Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറുന്നു; നിയന്ത്രണം കടുപ്പിക്കും; ടിപിആർ 15ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; 10ന് മുകളിൽ ലോക്ക്ഡൗൺ; അഞ്ചിൽ താഴെ സാധാരണ പ്രവർത്തനം

ലോക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറുന്നു; നിയന്ത്രണം കടുപ്പിക്കും; ടിപിആർ 15ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; 10ന് മുകളിൽ ലോക്ക്ഡൗൺ; അഞ്ചിൽ താഴെ സാധാരണ പ്രവർത്തനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ഡൗണിൽ ഇളവുകൾ വരുത്തിയ ശേഷം കോവിഡ് വ്യാപനം വർധിക്കുന്നുവെന്ന വിലയിരുത്തലിൽ പ്രാദേശിക നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ സംസ്ഥാന സർക്കാർ . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങൾ വേണമെന്ന നിർദേശമാണ് വിദഗ്ദ്ധർ മുന്നോട്ടു വച്ചത്. പ്രതീക്ഷിച്ച തോതിൽ കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.

രോഗസ്ഥിരീകരണ നിരക്ക് 15 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ വിദഗ്ധ സമിതി ശുപാർശ ചെയ്തതായാണ് റി്പ്പോർട്ട്. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ടിപിആർ 5നു താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ മാത്രമായിരിക്കും ഇളവുകൾ അനുവദിക്കുക. തൊഴിൽ മേഖലയിലെ പ്രതിസന്ധി കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പത്തിന് മുകളിൽ തന്നെയാണ് സംസ്ഥാനത്തെ ടിപിആർ നിരക്ക്.ഇതിന് പുറമേ പത്തനംതിട്ട ഉൾപ്പെടെ ചില ജില്ലകളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യവുമുണ്ട്. വീണ്ടും തീവ്രവ്യാപനത്തിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് ആലോചന.

ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താനാണ് ആലോചന. നിലവിൽ എട്ടുശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ സാധാരണനിലയിൽ പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. ഇത് അഞ്ചുശതമാനമാക്കും. ടിപിആർ നിരക്ക് അഞ്ചുശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമേ സാധാരണനിലയിൽ പ്രവർത്തിക്കാൻ സാധിക്കൂ.

അഞ്ചിനും പത്തിനും ഇടയിൽ ടിപിആർ ഉള്ള പ്രദേശങ്ങളെ മിതമായ തോതിൽ കോവിഡ് വ്യാപനം സംഭവിക്കുന്ന പ്രദേശങ്ങളായാണ് കാണുക. പത്തിന് മുകളിലുള്ള പ്രദേശങ്ങളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ വേണ്ട മേഖലയായാണ് കാണുക. അവിടെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരും. ഈരീതിയിൽ 5,10,15 എന്നിങ്ങനെ ടിപിആർ നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ തരംതിരിച്ച് നിയന്ത്രണം കടുപ്പിക്കാനാണ് ആലോചന.

നിലവിൽ പോസിറ്റിവിറ്റി നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണം. മറ്റു തദ്ദേശസ്ഥാപനങ്ങളിൽ ഇളവ് അനുവദിച്ചതോടെ കോവിഡ് വ്യാപനം വർധിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

സംസ്ഥാനത്ത് 21ന് 9.63 ആയിരുന്ന ടിപിആർ പിന്നീട് ഉയർന്ന് ശരാശരി 10.4 ആയി. ഒരാഴ്ചയ്ക്കകം ഇത് 7നു താഴെയെത്തുമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെയാണ് വീണ്ടും നിബന്ധനകൾ കർശനമാക്കുന്നത്. കഴിഞ്ഞയാഴ്ചയിലെ ദേശീയ ശരാശരി 2.97% മാത്രമാണ്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ടിപിആർ 13.7% വരെ വർധിച്ചു. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം 30% വരെ വർധിച്ചു. പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടി.

ഇളവുകളോടെ തിങ്കളാഴ്ച മുതൽ തുറക്കൽ

തിരുവനന്തപുരം: വാരാന്ത്യ സമ്പൂർണ ലോക്ഡൗണിനു ശേഷം സംസ്ഥാനത്തു ലോക്ഡൗൺ ഇളവുകൾ ഇന്നു മുതൽ പതിവു പോലെ തുടരും. കോവിഡ് സ്ഥിരീകരണ നിരക്ക്(ടിപിആർ) അനുസരിച്ച്, പ്രാദേശിക തലത്തിലാണു നിയന്ത്രണവും ഇളവുകളും.

തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എ, ബി വിഭാഗങ്ങളിലാണ് (ടിപിആർ 16നു താഴെ) ഇളവുകൾ. ഇതിനു മുകളിലുള്ളവ ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും ആണ്.

അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.

ഹോട്ടൽ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാഴ്‌സൽ, ഓൺലൈൻ/ഹോം ഡെലിവറി മാത്രം. സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. നാളെയും പ്രവർത്തിക്കുമെങ്കിലും പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരിക്കും.

അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും പതിവു പോലെ പ്രവർത്തിക്കും.

കള്ളു ഷാപ്പുകളിൽ പാഴ്‌സൽ മാത്രം. ബവ്‌റിജസ് കോർപറേഷന്റെ മദ്യവിൽപന ശാലകളും തുറക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP