Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഒരാഴ്ച ഞാൻ ഇവിടെ ഐസിയുവിൽ കിടന്നിട്ട് ഡബ്ല്യൂസിസിയിൽ നിന്ന് ഒരെണ്ണം തിരിഞ്ഞുനോക്കിയിട്ടില്ല'; രൂക്ഷ വിമർശനവുമായി നടിയും പ്രൊഡ്യുസറുമായ സാന്ദ്ര തോമസ്; മമ്മൂട്ടിയുൾപ്പടെ താരങ്ങൾ വിളിച്ചതിൽ സന്തോഷം; സാന്ദ്ര തോമസിന്റെ പ്രതികരണം യുട്യൂബ് ലൈവിലുടെ

'ഒരാഴ്ച ഞാൻ ഇവിടെ ഐസിയുവിൽ കിടന്നിട്ട് ഡബ്ല്യൂസിസിയിൽ നിന്ന് ഒരെണ്ണം തിരിഞ്ഞുനോക്കിയിട്ടില്ല'; രൂക്ഷ വിമർശനവുമായി നടിയും പ്രൊഡ്യുസറുമായ സാന്ദ്ര തോമസ്;  മമ്മൂട്ടിയുൾപ്പടെ താരങ്ങൾ വിളിച്ചതിൽ സന്തോഷം; സാന്ദ്ര തോമസിന്റെ പ്രതികരണം യുട്യൂബ് ലൈവിലുടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വനിത സംഘടനയായ ഡബ്ല്യൂസിസിക്കെതിരെ വിമർശനവുമായി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട തന്നെ സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസിയിൽ നിന്ന് ഒരാൾപോലും തിരിഞ്ഞു നോക്കിയില്ലെന്ന് സാന്ദ്ര പറയുന്നു. യുട്യൂബ് ലൈവിലുടെയായിരുന്നു പ്രതികരണം.

മമ്മൂട്ടി അടക്കമുള്ള താരങ്ങൾ വിളിച്ചതിൽ സന്തോഷമുണ്ടെന്നും, പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നടക്കം നിരവധി പേർ തന്നെ വിളിച്ച് ആരോഗ്യനില അന്വേഷിച്ചെന്നും സാന്ദ്ര വ്യക്തമാക്കി.മരണത്തെ മുഖാമുഖം കണ്ട കുറച്ചു നാളുകളായിരുന്നു കഴിഞ്ഞുപോയതെന്നും തക്ക സമയത്ത് ആശുപത്രിയിലെത്തിയതാണ് രക്ഷയായതെന്നും നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്. ഐസിയുവിൽനിന്നു റൂമിലെത്തിയ സാന്ദ്ര ലൈവ് വിഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ പങ്കുവച്ചത്. ഡെങ്കിപ്പനിയെ തുടർന്ന് വീട്ടിൽ കഴിഞ്ഞ നിമിഷങ്ങളെക്കുറിച്ചും മക്കളുടെ അവസരോചിതമായ പെരുമാറ്റത്തെക്കുറിച്ചും സാന്ദ്ര പറയുന്നുണ്ട്

സാന്ദ്ര തോമസിന്റെ വാക്കുകൾ

'ഒരാഴ്ചയായി വീട്ടിൽ പപ്പയ്ക്ക് പനി ഉണ്ടായിരുന്നു. മരുന്ന് കഴിച്ച് ശരിയായി. അത്ര സീരിയസായി എടുത്തില്ല. പിന്നെയും രോഗം വന്നു. അടുത്തുള്ള ആശുപത്രിയിൽ കാണിച്ചു. പപ്പയ്ക്ക് രോഗം കുറയാൻ തുടങ്ങി. അങ്ങനെ കളിച്ച് ചിരിച്ച് ഞങ്ങളൊക്കെ വീട്ടിലെത്തി. പക്ഷേ പിന്നാലെ മമ്മിക്കും പനി തുടങ്ങി. മമ്മി വീഴാൻ തുടങ്ങി. പിറ്റേ ദിവസം രാവിലെ എനിക്ക് എഴുന്നേൽക്കാൻ പറ്റാതെയായി. ഒരാഴ്ച ഞാനും മമ്മിയും പാരസെറ്റമോളിൽ തന്നെ നിന്നു. പിള്ളേരെ അടുപ്പിച്ചില്ല. അപ്പോഴേക്കും പപ്പ ഓക്കെയായിരുന്നു. പപ്പയാണ് ആ സമയത്ത് പിള്ളേരെ നോക്കിയിരുന്നത്.

നാല് ദിവസം ഞങ്ങൾ അങ്ങനെ വീട്ടിലായിരുന്നു. ഓരോദിവസം കഴിയുംതോറും എന്റെ അവസ്ഥ മോശമായി. ഒരുദിവസം, ഇങ്ങനെ എപ്പോഴും കിടക്കാതെ എണീറ്റുവന്നു ചായകുടിക്കാൻ എന്നോട് പപ്പയും മമ്മിയും പറഞ്ഞു. അങ്ങനെ രാവിലെ ചായകുടിക്കാൻ ഡൈനിങ് ടേബിളിന്റെ അടുത്തെത്തി. പെട്ടെന്ന് തലകറങ്ങി. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റത് മാത്രമേ ഓർമയുള്ളു. പിന്നെ ഞാൻ ഡൈനിങ് ടേബിളിന്റെ അടിയിൽ കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു.
എഴുന്നേൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പപ്പ എന്റെ മുഖത്തേയ്ക്ക് വെള്ളം ഒഴിക്കുന്നത് ഞാൻ അറിയുന്നുണ്ട്. ചെറിയൊരു ബോധം വന്നപ്പോൾ മനസിലായി ഞാൻ നിലത്താണെന്ന്. മുഖം മുഴുവൻ കോടി പോയി. ഞരമ്പ് വലിഞ്ഞു മുറുകി ഇരിക്കുന്നത് മാറാൻ അഞ്ചു ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നു. പപ്പയും മമ്മിയും ശരിക്കും പേടിച്ചുപോയി.

ഹോസ്പിറ്റലിൽ വിളിച്ചു ചോദിച്ചപ്പോൾ ബെഡ് ഒഴിവില്ല. കോവിഡ് രോഗികൾക്കാണ് മുൻഗണന എന്ന് പറഞ്ഞു. എന്തായാലും ഹോസ്പിറ്റലിൽ പോയി നോക്കാമെന്ന് മമ്മി പറഞ്ഞു. പിന്നെ വേഗം ആശുപത്രിയിൽ എത്തി. അവിടെ കാഷ്വാലിറ്റിയിലേക്കാണ് നേരെ എത്തിച്ചത്. പപ്പയെ നോക്കിയ അതേ ഡോക്ടർ തന്നെ ആയിരുന്നു പരിശോധിക്കാനെത്തിയത്. എഴുന്നേറ്റിരിക്കാൻ ഡോക്ടർ പറഞ്ഞതേ ഓർമയുള്ളു. പിന്നെ ആകെ ബഹളം ആയിരുന്നു.

ഡോക്ടർമാർ നാല് വഴിക്ക് ഓടുന്നു. എല്ലാവരും പേടിച്ചുപോയി. രക്തത്തിൽ പ്ലേറ്റ്ലെറ്റ്‌സ് കുറയുന്നതായിരുന്നു എന്റെ പ്രശ്‌നം. എഴുന്നേറ്റിരുന്നപ്പോൾ ബിപി വലിയ തോതിൽ കുറഞ്ഞു. ഹൃദയമിടിപ്പ് 30 ലേക്ക് താണു. പെട്ടെന്ന് തന്നെ ഡോക്ടർമാർ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അന്ന് പപ്പയെയും കൊണ്ട് ആശുപത്രിയിൽ വന്നപ്പോൾ ഞങ്ങളുടെ കൊറോണ ടെസ്റ്റ് നടത്തിയെങ്കിലും ഡെങ്കി നോക്കിയിരുന്നില്ല. ഐസിയുവിൽ കയറ്റിയപ്പോൾ എല്ലാവരും വിചാരിച്ചു ഇനിയൊന്നും പേടിക്കേണ്ട കാര്യമില്ലെന്ന്. പക്ഷേ അതായിരുന്നു തുടക്കം.

ഐസിയുവിൽ മരണത്തിനോട് മല്ലിടുന്ന ആളുകളെയാണ് കാണാൻ കഴിഞ്ഞത്. അപ്പോൾ എനിക്കും ടെൻഷൻ ആയി. അതിനിടയ്ക്ക് ഉറക്കത്തിനിടെ അറ്റാക്ക് വരുന്നതു പോലെ വേദന വന്നു. ശരിക്കും പാനിക്ക് ആയിപ്പോയി. എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു. അടുത്തു നിൽക്കുന്ന നഴ്‌സുമാരെ വിളിക്കാൻ കൈ പൊങ്ങുന്നുപോലും ഉണ്ടായിരുന്നില്ല.

നെഞ്ചിൽ ഒരു കോടാലി കൊണ്ട് വെട്ടിയാൽ എങ്ങനെയിരിക്കും. അങ്ങനെ ഒരു ഫീൽ ആയിരുന്നു ആ സമയത്ത്. വിശദീകരിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള വേദന. അതിന് ശേഷം കടുത്ത തലവേദനയും ഉണ്ടായി. തല വെട്ടിക്കളയാൻ വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള വേദന.

രോഗം വന്നപ്പോൾ പലരും പലതും പറഞ്ഞ് പരിഹസിച്ചിരുന്നു. പറമ്പിൽ കൂടി ഇറങ്ങി നടന്നിട്ട് അമ്മയ്ക്കും മക്കൾക്കും മതിയായിക്കാണുമല്ലോ എന്നൊക്കെയാണ് ചില ആളുകൾ വിമർശിച്ചത്. ഇത് ഒരാളിൽനിന്ന് മറ്റൊരാൾക്ക് പകരുന്ന രോഗമല്ല. കൊതുക് പടർത്തിയാൽ മാത്രം പടരുന്ന ഒന്നാണ്. ശുദ്ധജലത്തിൽ മുട്ടയിടുന്ന കൊതുകാണ് ഇത് പരത്തുന്നത്. ചെളിയിലും വെള്ളത്തിലും ഇറങ്ങി നടന്നതുകൊണ്ടല്ല ഡെങ്കിപ്പനി വന്നത്. വീടും പറമ്പും വൃത്തിയായി സൂക്ഷിക്കുക, പ്രത്യേകിച്ചും മഴക്കാലത്ത്.

പ്രതീക്ഷിക്കാത്ത ഒരുപാട് പേർ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചു. മമ്മൂക്കയെപ്പോലുള്ള ആളുകൾ കൃത്യമായി വിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു. അതൊക്കെ നമുക്കും വലിയ സന്തോഷം നൽകുന്ന കാര്യങ്ങളാണ്. സിനിമാ ഇൻഡസ്ട്രിയിൽ സ്ത്രീകൾക്കുവേണ്ടി എല്ലാവരും പ്രസംഗിക്കുന്നുണ്ട്, നമുക്ക് ഡബ്ല്യുസിസി ഉണ്ട്, മറിച്ച സിസി ഉണ്ടെന്നൈാക്കെ. ഒരാഴ്ച ഇവിടെ ഐസിയുവിൽ കിടന്നിട്ട് സ്ത്രീജനം ഒരെണ്ണം തിരിഞ്ഞുനോക്കിയിട്ടില്ല. അതേസമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ ഉള്ള എല്ലാ നിർമ്മാതാക്കളും വിളിച്ച് അന്വേഷിച്ചു.

എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ്. ഇവിടെ ആ മൂന്ന് പെൺകുട്ടികൾ മരിച്ചപ്പോഴാണ് എല്ലാ സംഘടനകളും കൊടിയും കുത്തി വരുന്നത്. അല്ലാത്ത സമയം ഇവരാരും തിരിഞ്ഞു നോക്കില്ല.'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP