Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആറ്റിങ്ങലിലെ 15 ലക്ഷത്തിന്റെ വിദേശ മദ്യക്കൊള്ള: സർക്കാർ നിലപാട് അറിയിക്കാനും തൽസ്ഥിതി റിപ്പോർട്ടു ഹാജരാക്കാനും കോടതി ഉത്തരവ്; ലോക്ഡൗണിൽ മദ്യഷോപ്പ് അടച്ചിട്ടപ്പോൾ കവർച്ചാ മദ്യം ബ്ലാക്കിൽ മറിച്ചു വിറ്റത് നാലും അഞ്ചും ഇരട്ടി വിലയ്ക്ക്

ആറ്റിങ്ങലിലെ 15 ലക്ഷത്തിന്റെ വിദേശ മദ്യക്കൊള്ള: സർക്കാർ നിലപാട് അറിയിക്കാനും തൽസ്ഥിതി റിപ്പോർട്ടു ഹാജരാക്കാനും കോടതി ഉത്തരവ്; ലോക്ഡൗണിൽ മദ്യഷോപ്പ് അടച്ചിട്ടപ്പോൾ കവർച്ചാ മദ്യം ബ്ലാക്കിൽ മറിച്ചു വിറ്റത് നാലും അഞ്ചും ഇരട്ടി വിലയ്ക്ക്

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം: ആറ്റിങ്ങൽ ബിവറേജസ് ഗോഡൗണിൽ നിന്നും 15 ലക്ഷം രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൊള്ളയടിച്ച് അഞ്ചിരട്ടി വിലക്ക് ബ്ലാക്കിൽ മറിച്ചു വിറ്റ കേസിൽ സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. കേസന്വേഷണ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം റൂറൽ ആറ്റിങ്ങൽ സർക്കിൾ ഇൻസ്‌പെക്ടറോടും പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി. കൃഷ്ണ കുമാർ ഉത്തരവിട്ടു. കൂട്ടായ്മ മദ്യ കവർച്ചാ വിൽപന കേസിൽ മെയ് 26 മുതൽ റിമാന്റിൽ കഴിയുന്ന പ്രതികൾ സമർപ്പിച്ച റഗുലർ ജാമ്യ ഹർജി പരിഗണിക്കുകയായിരുന്നു ജില്ലാ കോടതി. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളിയ ജാമ്യം നിരസിക്കൽ ഉത്തരവുമായാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്.

മദ്യക്കടത്തിന് രജിസ്റ്റർ ചെയ്ത അബ്കാരി കേസ് സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസാണെന്നും കേസ് റെക്കോർഡുകൾ പരിശോധിച്ചതിൽ പ്രഥമദൃഷ്ട്യാ പ്രതികൾ കുറ്റകൃത്യം ചെയ്തതായി അനുമാനിക്കാവുന്നതാണെന്നും നിരീക്ഷിച്ചു കൊണ്ടാണ് ആറ്റിങ്ങൽ മജിസ്‌ട്രേട്ട് പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്. അതേ സമയം തങ്ങൾ നിരപരാധികളാണെന്നും കേസന്വേഷണം പ്രായോഗികമായി പൂർത്തിയായതിനാൽ തങ്ങളുടെ തുടർ ജയിൽ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ലെന്നും അതിനാൽ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കണമെന്നുമാണ് പ്രതികളുടെ ജാമ്യ ഹർജിയിലെ ആവശ്യം.

15 ലക്ഷം രൂപയുടെ 155 പെട്ടികളിലുള്ള 1395 ലിറ്റർ ബിവറേജസ് കോർപ്പറേഷൻ മുദ്ര പതിച്ച ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് 8 ദിവസങ്ങളിലായി കൊള്ളയടിക്കപ്പെട്ടത്. ബെവ് കോ വെയർ ഹൗസിൽ നിന്നുള്ള കവർച്ചാ മുതൽ നാലും അഞ്ചും ഇരട്ടി വിലക്കാണ് ലോക് ഡൗൺ മുതലാക്കി പ്രതികൾ ബ്ലാക്കിൽ വിറ്റഴിച്ചത്. മെയ് ആദ്യ വാരം മുതൽ മദ്യശാലകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടഞ്ഞു കിടന്നത് അമിത ലാഭം കൊയ്യാൻ പ്രതികൾക്ക് തുണയായി.

വെൽഡിങ് ജോലിക്കാരായ മൂങ്ങോട് സ്വദേശി കിരൺ (22) , കവലയൂർ സുമ വിലാസത്തിൽ മെബിൻ ആർതർ (23) , കവലയൂർ മൂങ്ങോട് പൂവത്തുവീട്ടിൽ അങ്കെ എന്ന രജിത് (47) , ചിറയിൻകീഴ് ആനത്തലവട്ടം ജിബിൻ നിവാസിൽ ജിബിൻ (29) , ഒറ്റൂർ മൂങ്ങോട് എവർഗ്രീൻ വീട്ടിൽ നിഖിൽ (21) , കവലയൂർ മൂങ്ങോട് സജിൻ വിജയൻ (35) എന്നിവരടക്കം 8 പേരാണ് മദ്യക്കവർച്ചാ വിൽപന കേസിലെ പ്രതികൾ.

2021 മെയ് മാസത്തിലാണ് മദ്യക്കവർച്ച നടന്നത്. വെൽഡിങ് ജോലികൾ അറിയാവുന്ന മെബിനും കിരണും മേൽക്കൂരയിൽ കയറി റൂഫ് ഷീറ്റ് നട്ടിളക്കി ബിവറേജസ് ഗോഡൗണിനുള്ളിൽ കടന്ന് മദ്യം മോഷ്ടിച്ച് പുറത്തു കടത്തുകയായിരുന്നു. ഒരാൾ പുറത്തിറങ്ങിയ ശേഷം മദ്യക്കുപ്പികളടങ്ങിയ പെട്ടികൾ പുറത്തേക്ക് കൊടുത്തു. മോഷണത്തിന് ശേഷം ഷീറ്റുകൾ നട്ടിട്ട് ഉറപ്പിക്കുകയും ചെയ്തു. 8 ദിവസങ്ങളിലായാണ് കവർച്ച നടന്നതെന്ന് ഗോഡൗണിലെ സിസിടിവി ഫൂട്ടേജിൽ നിന്ന് വ്യക്തമായി.

കിരണും മെബിനും ഫോൺ ചെയ്യുന്ന പ്രകാരം സംഘാംഗങ്ങൾ കാറിൽ വന്ന് കവർച്ചാ മുതൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു. രജിത്ത് മദ്യം കാറിൽ കയറ്റി മൂങ്ങോട്ടു കൊണ്ടു പോയി. മെബിൻ മോഷ്ടിച്ചെടുത്ത മദ്യം വിൽപന നടത്തിയത് ജിബിനും നിഖിലും കൂട്ടാളികളും ചേർന്നാണ്. മോഷ്ടിച്ചെടുത്തതിൽ 6 പെട്ടിയിലുണ്ടായിരുന്ന മദ്യം ജിബിനും 4 പെട്ടിയിലുണ്ടായിരുന്ന മദ്യം നിഖിലുമാണ് വിറ്റത്. അര ലിറ്റർ മദ്യം 850 രൂപക്കും ഒരു ലിറ്റർ മദ്യം 1,700 രൂപക്കുമാണ് മെബിൻ ഇരുവർക്കും നൽകിയത്.

ഇവർ ഇത് മറിച്ചുവിറ്റത് 1,500നും 3,000 നുമാണ്. കവർച്ചാ മദ്യ വിൽപനയിലൂടെ 3 പ്രതികൾ സ്വരൂപിച്ച പണമായ 1,54,000 രൂപ പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്ത് തൊണ്ടി മുതലായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മദ്യം കടത്താനുപയോഗിച്ച 3 കാറുകളും ബൈക്കുകളും കൂടി മെയ് 26 ന് പൊലീസ് റിക്കവറി മഹസറിൽ വിവരിച്ച് ബന്തവസിലെടുത്ത് കോടതിയിൽ ഹാജരാക്കി.

കൂട്ടായ്മ മദ്യ കവർച്ചാ വിൽപന കേസിലെ കൃത്യത്തിലുൾപ്പെട്ട 8 പ്രതികളിൽ മെബിൻ കടക്കാവൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസിലും കല്ലമ്പലം സ്റ്റേഷനിൽ നിലവിലുള്ള പന്നിഫാമിൽ അതിക്രമിച്ചു കയറി പന്നികളെ വെട്ടിക്കൊന്ന് പന്നി മാംസം കടത്തിയ കേസിലും പ്രതിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP