Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലപ്പുഴ പട്ടണത്തിലെ കിണറുകൾ പുനഃരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും പദ്ധതി തയാറാക്കണം: ടിആർഎ

സ്വന്തം ലേഖകൻ

ആലപ്പുഴ: പൈപ്പിലൂടെയുള്ള കുടിവെള്ളം പലപ്പോഴും ദിവസങ്ങളോളം ലഭ്യമല്ലാത്ത നിലവിലെ സാഹചര്യത്തിൽ പട്ടണത്തിലെ കിണറുകളും കുളങ്ങളും പുനഃരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും പ്രവർത്തന പദ്ധതി തയാറാക്കാൻ മുനിസിപ്പാലിറ്റി അടിയന്തിരമായി തയാറാകണമെന്നു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) ആവശ്യപ്പെട്ടു. പട്ടണത്തിൽ ശുദ്ധജലക്ഷാമം വർഷങ്ങളായി തുടരുകയാണ്. വല്ലപ്പോഴുമൊക്കെയാണ് പൈപ്പിൽ കൂടെ വെള്ളം വരുക. അതിനാൽ ഉപയോഗയോഗ്യമായ വെള്ളത്തിനു ബദൽ മാർഗങ്ങൾ എത്രയും വേഗം കണ്ടെത്തണം.

പട്ടണത്തിൽ അനേകം കിണറുകളും കുളങ്ങളും ഇപ്പോഴുമുണ്ടെങ്കിലും അവയിൽ ഭൂരിപക്ഷവും ഉപയോഗശൂന്യമായിക്കിടക്കുകയാണ്. അറ്റകുറ്റപ്പണികൾ നടത്തിയും തേകിയും കിണർ വൃത്തിയായി സൂക്ഷിക്കണമെങ്കിൽ വർഷംതോറും വൻതുക മുടക്കേണ്ടി വരുന്നതിനാലും തെരുവുപട്ടികളും മറ്റും സദാ കിണറ്റിൽ ചാടുന്നതിനാലുമാണ് പലരും അവ ഉപേക്ഷിക്കുന്നത്. കിണർ പരിപാലന പദ്ധതി നടപ്പിലാക്കണമെന്നു ടിആർഎ ആവശ്യപ്പെടാൻ തുടങ്ങിയിട്ടു വർഷങ്ങൾ ഏറെയായി. കുടിവെള്ള സ്രോതസുകൾ നഷ്ടപ്പെടുത്താതിരിക്കുകയും ജലജന്യരോഗങ്ങൾ തടയുകയുമാണ് വേണ്ടത്.

അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്‌കീം ഫോർ സ്മോൾ ആൻഡ് മീഡിയം ടൗൺസ് (യുഡിസ്മറ്റ്) പദ്ധതിയിൽപ്പെടുത്തി കടപ്രയിൽ നിന്നു വെള്ളം എടുത്ത് കരുമാടിയിൽ ശുദ്ധീകരിച്ച് ആലപ്പുഴ പട്ടണത്തിൽ വിതരണം ചെയ്യാനുള്ള മുനിസിപ്പാലിറ്റിയുടെ പദ്ധതി ഇതുവരെ പൂർണമായി പ്രവർത്തനസജ്ജമായിട്ടില്ല. ഈ പ്രോജക്ട് പ്രവർത്തനം ആരംഭിച്ചത് 2017-ലാണ്.

അമൃത് പദ്ധതിയിൽപ്പെടുത്തി പട്ടണത്തിലാകെ കുടിവെള്ള കുഴലുകൾ കുഴിച്ചിട്ടിട്ട് വർഷങ്ങളായിട്ടും ഇനി അവയിലൂടെ ജലവിതരണം സാധ്യമാകണമെങ്കിൽ ഇനിയും പല വർഷങ്ങളെടുക്കുമെന്നാണ് പറയപ്പെടുന്നത്. മണ്ണിനടിയിൽ കിടക്കുന്ന കുഴലുകൾക്ക് പോരായ്മകൾ എന്തെങ്കിലും ഉണ്ടോയെന്നു ഇതുവരെ സൂക്ഷ്മപരിശോധന നടത്തിയിട്ടുപോലുമില്ല.

അതിനാൽ എത്രയും വേഗം ആലപ്പുഴ മുനിസിപ്പാലിറ്റി ചെയ്യേണ്ടത്:

> പട്ടണത്തിലെ ഉപയോഗിക്കുന്നതും അല്ലാത്തതുമായ കിണറുകളുടെയും കുളങ്ങളുടെയും കണക്കെടുക്കുക.
> കിണർജലം കുടിക്കാൻ ഉപയോഗയോഗ്യമാണോ എന്നു ശാസ്ത്രീയമായി പരിശോധിച്ച് ഉടമകൾക്കു ഫലം നല്കുക.
> മാലിന്യങ്ങളും മറ്റും വീണ് നിലവിൽ ഉപയോഗയോഗ്യമല്ലാത്ത കിണറുകൾ വൃത്തിയാക്കുക.
> കിണറുകളിലെ എല്ലാം ജലം കുടിവെള്ളമാക്കാനുള്ള ഏർപ്പാടുകൾ സജ്ജമാക്കുക.
> കിണറുകൾ പരിപാലിക്കാൻ വാർഷിക ധനസഹായം അനുവദിക്കുക.
> കി്ണറുകളിൽ മറ്റു വസ്തുവകകൾ വീഴാതിരിക്കാൻ മുകളിൽ കമ്പിയഴിക്കൂട് ന്യായനിരക്കിൽ വിതരണം ചെയ്യുക.
> അറ്റകുറ്റപ്പണികൾക്കും തേകലിനും അണുനശീകരണത്തിനും താത്പര്യമുള്ള തൊഴിൽരഹിതർക്ക് വിദഗ്ധ പരിശീലനം നല്കി ന്യായമായ കൂലിനിരക്ക് പ്രഖ്യാപിക്കുക.
> കിണർവെള്ളം റീചാർജ് ചെയ്യാനുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക.
> കിണറ്റിൽ വീഴുന്ന പട്ടി, പാമ്പ് തുടങ്ങിയവയെ പുറത്തെടുക്കാൻ പ്രത്യേക ഫോൺ നമ്പർ പ്രഖ്യാപിച്ച് സൗജന്യ ഏർപ്പാടുണ്ടാക്കുക.

മഴക്കാലത്ത് സെപ്റ്റിക് ടാങ്കുകൾ ചോർന്നും വെള്ളം പരന്നൊഴുകിയും മാരകമായ കോളിഫോം ബാക്ടീരിയയുടേത് അടക്കം അളവ് കിണറ്റിലും കുളത്തിനും കൂടാൻ സാധ്യതയുണ്ട്. കുടിക്കാനും പാചകം ചെയ്യാനും മറ്റു ഗാർഹികാവശ്യങ്ങൾക്കും ചെടികൾ നനയ്ക്കാനും കിണർ ജലം മാത്രം ഉപയോഗിക്കുന്നവർ പട്ടണത്തിൽ നിരവധിയാണ്. എന്നാൽ തുടർച്ചയായ മഴയും വെള്ളപ്പൊക്കവും കാരണം കിണറിൽ മാലിന്യങ്ങളും അണുക്കളും അടങ്ങിയിട്ടുണ്ടോയെന്നു എത്രയും വേഗം പരിശോധിക്കേണ്ടതും അതിനു പരിഹാരമുണ്ടാക്കേണ്ടതുമാണെന്നു ടിആർഎ ചൂണ്ടിക്കാട്ടി. ഇതിനായി കേരള സ്റ്റേറ്റ് പൊള്യൂഷൻ കൺട്രോൾ ബോർഡിനേയും കേരള വാട്ടർ അഥോറിറ്റിയേയും സർക്കാർ ചുമതലപ്പെടുത്തണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP