Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദറിന്റെയും, സംഗീതജ്ഞ പത്മശ്രീ പാറശാല പൊന്നമ്മാളിന്റെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദറിന്റെയും, സംഗീതജ്ഞ പത്മശ്രീ പാറശാല പൊന്നമ്മാളിന്റെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

സ്വന്തം ലേഖകൻ

ലയാളികൾ ഹൃദയത്തിലേറ്റിയ ഒട്ടേറെ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപിയായ ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ, പ്രശസ്ത സംഗീതജ്ഞ പത്മശ്രീ പാറശാല പൊന്നമ്മാൾ എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

മുന്നൂറിലേറെ ചലച്ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുള്ള പൂവച്ചൽ ഖാദറുടെ പാട്ടുകൾ എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളിലും മലയാള സിനിമാഗാനരംഗത്തു നിറഞ്ഞുനിന്ന ഖാദർ എഴുതിയ പാട്ടുകളിൽ ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഏറെ പ്രശസ്തങ്ങളായി.

ഖാദറിന്റെ നാടകഗാനങ്ങളും, ലളിത ഗാനങ്ങളും, മാപ്പിളപ്പാട്ടുകളും എല്ലാവിധ ജനവിഭാഗങ്ങളുടെയും ഇഷ്ട്ടം നേടിയവയാണ്. കോഴിക്കോട് ആകാശവാണിയിൽ അദ്ദേഹം എഴുതിയ ലളിതഗാനങ്ങൾക്കു ധാരാളം ആസ്വാദകരുണ്ടായിരുന്നു. നിറകതിർ താലം കൊണ്ട് നിലാവിറങ്ങി, പാടാത്ത പാട്ടിൻ മധുരം എന്റെ മാനസമിന്നു നുകർന്നു, രാമായണക്കിളി ശാരികപ്പൈങ്കിളി, ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ, പഥികൻ പാടുന്നു പഥികൻ പാടുന്നു തുടങ്ങിയ പാട്ടുകൾ മലയാളികൾ ഏറ്റുപാടിയവയാണ്. തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്, കസവിൻ തട്ടം ചൂടി കരിമിഴിമുനകൾ നീട്ടി എന്നിവയടക്കം പ്രശസ്തങ്ങളായ മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്. നല്ലൊരു കവിയുമായിരുന്ന അദ്ദേഹം കളിവീണ, പാടുവാൻ പഠിക്കുവാൻ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാന സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അർഹിക്കുന്ന അംഗീകാരങ്ങൾ പലതും ലഭിക്കാതെ പോയ കവി എന്ന് നിശ്ചയമായും പറയാമെങ്കിലും, സാധാരണ ജനത്തിന്റെ ഹൃദയത്തിൽ അദ്ദേഹം രചിച്ച ഗാനങ്ങൾ എന്നുമുണ്ടാകുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച വിഖ്യാത കർണാടക സംഗീതജ്ഞയായ ശ്രീ പാറശാല പൊന്നമ്മാൾ, പ്രശസ്തരായ നിരവധി സംഗീതജ്ഞരുടെ ഗുരുവാണ്. നെയ്യാറ്റിൻകര വാസുദേവൻ, പാലാ സി.കെ. രാമചന്ദ്രൻ, ഡോ. ഓമനക്കുട്ടി, കുമാരകേരള വർമ, എം.ജി.രാധാകൃഷ്ണൻ, പൂവരണി കെ.വി.പി.നമ്പൂതിരി തുടങ്ങിയ പ്രമുഖർ അവരുടെ ശിഷ്യർ ആയിരുന്നു. ഇന്ത്യൻ കർണാട്ടിക് സംഗീതത്തെ അതിന്റെ ഉന്നതിയിൽ എത്തിച്ച സംഗീതജ്ഞയായിരുന്നു അവർ. ഒരു ജീവിതകാലം മുഴുവൻ സംഗീതത്തിനാണ് ഉഴിഞ്ഞു വെച്ച അവർക്ക് ഒട്ടേറെ പുരസ്‌ക്കാരങ്ങൾ ലഭിച്ചുട്ടുണ്ട്. ഗായകരത്‌നം അവാർഡ്, കേരള സംഗീത നാടക അക്കാഡമി അവാർഡ്, കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്, കേന്ദ സംഗീത നാടക അക്കാദമി അവാർഡ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങിയ പല പുരസ്‌കാരങ്ങളും സ്വന്തമാക്കിയ അവർ, ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP