Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പരിപാടികൾ കാണാൻ ആളില്ലാതെ കൈരളി ചാനൽ വിൽപ്പനക്ക് വെച്ചോ? ബോർഡിൽ ഇല്ലാത്ത മമ്മൂട്ടി എങ്ങനെ കൈരളി ചെയർമാനായി? കൈരളി ചാനൽ മുംബൈ ഗ്രൂപ്പിന് വിൽക്കുന്നു എന്ന ജന്മഭൂമി വാർത്തകൾക്ക് പിന്നിലെ യാഥർഥ്യം അറിയാം; വിവാദ വാർത്ത ബ്രിട്ടാസ് രാജ്യസഭാ എം പി ആയതിന് പിന്നാലെ

പരിപാടികൾ കാണാൻ ആളില്ലാതെ കൈരളി ചാനൽ വിൽപ്പനക്ക് വെച്ചോ? ബോർഡിൽ ഇല്ലാത്ത മമ്മൂട്ടി എങ്ങനെ കൈരളി ചെയർമാനായി? കൈരളി ചാനൽ  മുംബൈ ഗ്രൂപ്പിന് വിൽക്കുന്നു എന്ന ജന്മഭൂമി വാർത്തകൾക്ക് പിന്നിലെ യാഥർഥ്യം അറിയാം; വിവാദ വാർത്ത  ബ്രിട്ടാസ് രാജ്യസഭാ എം പി ആയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൈരളി ചാനൽ വിൽപ്പനയ്‌ക്കെന്ന ജന്മഭൂമി വാർത്ത അടിസ്ഥാന രഹിതം. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൈരളി ചാനൽ വിൽപനയ്ക്ക്. പരിപാടികളുടെ മുഴുവൻ ചുമതല സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ് എന്നതരത്തിലാണ് ജന്മഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.എന്നാൽ ചാനൽ റേറ്റിങ്ങ് ഉൾപ്പടെയുള്ള വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ വാർത്ത അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാണ്. കോവിഡ് കാലമായതിനാൽ തന്നെ ഭൂരിഭാഗം ചാനലുകളും നഷ്ടത്തിന്റെ പാതയിലാണ്.  ഈ സാഹചര്യത്തിലാണ് ദേശാഭിമാനിയെക്കാളും പാർട്ടിയെ സംരക്ഷിച്ച് നിർത്തുന്നതിൽ മുൻപന്തിയിലുള്ള ഒരു ചാനൽ വിൽപ്പനയ്ക്ക് വച്ചു എന്ന തരത്തിലുള്ള വാർത്തയുടെ ആധികാരികത പരിശോധിക്കപ്പെടേണ്ടത്.

നഷ്ടത്തിലാണ് ചാനൽ എ്ന്നു പറയുമ്പോൾ തെളിവുകൾ വ്യക്തമാക്കാത്തത്, ചാനൽ വിൽപ്പനയാണോ അതോ പരിപാടിയുടെ ചുമതല മറ്റു എജൻസികളെ എൽപ്പിക്കുന്നതാണോ എന്നതിലെ അവ്യക്തത എന്നിവയിൽ തുടങ്ങി സീകേരളയെപ്പോലും പിന്നിലാക്കിയുള്ള കൈരളി ചാനലിന്റെ റേറ്റിങ്ങും അമൃതയെപ്പോലും പിന്തള്ളിയുള്ള കൈരളി വിയുടെ റേറ്റിങ്ങും വരെ കണ്ടില്ലെന്നടിച്ചാണ് ചാനൽ നഷ്ടത്തിലാണെന്ന തരത്തിൽ ഒരു വാർത്ത ബിജെപി പോലെയുള്ള ഒരു ദേശീയ പാർട്ടിയുടെ മുഖപത്രമായാ ജന്മഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഇതിനൊക്ക പുറമെ വാർത്തയുടെ മുഴുവൻ ആധികാരികതയെയും ചോദ്യം ചെയ്്ത് ചാനൽ ചെയർമാൻ മമ്മൂട്ടി ബോർഡംഗം പോലുമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.അതേ റിപ്പോർട്ടിൽ തന്നെയാണ് ചെയർമാൻ സ്ഥാനത്ത് പിഐ മുഹമ്മദ് കുട്ടിയാണ് ഒപ്പുവെച്ചതെന്നും പറയുന്നത്.പിഐ മുഹമ്മദ് കുട്ടിയാണ് സാക്ഷാൽ മമ്മൂട്ടിയെന്ന കാര്യവും ഇവിടെ അറിയാതെ പോയി.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൈരളി ചാനൽ വിൽപനയ്ക്ക്. പരിപാടികളുടെ മുഴുവൻ ചുമതല സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ് എന്നതാണ് വാർത്തയുടെ ഉള്ളടക്കം.രണ്ടു ലക്ഷത്തോളം പേരിൽ നിന്ന് ഓഹരി എടുത്ത് സിപിഎം 2000ൽ ആരംഭിച്ച മലയാളം കമ്യൂണിക്കേഷൻസ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് കൈരളി ചാനൽ. പിന്നീട് വാർത്തക്കും വാർത്താധിഷ്ടിത പരിപാടികൾക്കുമായി പീപ്പിൾ ടി.വി. എന്നൊരു ചാനൽ തുടങ്ങികയും കൈരളി ന്യൂസ് എന്ന് പുനർ നാമകരണം ചെയ്യുകയും ചെയ്തു.

യുവാക്കളെ ഉദ്ദേശിച്ച് കൈരളി വീ എന്നൊരു ചാനലും സംപ്രേഷണം തുടങ്ങി. എന്നാൽ, ഈ ചാനലുകൾ കാണാൻ ആളില്ലാത്തതുമൂലം വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ചാനലിനെ നയിച്ച ജോൺ ബ്രിട്ടാസ് രാജ്യസഭ അംഗമായി പോകുന്നതോടെ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകും. അതിനാലാണ് ചാനലുകൾ തന്നെ മറിച്ചു നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.2017 ൽ സമാന നീക്കം ഉണ്ടായിരുന്നു. എംസിഎൽ മീഡിയ ലിമിറ്റഡ്, കൈരളി ടെലിവിഷൻ ലിമിറ്റഡ് എന്ന രണ്ടു കമ്പനികൾ ഇതിനായി രജിസ്ട്രർ ചെയ്തു.

തിരുവനന്തപുരം പാളയത്തെ കൈരളി ചാനലിന്റെ വിലാസത്തിൽ രജിസ്ട്രർ ചെയ്തിരിക്കുന്ന രണ്ടു കമ്പനികളിലും ഒരേ ഡയറക്ടർമാരാണ് ഉള്ളത്. അതും രണ്ടു പേർ മാത്രം. ജോൺ ബ്രിട്ടാസും എ വിജയരാഘവനും. ചാനൽ ചെയർമാൻ മമ്മൂട്ടി പോലും ഡയറക്ടർ ബോർഡിൽ ഇല്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പാർട്ടി പിന്തുണയും സർക്കാർ സഹായവും ഉണ്ടായിരുന്നിട്ടും തുടക്കം മുതൽ പ്രതിസന്ധിയിലാണ് ചാനൽ എന്നു പറഞ്ഞാണ് വാർത്ത അവസാനിപ്പിക്കുന്നത്.

എന്നാൽ വാർത്തയുടെ തുടക്കം മുതൽ തന്നെ റിപ്പോർട്ടിൽ വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൈരളി ചാനൽ വിൽപനയ്ക്ക്. പരിപാടികളുടെ മുഴുവൻ ചുമതല സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ് എന്നാണ് അത്.ഒരു ചാനൽ വിൽപ്പന നടത്തുന്നതും ചാനലിന്റെ പരിപാടികളുടെ ചുമതല മറ്റൊരു കമ്പനിയെ ഏൽപ്പിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പരിപാടികളുടെ ചുമതല കമ്പനിയെ എൽപ്പിച്ചാൽ അത് ഒരിക്കലും വിൽപ്പനയാവില്ല.ഔട്ട് സോഴ്‌സിങ്ങ് മാത്രമാണ്

കൂടാതെ കമ്പനി നഷ്ടത്തിലാണെന്ന് പറയണമെങ്കിൽ അതിന് തെളിവ് വേണം.ഒരു കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അറിയാൻ കഴിയുന്നത് കമ്പനി സോഴ്‌സിലുടെയാണ്. അങ്ങിനെ പരിശോധിക്കുമ്പോൾ കൈരളി നഷ്ടത്തിൽ പോകുന്ന ഒരു ചാനൽ അല്ല.അത്യാവശ്യം ചെറിയ ലാഭത്തിൽ തന്നെ ഓടുന്ന ചാനലാണ് കൈരളി.മാത്രമല്ല കോവിഡ് കാലത്ത് ഒട്ടുമിക്ക ചാനലുകളും നഷ്ടത്തിലാണ്. ലാഭമെന്ന് പറയാൻ പറ്റുന്നത് ഏഷ്യാനെറ്റ് മാത്രമാണ്.അപ്പോൾ കൈരളി നഷ്ടത്തിലാണ് എന്നു പറയുന്നതിൽ ഔചിത്യക്കുറവും ഉണ്ട്.വിൽപ്പനയാണോ ചാനലിന്റെ പരിപാടിയുടെ ചുമതല വേറെ കമ്പനിയെ ഏൽപ്പിക്കുന്നതാണോ എന്ന് വ്യക്തമല്ല

രണ്ടാമത്തെ പോരായ്മ ചാനൽ ചെയർമാൻ മമ്മൂട്ടി പോലും ഡയറക്ടർ ബോർഡിൽ ഇല്ല എന്ന വാദമാണ്.കാരണം മലയാളം കമ്മ്യൂണിക്കേഷൻസിന്റെ ചെയർമാൻ മമ്മൂട്ടിയാണെന്ന് നമുക്കറിയാം. അങ്ങിനെ വരുമ്പോൾ ഡയറക്ടർ ബോർഡിൽ ഇല്ലാത്ത ഒരാൾ എങ്ങിനെയാണ് ചെയർമാൻ അകുന്നത്.ഒരുസ്ഥാപനത്തിന്റെ എംഡിയോ ചെയർമാനോ ആകണമെങ്കിൽ അതിന്റെ അടിസ്ഥാന യോഗ്യത അദ്ദേഹം ഡയറക്ടർ ബോർഡ് അംഗം ആകണമെന്നതാണ്. അപ്പോൾ മമ്മൂട്ടിക്ക് ചെയർമാൻ ആകണമെങ്കിൽ മമ്മൂട്ടിക്ക് ഡയറക്ടർ ബോർഡംഗം ആയേ മതിയാകു.

മലയാളം കമ്മ്യൂണിക്കേഷൻസിന്റെ ആർഒസിയിൽ സമർപ്പിച്ചിരിക്കുന്ന രേഖകൾ ഒക്കെ പരിശോധിച്ചാൽ അതിലൊക്കെത്തന്നെയും ഒപ്പുവച്ചിരിക്കുന്നത് പി ഐ മുഹമ്മദ് കുട്ടി ചെയർമാൻ എന്ന പേരിലാണ്.ഈ പി ഐ മുഹമ്മദ് കുട്ടിയാണ് സാക്ഷാൽ മമ്മൂട്ടി എന്നുപോലുമറിയാതെയാണ് ജന്മഭൂമി വാർത്ത എഴുതിയിരിക്കുന്നത്.ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാനത്തെ മുഖപത്രം തന്നെ ഇത്തരത്തിൽ വീഴ്‌ച്ച വരുത്തുന്നത് തീർത്തും ലജ്ജാകരമാണ്. വാർത്തയുടെ ആകെ ആധികാരികതയെയും ചോദ്യം ചെയ്യുന്നതാണ് ഇ പ്രസ്താവന എന്നതും ഖേദകരമാണ്.

ഇതിനൊക്കപ്പുറമെ സിപിഎം എന്ന പാർട്ടിയുടെ പ്രധാന ആയുധങ്ങളിലൊന്നായ ഈ ചാനൽ ഒരു സുപ്രഭാതത്തിലൊന്നും വിൽപ്പനയ്ക്ക് വെക്കാൻ പാർട്ടി തയ്യാറാവില്ല.ദേശാഭിമാനിയെക്കാൾ ഇടതുപക്ഷ സർക്കാറിനെ വീണ്ടും അധികാരത്തിലെത്തിച്ചതിൽ ഉൾപ്പടെ നിർണ്ണായക പങ്കാണ് ചാനൽ വഹിച്ചത്.ജോൺ ബ്രിട്ടാസ് രാജ്യസഭ അംഗമായതുകൊണ്ട് ചാനലിന്റെ മേൽനോട്ടത്തിൽ നിന്ന് മാറണം എന്നു പറയുന്നുണ്ടെങ്കിൽ മാതൃഭൂമി ചാനലിന്റെയും പത്രത്തിന്റെയും നടത്തിപ്പ് ഇപ്പോഴും കൈകാര്യം ചെയ്യുന്നത് രാജ്യസഭ അംഗമായ ശ്രേയാംസ് കുമാറാണ് എന്ന വസ്തുതയും മറക്കരുത്.

പറഞ്ഞു പ്രചരിപ്പിക്കുന്ന അത്രയും നഷ്ടത്തിലല്ല ഈ ചാനൽ എന്നതും വ്യക്തമാണ്.ബാർക്കിന്റെ റേറ്റിങ്ങ് പ്രകാരം പ്രോഗ്രാം ചാനലിന്റെ റേറ്റിങ്ങിൽ ആറാം സ്ഥാനത്തുണ്ട് കൈരളി ടിവി.182.29 പോയന്റോടെയാണ് കൈരളി ആറാം സ്ഥാനത്ത് നിൽക്കുന്നത്.635.48 പോയന്റുമായി ഏഷ്യാനെറ്റ്, 323.03 മായി മഴവിൽ മനോരമ, 307.52 പോയന്റുമായി ഫ്‌ളവേഴ്‌സ് എന്നീ ചാനലുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. സീകേരളയെപ്പോലും പിന്നിലാക്കിയാണ് കൈരളിയുള്ളത്.ഇനി വി ചാനലിന്റെ റേറ്റിങ്ങ് പരിശോധിച്ചാൽ 11 ാം സ്ഥാനത്ത് വീ യുമുണ്ട്. 80.79 പോയന്റുമായാണ് കൈരളി വി ഇ സ്ഥാനത്ത് നിൽക്കുന്നത്. അമൃതയുൾപ്പടെ പ്രമുഖ ചാനലുകൾ വീ ചാനലിന് പിന്നിലാണ്.

ഇതിൽ നിന്നു തന്നെ വാർത്തയിലെ പോരായ്മകൾ വ്യക്തമാണ്.മാത്രമല്ല കൈരളി ടിവി വാർത്തയിൽ സൂചിപ്പിച്ചത് പോലെ നഷ്ടത്തിലല്ല എന്നും വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP