭീകരർക്കു നൽകുന്നുണ്ട്. പാക്ക് സേനാ വിഭാഗമായ ബോർഡർ ആക്ഷൻ ടീമിനാണു (ബാറ്റ്) ഭീകര താവളങ്ങളിലെ പരിശീലനത്തിന്റെ ചുമതല.

പാക്ക്, ചൈനാ ഭീഷണികൾ നേരിടുന്നതിന് യുഎസിൽ നിന്ന് 30 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യൻ സേന നടപടിയാരംഭിച്ചു. 1700 കിലോ സ്‌ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് ഇവ. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2 പ്രിഡേറ്റർ ഡ്രോണുകൾ കഴിഞ്ഞ വർഷം ഇന്ത്യ യുഎസിൽനിന്നു പാട്ടത്തിനെടുത്തിരുന്നു.

ഹെൽഫയർ മിസൈലുകൾ ഘടിപ്പിച്ച ഡ്രോണുകൾക്ക് ശത്രുസേനയ്‌ക്കെതിരെ രൂക്ഷ ആക്രമണം നടത്താനാവും. നിരീക്ഷണത്തിനും ആക്രമണത്തിനും ഉപയോഗിക്കുന്ന ഇവയെ 'ഹണ്ടർ കില്ലർ ഡ്രോൺ' എന്നാണു വിശേഷിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നിവിടങ്ങളിൽ ആക്രമണങ്ങൾക്ക് യുഎസ് വ്യോമസേന ഇതുപയോഗിച്ചിരുന്നു.

ഡ്രോണുകൾ ഉപയോഗിച്ച് പലപ്പോഴായി 10 ലക്ഷം രൂപ വരെ വ്യാജ കറൻസി പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു കടത്തിയിട്ടുണ്ടെന്നാണു കണക്ക്. എകെ 47 യന്ത്രത്തോക്ക്, യുഎസ് നിർമ്മിത തോക്ക്, ഗ്രനേഡ്, റേഡിയോ സിഗ്നൽ റിസീവർ, വയർലെസ് സെറ്റ്, സാറ്റലൈറ്റ് ഫോൺ, മൊബൈൽ ഫോൺ, സ്‌ഫോടനത്തിനാവശ്യമായ ബാറ്ററികൾ, വെടിയുണ്ട എന്നിവയും കടത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP