Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സേവറി നാണു കൊലക്കേസ് പുനരന്വേഷിക്കണമെന്ന് കുടുംബം; കെ സുധാകരൻ നടത്തിയത് കുറ്റസമ്മതമെന്ന് നാണുവിന്റെ ഭാര്യ; പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും; നീതി കിട്ടാൻ സിപിഎം സഹായം ചെയ്യുമെന്ന് എം വി ജയരാജൻ

സേവറി നാണു കൊലക്കേസ് പുനരന്വേഷിക്കണമെന്ന് കുടുംബം; കെ സുധാകരൻ നടത്തിയത് കുറ്റസമ്മതമെന്ന് നാണുവിന്റെ ഭാര്യ; പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും; നീതി കിട്ടാൻ സിപിഎം സഹായം ചെയ്യുമെന്ന് എം വി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവർത്തകനായ സേവറി നാണു കൊലപ്പെട്ട കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം. സേവറി നാണു വധം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നാണുവിന്റെ ഭാര്യ ഭാർഗവി പുനരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയത്.

സുധാകരൻ നടത്തിയത് കുറ്റസമ്മതമാണെന്ന് ഭാർഗവി പറഞ്ഞു. കൊലപാതകം കരുതിക്കൂട്ടി നടപ്പിലാക്കിയാണ്. ഉത്തരവാദിത്തത്തിൽ നിന്ന് കെ സുധാകരന് ഒഴിഞ്ഞുമാറാൻ ആകില്ല. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. നിയമനടപടി സംബന്ധിച്ച് അഭിഭാഷകനുമായി ചർച്ച ചെയ്യുമെന്നും ഭാർഗവി ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു.

1992 ജൂൺ 13-നാണ് കണ്ണൂർ ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള സേവറി ഹോട്ടലിലെ ജീവനക്കാരനായിരുന്ന നാണുവിനെ ഒരു സംഘം അക്രമികൾ ബോംബെറിഞ്ഞ് കൊന്നത്. ''താൻ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരിൽ മറ്റൊരു സിപിഎം പ്രവർത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാൽ രാജി വയ്ക്കാം'', എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്.

നാണുവിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണെന്ന് പണ്ടും സിപിഎം ആരോപിച്ചിരുന്നതാണ്. തോക്കും ഉണ്ടയും എടുത്ത് നടക്കുന്ന മുഖ്യമന്ത്രി ഒരു വിരൽ ചൂണ്ടുമ്പോൾ നാലു വിരൽ തന്റെ നേരെത്തന്നെയാണ് ചൂണ്ടുന്നത് എന്നോർക്കണമെന്നാണ് കെ സുധാകരൻ പറഞ്ഞത്.

കണ്ണൂർ നഗരത്തിൽ നടക്കുന്ന ആദ്യബോംബേറ് സംഭവങ്ങളിലൊന്നായിരുന്നു സേവറി നാണുവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കെ സുധാകരന്റെ അനുയായികളാണ് ബോംബേറിന് പിന്നിലെന്ന ആരോപണം സജീവമായി അക്കാലത്ത് തന്നെ ഉയർന്നിരുന്നതാണ്. പല സിപിഎം വേദികളിലും പ്രസംഗങ്ങളിൽ ഇന്നും സേവറി നാണുവിന്റെ മരണം പരാമർശിക്കപ്പെടാറുണ്ട്. ഊണ് വിളമ്പിക്കൊണ്ടിരിക്കെയാണ് ബോംബേറ് കൊണ്ട് ഊണിലകളിൽ രക്തവും മാംസവും ചിതറി നാണു മരിച്ചു വീണത് എന്നാണ് പാർട്ടി വെബ്‌സൈറ്റിൽ രക്തസാക്ഷിയെക്കുറിച്ചെഴുതിയിരിക്കുന്നത്.


സേവറി നാണുവിന്റെ കുടുംബത്തിന് നീതി കിട്ടാൻ സിപിഎം സഹായം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കി. നാണുവിനെ കൊന്നവരെ സുധാകരന് അറിയാം.ഇത് അതീവ ഗൗരവമായി പരിഗണിക്കണം. വാർത്താസമ്മേളനത്തിലെ സുധാകരന്റെ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സേവറി നാണു വധം കോൺഗ്രസിന് മേൽ കെട്ടിവെച്ചതാണെന്ന് കണ്ണൂർ മേയർ ടി.ഒ. മോഹനൻ പ്രതികരിച്ചു. വിചാരണ പൂർത്തിയായി കേസിൽ വിധി പ്രസ്താവിച്ചതാണ്. കെ. സുധാകരൻ പറഞ്ഞതിനെ പിന്തുണക്കുന്നുവെന്നും മോഹനൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ബ്രണ്ണൻ കോളേജ് വിവാദത്തിൽ കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ പ്രതികരിക്കവെയാണ് സേവറി നാണുവിന്റെ കൊലപാതകം കെ സുധാകരൻ പരാമർശിച്ചത്. സേവറി നാണുവിന്റെ കൊലയല്ലാതെ തന്റെ കാലഘട്ടത്തിൽ കോൺഗ്രസ് പ്രവർത്തകർ മൂലം മറ്റൊരു സിപിഎം പ്രവർത്തകനും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കെ. സുധാകരൻ പറഞ്ഞത്. താൻ അധ്യക്ഷനായ ശേഷം കണ്ണൂരിൽ സിപിഎമ്മിന് നഷ്ടപ്പെട്ട രണ്ടാമതൊരു സിപിഎം. പ്രവർത്തകന്റെ പേര് പിണറായി പറഞ്ഞാൽ കെപിസിസി. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാമെന്നും കെ സുധാകരൻ വെല്ലുവിളിച്ചിരുന്നു.

28 കോൺഗ്രസിന്റെ പ്രവർത്തകരെ വെട്ടി നുറുക്കി കാശാപ്പ് ചെയ്ത മണ്ണാണ് കണ്ണൂരിലേത്. 28 പേരെ വെട്ടികൊന്നപ്പോൾ കോൺഗ്രസിന്റെ ഭാഗത്തുനിന്നു വന്ന കൈപ്പിഴയാണ് നാണുവിന്റെ കൊല എന്നായിരുന്നു സുധാകരൻ പറഞ്ഞത്. തനിക്ക് നേരെയും നിരവധി ആക്രമണങ്ങൾ നടന്നുവെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

മാധ്യമപ്രവർത്തകർക്ക് കണ്ണൂരിൽ വന്ന് അന്വേഷണം നടത്താം. കണ്ണൂരിലെ സെൻട്രൽ ജയിലിൽ കഴിഞ്ഞ ഒരു 20 വർഷക്കാലമായി കോൺഗ്രസിന്റെ എത്ര തടവുകാർ ശിക്ഷിക്കപ്പെട്ടു കണ്ണൂർ ജയിലിൽ ഉണ്ട് എന്ന് പരിശോധിക്കണം. സിപിഎമ്മിന്റെ എത്ര പേരുണ്ടെന്ന് പരിശോധിക്കണം. ഇപ്പോഴുമുണ്ട് സിപിഎമ്മിന്റെ 10-20 പ്രതികൾ, കൊലയാളികളായ പ്രതികൾ. കോൺഗ്രസിന്റെ ഒരു പ്രവർത്തകൻ ജയിലിൽ പ്രതിയായി ഇല്ല.

'ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ എന്റെ കുട്ടികൾ ശിക്ഷിക്കപ്പെടില്ലേ, എന്റെ കുട്ടികൾ കേസിൽ പ്രതിയാകില്ലേ. കാണിക്കാമോ നിങ്ങൾക്ക് കണ്ണൂരിൽ ഒരിടത്ത് ഒരു സ്ഥലത്ത്. സേവറി നാണുവിന്റ കൊലയല്ലാതെ എന്റെ കാലഘട്ടത്തിൽ കണ്ണൂരിൽ സിപിഎമ്മിന് നഷ്ടപ്പെട്ട സിപിഎം. പ്രവർത്തകന്റെ പേര് പിണറായി പറഞ്ഞാൽ കെപിസിസി. പ്രസിഡന്റ് സ്ഥാനം ഞാൻ രാജിവയ്ക്കും.

'ഇ.പി. ജയരാജൻ വധശ്രമക്കേസിൽ ഞാനാണ് പ്രതിയെന്ന് നിങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ ഞാൻ പ്രതിയല്ല. എന്നെ പ്രതിയാക്കാൻ നിങ്ങൾ ശ്രമിച്ചു. അന്വേഷണത്തിൽ എനിക്ക് ഒരു റോളും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിപട്ടികയിൽ നിന്ന് എന്നെ ഒഴിവാക്കി. ഏതെങ്കിലും ഒരു കൊലക്കേസിൽ ഞാൻ പ്രതിയാണെന്ന് നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാമോ?' എന്നും കെ.സുധാകരൻ ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP