Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂറോ കപ്പിൽ ഇരട്ട ഗോളുമായി വെനാൽഡം; വടക്കൻ മാസിഡോണിയയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ്; ഉക്രെയ്നിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഓസ്ട്രിയയും പ്രീക്വാർട്ടറിൽ; എതിരാളി ഇറ്റലി

യൂറോ കപ്പിൽ ഇരട്ട ഗോളുമായി വെനാൽഡം; വടക്കൻ മാസിഡോണിയയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ്; ഉക്രെയ്നിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഓസ്ട്രിയയും പ്രീക്വാർട്ടറിൽ; എതിരാളി ഇറ്റലി

സ്പോർട്സ് ഡെസ്ക്

ആംസ്റ്റർഡാം: യൂറോ കപ്പ് ഗ്രൂപ്പ് സിയിൽ നിന്ന് നെതർലൻഡ്സും ഓസ്ട്രേിയയും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നാം സ്സ്ഥാനക്കാരായാണ് നെതർലൻഡ്സ് പ്രീ ക്വാർട്ടറിലെത്തിയത്. നോർത്ത് മാസിഡോണിയക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു നെർലൻഡ്സിന്റെ ജയം. ഉക്രെയ്നിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ഓസ്ട്രിയ എത്തിയത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണ് അവർ. പ്രീ ക്വാർട്ടറിൽ ശക്തരായ ഇറ്റലിയെയാണ് ഓസ്ട്രിയ നേരിടുക.

നെതർലൻഡ്സിനായി നായകൻ ജോർജീന്യോ വൈനാൽഡം ഇരട്ട ഗോളുകൾ നേടിയപ്പോൾ മെംഫിസ് ഡീപേയും സ്‌കോർ ചെയ്തു. മൂന്നാം മത്സരത്തിലും തോൽവി വഴങ്ങിയതോടെ വടക്കൻ മാസിഡോണിയ പ്രീ ക്വാർട്ടർ കാണാതെ പുറത്തായി. ഈ മത്സരത്തിലൂടെ വടക്കൻ മാസിഡോണിയയുടെ നായകൻ ഗോരാൻ പാൻഡേവ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചു.

ആദ്യ പകുതിയിൽ മെംഫിസ് ഡിപെയുടെ ഒരു ഗോളിൽ മുന്നിലെത്തിയിരുന്നു. പിന്നാലെ 51, 58 മിനിറ്റുകളിലായിരുന്നു വെനാൾഡമിന്റെ ഗോളുകൾ. കളിച്ച മൂന്ന് മത്സരവും ജയിച്ചാണ് ഡച്ച് പട പ്രീ ക്വാർട്ടറിൽ ഇടം നേടിയത്. മാസിഡോണിയ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു.

12ാം മിനിട്ടിൽ ഹോളണ്ടിന്റെ മെംഫിസ് ഡീപേ ഒരു മുന്നേറ്റം നടത്തിയെങ്കിലും അദ്ദേഹത്തിന് ലക്ഷ്യം കാണാൻ സാധിച്ചില്ല. 22-ാം മിനിട്ടിൽ മാസിഡോണിയയുടെ ട്രയ്കോവ്സ്‌കിയുടെ മികച്ച ഷോട്ട് ഹോളണ്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. കളിയുടനീളം മികച്ച പ്രകടനമാണ് വടക്കൻ മാസിഡോണിയ കാഴ്ചവെച്ചത്.

എന്നാൽ മാസിഡോണിയയുടെ നെഞ്ചിൽ തീകോരിയിട്ടുകൊണ്ട് നെതർലൻഡ് മത്സരത്തിൽ ലീഡെടുത്തു. 24-ാം മിനിട്ടിൽ സൂപ്പർതാരം മെംഫിസ് ഡീപേയാണ് ടീമിനായി സ്‌കോർ ചെയ്തത്. ഒരു കൗണ്ടർ അറ്റാക്കിലൂടെയാണ് ഗോൾ പിറന്നത്. മാസിഡോണിയൻ മുന്നേറ്റനിരയിൽ നിന്നും പന്ത് റാഞ്ചിയ ഡീപേ പന്തുമായി മുന്നേറി. എതിർ ഗോൾപോസ്റ്റിന് തൊട്ടുമുന്നിൽ നിന്നും പന്ത് മാലെന് കൈമാറി. മാലെൻ പന്ത് കൃത്യമായി ഡീപേയ്ക്ക് തിരിച്ചുനൽകി. പന്ത് സ്വീകരിച്ച താരം അനായാസം പന്ത് വടക്കൻ മാസിഡോണിയയുടെ വലയിലെത്തിച്ചു. ഇതോടെ ഹോളണ്ട് 1-0 ന് മുന്നിലെത്തി.

ഗോൾ നേടിതിന് തൊട്ടുപിന്നാലെ 30-ാം മിനിട്ടിൽ ഡീപേ വീണ്ടും ആക്രമണവുമായി എത്തിയെങ്കിലും ഗോൾകീപ്പർ ദിമിത്രിയേവ്സ്‌കി പന്ത് തട്ടിയകറ്റി അപകടം ഒഴിവാക്കി. 40-ാം മിനിട്ടിൽ മാസിഡോണിയയുടെ ബാർഡിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

രണ്ടാം പകുതിയിലും ആക്രമിച്ചുതന്നെയാണ് ഹോളണ്ട് കളിച്ചത്. 50-ാം മിനിട്ടിൽ ഹോളണ്ട് താരം ഡിലിറ്റിന്റെ ഗോളെന്നുറച്ച ഹെഡ്ഡർ ഗോൾലൈനിൽ നിന്നും ട്രികോവ്സ്‌കി തട്ടിയകറ്റി. എന്നാൽ തൊട്ടുപിന്നാലെ നെതർലൻഡ് രണ്ടാം ഗോൾ നേടി. ഇത്തവണ നായകൻ വൈനാൽഡമാണ് ഗോൾ നേടിയത്.

51-ാം മിനിട്ടിൽ മാസിഡോണിയൻ താരങ്ങളിൽ നിന്നും പന്ത് പിടിച്ചെടുത്ത വൈനാൽഡം ഡീപേയ്ക്ക് കൈമാറി. പന്തുമായി കുതിച്ച ഡീപേ ഒരു മികച്ച ക്രോസ് വൈനാൽഡത്തിന് സമ്മാനിച്ചു. പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ താരത്തിന് വന്നുള്ളൂ. ഇതോടെ നെതർലൻഡ് 2-0 എന്ന സ്‌കോറിന് മുന്നിലെത്തി.

ഗോൾ വഴങ്ങിയതിനുപിന്നാലെ മാസിഡോണിയയ്ക്ക് മികച്ച ആംഗിളിൽ നിന്നും ഒരു ഫ്രീകിക്ക് ലഭിച്ചു. എന്നാൽ കിക്കെടുത്ത ബാർഡിയുടെ ദുർബലമായ ഷോട്ട് ഗോൾകീപ്പർ സ്റ്റെക്കെലെൻബർഗ് അനായാസം തട്ടിയകറ്റി.

പിന്നാലെ ഹോളണ്ട് മത്സരത്തിലെ മൂന്നാം ഗോൾ കണ്ടെത്തി. ഇത്തവണയും നായകൻ വൈനാൽഡമാണ് ഗോൾ നേടിയത്. 58-ാം മിനിട്ടിൽ പന്തുമായി മുന്നേറിയ മെംഫിസ് ഡീപേ പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും അത് ഗോൾകീപ്പർ ദിമിത്രിയേവിസ്‌കി തട്ടിയകറ്റി. എന്നാൽ പന്ത് നെരെയെത്തിയത് വൈനാൽഡത്തിന്റെ കാലുകളിലേക്കാണ്. വീണുകിടക്കുന്ന ഗോൾകീപ്പറെ സാക്ഷിയാക്കി വൈനാൽഡം മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി.

ഗോൾ നേടിയതിനുതൊട്ടുപിന്നാലെ 61-ാം മിനിട്ടിൽ വൈനാൽഡത്തിന് മറ്റൊരു അവസരം ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാൻ ഹോളണ്ട് നായകന് കഴിഞ്ഞില്ല. 66-ാം മിനിട്ടിൽ പകരക്കാരനായി എത്തിയ വെഗോറ്സ്റ്റിന്റെ ഷോട്ട് മാസിഡോണിയൻ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.

ഈ മത്സരത്തിലൂടെ 20 വർഷത്തെ ഫുട്ബോൾ കരിയറിന് ശേഷം വടക്കൻ മാസിഡോണിയയുടെ ഇതിഹാസതാരം ഗോരാൻ പാൻഡേവ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചു. 68-ാം മിനിട്ടിൽ താരത്തെ കോച്ച് തിരിച്ചുവിളിച്ചതോടെ വികാരനിർഭരമായി പാൻഡേവ് ഗ്രൗണ്ടിൽ നിന്നും ഗാലറിയിലേക്ക് മടങ്ങി. നിറഞ്ഞ കൈയടികളോടെയാണ് താരത്തെ ആരാധകർ യാത്രയാക്കിയത്. രാജ്യത്തിനായി 122 മത്സരങ്ങൾ കളിച്ച താരമാണ് പാൻഡേവ്.

72-ാം മിനിട്ടിൽ മാസിഡോണിയയുടെ ചുർളിനോവ് ഹോളണ്ട് ഗോൾവല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നീട് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ വടക്കൻ മാസിഡോണിയയ്ക്ക് കഴിഞ്ഞില്ല. വൈകാതെ നെതർലൻഡ്സ് തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കി പ്രീക്വാർട്ടറിലേക്ക് മുന്നേറി.

ഉക്രയ്നിനെ മറികടന്ന് ഓസ്ട്രിയ

ഉക്രയ്നിനെ ഒരു ഗോളിന് മറികടന്നാണ് ഓസ്ട്രിയ അവസാന പതിനാറിലെത്തിയത്. മത്സരം സമനിൽ അവസാനിച്ചിരുന്നെങ്കിൽ ഉക്രയ്ൻ കയറുമായിരുന്നു. എന്നാൽ മത്സരത്തിന്റെ 21-ാം മിനിറ്റിൽ ക്രിസ്റ്റോഫ് ബോഗാർട്ട്നർ നേടിയ ഗോൾ ഓസ്ട്രിയക്ക് ജയം സമ്മാനിച്ചു. ഡേവിഡ് അലാബയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ഇറ്റലിയാണ് പ്രീ ക്വാർട്ടറിൽ ഓസ്ട്രിയയുടെ എതിരാളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP