Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഗ് ബോസ് കഴിഞ്ഞിറങ്ങിയിട്ടും മനസിൽ ശത്രുത സൂക്ഷിക്കുന്ന ചിലരുണ്ട്; പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നിട്ടും പുറത്താക്കപ്പെട്ടപ്പോൾ വിഷമം തോന്നിയത് ഒരേയൊരു കാര്യത്തിന്; ക്യാപ്റ്റൻ ആയിരുന്നെങ്കിൽ ചില പ്ലാനുകൾ ഉണ്ടായിരുന്നു; ബിഗ് ബോസ് താരങ്ങൾ ഫിറോസ് ഖാനും സജ്നയും മനസ് തുറക്കുന്നു

ബിഗ് ബോസ് കഴിഞ്ഞിറങ്ങിയിട്ടും മനസിൽ ശത്രുത സൂക്ഷിക്കുന്ന ചിലരുണ്ട്; പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നിട്ടും പുറത്താക്കപ്പെട്ടപ്പോൾ വിഷമം തോന്നിയത് ഒരേയൊരു കാര്യത്തിന്; ക്യാപ്റ്റൻ ആയിരുന്നെങ്കിൽ ചില പ്ലാനുകൾ ഉണ്ടായിരുന്നു; ബിഗ് ബോസ് താരങ്ങൾ ഫിറോസ് ഖാനും സജ്നയും മനസ് തുറക്കുന്നു

വിഷ്ണു.ജെ.ജെ.നായർ

 ടെലിവിഷൻ അവതാരകനെന്ന നിലയിലും ഡാൻസറെന്ന നിലയിലും ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ഫിറോസ് ഖാൻ. അദ്ദേഹത്തിന്റെ ഭാര്യ സജ്നയും ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബേ്രപക്ഷകരുടെ സ്വന്തമാണ്. എന്നാൽ ബിഗ് ബോസിലൂടെയായിരുന്നു അവർ കൂടുതൽ പ്രശസ്തരാകുന്നത്. അവിടെ അവർ ഉയർത്തിപ്പിടിച്ച നിലപാടുകൾ അവർക്ക് ഒരുപാട് ആരാധകരെയും ഹേറ്റേഴ്സിനെയും സൃഷ്ടിച്ചു. ബിഗ് ബോസ് മൂന്നാം സീസൺ വിജയികളെ പ്രഖ്യാപിക്കുമ്പോൾ പ്രേക്ഷകപിന്തുണ ഉണ്ടായിരുന്നിട്ടും പുറത്താക്കപ്പെട്ട ഫിറോസ്- സജ്ന ദമ്പതികൾക്ക് എന്താണ് പറയാനുള്ളത്? ബിഗ് ബോസിന് ശേഷം ഫിറോസ് ഖാനും സജ്നയും ആദ്യമായി മനസ് തുറക്കുന്നു.

ബിഗ് ബോസിലേയ്ക്ക് ആദ്യം വരുമ്പോൾ ആരൊക്കെയാണ് അവിടെ ഉണ്ടാകുക എന്നതിനെ പറ്റി വിവരം ലഭിച്ചിരുന്നോ?

ഫിറോസ് ഖാൻ: ഇല്ല. വളരെ രഹസ്യസ്വഭാവം സൂക്ഷിക്കുന്ന ഒരു പരിപാടിയാണ് ബിഗ് ബോസ്. അവർ ഓരോരുത്തരെയായാണ് ഇന്റർവ്യു ചെയ്യുന്നത്. നമുക്ക് മുമ്പോ ശേഷമോ ആരെയൊക്കെയാണ് ഇന്റെർവ്യു ചെയ്തതെന്ന് അറിയാൻ ഒരു മാർഗവുമില്ല. ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ സൂം മീറ്റിങ്ങിലൂടെയാണ് ഇന്റർവ്യു നടന്നത്. ചെന്നൈയിൽ എത്തിക്കഴിഞ്ഞാലുടൻ ഒരു വ്യക്തി വന്നിട്ട് നമ്മളെ ഒരു റൂമിലിട്ട് പൂട്ടുകയാണ്. ഫോൺ ഉപയോഗിക്കാം. ഭക്ഷണം കൃത്യമായി എത്തിച്ചുതരും. അവിടെ നിന്നും കണ്ണ് കെട്ടിയാണ് ലാലേട്ടൻ നിൽക്കുന്ന സ്റ്റുഡിയോയിൽ എത്തിക്കുന്നത്. അവിടെ നിന്നും കണ്ണ് കെട്ടി ബിഗ്ബോസ് ഹൗസിലും എത്തിക്കും.

സജ്ന: ഞാനൊക്കെ ബിഗ്ബോസ് ഫാനായിരുന്നെങ്കിലും എനിക്കടക്കം ഇതൊരു സ്‌ക്രിപ്റ്റഡ് പ്ലേ ആണോ എന്നൊരു സംശയമുണ്ടായിരുന്നു, അവിടേക്ക് കയറുന്നത് വരെ.

ഇങ്ങനെയൊരു ഫ്ളോറിൽ ലാലേട്ടനൊപ്പം നിൽക്കാൻ പറ്റിയപ്പോൾ എന്താണ് ഫീൽ ചെയ്തത്?

സജ്ന: എന്നെ സംബന്ധിച്ച് എന്റെ ഭാഗ്യം അവിടെ നിന്നും തുടങ്ങുകയാണ്. ലാലേട്ടനെ പോലൊരാളുടെ മുന്നിൽ നിൽക്കുക എന്നത് തന്നെയൊരു ഭാഗ്യമല്ലെ. എനിക്ക് സംസാരിക്കാൻ പോലും വാക്കുകൾ കിട്ടുന്നില്ലെന്നാണ് ഞാൻ പറഞ്ഞത്.

ഫിറോസ് ഖാൻ: എനിക്ക് വളരെമുമ്പ് ലാലേട്ടനുമായി ഒന്നിച്ചൊരു വേദിയിൽ ഷോ ചെയ്യാൻ സാധിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ അദ്ദേഹമത് ഓർക്കണമെന്നില്ല. ഇപ്പോൾ കിട്ടിയ അവസരം അദ്ദേഹത്തിന്റെ മനസിൽകൂടി കയറാൻ കഴിഞ്ഞ ഒരു അവസരമായിരുന്നു. അത് വളരെവലിയ സന്തോഷമാണ്. ലാലേട്ടൻ ഞങ്ങൾക്ക് പേഴ്സണലായി മെസേജ് വരെ അയച്ചു. ലാലേട്ടൻ ഇനി ഞങ്ങളുടെ പേര് മറക്കില്ല എന്നത് വലിയ ഭാഗ്യമായി തന്നെ കാണുന്നു.

ആദ്യത്തെ കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ ലാലേട്ടൻ ഞങ്ങളുടെ വീട്ടിലെ ഒരാളെ പോലെ തന്നെയായി. കാരണം ഞങ്ങൾ ബിഗ്ബോസ് വീട്ടിലുള്ളവരെ കഴിഞ്ഞാൽ പിന്നെ ആകെ കാണുന്നത് ലാലേട്ടനെ മാത്രമാണ്. പിന്നെ എനിക്ക് കിട്ടിയ ഒരു ഭാഗ്യമെന്നത് എന്നെ ഫിറോസെ എന്നും മോനേ എന്നും മാത്രമല്ല, എടാ എന്നും വിളിച്ചിട്ടുണ്ട്. അപ്പോൾ അത്രയും അടുപ്പം കൂടി.

സജ്ന അന്ന് കൂടെ ഉണ്ടായിരുന്നില്ലെങ്കിൽ ബിഗ് ബോസ് ഹൗസിൽ വലിയ അടി നടക്കുമായിരുന്നേനെ. ശരിയല്ലേ?

ഫിറോസ്: ശരിയാണ്. വലിയ വഴക്കുകൾ അവിടെ നടക്കുന്ന സമയത്ത് എന്റെ കൺട്രോൾ വിട്ടുപോകുമ്പോൾ സജ്നയാണ് എന്നെ പിടിച്ചുപിറകിലേയ്ക്ക് നിർത്തിയത്. സജ്ന ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ എന്റെ കൈവിട്ടുപോയേനെ. ഞാനൊരു പച്ചയായ മനുഷ്യനാണ്.

ഇതിനകത്ത് നിങ്ങളെങ്ങനെയാണ് സമയം അറിഞ്ഞിരുന്നത്?

ഞങ്ങൾക്ക് ശരിക്കും സമയം ഒന്നും അറിയില്ല. ലൈറ്റ് ഓഫ് ചെയ്ത് വാം ലൈറ്റ് മാത്രമാകുമ്പോൾ നമ്മൾക്ക് മനസിലാകും ഉറങ്ങാനുള്ള സമയമായെന്ന്. ലോകത്തിൻ ഗതിയറിയാതെ ലോകത്തിൻ കഥയറിയാതെ നമ്മളിരിക്കുന്നതുകൊണ്ടാകാം മൂന്ന് നാല് മണി വരെയൊക്കെ നമ്മൾ ഉറങ്ങാതെ ഇരിക്കുന്നത്. നമുക്കറിയില്ല അത്രയും സമയമായെന്ന്.

രാത്രി ഒരു പന്ത്രണ്ട് മണിയൊക്കെ ആകുമ്പോഴാണെന്ന് തോന്നുന്നു അവിടെ അസൂയയും കുശുമ്പും പറയുന്നത്. അന്ന് ഇക്ക് മൂന്ന് പേരെ ഇരുത്തി പറയുന്നുണ്ട്, നിങ്ങളിവിടെ വന്നിരിക്കുന്നത് അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയാനല്ല. ഞാൻ ഇവിടത്തെ ക്യാപ്റ്റനായാൽ എല്ലാവരെയും കൊണ്ട് പണി ചെയ്യിപ്പിക്കും എന്ന്.

സജ്ന: ബിഗ്ബോസിൽ നിന്നും പുറത്തായപ്പോൾ ഞങ്ങളുടെ ഏക വിഷമം അതായിരുന്നു. ക്യാപ്റ്റനായാൽ നടപ്പിലാക്കാൻ ഒരു പ്ലാൻ ഇക്കയ്ക്ക് ഉണ്ടായിരുന്നു. അത് നടപ്പിലാക്കാൻ പറ്റിയില്ലല്ലോ എന്നത് മാത്രമാണ് വിഷമം.

ഫിറോസ്: ഞങ്ങൾ ക്യാപ്റ്റനായാൽ ഇത്രയും ദിവസം നിങ്ങൾ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയായിരുന്നേനെ ഞാനവിടെ കൊണ്ടുവരുന്നത്. അത്തരമൊരു നല്ല പ്ലാനിങ് ഉണ്ടായിരുന്നു. പക്ഷെ അവരുടെ ഭാഗ്യവശാൽ, ഞങ്ങളുടെ നിർഭാഗ്യവശാൽ ഞങ്ങൾ ക്യാപ്റ്റനായില്ല.

ആ പ്ലാനിങ്ങിനെ പറ്റി എന്തെങ്കിലും സൂചന തരാൻ കഴിയോ?

ആരെങ്കിലും അവിടത്തെ സ്വിമിങ് പൂൾ വൃത്തിയാക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? സ്വിമിങ് പൂൾ വൃത്തിയാക്കാൻ ഒരാളെ ഇടുമായിരുന്നു. പിന്നെ പാചകമറിയില്ലെന്ന് പറഞ്ഞ് മാറി നിൽക്കുന്ന കുറച്ചുപേർ അക്കൂട്ടത്തിലുണ്ട്. അവരെ തന്നെ പാചകത്തിനിടും. എന്ത് അറിയില്ലെന്ന് പറയുന്നോ അവരെ തന്നെ അത് ഏൽപ്പിക്കാനായിരിക്കും ഞാൻ ശ്രമിക്കുക. എല്ലാവരും ഇതിലേയ്ക്ക് വന്നിരിക്കുന്നത് എല്ലാം അറിഞ്ഞുകൊണ്ടോ ഒന്നും അറിയാതെയോ അല്ല. എല്ലാത്തിനും മനസുണ്ടാകണം എന്നതാണ് പ്രധാനം. അവിടെ വന്നിരിക്കുന്നവരൊന്നും പാവങ്ങളല്ല. അതുകൊണ്ട് ആർക്കും പ്രത്യേക എക്സ്‌ക്യൂസ് നൽകേണ്ട കാര്യവുമില്ല.

മിഷേലും നിങ്ങളും ഒരുമിച്ചാണ് ബിഗ്ബോസ് ഹൗസിലേയ്ക്ക് വരുന്നത്. മിഷേൽ വലിയ ബോംബുകളുമായാണ് അവിടേയ്ക്ക് വന്നത്. പക്ഷെ അതൊന്നും വേണ്ടവിധം പൊട്ടിയില്ല. ബോംബുകൾ പൊട്ടിച്ചതൊക്കെ നിങ്ങളായിരുന്നല്ലോ?

ഫിറോസ്: അവിടെ വരുന്ന എല്ലാവരും ഓരോ ബോംബുകളുമായാണ് വരുന്നത്. പക്ഷെ ബോംബ് കൊണ്ടുവന്നാൽ മാത്രം പോരല്ലോ അതെങ്ങനെയാണ് പൊട്ടിക്കേണ്ടത് എന്നുകൂടി അറിയണ്ടേ.

ആദ്യബോംബ് പൊട്ടിച്ചത് അവിടത്തെ ഏറ്റവും മുതിർന്ന അംഗത്തിന് നേരെ തന്നെയല്ലെ?

ഫിറോസ്: ഞാനങ്ങനെ ആർക്കെങ്കിലും നേരെ ബോംബെറിയണമെന്ന് കരുതി പോകുന്നതല്ല. എനിക്ക് നേരെ കാണുന്ന തെറ്റുകൾ ഞാൻ ചോദിക്കും. പകരം എന്റെ തെറ്റുകൾ അവർക്കും ചോദിക്കാം. ഞാൻ എന്റെ കുറവുകളൊന്നും മറച്ചുവയ്ക്കുന്നില്ലല്ലോ. തെറ്റ് വരുത്താതിരിക്കുന്നതാണല്ലോ ഏറ്റവും നല്ലത്. അത് ചോദിക്കുമ്പോൾ എല്ലാവർക്കും അത് ഇഷ്ടപ്പെടില്ല. അങ്ങനെ അത് വഴക്കാകും. അല്ലാതെ വഴക്കുണ്ടാക്കണം എന്ന് കരുതി ചെയ്യുന്നതൊന്നുമല്ല.

അവിടെ ചെല്ലുമ്പോഴാണ് ഇത്രയും പേർ ഉണ്ടെന്നറിയുന്നത്. അവിടെ വ്യക്തിരപരമായി അറിയുന്ന ആരൊക്കെ ഉണ്ടായിരുന്നു?

ഫിറോസ്: കിടിലം ഫിറോസ്, സൂര്യ, മണിക്കുട്ടൻ, രമ്യ എന്നിവരെയാണ് വ്യക്തിപരമായി അറിയാവുന്നത്. നോബിയെ മുമ്പ് കണ്ടിട്ടുണ്ട്. ഭാഗ്യലക്ഷ്മി ചേച്ചിക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷെ വലിയ പരിചയമൊന്നുമില്ല.

അറിയുന്ന പൊലീസ് ഒരടി കൂടുതൽ അടിക്കും എന്ന് പറയുന്നത് പോലെ പരിചയമുള്ളവരുമായാണ് കൂടുതൽ പ്രശ്നങ്ങളുണ്ടായത്. ബിഗ് ബോസ് ഹൗസിൽ പലപ്പോഴും സജ്ന കരച്ചിലിന്റെ വക്കത്ത് നിൽക്കുന്നത് കണ്ടിട്ടുണ്ട്. ആ അവസ്ഥയിലും മൂക്കിൻതുമ്പത്ത് ദേഷ്യമുള്ള ഇക്കായെ എങ്ങനെയാണ് നിയന്ത്രിച്ചത്?

സജ്ന: എന്തെങ്കിലും തെറ്റുകണ്ടാൽ മുഖത്ത് നോക്കി ചോദിക്കുന്ന ശീലമാണ് ഇക്കയ്ക്ക്. അക്കാര്യത്തിലായിരുന്നു എനിക്ക് പേടി. മറ്റുള്ളവർ അതെങ്ങനെ എടുക്കുമെന്ന് അറിയില്ലലോ.

ഫിറോസ്: എന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നെന്ന് ബോധ്യപ്പെട്ടപ്പോൾ അത് തുറന്നുപറഞ്ഞയാളാണ് ഞാൻ. സജ്നയോട് തെറ്റ് ഞാൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്, സ്വന്തം ടീമായിരുന്നിട്ടും. ഞങ്ങളുടെ തെറ്റ് മറച്ചുവച്ചിട്ടല്ല വേറൊരാളുടെ തെറ്റ് കണ്ടുപിടിക്കുന്നത്. നമുക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ സമ്മതിക്കാൻ മടിയില്ല. അല്ലെങ്കിൽ നിങ്ങളെന്റെ തെറ്റ് ബോധ്യപ്പെടുത്തിത്തരണം. എന്നാൽ എല്ലാവർക്കും അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. സത്യത്തിന്റെ മുഖം വികൃതമാണെന്ന് പറയാറുണ്ടല്ലോ.

ഫേക്ക് എന്നൊരു പ്രയോഗം തന്നെ അതിന്റെ ആക്ഷനോടൊപ്പം വൈറലാക്കിയയാളാണ് സജ്ന. കൂടുതലും സൂര്യയെ കുറിച്ചാണ് അത് പറഞ്ഞിട്ടുള്ളത്. അങ്ങനെ പറഞ്ഞപ്പോൾ സൂര്യയുടെ റിയാക്ഷൻ എന്തായിരുന്നു?

സജ്ന: അതൊരു ഗെയിമിന്റെ ഭാഗമായിട്ട് പറഞ്ഞതാണ്. ആദ്യത്തെ മൽസരാർത്ഥി എല്ലാവരെയും സുഖിപ്പിച്ച് പറഞ്ഞപ്പോൾ ബിഗ് ബോസ് വാണിങ് നൽകി. അപ്പോൾ തുറന്നുപറയേണ്ടി വന്നു. അേ്രത ഉള്ളു.

ഫിറോസ്: അതിനെ കുറിച്ച് ഇനി പറയേണ്ടതില്ല. അതൊരു ഗെയിമിന്റെ ഭാഗമായിരുന്നു. അതിന് ശേഷം ഞാൻ സൂര്യയെ വിളിച്ചു. ബിഗ് ബോസ് കഴിഞ്ഞ ശേഷം ഞാൻ ഏറെക്കുറെ എല്ലാവരെയും വിളിച്ചു. ചിലർ മാത്രമാണ് ഇപ്പോളും അതിന്റെ വിഷമം മനസിൽ വച്ച് ഫോണെടുക്കാതിരുന്നത്. ഞാൻ ആരോടും മനസിൽ ശത്രുത വച്ചുകൊണ്ടിരിക്കുന്ന ആളല്ല. അങ്ങനെ തോന്നണമെങ്കിൽ അവരോട് ശത്രുത തോന്നേണ്ടത് എനിക്കാണ്. കാരണം ഏറ്റവുമധികം വോട്ടുകൾ ലഭിക്കുന്ന എന്നെ ജനങ്ങളല്ല ഔട്ടാക്കിയത്. അവരെ ജനങ്ങളാണ് പുറത്താക്കിയത്.

ബിഗ് ബോസ് ഹൗസിൽ ഏറ്റവുമധികം കോമഡി പറഞ്ഞ് ചിരിപ്പിച്ചിട്ടുള്ള ഒരാൾ കൂടിയാണ് ഫിറോസിക്ക. എങ്ങനെയാണ് ദേഷ്യത്തോടെ ഇരിക്കുമ്പോൾ ഇങ്ങനെ കോമഡി പറയാൻ പറ്റുന്നത്?

ഫിറോസ്: ഒരു മനുഷ്യനിൽ തന്നെ ഒരുപാട് വികാരങ്ങളുണ്ടല്ലോ. 24 മണിക്കൂർ അനുഭവങ്ങളാണല്ലോ ഒരു മണിക്കൂറിൽ ചുരുക്കിക്കാണിക്കുന്നത്. ദേഷ്യം വന്നാലും കുറച്ചുകഴിഞ്ഞ് അതുപോയിട്ട് മറ്റേതെങ്കിലും വികാരമായിരിക്കും. അതുകൊണ്ടാണ് അങ്ങനെ കാണുന്നത്. എല്ലാ മനുഷ്യരിലും എല്ലാ സ്വഭാവങ്ങളുമുണ്ട്. എല്ലാവരും 100% നല്ലവരോ 100% മോശക്കാരോ അല്ല. ഒരാൾ നല്ലവനാണെന്ന് 100 പേർ പറഞ്ഞാൽ അവനായിരിക്കും ഏറ്റവും വലിയ കള്ളൻ. കാരണം അവർ വ്യത്യസ്തരായ 100 പേരെ തൃപ്തിപ്പെടുത്താൻ നല്ലവനായി അഭിനയിക്കുകയാണ്. പക്ഷെ ഞാൻ എപ്പോഴും ഞാനായി നിൽക്കുമ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല.

ക്യാമറയ്ക്ക് മുന്നിൽ നല്ലവരാണെന്ന് ഭാവിച്ചിരുന്ന ആളുകളുടെ യഥാർത്ഥ മുഖം ഇക്ക വന്നശേഷം വെളിപ്പെട്ടു എന്നു പറഞ്ഞാൽ തെറ്റാകുമോ?

ഫിറോസ്: അത് ജനങ്ങൾ തന്നെ പറയുന്നതാണല്ലോ. ഞങ്ങളെ വിളിക്കുന്നവരും പറയാറുണ്ട്, ഫിറോസ് പറഞ്ഞതൊക്കെ ശരിയായിരുന്നെന്ന് ബോധ്യപ്പെട്ടു. ആദ്യം നിങ്ങളോട് ദേഷ്യമായിരുന്നു. നിങ്ങളെന്ത് വഴക്കാളികളാണ് എന്നാണ് വിചാരിച്ചത്. പിന്നീട് ബോധ്യപ്പെട്ടു നിങ്ങൾ പറഞ്ഞിട്ട് പോയതെല്ലാം അവിടെ യാഥാർത്ഥ്യമായി എന്ന്.

നിങ്ങൾ വഴക്കുണ്ടാക്കാൻ വേണ്ടി വന്നവരാണോ, കൊല്ലംകാരുടെ പേര് കളയാൻ വന്നവരാണോ എന്നൊക്കെയാണ് ആദ്യം മെസേജുകൾ വന്നിരുന്നത്. എന്താണ് ശരിക്കും അതിനകത്ത് നടന്നതെന്ന് ഇനി പ്രേക്ഷകരോട് തുറന്നുപറയാമോ?

ഫിറോസ്: പണത്തിന് വേണ്ടി എല്ലാ ഷോകളിലും പങ്കെടുക്കുന്ന ഒരാളല്ല ഞാൻ. വളരെ കുറച്ചുപരിപാടികൾ മാത്രമാണ് ഞാൻ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ അവയെല്ലാം നല്ല റേറ്റിങ് ഉള്ള പരിപാടികളായിരുന്നു. ഏഷ്യാനെറ്റ് പ്ലസിലെ ഡെയ്ഞ്ചർ ബോയ്സ്, സൂര്യയിലെ തില്ലാന തില്ലാന, കൈരളിയിലെ താരോൽസവമൊക്കെ അതാത് സമയത്തെ ആ ചാനലുകളിലെ ഏറ്റവും റേറ്റിങുള്ള പരിപാടികളായിരുന്നു. അന്നും എന്റെ ഫെയ്സ് ഇതുതന്നെയായിരുന്നു. ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ ഞാൻ ജഡ്ജസിനെ ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷെ ചാനൽ ടെലികാസ്റ്റ് ചെയ്തപ്പോൾ ആ ഭാഗം കട്ട് ചെയ്ത് കളഞ്ഞു. ബിഗ് ബോസ് നമ്മുടെ അത്തരം ഫെയ്സ് കൂടി കാണിക്കും എന്നതാണ് പ്രത്യേകത.

ഷോയിൽ നിന്നും നിങ്ങൾ പുറത്താകാനുള്ള പ്രധാന കാരണം 13 എന്ന നമ്പരായിരുന്നെന്ന് പൊതുവെ സംസാരമുണ്ട്. എന്തുകൊണ്ടാണ് മറ്റ് നമ്പരുകൾ എടുക്കാതെ 13 തന്നെ എടുത്തത്?

ഫിറോസ്: അവിടെയാണ് മറ്റുള്ളവരും നമ്മളും തമ്മിലുള്ള നിലപാടുകളുടെ വ്യത്യാസം. 100 ദിവസം അവിടെ നിന്ന് സുഖിച്ച് പൈസയും വാങ്ങിച്ചോണ്ട് വരാൻ പോയതല്ല ഞങ്ങൾ. അതറിയാത്തതുകൊണ്ടല്ല. പക്ഷെ ഇത്തരമൊരു പ്ലാറ്റ്ഫോമിൽ എവിടെ നിൽക്കണമെന്നും എങ്ങനെ നിൽക്കണമെന്നും ഞങ്ങൾക്കൊരു സ്റ്റാൻഡ് ഉണ്ട്. വെറുതെ പറയുന്നതല്ല. നിങ്ങൾ അവിടത്തെ ഗെയിമുകൾ എടുത്തുനോക്കു. ഞങ്ങളുടെ 100% വും നൽകിയാണ് ഞങ്ങൾ കളിക്കുന്നത്. അപ്പോഴും പുറത്ത് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് ഞങ്ങൾക്കറിയില്ല. ഓരോ തവണയും എലിമിനേഷനിൽ നിന്നും ഞങ്ങൾ രക്ഷപ്പെടുമ്പോൾ ഒന്നോ രണ്ടോ വോട്ട് കൂടുതൽ കിട്ടിക്കാണും എന്നാണ് ഞങ്ങൾ കരുതുന്നത്. പക്ഷെ സെയ്ഫ് ഗെയിം കളിക്കാൻ ഒരിക്കലും താൽപര്യമുണ്ടായിട്ടില്ല.

താങ്കൾ പുറത്തായപ്പോൾ കഴിഞ്ഞ സീസണിൽ സമാനമായ രീതിയിൽ പുറത്തായ ഡോ. രജിത് സാർ നിങ്ങളെ വന്നു കണ്ടിരുന്നു. അദ്ദേഹവുമായുള്ള ബന്ധം എങ്ങനെയാണ്?

ഫിറോസ്: കഴിഞ്ഞ ഒന്നും രണ്ടും സീസണുകളിലുള്ള നിരവധിപേർ ഫോൺ വിളിച്ച് അഭിനന്ദിച്ചിരുന്നു. രജിത്തേട്ടൻ നേരിട്ട് വന്നു. അപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. പുള്ളി നല്ലൊരു മനുഷ്യനാണ്. രണ്ടാം സീസണിലെ ഏറ്റവും മികച്ച പ്ലയറായിരുന്നു അദ്ദേഹം. ഒരുപാട് വിവരമുള്ള മനുഷ്യൻ. ഞാൻ രജിത് സാർ എന്നാണ് വിളിച്ചത്. അപ്പോൾ പുള്ളി തന്നെയാണ് സാർ എന്ന് വിളിക്കണ്ട, ചേട്ടാന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞത്. വായനയിലൂടെ മാത്രമല്ല, ഒരുപാട് ജീവിതാനുഭവങ്ങളുമുള്ള മനുഷ്യനാണ് അദ്ദേഹം. ഞാൻ ഒരുപാട് ബഹുമാനിക്കുന്നയാളാണ് പുള്ളി.

സജ്ന: ഞങ്ങൾ ഇറങ്ങിയതറിഞ്ഞ രജിത്തേട്ടൻ ഞങ്ങളെ വിളിക്കുകയായിരുന്നു. അങ്ങനെയാണ് പരിചയപ്പടുന്നതും ഇവിടേയ്ക്ക് വരുന്നതും.

സജ്ന നൃത്തരംഗത്തും അഭിനയരംഗത്തും സജീവമായി നിൽക്കുമ്പോഴാണ് ബിഗ് ബോസിൽ നിന്നും വിളി വരുന്നത്. പെട്ടെന്ന് മനസിൽ തോന്നിയതെന്താണ്?

ഫിറോസ്: അങ്ങനെ പെട്ടെന്നൊരു വിളി വന്നതല്ല. എന്റെ ജീവിതത്തിൽ ഇങ്ങോട്ട് അവസരങ്ങൾ ലഭിക്കുന്നത് വളരെ അപൂർവമാണ്. മിക്കതും അങ്ങോട്ട് തേടിച്ചെന്ന് വളരെ കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഡെയ്ഞ്ചർ ബോയ്സ് പോലും രണ്ട് വർഷം അസിസ്റ്റന്റായി ഒക്കെ നിന്നിട്ടാണ് ലഭിക്കുന്നത്. ബിഗ്ബോസിന്റെ കാര്യത്തിൽ ഏഷ്യാനെറ്റിൽ എന്നോട് സ്നേഹമുള്ള ചിലർ രണ്ടാം സീസണിൽ എന്റെ പേര് കൊടുത്തിരുന്നു. പക്ഷെ അതിന്റെ ഇന്റർവ്യൂവിൽ ഞാൻ പരാജയപ്പെട്ടു. അതിന് ശേഷം ഞാനും സജ്നയും സൂപ്പർ ജോഡി എന്ന റിയാലിറ്റി ഷോയിൽ കയറി. ആ സമയത്ത് സജ്ന എപ്പോഴും എന്നോട് പറയുമായിരുന്നു, ഇക്കാ പരിചയമുള്ള സംവിധായകരോടും ആർട്ടിസ്റ്റുകളോടുമുള്ള പരിചയം പുതുക്കിക്കൊണ്ടിരിക്കണം എന്നാലെ ഏതെങ്കിലും ഒരു റോൾ വരുമ്പോൾ എന്നെ ഓർക്കുകയുള്ളുവെന്ന്. അത് ശരിയാണ്. പക്ഷെ ഞാൻ അക്കാര്യത്തിൽ വളരെ മടിയുള്ളയാളാണ്.

മമ്മുക്കയുടെ അടക്കം പേഴ്സണൽ നമ്പർ എന്റെ കൈയിലുണ്ട്. അദ്ദേഹം എന്നോട് വളരെ താൽപര്യമുള്ളയാളുമാണ്. പക്ഷെ അവരെ പോയിക്കാണാനോ ബുദ്ധിമുട്ടിക്കാനോ എനിക്ക് താൽപര്യമില്ല. ഒരു ആർട്ടിസ്റ്റ് ഒരിക്കലും അങ്ങനെ പാടില്ല. എന്നാലും ഞാൻ അങ്ങനെയാണ്. സജ്ന എന്റെ ഫോണിൽ നിന്നും ഇവർക്കൊക്കെ സ്ഥിരം ഗുഡ് മോണിങ് ഒക്കെ അയക്കും. ഞാനത് അറിഞ്ഞിട്ടുപോലുമില്ല. രമ്യയും ആ ബ്രോഡ്കാസ്റ്റ് ലിസ്റ്റിലുണ്ടായിരുന്നു. അത് പിന്നീട് ബിഗ്ബോസിൽ ചർച്ച വരെയായി, ഞാൻ അയച്ചതാണ് എന്നതാണ് എന്ന നിലയിൽ. അപ്പോഴാണ് സജ്ന അയയ്ക്കുന്ന കാര്യം ഞാൻ അറിയുന്നത്. അങ്ങനെ കുറേനാൾ കഴിഞ്ഞപ്പോൾ സീസൺ 3 യിലേയ്ക്ക് ആളെ വിളിച്ചപ്പോൾ സജ്നയ്ക്ക് പങ്കെടുക്കാനായി ഒരു ശ്രമം നടത്തി. ആ സമയമൊക്കെയായപ്പോൾ സജ്ന കെകെ രാജീവിന്റെ സീരിയലിലൊക്കെ അഭിനയിച്ചുകഴിഞ്ഞിരുന്നു. എൻഡമോൾഷൈനിലുള്ള ഒരു സുഹൃത്ത് ഞങ്ങൾ രണ്ടുപേരുടെയും ബയോഡാറ്റ അയച്ചുകൊടുത്തു. അവസാനനിമിഷമാണ് രണ്ടുപേരും ഉണ്ടെന്നറിയുന്നത്. ഞാൻ കഴിഞ്ഞ സീസണുകളൊന്നും കണ്ട ഒരാളായിരുന്നില്ല. സെലക്ട് ആയ ശേഷമാണ് ഹോട്ട്സ്റ്റാറിൽ പഴയ എപ്പിസോഡുകളൊക്കെ കാണുന്നത്. അങ്ങനെയാണ് ഇതിലേയ്ക്ക് എത്തുന്നത്.

ഫിറോസ്‌ക്കയെ ഇഷ്ടപ്പെടാനുണ്ടായ കാരണങ്ങളൊക്കെ വളരെ ഹൃദയസ്പർശിയായി ഒരു എപ്പിസോഡിൽ സജ്ന പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ ഒരുപാട് ഓടിയ ഒരു എപ്പിസോഡായിരുന്നു അത്. എന്തുകൊണ്ടാണ് ഈ കാര്യങ്ങളൊക്കെ അവിടെ പറയാനുണ്ടായ സാഹചര്യം?

സജ്ന: ആ ഫ്ളോറിൽ സജ്നയെ ഏറ്റവും ആകർഷിച്ചതാരെന്നായായിരുന്നു അവിടെ ചോദിച്ചത്. അവിടെ അങ്ങനെ ആരെയും എനിക്ക് തോന്നിയിട്ടില്ല. ജീവിതത്തിൽ എനിക്ക് അങ്ങനെ ആകെ തോന്നിയത് എന്റെ ഇക്കയെയാണ്. അതുകൊണ്ടാണ് അതവിടെ പറയേണ്ടി വന്നത്. ഞാനും ഇക്കയും ഒന്നും മനസിൽ വച്ച് നടക്കുന്നയാളുകളല്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തുറന്നുപറയും. ഒരുകാര്യം മറച്ചുവച്ചാൽ അല്ലെങ്കിൽ ഒന്ന് മനസിൽ വച്ച് മറ്റൊന്ന് പറഞ്ഞാൽ അത് മറയ്ക്കാൻ പിന്നെ ഒരുപാട് നുണകൾ പറയേണ്ടി വരും. അതിനെക്കാൾ ആദ്യം തന്നെ സത്യം പറയുന്നതല്ലെ നല്ലത്. നമുക്കെന്ത് നഷ്ടപ്പെടാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP