Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിയുടെ ഇരട്ടചങ്കൻ ഇമേജ് തകർന്നു; ഇനി എന്തു പറഞ്ഞാലും കൂടുതൽ നാണക്കേടാവുമെന്ന് തിരിച്ചറിഞ്ഞു; പറയാനുള്ളതെല്ലാം പറഞ്ഞെന്ന് പറഞ്ഞു പിൻവാങ്ങൽ; മുഖ്യമന്ത്രി നാവടച്ചതോടെ ബ്രണ്ണൻ കോളേജ് യുദ്ധവും അവസാനിച്ചു; ജസ്റ്റീസ് സുകുമാരന്റെ പഴയ കേസിൽ പത്തി മടക്കുമ്പോൾ

മുഖ്യമന്ത്രിയുടെ ഇരട്ടചങ്കൻ ഇമേജ് തകർന്നു; ഇനി എന്തു പറഞ്ഞാലും കൂടുതൽ നാണക്കേടാവുമെന്ന് തിരിച്ചറിഞ്ഞു; പറയാനുള്ളതെല്ലാം പറഞ്ഞെന്ന് പറഞ്ഞു പിൻവാങ്ങൽ; മുഖ്യമന്ത്രി നാവടച്ചതോടെ ബ്രണ്ണൻ കോളേജ് യുദ്ധവും അവസാനിച്ചു; ജസ്റ്റീസ് സുകുമാരന്റെ പഴയ കേസിൽ പത്തി മടക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പണറായിക്കെതിരെ ജസ്റ്റീസ് സുകുമാരൻ ഉയർത്തി മാഫിയാ ആരോപണം ചർച്ചയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരൻ അവസാന കടന്നാക്രമണം നടത്തിയത്. നിലപാടിൽ മാറ്റിമല്ലെന്ന് ജസ്റ്റീസ് സുകുമാരൻ പറഞ്ഞ 2007 ഓഗസ്റ്റ് 9നുള്ള പത്രകട്ടിംങ് സഹിതമാണ് ഇന്നത്തെ സുധാകരന്റെ പോസ്റ്റ്. പിണറായി വിജയനെതിരെ വിമർശനം തുടരുമെന്ന് കെപിസിസി അധ്യക്ഷൻ വീണ്ടും പ്രഖ്യാപിച്ചു. ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും, സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തുക തന്നെ വേണം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. മറ്റേതെങ്കിലും രാഷ്ട്രീയ ആരോപണങ്ങളോട് പിണറായി വിജയൻ ഇത്രയും വിശദമായി പ്രതികരിച്ചത് കണ്ടിട്ടുണ്ടോ?-ഇതാണ് സുധാകരൻ അവസാനമായി ഉയർത്തിയ വാദം, അതീവ ഗുരുതരമാണ് ഈ പരാമർശങ്ങൾ. എന്നാലും ഇനി ഒന്നിനും പിണറായി മറുപടി നൽകില്ല.

മുഖ്യമന്ത്രിയുടെ ഇരട്ടചങ്കൻ ഇമേജ് തകർന്നുവെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ട് തന്നെ ഇനി എന്തു പറഞ്ഞാലും കൂടുതൽ നാണക്കേടാവുമെന്ന് തിരിച്ചറിയുകയാണ് മുഖ്യമന്ത്രിയും സിപിഎമ്മും. അതിനാൽ പറയാനുള്ളതെല്ലാം പറഞ്ഞെന്ന് പറഞ്ഞു പിൻവാങ്ങലിനാണ് തീരുമാനം. മുഖ്യമന്ത്രി നാവടച്ചതോടെ ബ്രണ്ണൻ കോളേജ് യുദ്ധവും അവസാനിക്കും. ജസ്റ്റീസ് സുകുമാരന്റെ പഴയ കേസിൽ പത്തി മടക്കുകയാണ് പിണറായി വിജയൻ. അങ്ങനെ ആദ്യ ചുവടിൽ വിജയം നേടുകയാണ് കെപിസിസി അധ്യക്ഷൻ. മുഖ്യമന്ത്രിയുടെ പഴയ ക്രിമിനൽ കേസുകൾ അടക്കം ചർച്ചയാക്കി സുധാകരൻ കോൺഗ്രസ് അണികൾക്കും ആവേശമായി.

കണ്ണൂർ നേതാക്കൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ സൈബറിടത്തിൽ കാഴ്‌ച്ചക്കാരുടെ എണ്ണത്തിൽ മുന്നിൽ സുധാകരൻ ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കടത്തിവെട്ടുന്ന രാഷ്ട്രീയ ബുദ്ധിയോടെയാണ് സുധാകരൻ ബ്രണ്ണൻ വിഷയത്തിൽ അണികളുടെ താരമായത്. സുധാകരനെതിരായ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടവരേക്കാൽ കൂടുതലാണ് കൊച്ചി ഡിസിസിയിൽ കെപിസിസി അധ്യക്ഷന്റെ വാർത്താസമ്മേളനം സൈബറിടത്തിൽ കണ്ടത്. മിക്ക ചാനലുകളുടെയും പ്രൈംടൈമിൽ താരമായി നിറഞ്ഞു നിൽക്കുകയായിരുന്നു സുധാകരൻ. അടുത്തകാലത്ത് മുഖ്യമന്ത്രിക്ക് മാത്രം ലഭ്യമായിരുന്ന കാഴ്‌ച്ചക്കാരാണ് സുധാകരനും ഉണ്ടായിരിക്കുന്നത്. ഇതെല്ലാം വിവാദത്തിൽ നിന്ന് പിന്മാറാൻ സിപിഎമ്മിനേയും പിണറായിയേയും പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

എന്നാൽ പിണറായി വിട്ടുകൊടുക്കരുതെന്ന അഭിപ്രായമുള്ളവരും സിപിഎമ്മിലുണ്ട്. പത്ര സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് എഴുതി തയ്യാറാക്കിയ ഉത്തരം വായിക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും സജീവമാണ്. ഇന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ട്. ഇതിൽ സുധാകരനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരും. ഇതിനോട് മുഖ്യമന്ത്രി പ്രതികരിക്കുന്നത് നിർണ്ണായകമാകും. സുധാകരനെതിരെ സിപിഎം നേതാക്കൾ പ്രതികരിക്കുകയും മുഖ്യമന്ത്രി നിശബ്ദനായി ഇരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രമാണ് അണിയറയിൽ തയ്യാറെടുക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചന. സുധാകരൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇനി പ്രതികരിക്കില്ല സിപിഎമ്മിലെ മുതിർന്ന നേതാക്കളും പറയുന്നുണ്ട്.

പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ ഇനി കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതേസമയം സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവ ചർച്ചയാക്കാൻ സിപിഎം. നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സുധാകരന് എതിരായ വിഷയത്തിൽ ഇനിയൊരു പരസ്യ പ്രതികരണത്തിന് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രിയുള്ളത്. പറയാനുള്ള കാര്യങ്ങളെല്ലാം വാർത്താസമ്മേളനത്തിൽ വിശദമായി പറഞ്ഞു കഴിഞ്ഞു. മനോരമ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയത്. അത് സംബന്ധിച്ച സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സന്ദർഭത്തിലാണ് പരസ്യമായ പ്രതികരണത്തിന് മുതിർന്നതെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. വിഷയം ഇതോടെ അവസാനിച്ചെന്നും ഇതിൽ ഇനി കാര്യമായ പ്രതികരണത്തിന് പ്രസക്തിയില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ.

അതേസമയം, സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവചർച്ചയാക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്മന്ത്രിമാരായ എ.കെ. ബാലൻ, എം.എ. ബേബി, ഇ.പി. ജയരാജൻ തുടങ്ങിയവർ സുധാകരനെതിരെ രംഗത്തെത്തിയത്. ഇന്നലെ ചേർന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയേറ്റ് സുധാകരനെതിരായ കഴിഞ്ഞകാല സംഭവങ്ങൾ സജീവ ചർച്ചയാക്കി സമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരാനുള്ള തീരുമാനം എടുത്തിരുന്നു. ''സുധാകരൻ പറയാൻ പാടില്ലാത്തതു പറഞ്ഞു. അതിനു മറുപടി നൽകി. അതോടെ അത് അവസാനിച്ചു'' എൽഡിഎഫ് കൺവീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവൻ വ്യക്തമാക്കി.

ഉയർന്നുവരുന്ന വിഷയങ്ങളോടു പ്രതികരിക്കുക എന്നതാണു പാർട്ടിയുടെ നിലപാട്. അല്ലാതെ എല്ലാ ദിവസവും പറയുന്നതിനു മറുപടി നൽകുക എന്ന രീതിയില്ല. നാൽപാടി വാസു, സേവറി നാണു കേസുകളിൽ പുനരന്വേഷണം വേണോ എന്നതെല്ലാം നിയമപരമായ കാര്യങ്ങളാണെന്നും സർക്കാർ പരിശോധിക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി. 'തുടങ്ങിയതും അവർ, നിർത്തിയതും അവർ; കൂടുതലൊന്നും പറയാനില്ല' എന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. വാക്‌പോര് പ്രയോജനപ്പെട്ടതു സുധാകരനാണെന്നു സിപിഎമ്മിൽ അഭിപ്രായം ഉയർന്നിരുന്നു. പഴയ ക്യാംപസ് ഏറ്റുമുട്ടൽ അയവിറക്കിയുള്ള വാക്‌പോര് കോവിഡ് കാലത്തു ഇരുവരുടെയും പദവിക്കു ചേർന്നതല്ലെന്ന അഭിപ്രായവും ഉയർന്നു. സുധാകരന്റെ മറുപടിക്കു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ മുതിർന്നതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP