Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോളർ കടത്ത് വിവാദത്തിൽ പെട്ട മുൻ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിട്ടും ഇക്കുറിയും സ്ഥാനനഷ്ടമില്ല; ആറാംതവണയും കെ അയ്യപ്പൻ പേഴ്‌സണൽ സ്റ്റാഫിൽ; ഇക്കുറി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി; സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അറിയാതെയുള്ള നിയമനത്തിൽ നേതാക്കൾക്ക് അമർഷം

ഡോളർ കടത്ത് വിവാദത്തിൽ പെട്ട മുൻ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിട്ടും ഇക്കുറിയും സ്ഥാനനഷ്ടമില്ല; ആറാംതവണയും കെ അയ്യപ്പൻ പേഴ്‌സണൽ സ്റ്റാഫിൽ; ഇക്കുറി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി; സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അറിയാതെയുള്ള നിയമനത്തിൽ നേതാക്കൾക്ക് അമർഷം

ജംഷാദ് മലപ്പുറം

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജ് മുൻ സഹപ്രവർത്തകയെ പ്രസ് സെക്രട്ടറിയാക്കാൻ നടത്തിയ നീക്കം തടഞ്ഞ സിപിഎം നേതൃത്വം ഡോളർ കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്ത മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് ക്രെട്ടറിയായി നിയമിച്ചത് മലപ്പുറം ജില്ലാ കമ്മിറ്റി അറിയാതെയെന്ന് ആരോപണം. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫംഗത്തെ പാർട്ടിസഘടനാസംവിധാനത്തിലൂടെ ജാഗ്രതപാലിച്ച് നിയമിക്കുമെന്നറിയിച്ച സിപിഎം നേതൃത്വമാണ് എരിയാ, ജില്ലാ കമ്മിറ്റികളെ നോക്കുകുത്തിയാക്കി അഞ്ചാം തവണയും അയ്യപ്പനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാക്കിയിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ലോക്കൽ കമ്മിറ്റി അംഗമായ അയ്യപ്പനെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് പരിഗണിക്കാൻ അദ്ദേഹത്തിന്റെ ഘടകമായ തേഞ്ഞിപ്പലം ലോക്കൽ കമ്മിറ്റിയോ തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയോ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നൽകിയിട്ടില്ലെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. ജില്ലാ കമ്മിറ്റി സ്വന്തം നിലക്കും അയ്യപ്പന്റെ പേര് സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടില്ലെന്നാണ് വിവരം.

ഇടതുമുന്നണി കൺവീനറും പാർട്ടി ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്റെ ഭാര്യയായ ആർ. ബിന്ദുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി അയ്യപ്പനെത്തിയതറിഞ്ഞ് അന്തം വിട്ടുനിൽക്കുകയാണ് മലപ്പുറം ജില്ലയിലെ സിപിഎം നേതൃത്വം. ഡോളർ കടത്ത് വിവാദത്തിലടക്കം ഉൾപ്പെട്ടതോടെ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ഇത്തവണ പാർട്ടി മത്സരിക്കാൻ ടിക്കറ്റ് പോലും നൽകിയിരുന്നില്ല. ശ്രീരാമകൃഷ്ണന്റെ സിറ്റിങ് സീറ്റായിരുന്ന പൊന്നാനിയിൽ സിഐ.ടി.യു നേതാവ് നന്ദകുമാറിനാണ് പാർട്ടി ടിക്കറ്റ് നൽകി വിജയിപ്പിച്ചെടുത്തത്. ശ്രീരാമകൃഷ്ണൻപോലും മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാതെ തഴയപ്പെട്ടപ്പോഴാണ് അസിസ്റ്റൻ പി.എസ് അയ്യപ്പൻ രണ്ടാം പിണറായി സർക്കാരിലും അധികാരത്തിന്റെ ഇടനാഴിയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്.

ഡോളർകടത്തിൽ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പനെ കസ്റ്റംസ് എറണാകുളത്തെ ഓഫീസിൽ വിളിച്ചുവരുത്തി 9 മണിക്കൂർ ചോദ്യം ചെയ്തത്. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും അയ്യപ്പൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. അയ്യപ്പന് നോട്ടീസ് നൽകിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തു നൽകിയിരുന്നു. എന്നാൽ ഒടുവിൽ അയ്യപ്പന്റെ വീട്ടു വിലാസത്തിൽ നോട്ടീസ് നൽകിയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിനെത്തിച്ചത്.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനു സാമാനമായാണ് പാർട്ടി ഭരണത്തിലേറുമ്പോഴെല്ലാം പേഴ്‌സണൽ സ്റ്റാഫിൽ സ്ഥാനമുറപ്പിക്കുന്ന അയ്യപ്പന്റെ മിടുക്ക്. രവീന്ദ്രനെ കോഴിക്കോട് ജില്ലാ കമ്മിറ്റി ശുപാർശ ചെയ്താണ് സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചത്. എന്നാൽ അയ്യപ്പന്റെ കാര്യത്തിൽ ഇതൊന്നും പാലിക്കപ്പെട്ടില്ല. മലപ്പുറം ജില്ലാ കമ്മിറ്റിയും പാർട്ടി ഘടകങ്ങളുമെല്ലാം അയ്യപ്പനെ അസിസ്റ്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചശേഷമാണ് വിവരമറിഞ്ഞത്. 1996ൽ നായനാർ മന്ത്രിസഭയിൽ ടി. ശിവദാസമേനോൻ ധനമന്ത്രിയായപ്പോഴാണ് അയ്യപ്പൻ കോഹിനൂർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തേഞ്ഞിപ്പലത്തെ ലോക്കൽ നേതാവ് കെ. അയ്യപ്പൻ പേഴ്‌സണൽ സ്റ്റാഫിൽ കയറുന്നത്. അന്നുമുതൽ അധികാരത്തിന്റെ ഇടനാഴിയിൽ നേതാക്കളുടെ ഇഷ്ടക്കാരനായി വളരാൻ അയ്യപ്പന് കഴിഞ്ഞു. പിന്നീട് 2006ൽ എം. വിജയകുമാർ മന്ത്രിയായപ്പോൾ പേഴ്‌സണൽ സ്റ്റാഫംഗമായി.

പാലോളി മുഹമ്മദ്കുട്ടി മന്ത്രിയായപ്പോൾ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായ അയ്യപ്പൻ ഭരണം നഷ്ടമായി വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായപ്പോൾ പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണൽ സ്റ്റാഫിലും സീറ്റുറപ്പിച്ചു. കഴിഞ്ഞ തവണ സ്പീക്കർ ശ്രീരാമകൃഷ്ണന്റെയും ഇത്തവണ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദവിന്റെയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാകുന്നതോടെ പേഴ്‌സണൽ സ്റ്റാഫിൽ 30 വർഷം തികക്കുകയാണ് അയ്യപ്പൻ. ഏതാണ് ഒന്നേകാൽ ലക്ഷം രൂപയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വർഷങ്ങളായി തിരുവനന്തപുരം എൻ.ജി.ഒ കോർട്ടേഴ്‌സിൽ താമസിക്കുന്ന അയ്യപ്പന്റെ ഭാര്യ ഗവൺമെന്റ് പോളിടെകനിക്കിലെ സ്റ്റാഫാണ്.

പാർട്ടിക്ക് വേണ്ടി ജീവൻ വെടിഞ്ഞവരുടെയും കൊടിയ ത്യാഗം സഹിച്ചവരുടെയും കുടുംബങ്ങളെ മറന്നാണോ അയ്യപ്പന് പേഴ്‌സണൽ സ്റ്റാഫിൽ ആറാമൂഴം എന്നാണ് പാർട്ടിയിൽ ഉയരുന്ന ചോദ്യം. തേഞ്ഞിപ്പലം ലോക്കൽ കമ്മിറ്റിയിലും തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയും സിപിഎം ജില്ലാ കമ്മിറ്റിയിലും പാർട്ടി സംഘടനാസംവിധാനത്തെ മറികടന്ന് അയ്യപ്പനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാക്കിയതിനെതിരെ രോഷം പുകയുകയാണ്. ഈ തീരുമാനത്തിലെ കടുത്ത അതൃപ്തി എസ്.എഫ്.ഐ, ഡിവൈഎഫ്ഐ നേതാക്കൾ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജ് ് പ്രസ് സെക്രട്ടറിയെ നിയമിക്കാൻ ശ്രമിച്ചപ്പോൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്നാണ് ആ നീക്കം സിപിഎം നേതൃത്വം തടഞ്ഞത്. അതേസമയം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കുന്നതിന് പാർട്ടികൊണ്ടുവന്ന എല്ലാ നിയന്ത്രണങ്ങളും ജാഗ്രതയും കാറ്റിൽപ്പറത്തിയാണ് കെ. അയ്യപ്പൻ ആറാം തവണയും പേഴ്‌സണൽ സ്റ്റാഫിൽ കയറിക്കൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP