Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അംഗീകാരത്തിനു സീറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷിക്കാതിരുന്നതു വിനയായി; യൂറോപ്പിന്റെ പാസ്‌പോർട്ട് പദ്ധതിയിൽ അംഗീകൃത വാക്‌സീനുകളുടെ പട്ടികയിൽ അസ്ട്രാസെനക ഉണ്ടെങ്കിലും ഇന്ത്യയുടെ കോവിഷീൽഡ് പുറത്ത്; ഇന്ത്യക്കാർക്ക് വിദേശ യാത്ര പ്രതിസന്ധിയായേക്കും

യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അംഗീകാരത്തിനു സീറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷിക്കാതിരുന്നതു വിനയായി; യൂറോപ്പിന്റെ പാസ്‌പോർട്ട് പദ്ധതിയിൽ അംഗീകൃത വാക്‌സീനുകളുടെ പട്ടികയിൽ അസ്ട്രാസെനക ഉണ്ടെങ്കിലും ഇന്ത്യയുടെ കോവിഷീൽഡ് പുറത്ത്; ഇന്ത്യക്കാർക്ക് വിദേശ യാത്ര പ്രതിസന്ധിയായേക്കും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോ വാക്‌സിന് പിന്നാലെ കോവീഷീൽഡിനും പ്രതിസന്ധി. യൂറോപ്പിന്റെ പുതിയ വാക്‌സീൻ പാസ്‌പോർട്ട് പദ്ധതിയിൽ അംഗീകൃത വാക്‌സീനുകളുടെ പട്ടികയിൽ അസ്ട്രാസെനക ഉണ്ടെങ്കിലും ഇന്ത്യയുടെ കോവിഷീൽഡ് ഇല്ല. ഇതോടെ കോവീഷീൽഡ് എടുത്തവർക്കും വിദേശ യാത്രകൾ ചെയ്യാൻ കഴിയാത്ത സ്ഥിതി വരും.

അസ്ട്രാസെനക ലൈസൻസ് ഉപയോഗിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ് ഇന്ത്യയ്ക്കു പുറത്തു വാക്‌സീവിരിയ എന്നാണ് അറിയപ്പെടുന്നത്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ (ഇഎംഎ) അംഗീകാരത്തിനു സീറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷിക്കാതിരുന്നതു കൊണ്ടാണ് കോവിഷീൽഡ് വാക്‌സീൻ പട്ടികയിൽ ഉൾപ്പെടാതിരുന്നത്. നിലവിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കോവീഷീൽഡ് എടുത്തവർക്ക് അസ്ട്രാസെനക എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. ഇതും പ്രശ്‌നമാകും.

അംഗീകൃത വാക്‌സീൻ സ്വീകരിച്ചവരെ യൂറോപ്പിലേക്കും പുറത്തേക്കും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണു വാക്‌സീൻ പാസ്‌പോർട്ട് പദ്ധതി. കോവാക്‌സിനാണ് ഇന്ത്യയിലുള്ള മറ്റൊരു വാക്‌സിൻ. ഇതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ഇല്ല. അതുകൊണ്ട് ഇതെടുത്താലും വിദേശ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ട്. വിദേശ യാത്ര ചെയ്യുന്നവരെല്ലാം കോവാക്‌സന് പകരം കോവീഷീൽഡും എടുക്കാൻ തുടങ്ങി. ഇതിനിടെയാണ് പുതിയ വിവാദം.

ഇന്ത്യയിൽ നിർമ്മിച്ച് വിതരണം ചെയ്യുന്ന കോവീഷീൽഡ് വാക്‌സീനും ഓക്‌സ്‌ഫോർഡ് ആസ്ട്രാസെനക്കയും തുല്യമാണെന്ന് അംഗീകരിച്ച് സൗദിഅറേബ്യയെ പോലുള്ള ഗൾഫ് രാജ്യങ്ങൾ രംഗത്തു വന്നിരുന്നു. ഇന്ത്യയിൽ നിന്ന് കോവീഷീൽഡ് സ്വീകരിച്ചവർക്കും സൗദിയിൽ ക്വാറന്റീൻ ഇളവ് ലഭിക്കും. അതേസമയം, കോവാക്‌സീന് ഗൾഫ് രാജ്യങ്ങൾ ഇതുവരെ അനുമതി നൽകിയിട്ടില്ല. സൗദിഅറേബ്യ അംഗീകരിച്ച നാല് വാക്‌സീനുകളുടെ പട്ടികയിൽ ആസ്ട്രാസെനക്കയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും അതിന് തുല്യമായ കോവീഷീൽഡ് സ്വീകരിച്ചവർക്ക് ക്വാറന്റീൻ ഇളവ് അനുവദിച്ചിരുന്നില്ല. ഇന്ത്യയിൽ നിന്ന് കോവീഷീൽഡ് വാക്‌സീൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ ആസ്ട്രസെനക്ക എന്ന് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ സൗദിയിലേക്ക് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയതടക്കം ബുദ്ധിമുട്ട് നേരിട്ടിരുന്നു.

ഈ സാഹചര്യത്തിൽ സർട്ടിഫിക്കറ്റിൽ ആസ്ട്രസെനക്ക എന്നുകൂടി രേഖപ്പെടുത്തുന്നതിന് കേരളസർക്കാർ അടക്കം ഇടപെട്ടിരുന്നു. തുടർന്ന് റിയാദിലെ ഇന്ത്യൻ എംബസി അധികൃതർ സൗദി ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചർച്ചയിലാണ് കോവീഷീൽഡിന് അംഗീകാരം നൽകിയത്. ഇതുസംബന്ധിച്ച് വിമാനത്താവളങ്ങളിലടക്കം അറിയിപ്പ് കൈമാറിയിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെയാണ് യൂറോപ്പിലെ പാസ്‌പോർട്ട് പദ്ധതിയിലും കോവീഷീൽഡിന് തിരിച്ചടി നേരിടുന്നത്. ഇതിനും അടിയന്തര പരിഹാരം ഉണ്ടാക്കാൻ കേന്ദ്രം ഇടപെടും. തദ്ദേശീയ വാക്‌സിൻ എന്ന നിലയിൽ കോവീഷീൽഡിനെ അവതരിപ്പിച്ചതാണ് വിനയാകുന്നതെന്നാണ് സൂചന.

ഈ പ്രശ്‌നങ്ങളെല്ലാം പരിഗണിച്ച് വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ചില വിദേശ രാജ്യങ്ങൾ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ഇവകൂടി ചേർക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്. വാക്സിൻ എടുത്ത് വിദേശത്ത് പോകുന്നവർക്ക് ഉടൻ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ക്രമീകരണങ്ങളും കേരളം നടപ്പിലാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP