Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാട്‌സാപ്പ് സന്ദേശങ്ങൾ അറിഞ്ഞപ്പോൾ പക കൂടി; പ്രതികാരമായി കൊലപാതകം? കൊന്ന് കെട്ടിത്തൂക്കിയാലും പോസ്റ്റ്‌മോർട്ടത്തെ വളച്ചൊടിച്ച് ആത്മഹത്യയാക്കാം; ശരീരത്തിൽ മുറിവുകൾ തലേദിവസം സംഭവിച്ചതെന്ന് വരുത്തി വെറുമൊരു സ്ത്രീധന പീഡന ആത്മഹത്യാ കേസായി ശാസ്താംകോട്ടയിലെ മരണം മാറുമോ? വിസ്മയയുടെ മരണത്തിൽ പൊലീസ് നീക്കം ഇനി നിർണ്ണായകം

വാട്‌സാപ്പ് സന്ദേശങ്ങൾ അറിഞ്ഞപ്പോൾ പക കൂടി; പ്രതികാരമായി കൊലപാതകം? കൊന്ന് കെട്ടിത്തൂക്കിയാലും പോസ്റ്റ്‌മോർട്ടത്തെ വളച്ചൊടിച്ച് ആത്മഹത്യയാക്കാം; ശരീരത്തിൽ മുറിവുകൾ തലേദിവസം സംഭവിച്ചതെന്ന് വരുത്തി വെറുമൊരു സ്ത്രീധന പീഡന ആത്മഹത്യാ കേസായി ശാസ്താംകോട്ടയിലെ മരണം മാറുമോ? വിസ്മയയുടെ മരണത്തിൽ പൊലീസ് നീക്കം ഇനി നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടേതുകൊലപാതകമെന്ന നിലപാടിൽ ഉറച്ച് ബന്ധുക്കൾ. നിലമേൽ കൈതത്തോട് സ്വദേശിനി വിസ്മയ(24)യുടെ മരണത്തിലാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വിസ്മയക്ക് ഭർതൃവീട്ടിൽനിന്ന് മർദനമേറ്റിരുന്നു. ഇത് വീട്ടുകാരെ അറിയിച്ചതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസവും ഭർത്താവ് മർദിച്ചതായി സഹോദരന് അയച്ച വാട്സാപ്പ് സന്ദേശത്തിൽ വിസ്മയ വെളിപ്പെടുത്തിയിരുന്നു. മർദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനൽകി. വിവാഹസമയത്ത് സ്ത്രീധനമായി നൽകിയ കാർ കൊള്ളില്ലെന്ന് പറഞ്ഞായിരുന്നു ഭർത്താവ് കിരൺകുമാർ മർദിച്ചതെന്നാണ് വിസ്മയ പറഞ്ഞിരുന്നത്. തന്നെയും അച്ഛനെയും അസഭ്യം പറഞ്ഞതായും കാറിന്റെ കണ്ണാടി പൊട്ടിച്ചതായും സന്ദേശത്തിലുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് വിസ്മയ ഇതെല്ലാം വിശദീകരിച്ച് സന്ദേശങ്ങൾ അയച്ചത്. എന്നാൽ, ഇത് കഴിഞ്ഞ് മണിക്കൂറുകൾക്കകം വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വാട്‌സാപ്പിൽ വീട്ടുകാരെ എല്ലാം അറിയിച്ചതിന്റെ രോഷമാകും വിസ്മയയുടെ മരണത്തിന് കാരണം. വീട്ടിലേക്ക് തിരിച്ചു വരാനായിരുന്നു വിസ്മയയുടെ പദ്ധതി. ഇതിനിടെയാണ് മരണം ഉണ്ടാകുന്നത്. കഴിഞ്ഞ വർഷമാണ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാറും വിസ്മയയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇവർ തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് വിസ്മയ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി അടുത്തിടെയാണ് വിസ്മയ ഭർതൃവീട്ടിലേക്ക് തിരിച്ചുപോയത്. എന്നാൽ, ഇതിനു ശേഷവും ഭർത്താവിൽനിന്ന് സ്ത്രീധനത്തിന്റെ പേരിൽ മർദനമേറ്റിരുന്നതായാണ് വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നത്.

വാട്‌സാപ്പ് സന്ദേശം വിസ്മയ അയച്ചത് കിരൺ മനസ്സിലാക്കിയെന്നാണ് സംശയം. ഇതിന്റെ പ്രതികാരമായി വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനപീഡനമാണ് മരണത്തിൽ കലാശിച്ചതെന്നും ഇവർ ആരോപിക്കുന്നു. പരാതി ഉയർന്നതോടെ വനിത കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ കൊല്ലം റൂറൽ എസ്‌പിയോട് റിപ്പോർട്ട് തേടിയതായി വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ പ്രതികരിച്ചു. വിവാദം കനക്കുന്നതിനിടെ കിരൺ പൊലീസിന് കീഴടങ്ങി. കേസ് കടുക്കാതിരിക്കാനുള്ള നാടകമാണ് ഇതെന്നാണ് സംശയം.

കിരൺ കുമാറിന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഇന്നലെ രാത്രി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ കിരണിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. വിസ്മയയുടെ ബന്ധുക്കളുടെ പരാതിയിൽ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കിരണിനെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ നിലവിൽ കിരൺ കുമാറിനെതിരെ ചുമത്താം. എന്നാൽ ഈ കേസിനെ വെറുമൊരു ആത്മഹത്യാ പ്രേരണയാക്കി മാറ്റാനാണ് ശ്രമം. വിസ്മയ മരിച്ചതിന് ശേഷം ഒളിവിലായിരുന്ന കിരൺ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഇന്ന് പൊലീസിന് ലഭിക്കും. ജീവനോടെ കെട്ടിത്തൂക്കിയാലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യാ സാധ്യതയാകും തെളിയുക.

വിസ്മയയുടെ ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകളുണ്ട്. അതെല്ലാം മുമ്പുണ്ടായതെന്ന് പറഞ്ഞു വയ്ക്കാനും പൊലീസിന് കഴിയും. ഈ മർദ്ദനങ്ങളുടെ വേദനയിൽ വിസ്മയ ആത്മഹത്യ ചെയ്തു എന്ന് വരുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. കഴിഞ്ഞ വർഷം മെയിലായിരുന്നു വിസ്മയയുടെയും കിരണിന്റെയും വിവാഹം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൽ ഇൻസ്‌പെടർ ആണ് കിരൺ. വിസ്മയയെ ഇന്നലെ പുലർച്ചെയാണ് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാർ ഇഷ്ടമായില്ലെന്ന് പറഞ്ഞ് കിരൺ പതിവായി വിസ്മയയെ പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇത് തെളിയിക്കുന്ന വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഇവർ പുറത്തുവിട്ടു. വിസ്മയക്ക് സ്ത്രീധനമായി നൽകിയത് 100 പവൻ സ്വർണവും ഒരേക്കർ 20 സെന്റ് സ്ഥലവും 10 ലക്ഷത്തിന്റെ കാറുമാണെന്ന് വീട്ടുകാർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP