Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'അവനെ നഷ്ടപ്പെട്ടതോടെ എന്റെ എല്ലാ അവയവങ്ങളും പറിച്ചെറിയുന്ന പോലുള്ള വേദന; ശരത്തിനൊപ്പം ഒരുമരണാന്തര ജീവിതം ഞാൻ കൊതിക്കട്ടെ:' ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതോടെ മുംബൈയിൽ മകനൊപ്പം ജീവനൊടുക്കിയ മലയാളി രേഷ്മ മാത്യുവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

'അവനെ നഷ്ടപ്പെട്ടതോടെ എന്റെ എല്ലാ അവയവങ്ങളും പറിച്ചെറിയുന്ന പോലുള്ള വേദന; ശരത്തിനൊപ്പം ഒരുമരണാന്തര ജീവിതം ഞാൻ കൊതിക്കട്ടെ:' ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതോടെ മുംബൈയിൽ മകനൊപ്പം ജീവനൊടുക്കിയ മലയാളി രേഷ്മ മാത്യുവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പ്രണയത്തെയും പ്രണയനഷ്ടത്തെയും കുറിച്ച് കുറിക്കുമ്പോൾ പെട്ടെന്നോർമ്മിക്കുക, ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ വരികളാണ്. 'ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേ എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന.' പ്രണയനഷ്ടം വന്ന ഒരുവന് ബാറിൽ വച്ച് സിഗരറ്റ് പാക്കറ്റിന്റെ പുറത്ത് എഴുതി കൊടുത്ത വരികളെന്ന് ചുള്ളിക്കാട് പിന്നീട് എഴുതി. അതാണ് ആനന്ദധാര എന്ന കവിതയായത്. മുംബൈയിലെ രേഷ്മ മാത്യു ട്രെഞ്ചിൽ മരണത്തിന് മുമ്പ് പ്രിയനെ കുറിച്ച് എഴുതിയ കുറിപ്പ് വായിക്കുമ്പോഴും സമാനമായ ഒരുദുഃഖധാര അനുഭവപ്പെടും. 'അവനെ നഷ്ടപ്പെട്ടതോടെ എന്റെ എല്ലാ അവയവങ്ങളും ദിവസം മുഴുവനും പറിച്ചെറിയുന്ന പോലത്തെ വേദന. എന്നിരുന്നാലും ഈ വേദന തന്നെ മതി എനിക്ക്..അത് ഏതാനും നിമിഷങ്ങൾക്ക് വേണ്ടിയാണെങ്കിൽ പോലും. 'പാലാ രാമപുരം സ്വദേശിയും മുൻ മാധ്യമ പ്രവർത്തകയുമായ രേഷ്മ മാത്യു ട്രെഞ്ചിൽ കഴിഞ്ഞ ദിവസമാണ് മകനൊപ്പം ജീവനൊടുക്കിയത്. അയൽവാസിയുടെ ദ്രോഹം സഹിക്ക വയ്യാതെയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നിരുന്നാലും കോവിഡിൽ ഉലഞ്ഞുപോയ ജീവിതമാണ് രേഷ്മയുടേത്. ഭർത്താവ് ശരത്തിന്റെ മാതാപിതാക്കളുടെ കോവിഡ് ചികിത്സയ്ക്കായി വാരാണസിയിൽ പോയപ്പോഴാണു ശരത്തും പോസിറ്റീവ് ആയത്. തുടർന്ന് മൂന്നുപേരും മരിക്കുകയായിരുന്നു. ശരതിന്റെ മരണശേഷം അദ്ദേഹത്തോടുള്ള സ്‌നേഹം മുഴുവൻ കോരിനിറച്ച് രേഷ്മ ഇംഗ്ലീഷിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ഏവരുടെയും കണ്ണുനനയിക്കുന്നത്.

രേഷ്മ മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ:

ഹൈദരാബാദിലെ ബാരിസ്റ്റ കഫേ. ഒരു സെപ്റ്റംബറിലെ മഴയുള്ള സായാഹ്നത്തിൽ 33 ാം വയസിലാണ് ഞാൻ ജീവിതം തുടങ്ങുന്നത്. ശരത്തിനെ ആ മഴയുള്ള സായാഹ്ത്തിലാണ് ആദ്യമായി കാണുന്നത്. മാട്രിമോണിയൽ സൈറ്റിൽ കണ്ടതിനേക്കാളൊക്കെ എത്രയോ സുന്ദരൻ. എന്നെ കണ്ടയുടൻ ചിരിച്ചുകൊണ്ട് ചാടിയെണീറ്റു. എന്നെ കണ്ടപ്പോൾ കണ്ണുകളിൽ അവിശ്വസനീയത നിഴലിക്കുന്നത് പോലെ തോന്നി. എന്തോ ശ്വാസം
നിലയ്ക്കുന്നത് പോലെ. വളരെ നീണ്ട വിഷമം പിടിച്ച ഒരുയാത്ര കഴിഞ്ഞ് കപ്പൽ തുറമുഖത്ത് അണയുന്നത് പോലെ തോന്നി. അന്ന് മുതൽ അവനായി എന്റെ വീട്.

ഞാൻ എവിടെയാണെങ്കിലും, എന്തുചെയ്യുകയാണെങ്കിലും എനിക്ക് സുരക്ഷിതത്വവും സന്തോഷവും സമാധാനവും അനുഭവപ്പെട്ടു. ലക്ഷങ്ങളിൽ കണികാണാൻ കിട്ടുന്ന ഉത്തമ പുരുഷൻ. തന്റെ നോട്ടവും ശബ്ദവും, ധിഷണയുമൊക്കെ സ്ത്രീകളിൽ എത്ര പ്രതിഫലനം ഉണ്ടാക്കുമെന്ന് അറിയാത്ത ഒരാൾ. സ്വാഭാവികമായി വിനയമുള്ളയാൾ. സ്വയം കളിയാക്കാനും, ചുറ്റുമുള്ളതിനെ ലാഘവത്തോടെ കണ്ട് തമാശ പറയാനും സദാ സന്നദ്ധൻ. വാക്കുകളേക്കാൾ പ്രവൃത്തിയിൽ വിശ്വസിച്ചവൻ. അവൻ നിങ്ങൾക്കൊപ്പം ഉണ്ടെങ്കിൽ ലോകം മുഴുവനും നിങ്ങൾക്ക് എതിരായാലും കുഴപ്പമില്ലയ കാപട്യക്കാരെയും വിഡ്ഢികളെയും, തട്ടിപ്പുകാരെയും അവൻ അകറ്റി നിർത്തി. അവനൊപ്പം നിങ്ങൾ കാണുന്നത് നിങ്ങൾക്ക് സ്വന്തമാകും.

പുറമേ പരുക്കനെന്നാണ് തോന്നിച്ചിരുന്നെങ്കിലും, കുടുംബത്തോട് അവൻ ഹൃദയാലുവായിരുന്നു. ഞാൻ സ്‌പെഷ്യലാണെന്ന് എനിക്ക് അനുഭവപ്പെടുത്താൻ അവന്റെ മറ്റൊരു വഴി. അവന്റെ അചഞ്ചലമാായ ആത്മാർത്ഥതയും, എന്നെ ചുറ്റിപ്പറ്റി ഉള്ളതിനെ എല്ലാം സ്‌നേഹിക്കാനുള്ള കഴിവും ഞാൻ മോഹിച്ച പോലെ ഒരു വ്യക്തിയായി വളരാൻ എന്നെ സഹായിച്ചു.

കഠിനാദ്ധ്വാനം, അച്ചടക്കം, ജീവിതത്തിലെ ഏതുവെല്ലുവിളിയെയും നേരിടാനുള്ള ശേഷി-അങ്ങനെ പലതരത്തിലുള്ള സവിശേഷതകൾ ഉള്ള വ്യക്തിയായിരുന്നു. പുസ്തകങ്ങൾ, സിനിമകൾ, സ്പോർട്സ്, ലോങ് ഡ്രൈവുകൾ, യാത്രകൾ എല്ലാം അവന് ആനന്ദമായിരുന്നു. സുഡോക്കുവിൽ വിരുതനെങ്കിലും, ക്രോസ് വേഡ് പസിൾസ് പൊട്ടിക്കാൻ എന്നോടൊപ്പവും അതുപോലെ സമയം ചെലവഴിക്കും. സംഗീതമില്ലാതെ ജീവിതമേ ഇല്ലെന്ന മട്ടായിരുന്നു അവന്. എന്നാൽ, നൃത്തം അവന് വഴങ്ങിയിരുന്നില്ല. എന്നെ ചിരിപ്പിക്കാൻ വേണ്ടി മാത്രം ചിലപ്പോൾ നൃത്തം ചെയ്യുന്നതായി ഭാവിക്കും.

മികച്ച സ്വാദുള്ള ഉപ്പുമാവും, കർഡ് റൈസും അവൻ എനിക്ക് ഉണ്ടാക്കി തരുമായിരുന്നു. ഞാൻ ഉണ്ടാക്കിയ രാജ്മയും ചോലെയും അവൻ ആസ്വദിച്ചു. ആരാണ് നല്ല ചായ ഉണ്ടാക്കുന്നയാൾ എന്ന തർക്കം തീർന്നതേയില്ല. അവനൊപ്പമുള്ള ഓരോ ദിവസവും അപൂർവരസങ്ങളുടേതായിരുന്നു. ഇങ്ങനെ അപൂർവതകളുള്ള ആളുടെ ജീവിതം ദുരന്തപര്യവസായി ആയിതീർന്നത് ഒഴിവാക്കാൻ കഴിയില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

കോവിഡിന്റെ റിസ്‌കുകളെ കുറിച്ച് അവൻ ബോധവാനായിരുന്നു. എന്നാൽ, തന്റെ പ്രായമായ മാതാപിതാക്കളെ പരിചരിക്കാതിരിക്കാൻ അവന് കഴിയുമായിരുന്നില്ല. അവന് കോവിഡ് പിടിപെട്ടപ്പോഴും ഒരാഴ്ചയിലേറെ ഐസിയുവിന് പുറത്ത് രാത്രികളിൽ കസേരയിട്ട് അവൻ കാവലിരുന്നു. ആശുപത്രി കിടക്കയിൽ മൂന്നാഴ്ചയോളം ശ്വാസം കഴിക്കാനാവാതെ വിഷമിക്കുമ്പോഴും ഞങ്ങളെ മുംബൈയിലേക്ക് മടക്കി കൊണ്ടുപോകാൻ കഴിയമെന്ന് അവൻ ഉറപ്പിച്ചിരുന്നു. എന്നാൽ, ദൗർഭാഗ്യവശാൽ, ദുഷ്ടവൈറസ് പോരാട്ടത്തിൽ അന്തിമവിജയം നേടി.

ഈ 10 വർഷം അനവധി ജന്മങ്ങളുടെ സ്‌നേഹം അവൻ ഞങ്ങളിൽ നിറച്ചു. മകനോടും എന്നോടും ഉള്ള അവന്റെ അഗാധ സ്‌നേഹം, കണ്ട് അസൂയ പൂണ്ട ഏതോ നിമിഷത്തിൽ അറ്റുപോകേണ്ടിയിരുന്നിരിക്കാം. അത് സാരമില്ല. ഇനി ഒരവസരം കിട്ടിയാലും ഞാൻ ഇതുതന്നെ ആവർത്തിക്കും. അവനെ നഷ്ടപ്പെട്ടതോടെ എന്റെ എല്ലാ അവയവങ്ങളും ദിവസം മുഴുവനും പറിച്ചെറിയുന്ന പോലത്തെ വേദന. എന്നിരുന്നാലും ഈ വേദന തന്നെ ഇനിയും ഞാൻ തിരഞ്ഞെടുക്കും..അത് ഏതാനും നിമിഷങ്ങൾക്ക് വേണ്ടിയാണെങ്കിൽ പോലും.

ഹൃദയാലുവായ ദൈവം ഞങ്ങളെ കാക്കാൻ ഉണ്ടായില്ല. ശരത്തിന്റെ മരണം സംഭവിച്ചു. ഒരുനല്ല മനുഷ്യനായതുകൊണ്ട് മാത്രം, വിധി നിങ്ങളെ വെറുതെ വിടില്ലെന്നും. എന്നിരുന്നാലും മതപരമായ കഥകളിൽ വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. അവനൊപ്പം ഒരുജീവിതം കൂടി ജീവിക്കാൻ മരണാനന്തരജീവിതം ഉണ്ടെന്ന് വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.

രേഷ്മയ്ക്കും കുടുംബത്തിനും സംഭവിച്ചത്.

രേഷ്മയും ആറു വയസുകാരൻ മകനും മുംബൈയിൽ ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിലായി. പാലാ രാമപുരം സ്വദേശിയും മുൻ മാധ്യമ പ്രവർത്തകയുമായ രേഷ്മ മാത്യു ട്രെഞ്ചിൽ (43) മകൻ ഗരുഡ് എന്നിവരുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ഇരുവരുടേയും മരണത്തിന് കാരണമായത്. സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് അയൽവാസി അറസ്റ്റിലായത്. ഇയാൾക്കും മാതാപിതാക്കൾക്കും എതിരെ കേസെടുത്തു.

മുംബൈ ചാന്ദിവ്ലി നാഹേർ അമൃത്ശക്തി കോംപ്ലക്‌സിന്റെ 12ാം നിലയിൽ നിന്നു വീണു മരിച്ച നിലയിൽ തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി.

രേഷ്മയുടെ മകൻ ബഹളം വയ്ക്കുകയും ചാടുകയും ചെയ്യുന്നതിന്റെ ശബ്ദം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം ഹൗസിങ് സൊസൈറ്റി ഭാരവാഹികൾക്കു പരാതി നൽകിയിരുന്നു. ഇവർ പൊലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. ഹൈദരാബാദ് സ്വദേശിയായ ഭർത്താവ് ശരത് മുളുകുട്ലയും മാതാപിതാക്കളും കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നു രേഷ്മ മാനസിക സംഘർഷത്തിലായിരുന്നു. അതിനിടയിലാണ് അയൽവാസികളിൽ നിന്ന് മാനസിക പീഡനവും നേരിടുന്നത്.

മാതാപിതാക്കളുടെ കോവിഡ് ചികിത്സയ്ക്കായി വാരാണസിയിൽ പോയപ്പോഴാണു ശരത്തും പോസിറ്റീവ് ആയത്. തുടർന്ന് മൂന്നുപേരും മരിക്കുകയായിരുന്നു. രാമപുരം മരങ്ങാട് ആനിക്കുഴിക്കാട്ടിൽ എ.എം. മാത്യുവിന്റെയും പരേതയായ ലീലാമ്മയുടെയും മകളാണ് മാധ്യമ പ്രവർത്തകയായിരുന്ന രേഷ്മ. യുഎസിലാണു പത്രപ്രവർത്തനത്തിൽ പരിശീലനം നേടിയത്. മുംബൈയിൽ കോളജ് അദ്ധ്യാപകരായിരുന്ന രേഷ്മയുടെ മാതാപിതാക്കൾരാമപുരം മാർ അഗസ്തീനോസ് കോളജിൽ പഠിപ്പിക്കുകയായിരുന്നയുഎസിലുള്ള ഏക സഹോദരൻ ബോബി വെള്ളിയാഴ്ച മുംബൈയിലെത്തുമെന്നാണു പൊലീസിനെ അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP