Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാലു പതിറ്റാണ്ടിന്റെ പ്രവാസാനുഭവങ്ങളുമായി അഷറഫ് വടക്കേവിള നാട്ടിലേക്ക്

നാലു പതിറ്റാണ്ടിന്റെ പ്രവാസാനുഭവങ്ങളുമായി അഷറഫ് വടക്കേവിള നാട്ടിലേക്ക്

സ്വന്തം ലേഖകൻ

റിയാദ്: നാലു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് അഷറഫ് വടക്കേവിള നാട്ടിലേക്ക് മടങ്ങുന്നു.റിയാദിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അഷറഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദമന്യേ റിയാദിലെ പ്രവാസി മലയാളികളുടെ സ്‌നേഹാദരവുകൾ ലഭിച്ചിട്ടുള്ള സാമൂഹ്യപ്രവർത്തകരിൽ ഒരാളാണ്. കോൺഗ്രസ്സിന്റെ പ്രവാസി സംഘടനയായ ഓഐസിസിയുടെ നേതൃത്വ നിരയിൽ പ്രവർത്തിക്കുമ്പോൾ തന്നെ റിയാദിലെ പ്രവാസി മലയാളി കൂട്ടായ്മകളേയും മുഖ്യധാരാ സംഘടനകളേയും കൂട്ടിയിണക്കി അത്തരം സംഘടനകളുടെയെല്ലാം ഒരു കോർഡിനേഷൻ കമ്മിറ്റി എന്ന നിലയിൽ എൻആർകെ ഫോറം രൂപീകരിക്കുന്നതിലും അതിന്റെ പ്രവർത്തനം നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിലും മുഖ്യ പങ്കുവഹിച്ചവരിൽ ഒരാളായിരുന്നു അഷറഫ് വടക്കേവിള. അതോടൊപ്പം റിയാദിലെ മറ്റു മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ പ്രവാസി സംഘടനകളുമായി നല്ല ബന്ധം നിലനിർത്താനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

1982 നവംബറിലാണ് അഷറഫ് വടക്കേവിള തന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. റിയാദിലെത്തിയതിന്റെ അടുത്തദിവസം തന്നെ തന്റെ ജന്മ ദിനം കൂടിയായ നവംബർ 20നു ഐആൻഡ് സൗദി അറേബ്യ എന്ന ഒരു അമേരിക്കൻ കമ്പനിയുടെ സ്‌പോൺസർഷിപ്പിൽ കിങ് അബ്ദുൾഅസീസ് മിലിട്ടറി അക്കാഡമിയിൽ കാറ്ററിങ്ങ് സെക്ഷനിൽ ജോലിയിൽ പ്രവേശിച്ചു. അതിനുശേഷം മറ്റൊരു കമ്പനിയുടെ സ്‌പോൺസർഷിപ്പിലേക്ക് മാറി. ഏകദേശം നാലു വർഷം കഴിഞ്ഞ് ജോലി ചെയ്തിരുന്ന പ്രൊജക്റ്റ് മിനിസ്ട്രി ഓഫ് ഡിഫൻസ് ഏറ്റെടുക്കുകയും എല്ലാ ജീവനക്കാരും മിനിസ്ട്രിയുടെ സ്‌പോൺസർഷിപ്പിൽ ആകുകയും ചെയ്തു. താമസിയാതെ സുപ്പർവൈസറായി ജോലിയിൽ പ്രൊമോഷൻ ലഭിക്കുകയും തുടർന്ന് ആ ജോലിയിൽ തന്നെ തുടരുകയുമായിരുന്നു.

റിയാദിലെ തന്റെ പൊതുപ്രവർത്തനകാലയളവിൽ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ രൂപീകരണത്തിലും പ്രവർത്തനത്തിലും അഷറഫ് വടക്കേവില നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. 1995ൽ കേരള ദേശീയവേദിയുടെ പ്രസിഡന്റ്, 1997ൽ റിയാദ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിന്റെ (ആർഐസിസി) ജനറൽ സെക്രട്ടറി, 1989 മുതൽ 2004 വരെ നെഹ്‌റു സാംസ്‌കാരികവേദിയുടെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, 2005ൽ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിന്റെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, 2013ൽ എൻആർകെ വെല്‌ഫെയർ ഫോറം എക്‌സിക്യുട്ടീവ് മെമ്പർ, ട്രഷറർ, ജനറൽ കൺവീനർ, നിലവിൽ ചെയർമാൻ എന്നീ സ്ഥാനങ്ങളും കൂടാതെ 2000 മുതൽ ഓഐസിസി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, ആക്ടിങ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ബത്ഹ അഗ്‌നിബാധ ദുരിതാശ്വാസ പ്രവർത്തനങ്ങളും കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് എൻ ആർ കെ വെൽഫെയർ ഫോറം നടത്തിയ ദുരിതാശ്വാസ നിധി ഏകോപിപ്പിക്കുന്നതിലും വടക്കേവിളയുടെ നേതൃത്വം അവിസ്മരണീയമാണ്.

കൊല്ലം വടക്കേവിളയാണ് സ്വദേശം. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം. ബിടെക്ക് ബിരുദധാരിയായ മൂത്ത മകൾ നിഷ ബാദുഷ വിവാഹിതയാണ്. രണ്ടാമത്തെ മകൻ സൽമാൻ അഷറഫ് എംടെക്ക് ബിരുദധാരിയാണ്. ഐടിഐ ഡിപ്ലോമ ഹോൾഡർ ആയ സുല്ത്താൻ അഷറഫ് ആണ് മൂന്നാമത്തെ മകൻ. എട്ട് വർഷത്തോളം കുടുംബം റിയാദിലുണ്ടായിരുന്നു. ജൂൺ 26 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ എൻ ആർ കെ വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഷ്റഫ് വടക്കേവിളക്ക് യാത്രയയപ്പ് നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP