Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വയം തൂങ്ങുമ്പോഴും മറ്റൊരാൾ കെട്ടി തൂക്കുമ്പോഴുമുള്ള വ്യത്യാസത്തിന് തെളിവായി കഴുത്തിന് താഴെയുള്ള കെട്ടിന്റെ പാട്; ശുചിമുറിയിലെ ടർക്കി തുണിയിലെ തൂങ്ങി മരണവും അവിശ്വസനീയം; മരണ വെപ്രാളത്തിലെ മലമൂത്ര വിസർജ്ജനം ഉണ്ടാകാത്തതും കൊലപതകത്തിന് തെളിവ്; വിസ്മയയെ വകവരുത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസ്; ഡോക്ടർമാരുടെ മൊഴി നിർണ്ണായകം

സ്വയം തൂങ്ങുമ്പോഴും മറ്റൊരാൾ കെട്ടി തൂക്കുമ്പോഴുമുള്ള വ്യത്യാസത്തിന് തെളിവായി കഴുത്തിന് താഴെയുള്ള കെട്ടിന്റെ പാട്; ശുചിമുറിയിലെ ടർക്കി തുണിയിലെ തൂങ്ങി മരണവും അവിശ്വസനീയം; മരണ വെപ്രാളത്തിലെ മലമൂത്ര വിസർജ്ജനം ഉണ്ടാകാത്തതും കൊലപതകത്തിന് തെളിവ്; വിസ്മയയെ വകവരുത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസ്; ഡോക്ടർമാരുടെ മൊഴി നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വിസ്മയയുടെ മരണം സംബന്ധിച്ച് പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടർമാർക്കും സംശയം. അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് ഡയറക്ടറുടേയും വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പോസ്റ്റുമോർട്ടം നടത്തിയ തിരുവനനന്തപുരം മെഡിക്കൽ കോളേജിലെ മൂന്ന് ഡോക്ടർമാരുടേയും ഫോറൻസിക് ഡയറക്ടർ ശശി കലയുടേയും മൊഴികളാണ് ശേഖരിച്ചത്. കിരണിനെ കസ്റ്റഡിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകുന്ന പൊലീസ് സംഘം സഹോദരി ഭർത്താവ് മുകേഷിനേയും ചോദ്യം ചെയ്യും.

ശുചിമുറിയുടെ ജനാലയിൽ കെട്ടിയിരുന്ന ടർക്കി കഴുത്തിൽ മുറുക്കിയാണ് വിസ്മയ മരിച്ചത്. ഇത് വിസ്മയ സ്വയം ചെയ്തതാണോ അതോ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്ന ചോദ്യത്തിനാണ് ഡോക്ടർമാരിൽ നിന്ന് പൊലീസ് ഉത്തരം തേടിയത്. വിസ്മയയുടെ കഴുത്തിലെ പാടുകൾ, അതിന്റെ ആഴം, സ്വയം തൂങ്ങുമ്പോഴും മറ്റൊരാൾ കെട്ടിത്തൂക്കുമ്പോഴുമുള്ള വ്യത്യാസം, ടർക്കി കഴുത്തിൽ മുറുകുമ്പോഴും മറ്റൊരാൾ മുറുക്കുമ്പോഴുമുള്ള മാറ്റം തുടങ്ങിയ ചോദ്യങ്ങൾക്കും അന്വേഷണ സംഘം ഡോക്ടർമാരിൽ നിന്ന് ഉത്തരം തേടി.

ആത്മഹത്യ എന്ന് ഉറപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള ഉത്തരങ്ങളാണ് പൊലീസിന് ലഭിച്ചതെന്നാണ് സൂചന. ശുചി മുറിയിൽ സംഭവ ദിവസം ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയുടെ വിശദാംശങ്ങൾ ഫോറൻസിക് ഡയറക്ടറിൽനിന്ന് അന്വേഷണ സംഘം രേഖപ്പെടുത്തി. ആത്മഹത്യയാണെന്ന വാദം പൊലീസിന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് വിലയിരുത്തൽ.

ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണം കൊലപാതകം എന്ന സംശയമാണ് പൊലീസിനുമുള്ളത്. ആത്മഹത്യ ചെയ്തതിന്റെ സൂചനകളൊന്നും വിസ്മയയുടെ ശരീരത്തിൽ ഇല്ല. വിസ്മയെ കെട്ടിതൂങ്ങി നിന്നത് കണ്ടവരുമില്ല. കൊല്ലത്തെ പത്മാവതി ആശുപത്രിയിൽ മൃതദേഹവുമായി എത്തിയ വിസ്മയയുടെ ഭർത്താവിന്റെ കുടുംബത്തിന്റെ വാദം മാത്രമാണ് ആത്മഹത്യ എന്നത്. പ്രാഥമിക തെളിവുകൾ എല്ലാം വിരൽ ചൂണ്ടുന്നതുകൊലപതാകത്തിലേതാണ്. വിസ്മയയുടെ കൈ തണ്ടയിൽ മുറിവിന്റെ പാടുണ്ട്. കൊന്ന ശേഷം കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചതിന്റെ സൂചനകളാണുള്ളത്. എന്നാൽ അധികമായി രക്തം പോയിട്ടില്ല. ഇതും കൊന്ന ശേഷം രക്തം വാർന്ന് മരിച്ചുവെന്ന തരത്തിൽ വരുത്താനുള്ള നീക്കമായി വിലയിരുത്തുന്നുണ്ട്.

ആത്മഹത്യ ചെയ്യാനായി കെട്ടി തൂങ്ങുന്നവർ മരണ വെപ്രാളത്തിൽ മലമൂത്ര വിസർജ്ജനം ചെയ്യും. ഇതിന്റെ തെളിവുകളൊന്നും വിസ്മയയുടെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ല. ഇതിനൊപ്പം വിസ്മയയുടെ കഴുത്തിൽ താഴെയാണ് കെട്ടിന്റെ പാട്. സാധാരണ കഴുത്തിന് മുകളിൽ കുരുക്കു മറുകിയാകും മരണം. ഇത്തരം തെളിവുകളും കെട്ടിതൂക്കൽ കൊലപാതകത്തിന്റെ സൂചനകൾ നൽകുന്നു. തൂങ്ങി മരിക്കുമ്പോൾ ശരീരം മാന്തുന്നതും സ്ഥിരം സംഭവമാണ്. അതിനും ശരീരത്തിൽ തെളിവുകൾ ഇല്ല.

ഈ സാഹചര്യത്തിൽ കിരണിന്റെ സഹോദരി ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യുന്നത് നിർണ്ണായകമാണ്. ജനുവരി 2ന് നടന്ന സംഭവത്തിൽ സഹോദരി ഭർത്താവ് അടക്കമുള്ളവരെത്തി വിസ്മയയുടെ കുടുംബത്തോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിച്ചത്. സഹോദരി ഭർത്താവിനും ഗാർഹിക പീഡനത്തിലും മാനസിക പീഡനത്തിലും പങ്കുണ്ടെന്ന് വിസ്മയയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

വിസ്മയയുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, കിരണിന്റെ അയൽക്കാർ, സഹപ്രവർത്തകർ തുടങ്ങിയവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തി. കിരണിന്റെ ഫോണുകൾ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാക്കി. ഇവയുടെ വിശദാശംങ്ങൾ ഉടൻ ലഭിക്കും. കിരണിന്റെ അക്കൗണ്ടുകളിലെ ഇടപാടുകളും പൊലീസ് വിശദമായി പരിശോധിക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP