Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കടയ്ക്കാവൂർ പീഡനക്കേസിൽ അന്വേഷണ സംഘത്തെ കുഴക്കിയത് 13 കാരൻ മൊഴിയിൽ ഉറച്ചുനിന്നത്; പ്രാഥമിക അന്വേഷണത്തിൽ ലോക്കൽ പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തതും മകൻ മൊഴിയിൽ ഉറച്ചുനിന്നതോടെ; അമ്മ നിരപരാധിയെന്ന് എസ്‌പി ദിവ്യ പി ഗോപിനാഥിന്റെ സംഘം കണ്ടെത്തിയത് ഇങ്ങനെ

കടയ്ക്കാവൂർ പീഡനക്കേസിൽ അന്വേഷണ സംഘത്തെ കുഴക്കിയത് 13 കാരൻ മൊഴിയിൽ ഉറച്ചുനിന്നത്; പ്രാഥമിക അന്വേഷണത്തിൽ ലോക്കൽ പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തതും മകൻ മൊഴിയിൽ ഉറച്ചുനിന്നതോടെ; അമ്മ നിരപരാധിയെന്ന് എസ്‌പി ദിവ്യ പി ഗോപിനാഥിന്റെ സംഘം കണ്ടെത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടയ്ക്കാവൂരിൽ 13 വയസുള്ള മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നിർണായകമായത് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഇടപെടൽ. ആദ്യ അന്വേഷണ ഏജൻസിയുടെ നിഗമനങ്ങളിലെ പൊരുത്തക്കേടുകൾ പൊളിച്ചത് ജസ്റ്റിസ് ഷേർസിയാണ്. ഹർജിക്കാരിയായ അമ്മയ്ക്ക് ജാമ്യം അനുവദിച്ച് കൊണ്ട് ജസ്റ്റിസ് ഷേർസി അന്വേഷണ ഏജൻസിക്ക് നൽകിയ നിർദ്ദേശങ്ങൾ കേസിലെ സത്യം പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നതായിരുന്നു. ഇതിനൊപ്പം അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്‌പി ദിവ്യ വി ഗോപിനാഥിന്റെ മികവും സത്യം പുറതതുകൊണ്ടുവരാൻ സഹായിച്ചു.

താൻ നിരപരാധിയെന്ന് കണ്ടെത്തിയതിൽ സന്തോഷമെന്ന് അമ്മ പ്രതികരിച്ചു. കുട്ടിയുടെ അച്ഛനും അഭിഭാഷകനുമാണ് കേസിന് പിന്നിൽ. ഒരു വർഷമായി മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു. മകനെക്കൊണ്ട് കള്ളക്കേസ് കൊടുത്ത മുൻ ഭർത്താവിനെതിരെ നിയമപോരാട്ടം തുടരുമെന്നും യുവതി പറഞ്ഞു.

എന്നാൽ പതിമൂന്നുകാരനായ മകൻ അമ്മയ്ക്കെതിരായ മൊഴിയിൽ ഉറച്ചു നിൽക്കുകയാണെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ് പി ഡോ. ദിവ്യ വി ഗോപിനാഥ് പറഞ്ഞു. അമ്മയ്ക്കെതിരെ തെളിവുകൾ കണ്ടെത്താനായിട്ടില്ല. വളരെ സങ്കീർണമായ കേസാണിത്. പരാതിയിൽ ആരോപിച്ച കാര്യങ്ങൾ സമഗ്രമായും ശാസ്ത്രീയമായും പരിശോധിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. എന്നാൽ അമ്മയ്ക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല. മകൻ മൊഴിയിൽ ഉറച്ചു നിന്നതാകാം പ്രാഥമിക അന്വേഷണത്തിലെ ലോക്കൽ പൊലീസ് നടപടിക്ക് കാരണമെന്നും ദിവ്യ വി ഗോപിനാഥ് വ്യക്തമാക്കി.

ബിരുദ വിദ്യാർത്ഥിനി ആയിരിക്കവെയാണ് ടെമ്പോ ക്ലീനറായിരുന്ന വ്യക്തിയുമായി യുവതി പ്രണയത്തിലാകുന്നതും വിവാഹം നടക്കുന്നതും. ഇവർക്ക് നാലു മക്കളുണ്ട്. തുടർന്ന് വിദേശത്ത് പോയ ഭർത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയുമായി അടുപ്പത്തിലായി. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. 2019-ൽ അച്ഛനൊപ്പം വിദേശത്ത് പോയ രണ്ടാമത്തെ മകനാണ് അഞ്ചു വയസുമുതൽ അമ്മ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് ചൈൽഡ് ലൈനും പൊലീസും അന്വേഷണം ആരംഭിച്ചു.

പോക്സോ കേസിൽ പ്രതിയായ യുവതിയെ ഡിസംബറിൽ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. 28 ദിവസമാണ് യുവതി ജയിലിൽ കിടന്നത്. ഇതിനിടെ പരാതി വ്യാജമാണെന്ന് കാട്ടി യുവതിയുടെ കുടുംബം രംഗത്തെത്തി. മറ്റൊരു സ്ത്രീയുമായി കഴിയുന്ന ഭർത്താവിനെതിരെ ജീവനാംശം തേടി പരാതി കൊടുത്തതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമെന്നായിരുന്നു ആരോപണം.

ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാരും രംഗത്തെത്തി. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരമാണ് ഡോ. ദിവ്യ വി ഗോപിനാഥിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപാകരിച്ച് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. ഇതിൽ പീഡനം നടന്നതായി കണ്ടെത്തനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. അതേസമയം അമ്മയ്ക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കാനായി കുട്ടിയെ ആരെങ്കിലും മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതമായി കേസെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

പതിമൂന്നുകാരൻ ഇല്ലാക്കഥ ചമച്ചു

അമ്മയ്ക്കെതിരെ പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകൻ ഒരു ഇല്ലാത്ത കഥ മെനയുകയായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. അശ്ലീല വീഡിയോ കാണുന്നത് അച്ഛൻ കണ്ടുപിടിച്ചപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനായുള്ള ഒരു പതിമൂന്ന് വയസ്സുകാരന്റെ തന്ത്രം. ശാസ്ത്രീയ പരിശോധനകൾ അടക്കം നടത്തിയതിന് പിന്നാലെയാണ് കുട്ടി അമ്മയ്ക്കെതിരെ നൽകിയ മൊഴി വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കടയ്ക്കാവൂർ സ്വദേശിയായ നാലു കുട്ടികളുടെ അമ്മയെ ഡിസബംറിലാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13 വയസ്സുകാരനായ രണ്ടാമത്തെ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ്. അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്റെ നിലപാട്. എന്നാൽ പീഡിപ്പിച്ചെന്ന അനിയന്റെ മൊഴിയിൽ യുവതിയുടെ മൂത്തകൂട്ടി ഉറച്ച് നിന്നു. വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മുൻ ഭർത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചെന്നായിരുന്നു സ്ത്രീയുടെ വാദം.

മകന്റെ വ്യാജ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു മാസം യുവതിക്ക് ജയിലിൽ കിടക്കേണ്ടി വന്നു. ഹൈക്കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചപ്പോൾ ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ തുടരന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചു. ഡോ. പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ഷർമ്മദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

എട്ട് ഡോക്ടർമാർ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയിൽ പാർപ്പിച്ച് കുട്ടിയെ പരിശോധിച്ചു. മാനസികാരോഗ്യ വിദഗ്ദ്ധർ ഉൾപ്പെടുന്ന സംഘമാണ് പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. ശാസ്ത്രീയ പരിശോധനയിൽ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകൾ കാണാറുണ്ടെന്നാണ് കൗൺസിലിംഗിൽ വ്യക്തമായത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തൽ.

കേസിന് പിന്നിൽ കുട്ടിയുടെ അച്ഛന് പങ്കുണ്ടെന്ന് അറസ്റ്റിലായ യുവതിയുടെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമ്മക്കെതിരായ കേസ് നിലനിൽക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്‌പി പ്രമോദ് കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കേസ് ആദ്യം അന്വേഷിച്ച കടക്കാവൂർ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. അത് ശരിവെക്കുന്നതാണ് പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്.

കേസിലെ ശാസ്ത്രീയ വിവങ്ങൾ പുറത്തു വന്നതോടെ കടയ്ക്കാവൂർ കേസ് ആദ്യ അന്വേഷണ സംഘത്തിനെതിരെ വനിതാ കമ്മീഷനും രംഗത്തുവന്നു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ആവശ്യപ്പെട്ടു. നിയപരാധിയായ സ്ത്രീയെ ജയിലിൽ അടച്ച നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ഷാഹിദ കമാൽ പറഞ്ഞു.

കേസിൽ ഹൈക്കോടതി ഉത്തരം തേടിയ ചോദ്യങ്ങൾ ഇങ്ങനെ:

1. ഷാർജയിലായിരുന്ന കുട്ടിയുടെ അച്ഛൻ ഒപ്പമുള്ള വനിതയ്ക്കും കുട്ടിക്കും ഒപ്പം നാട്ടിൽ മടങ്ങിയെത്തിയത് 2020 സെപ്റ്റംബറിലാണ്. പ്രോസിക്യൂഷൻ വാദപ്രകാരം ഷാർജയിൽ താമസിക്കുമ്പോഴാണ് കുട്ടി അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. കുട്ടി മൂകനും വിഷാദവാനും ആയിരിക്കുന്നത് നിരീക്ഷിച്ച് ചോദിച്ചപ്പോഴായിരുന്നു വെളിപ്പെടുത്തൽ എന്ന് പറയുന്നു. ഷാർജയിൽ കൗൺസലിങ് സൗകര്യങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് അവിടെ ഒരുഡോക്ടറെ കാണിച്ചു. 2020 സെപ്റ്റംബറിൽ നാട്ടിൽ മടങ്ങി എത്തിയെങ്കിലും, കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് നവംബർ 10 ന് മാത്രം. ഈ കാലതാമസം അന്വേഷിക്കുന്നതിൽ അന്വേഷണ ഏജൻസി വീഴ്ച വരുത്തി. ഈ കാലതാമസം എന്തുകൊണ്ട് സംഭവിച്ചുവെന്ന് ഏജൻസി അന്വേഷിക്കണം.

2. ഇരയായ കുട്ടിക്ക് കേരളത്തിൽ എത്തിയ ശേഷം പിതാവ് അവകാശപ്പെടുന്നത് പോലെ എന്തെങ്കിലും കൗൺസലിങ് നൽകിയിട്ടുണ്ടോ? പൊലീസിൽ പരാതിപ്പെടും മുമ്പ് ഇത്തരത്തിൽ കൗൺസലിങ് നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരങ്ങൾ

3.ഭർതൃപീഡനത്തിനെതിരെ 2019 ഒക്ടോബർ 8 ന് പരാതിക്കാരി നൽകിയ പരാതിയിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി എന്തെങ്കിലും നടപടി സ്വീകരിച്ചോ?

4. പരാതിക്കാരിയുടെ ഭർത്താവ് തനിക്കെതിരെയുള്ള കേസിനെ നേരിടാൻ കുടുംബ കോടതിയിൽ ഹാജരായിട്ടുണ്ടോ? ഇരുവരും തമ്മിലുള്ള ഭാര്യ-ഭർതൃബന്ധം വഷളായിരുന്നിരിക്കെ, മൈനറായ കുട്ടികളുടെ അവകാശത്തിനും ചെലവിനും വേണ്ടിയുള്ള പരാതിക്കാരിയുടെ നിയമപരമായ അവകാശം ഇല്ലാതാക്കുന്നതിനാണോ ഈ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്?

5. പരാതിക്കാരിയിൽ നിന്ന് വേർപെടുത്തി ഷാർജയിലേക്ക് മാറ്റിയ കുട്ടികൾക്ക് റഗുലർ സ്‌കൂളുകളിൽ ഔപചാരിക വിദ്യാഭ്യാസം നൽകുന്നുണ്ടോ? പരാതിക്കാരിയുടെ ഭർത്താവിനൊപ്പം ഷാർജയിൽ പോയ വനിതയുടെ കുട്ടികൾക്ക് റഗുലർ സ്‌കൂളിൽ ഔപചാരിക വിദ്യാഭ്യാസം നൽകുന്നുണ്ടോ? കേരളത്തിൽ നിന്ന് ഷാർജയിലേക്ക് പോകുമ്പോൾ കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു. എന്നാൽ, ഷാർജയിൽ എത്തിയ ശേഷം റഗുലർ ക്ലാസിൽ ചേർക്കാതെ ഖുറാൻ പഠിക്കാൻ മദ്രസയിലാക്കുകയായിരുന്നു എന്ന് കേസ് ഡയറിയിൽ പറയുന്നുണ്ട്.

6. ഇരയായ കുട്ടിക്ക് ക്രിമിനൽ ഉദ്ദേശ്യത്തോടെ അമ്മ മരുന്ന് നൽകിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. കേസ് ഡയറി പ്രകാരം കുട്ടിയുടെ ഇളയ സഹോദരന്റെ വസ്ത്രത്തിൽ നിന്ന് മരുന്നിന്റെ ഒഴിഞ്ഞ സ്ടിപ്പ് വീടുസന്ദർശനത്തിനിടെ സാമുഹിക പ്രവർത്തകൻ കണ്ടെടുത്തിരുന്നു. methylprednisolone എന്ന 10 ടാബ്ലറ്റുകൾ അടങ്ങിയ മരുന്നിന്റെ സ്ടിപ്പാണ് 10 വയസുള്ള കുട്ടിയുടെ പോക്കറ്റിൽ നിന്ന് കണ്ടെടുത്തത്. ഇത് സ്‌കിൻ അലർജിക്ക് ഡോക്ടർ കുറിച്ച മരുന്നാണെന്നാണ് പരാതിക്കാരിയുടെ മൊഴി. സ്റ്റിറോയിഡ് ടാബ്ലറ്റ് കിട്ടാൻ ഡോക്ടറുടെ കുറിപ്പടി ആവശ്യമാണ്. ഇതിന്റെ വിശദാംശങ്ങളിലേക്ക് അന്വേഷണ ഏജൻസി പോയിട്ടില്ല. ഇത് അലർജിക്ക് അമ്മ തരുന്ന മരുന്നെന്ന് ഇളയ കുട്ടിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പരാതിക്കാരി എന്തെങ്കിലും നിയമവിരുദ്ധമോ, മനുഷ്യവിരുദ്ധമോ ആയ കാര്യം ചെയ്യാൻ വേണ്ടിയാണ് മരുന്ന് നൽകിയതെന്ന് പറയാനാവില്ല. മാത്രമല്ല കഴിഞ്ഞ ഒരുവർഷമായി കുട്ടി പിതാവിനൊപ്പമായിരുന്നു. ഈ പശ്ചാത്തലത്തിൽ പരാതിക്കാരിയായ അമ്മ തനിക്ക് വേണ്ടിയോ കുട്ടികൾക്ക് വേണ്ടിയോ അലർജിക്കായി ഇത്തരം മരുന്ന് വാങ്ങാൻ ഡോക്ടറെ സമീപിച്ചിരുന്നോ എന്നും, അത്തരം മരുന്ന് ഡോക്ടർ കുറിച്ച് കൊടുത്തോ എന്നും അന്വേഷിക്കണം.

7. ശിശുസംരക്ഷണ സമിതിയുടെ ഷോട്ട് സ്റ്റേ ഹോമിൽ കുട്ടിയെ പാർപ്പിച്ച ദിവസങ്ങളിൽ കുട്ടിക്ക് കൗൺസലിങ് നൽകിയിരുന്നോ എന്ന് സമിതിയുടെ രേഖകൾ ഒത്തുനോക്കി സ്ഥിരീകരിക്കണം. എഫ്ഐആറിൽ കൗൺസലിങ് നൽകിയതായി പറയുന്ന രണ്ടുദിവസങ്ങൾ ഒഴിച്ചുള്ള ദിവസങ്ങളിലേതാണ് പരിശോധിക്കേണ്ടത്.

8 .ഇതുവരെ കേട്ടിട്ടില്ലാത്തതും ഗൗരവമേറിയതുമായ ആരോപണങ്ങളാണ് കുട്ടിയുടെ അമ്മയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത് എന്നത് കണക്കിലെടുത്ത് പൊലീസ് മേധാവി ഒരുവനിത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണം.

9. കുട്ടിയുടെ ഇക്യുവും, ഐക്യുവും അടക്കം പരിശോധിക്കാൻ അന്വേഷണ ഏജൻസി മെഡിക്കൽ ടെസ്റ്റ് നടത്തണം. ഒരു വനിതാ ഡോക്ടർ അടക്കം മെഡിക്കൽ വിദഗ്ദ്ധർ അടങ്ങുന്നതാവണം മെഡിക്കൽ ബോർഡ്. ശിശുരോഗ വിദഗ്ധൻ, ചൈൽഡ് സൈക്കോളജിസ്റ്റ്, സൈക്യാട്രിസറ്റ്, ന്യൂറോളജിസ്റ്റ്, എന്നിവർ അടങ്ങുന്നതാവണം മെഡിക്കൽ ബോർഡ്.

10. അന്വേഷണ ഏജൻസി ആവശ്യമെന്ന് കരുതുന്നുവെങ്കിൽ, അന്വേഷണം പൂർത്തിയാകുന്നത് വരെ ഇരയായ കുട്ടിയുടെ സുരക്ഷിത താമസത്തിനായി അച്ഛനിൽ നിന്ന് മാറ്റി ശിശുസംരക്ഷണ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റാവുന്നതാണ്.

11. ഇത്തരത്തിലുള്ള അപൂർവവും, അവിശ്വനീയവും, മനുഷ്യത്വ രഹിതവും, മൃഗീയവുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന കേസുകളിൽ, വിശേഷിച്ചും ഒരമ്മയ്ക്കെതിരെ ആകുമ്പോൾ പ്രാഥമികാന്വേഷണം നടത്തിയ ശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്യാവൂ എന്ന് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡിജിപി നിർദ്ദേശം നൽകണം.

12 മാതൃത്വത്തിന്റെ പരിപാവനത എന്നത് പൂർണമായും അവഗണിക്കപ്പെട്ട കേസാണിതെന്നും കോടതി നിരീക്ഷിച്ചു. ' മാതൃസ്‌നേഹത്തോളം വലിയ ഒരു സ്‌നേഹവും ഭൂമിയിൽ ഇല്ല. കുഞ്ഞ് പിറക്കുന്നതിനു മുൻപേ ഉരുവം കൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തിൽ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാൻ യോഗ്യയല്ല'', കോടതി ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.

13. അമ്മയ്ക്കെതിരെ ഇത്തരം മൃഗീയമായ ആരോപണങ്ങൾ ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയിൻ വാഷ് ചെയ്യുകയോ പഠിപ്പിച്ച് വിടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം.

14. തന്നെ അമ്മ ലൈംഗികമായി പീഡിപ്പിച്ചതായ കുട്ടിയുടെ മൊഴിയിൽ ഭേദം വന്നിട്ടില്ലെന്ന സീനിയർ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം പൂർണമായി ശരിയല്ല. പൊലീസിനും സിബ്ല്യുസിക്കും, ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിനും മുമ്പാകെ കുട്ടി നൽകിയ മൊഴികളിൽ ഭേദമുണ്ടെന്നും കോടതി നിരീക്ഷിച്ചു. തന്നെ വിവസ്ത്രനാക്കിയെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും നഗ്‌ന ശരീരത്തിൽ ചു:ബിക്കാൻ പ്രേരിപ്പിച്ചുവെന്നുമാണ് സിഡബ്ല്യുസിക്ക് മുമ്പാകെ നൽകിയ മൊഴി. എന്നാൽ മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ അമ്മ രാത്രിയിൽ വീഡിയോ കോളുകൾ ചെയ്യുമെന്നും അതിന് ശേഷം തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുമെന്നും ദേഹത്ത് കയറി കിടക്കുമെന്നുമാണ്. മെഡിക്കൽ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP