Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹ ശേഷം വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ; ആചാരങ്ങളിൽ മാറ്റം വരണമെന്ന് പി കെ ശ്രീമതി; 'പെൺകുട്ടികൾ വിവാഹ കമ്പോളത്തിലെ ചരക്കല്ല, സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല'; കാമ്പയിനുമായി ഡിവൈഎഫ്‌ഐയും; വിസ്മയയുടെ മരണം ചർച്ചയാകുമ്പോൾ

വിവാഹ ശേഷം വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ;  ആചാരങ്ങളിൽ മാറ്റം വരണമെന്ന് പി കെ ശ്രീമതി; 'പെൺകുട്ടികൾ വിവാഹ കമ്പോളത്തിലെ ചരക്കല്ല, സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല'; കാമ്പയിനുമായി ഡിവൈഎഫ്‌ഐയും; വിസ്മയയുടെ മരണം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിസ്മയയുടെ മരണം കേരളത്തിൽ വിലയ വിവാദമായി കത്തിപ്പടരുകയാണ്. സ്ത്രീധന പീഡനത്തെ തുടർന്നാണ് 24 വയസുകാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നതാണ പുറത്തുവരുന്ന വിവരം. ഇതിന് തെളിവായി പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഭർത്താവ് മർദ്ദിച്ചത് അടക്കമുള്ള വിഷയങ്ങൾ പ്രശ്‌നങ്ങളായി നിലനിൽക്കുകയും ചെയ്യുന്നു. സംഭവത്തിൽ ഭർത്താവ് കിരൺ അറസ്റ്റിലാണ് താനും. സൈബർ ഇടത്തിൽ വിസ്മയയുടെ മരണത്തെ തുടർന്ന് സ്ത്രീധന സമ്പ്രദായത്തിന് എതിരായ അഭിപ്രായങ്ങളും നിലവിളികളുമാണ് നിറയുന്നത്. വൻ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചവർ തന്നെയാണ് ഇത്തരം പ്രചരണവുമായി മുന്നിലുണ്ടെന്ന ആക്ഷേപവും ഉയരുന്നു.

എന്തായാലും ഈ സംഭവം രാഷ്ട്രീയ പാർട്ടികളും ഏറ്റുപിടിച്ചു കഴിഞ്ഞു. ഡിവൈഎഫ്‌ഐ സംഭവത്തിൽ പ്രതിഷേധിച്ച് സ്ത്രീധന വിരുദ്ധ കാമ്പയിൻ തന്നെ തുടങ്ങിയിട്ടുണ്ട്. അതിനിടെ വിവാഹ ശേഷം സ്ത്രീകൾ പുരുഷന്മാരുടെ വീട്ടിൽ കഴിയുന്ന രീതി തന്നെ മാറ്റണം എന്നാണ് സിപിഎം നേതാവ് പി കെ ശ്രീമതി അഭിപ്രായപ്പെടുന്നത്. ആചാരങ്ങളിൽ മാറ്റം വരണമെന്നും വിവാഹ ശേഷം കണ്ണൂരിലെ മുസ്ലിം കുടുംബങ്ങളിലേതുപോലെ വരൻ വധുവിന്റെ വീട്ടിലേക്ക് വരട്ടെയെന്നും ശ്രീമതി ടീച്ചർ ഫേസ്‌ബുക്കിൽ കുറിച്ചു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശ്രീമതി ടീച്ചർ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. ന്യായം നോക്കിയാൽ വരന്റെ വീട്ടുകാർ വധുവിന്റെ മാതാപിതാക്കൾക്കാണ് പണം നൽകേണ്ടത്. ഇനി അതല്ലെങ്കിൽ വരൻ വധുവിന്റെ വീട്ടിൽ താമസിക്കട്ടെ. അപ്പോൾ പെൺകുട്ടിക്കു മാനസിക സംഘർഷവുമുണ്ടാകില്ല. പെൺകുട്ടിയുടെ ജീവന് സുരക്ഷിതത്വമുണ്ടാകുമെന്നും ശ്രീമതി ടീച്ചർ വ്യക്തമാക്കി.

പെൺകുട്ടികളെ പച്ചക്ക് തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുതെന്നും അവർ വ്യക്തമാക്കി. പെൺകുട്ടികളെ കുരുതികൊടുക്കുന്ന കാടത്തം അവസാനിപ്പിക്കണം. ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ഇത്തരം സംഭവങ്ങൾ വർധിക്കുന്നത് വലിയ അപമാനമാണ് ഉണ്ടാക്കുന്നതെന്നും അവർ കുറിച്ചു.

പികെ ശ്രീമതി ടീച്ചറുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ആചാരങ്ങളിൽ മാറ്റം വരണം. വിവാഹം കഴിഞ്ഞാൽ വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ. ഞങ്ങളുടെ കണ്ണൂരിൽ മുസ്ലിം കുടുംബങ്ങളിലെ ആചാരം പോലെ. കണ്ണിൽ ചോരയില്ലാത്തവർ. കാട്ടുമ്യഗങ്ങൾ പോലും ലജ്ജിച്ച് തല താഴ്‌ത്തും. പെൺകുട്ടികളെ പച്ചക്കു തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുത്.

ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാർത്തി തീർക്കാൻ തികച്ചും നിസ്സഹായരായ പെൺകുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിച്ചേ തീരൂ. അപരിചിതമായ ഭർത്ത്ൃവീട്ടിൽ പൊന്നും പണവുമായി പെൺകുട്ടി എത്തി അവരോടൊപ്പം ജീവിതകാലം മുഴുവൻ ചിലവഴിക്കണം. അവൾ ജോലി ചെയ്യ്ത് കിട്ടുന്ന വരുമാനവും അവിടെ തന്നെ ചിലവഴിക്കണം.

പെണ്മക്കളെ വളർത്തി പഠിപ്പിച്ച് ഒരു ജോലിയുമായാൽ വിവാഹം. വിദ്യാഭ്യാസം കുറവാണെങ്കിലും മനസാക്ഷിക്കുത്തില്ലാതെ പെൺപണം ചോദിക്കുന്ന വരന്റെ മാതാപിതാക്കൾ. നിവൃത്തിയില്ലാതെ കടം വാങ്ങി ആയാലും സ്ത്രീധനവും കൊടുത്ത് മകളുടെ നെഞ്ചുനിറയെ ആഭരണവും വാങ്ങിയിട്ട് ദുരഭിമാനത്തോടെ ഞെളിഞ്ഞ് നിൽക്കുന്ന വധുവിന്റെ രക്ഷാകർത്താക്കൾ. ഒന്നോ രണ്ടോ പെണ്മക്കളുണ്ടെങ്കിൽ വിവാഹത്തോടെ വീടും കുടിയും നഷ്ടപ്പെടുന്നവർ കേരളത്തിൽ എത്രയായിരം പേർ? ഇങ്ങനെ ഭർത്തൃ വീട്ടിൽ അയക്കപ്പെട്ട പല പെൺകുട്ടികൾക്കും നേരിടേണ്ടിവരുന്നതോ നിന്ദയും അതിക്രൂരമായ പീഡനവും.

ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നത് നമുക്ക് ചെറിയ അപമാനമല്ല ഉണ്ടാക്കി വെക്കുന്നത്. ന്യായം നോക്കിയാൽ വരന്റെ വീട്ടുകാർ വധുവിന്റെ മാതാപിതാക്കൾക്കു ആണു പണം കൊടുക്കേണ്ടത്. ഇനി അതല്ലെങ്കിൽ വിവാഹം കഴിഞ്ഞാൽ വരൻ പെൺകുട്ടിയുടെ വീട്ടിൽ വന്നു താമസിക്കട്ടെ. പെൺകുട്ടിക്കു മാനസിക സംഘർഷവുമുണ്ടാകില്ല. പെൺകുട്ടിയുടെ ജീവനു സുരക്ഷിതത്വവുമുണ്ടാകും.

അതേസമയം പെൺകുട്ടികൾ വിവാഹ കമ്പോളത്തിലെ ചരക്കല്ല, സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല എന്ന കാമ്പയിനാണ് ഡിവൈഎഫ്‌ഐ തുടങ്ങിയിരിക്കുന്നത്. സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല സംസ്ഥാനതല ക്യാമ്പയിനുമായി ഡിവൈഎഫ്ഐ. ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരിൽ പൊലിഞ്ഞുപോകരുതെന്നും പെൺകുട്ടികൾ വിവാഹകമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

ഡിവൈഎഫ്ഐ പറയുന്നു

 സ്ത്രീധനം ഒരു സാമൂഹ്യ തിന്മയാണ്. നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും ഈ ദുരാചാരം ഇപ്പോഴും പെൺകുട്ടികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നു. അതിലേറെ പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. ഇതിന് അറുതി വരുത്തേണ്ട സമയമായി. ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരിൽ പൊലിഞ്ഞുപോകരുത്. പെൺകുട്ടികൾ വിവാഹകമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്.

നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല, സമൂഹം തീരുമാനിക്കാത്തതുകൊണ്ടാണ് സ്ത്രീധനമെന്ന അപരിഷ്‌കൃത ആചാരം ഇന്നും തുടരുന്നത്. ഒരു ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതിൽ അളന്നുതൂക്കിയ പണത്തിനോ ആർഭാടത്തിനോ യഥാർത്ഥത്തിൽ ഒരു സ്ഥാനവുമില്ല. സോഷ്യൽ സ്റ്റാറ്റസിന്റെ വികലമായ പൊതുബോധം എത്രപേരെയാണ് ആജീവനാന്തം കടക്കാരാക്കുന്നത്? ആർഭാടത്തിനും പണത്തിനും പെണ്ണിനെക്കാളും പരസ്പരബന്ധത്തെക്കാളും മൂല്യം നിശ്ചയിക്കുന്ന നടപ്പുരീതി എത്ര ജീവനാണ് അവസാനിപ്പിച്ചത്.

സ്ത്രീധനം സൃഷ്ടിച്ച വലിയ ദുരന്തങ്ങളെക്കുറിച്ചുമാത്രമാണ് നാം എപ്പോഴും സംസാരിക്കാറുള്ളത്. എന്നാൽ എരിഞ്ഞുജീവിക്കുന്ന പെൺജീവിതങ്ങൾ, ഉരുകുന്ന രക്ഷകർത്താക്കൾ ഒട്ടേറെയാണ്. നമുക്കരികിൽ, നമ്മിൽ പലരുടെയും വീട്ടിൽ ഇതുപോലെ എത്രയോപേർ....ഇനി ഒരാൾ കൂടി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടില്ല എന്ന് നമുക്ക് തീരുമാനിക്കണം. രാഷ്ടീയ ഭേദമന്യേ മുഴുവൻ പേരോടും ഈ കാംപയിനിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു '

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP