Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രണ്ണൻ കോളജ് കാലത്തെ തല്ല് ഒന്നാം പേജിൽ; ശൈലജയുടെ രാജ്യാന്തര പുരസ്‌കാര വാർത്തയെ പിൻപേജിലൊതുക്കി ദേശാഭിമാനി; കൈയൊഴിഞ്ഞ് പാർട്ടിയും സൈബർ സഖാക്കളും; മദ്ധ്യയൂറോപ്പിലെ പ്രധാന സർവകലാശാലയുടെ അംഗീകാരം കണ്ടില്ലെന്ന് നടിക്കുന്നത് മുഖ്യന്റെ കോപം ഭയന്ന്; ആത്മവഞ്ചനയുടെ മൗനമെന്ന വിമർശനം ഉയരുന്നു

ബ്രണ്ണൻ കോളജ് കാലത്തെ തല്ല് ഒന്നാം പേജിൽ; ശൈലജയുടെ രാജ്യാന്തര പുരസ്‌കാര വാർത്തയെ പിൻപേജിലൊതുക്കി ദേശാഭിമാനി; കൈയൊഴിഞ്ഞ് പാർട്ടിയും സൈബർ സഖാക്കളും; മദ്ധ്യയൂറോപ്പിലെ പ്രധാന സർവകലാശാലയുടെ അംഗീകാരം കണ്ടില്ലെന്ന് നടിക്കുന്നത് മുഖ്യന്റെ കോപം ഭയന്ന്; ആത്മവഞ്ചനയുടെ മൗനമെന്ന വിമർശനം ഉയരുന്നു

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ ശൈലജയെ തേടിയെത്തിയ സുപ്രധാന അന്താരാഷ്ട്ര പുരസ്‌കാരത്തോട് അകലം പാലിച്ച് സിപിഎം നേതാക്കളും മന്ത്രിമാരും പാർട്ടി മുഖപത്രവും. ബ്രണ്ണൻ കോളജ് കാലത്തെ തല്ലിനെ മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയനും കെ.സുധാകരനും തമ്മിൽ നടക്കുന്ന വാദപ്രതിവാദം ഒന്നാം പേജിൽ വിശദമായി നൽകിയ ദേശാഭിമാനി അവസാന പേജിലാണ് പുരസ്‌കാര വാർത്തയും ചിത്രവും നൽകിയിരിക്കുന്നത്.

ആരോഗ്യമന്ത്രി എന്ന നിലയിലും വനിതാ നേതാവ് എന്ന നിലയിലും കെ.കെ. ഷൈലജ ടീച്ചറും പൊതു ആരോഗ്യ രംഗത്തെ അർപ്പണമനോഭാവമുള്ള സഹപ്രവർത്തകരും ചേർന്ന് നടത്തിയ പ്രതിരോധപ്രവർത്തനങ്ങളെ മുൻനിർത്തിയാണ് സുപ്രധാന അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി ഓപ്പൺ പ്രൈസ് ശൈലജ ടീച്ചർക്ക് ലഭിച്ചത്.

നിശ്ചയദാർഢ്വമുള്ള നേതൃത്വവും സാമൂഹ്യാടിസ്ഥാനത്തിലുള്ള പൊതു ജനാരോഗ്യനയവും ഫലപ്രദമായ വിനിമയവും എങ്ങനെ ജനങ്ങളുടെ ജീവനെ രക്ഷിക്കും എന്ന് കോവിഡ് 19 മഹാവ്യാധിയുടെ കാലത്ത് കാണിച്ചു തന്നു എന്നാണ് പുരസ്‌കാര പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നത്.

ജൂൺ 20ന് ഔദ്യോഗിക പ്രഖ്യാപനവും പുരസ്‌കാര വാർത്തയും വന്നെങ്കിലും സിപിഎം നേതാക്കളോ, സൈബർ സിപിഎം പേജുകളോ ഇക്കാര്യം അറിഞ്ഞ മട്ടില്ല. മന്ത്രിമാരിൽ ശൈലജ ടീച്ചറുടെ പിൻഗാമിയായി എത്തിയ ആരോഗ്യമന്ത്രി വീണ ജോർജ്ജ് അല്ലാതെ ആരും ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടില്ല. എ.എം.ആരിഫ് എംപി ഫേസ്‌ബുക്കിൽ അഭിനന്ദന പോസ്റ്റ് ഇട്ടിരുന്നു.

അതേ സമയം സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് വാർത്തയും വീഡിയോയും നൽകിയിരുന്നു. ദേശാഭിമാനി വെബ് എഡിഷനും അവാർഡ് വിവരം പങ്കുവച്ചിരുന്നു. എന്നാൽ ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിന്റെ ഏറ്റവും അവസാന പേജിലാണ് വാർത്തയും ചിത്രവും ഉൾക്കൊള്ളിച്ചത്.

ആരോഗ്യമന്ത്രി എന്ന നിലയിൽ രാജ്യാന്തര സ്വീകാര്യത നേടിയ കെ.കെ.ശൈലജയെ ഇത്തവണ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയിൽ ഉൾപ്പടെ വ്യാപക വിമർശനം നേരിട്ടിരുന്നു. സമാനമായ വിമർശനമാണ് രാജ്യാന്തര പുരസ്‌കാരത്തോട് മുഖം തിരിച്ചതിലും പാർട്ടിയും സൈബർ സഖാക്കളും നേരിടുന്നത്.

വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് കവി പി.എൻ ഗോപീകൃഷ്ണൻ കുറിച്ചത് ഇങ്ങനെ

മദ്ധ്യയൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സർവ്വകലാശാലയാണ് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി (CEU). ലോകയൂണിവേഴ്‌സിറ്റികളുടെ അർഹതാപ്പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്ന്. അവർ വർഷാവർഷം നൽകി വരുന്ന ബഹുമതിയാണ് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഓപ്പൺ പ്രൈസ്. അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച ഒരു സമ്മാനമാണത്. അത് ലഭിച്ചവരുടെ പട്ടികയിലൂടെ ഒന്ന് കണ്ണോടിച്ചാൽ അതിന്റെ നിലവാരം വ്യക്തമാകും .

2020 ൽ അത് ലഭിച്ചത് സ്വെറ്റ്‌ലാനാ അലക്‌സിയേവിച്ചിനാണ്. 2015 ലെ നൊബേൽ പുരസ്‌കാരം നേടിയ വനിതയാണ്. ആദ്യമായാണ് സാഹിത്യേതര രചന മാത്രം നിർവ്വഹിക്കുന്ന ഒരു പത്രപ്രവർത്തകയ്ക്ക് നൊബേൽ ലഭിക്കുന്നത്. അവരുടെ ചെർണോബിൽ പ്രാർത്ഥന , സെക്കന്റ് ഹാന്റ് ടൈം എന്നീ പുസ്തകങ്ങൾ വളരെ പ്രസിദ്ധം. മലയാളത്തിൽ അവരുടെ പല കൃതികളുടേയും തർജ്ജമ വന്നിട്ടുണ്ട്.

അതിന് മുമ്പ് , 2019 ൽ ഇതേ സമ്മാനം ലഭിച്ചത് ജോസഫ് സ്റ്റിഗ് ലിസിന്. സ്റ്റിഗ് ലിസ് മലയാളികൾക്ക് കുറേക്കൂടി പരിചിതനാണ്. ഗ്ലോബലൈസേഷൻ ആൻഡ് ഇറ്റ്‌സ് ഡിസ്‌കണ്ടെന്റ്‌സ് എന്ന പുസ്തകം നമ്മുടെ നാട്ടിലും ആഗോളവത്ക്കരണത്തിനെതിരെയുള്ള പോരാട്ടത്തിൽ ഉയർത്തിപ്പിടിച്ച ഒരു പുസ്തകമായിരുന്നു. നയങ്ങളിൽ പ്രതിഷേധിച്ച് ലോകബാങ്കിന്റെ ഉന്നത ഉദ്യോഗത്തിൽ നിന്നും പടിയിറങ്ങിപ്പോന്നവൻ .

ഈ സമ്മാനം, യൂണിവേഴ്‌സിറ്റി 1994 ൽ തുടങ്ങിവെച്ചത് കാൾ പോപ്പറിന് സമ്മാനിച്ചു കൊണ്ടാണ്. പോപ്പർ ആരാണെന്ന് തത്വശാസ്ത്രത്തിന്റെ ആദ്യാക്ഷരങ്ങൾ അറിയുന്നവർക്ക് പരിചയപ്പെടുത്തേണ്ടതില്ല. 1999 ൽ ഇത് കിട്ടിയത് പ്രശസ്ത നാടകകൃത്തും ചെക്ക് റിപ്പബ്‌ളിക്കിന്റെ പ്രസിഡണ്ടുമായിരുന്ന വാക്ലാവ് ഹാവേലിന്. 2007 ൽ ഇത് യു.എൻ . സെക്രട്ടറിയായിരുന്ന കോഫി അന്നന്റെ കൈയിലെത്തി

ഈ ചരിത്രമെല്ലാം സാധകം ചെയ്യുന്നത് , ഈ സമ്മാനത്തിന്റെ അന്താരാഷ്ട്ര മാനം വ്യക്തമാക്കാൻ മാത്രമല്ല. ഒരു പ്രധാനവാർത്ത അറിയിക്കാനും കൂടിയാണ്. 2021 ൽ ഈ സമ്മാനത്തിനർഹയായത് കെ.കെ. ഷൈലജ ടീച്ചറാണ് . അതെ ,നമ്മുടെ ഷൈലജ ടീച്ചർ തന്നെ. അവർക്ക് സമ്മാനം പ്രഖ്യാപിച്ച് CEU ഇങ്ങനെ പറയുന്നു

' കേരളം എന്ന ഇന്ത്യാരാജ്യത്തിലെ സംസ്ഥാനത്തിന്റെ മുൻ ആരോഗ്യമന്ത്രി എന്ന നിലയിൽ കെ.കെ. ഷൈലജ ടീച്ചറും പൊതു ആരോഗ്യ രംഗത്തെ അർപ്പണമനോഭാവമുള്ള സഹപ്രവർത്തകരും ചേർന്ന് നിശ്ചയദാർഢ്യമുള്ള നേതൃത്വവും സാമൂഹ്യാടിസ്ഥാനത്തിലുള്ള പൊതു ജനാരോഗ്യനയവും ഫലപ്രദമായ വിനിമയവും എങ്ങനെ ജനങ്ങളുടെ ജീവനെ രക്ഷിക്കും എന്ന് കോവിഡ് 19 മഹാവ്യാധിയുടെ കാലത്ത് കാണിച്ചു തന്നു '

ഇത്രയും പ്രധാനപ്പെട്ട ബഹുമതി ആദ്യമായി ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും കടന്നു വന്നിട്ടും നമ്മുടെ മാധ്യമങ്ങൾ ഇതറിഞ്ഞില്ല. മാധ്യമ സമൂഹം എന്ന് നല്ലതായും ചീത്തയായും വിശേഷിപ്പിക്കപ്പെടുന്ന നമ്മിൽ ഈ വാർത്ത വഴിതെറ്റിപ്പോലും വന്നില്ല. കേരളീയർ എന്ന നിലയിൽ നമുക്ക് അഭിമാനിക്കാനുള്ള ഈ മുഹൂർത്തത്തെ നീട്ടി നീട്ടി വെയ്ക്കുന്നതെന്തുകൊണ്ട്. ലജ്ജാവഹം ,മാധ്യമങ്ങളേ'

ആത്മവഞ്ചനയുടെ മലയാളി മൗനം എന്നായിരുന്നു ഐ.ഐ.ടി മദ്രാസിൽ ഗവേഷണ വിദ്യാർത്ഥിയായ വിജു.വി.വി എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ്

കെ.കെ.ശൈലജ എംഎ‍ൽഎ ഇപ്പോൾ ആരോഗ്യമന്ത്രിയായിരുന്നുവെങ്കിൽ ഫേസ്‌ബുക്ക് ഷെയറുകളായും വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളായും നിറയുകയും സിപിഎം പി.ആർ-ജേണലിസ്റ്റുകൾ സ്തുതിഗീതങ്ങൾ പാടുകയും ചെയ്യേണ്ട വാർത്തയായിരുന്നു ഇത്. എന്നാൽ, ഈ വാർത്ത ഷെയർ ചെയ്താൽ പാർട്ടി വിരുദ്ധമായിപ്പോകുമോ എന്നുപേടിച്ച് അങ്ങനെ ചെയ്യാൻ മടിക്കുന്ന ആളുകളായി സിപിഎം അണികളും അനുഭാവികളും മാറിയിരിക്കുന്നു.

ഇതിൽ വളരെ പ്രകടമായൊരു ആത്മവഞ്ചനയുണ്ട്. നമുക്ക് ശരിയാണെന്ന് തോന്നുന്ന ഒരുകാര്യം ചെയ്യാൻ പറ്റാത്ത, അവനവനോട് തന്നെ സത്യസന്ധനാകാൻ പറ്റാത്ത വിഭാഗമായി സിപിഎം കേന്ദ്രിത മലയാളികൾ മാറിയിരിക്കുന്നുവെന്നത് ദയനീയമാണ്. ഒരാൾ പദവികളിൽ നിന്ന് ഇല്ലാതാവുന്നതോടെ അവർക്ക് എക്സിസ്റ്റൻസ് തന്നെ ഇല്ലാതാവുന്നു എന്ന തരത്തിലുള്ള മനോഭാവം വളരെ അപകടകരവുമാണ്.

ഇത് കെ.കെ.ശൈലജയുടെ കാര്യത്തിൽ മാത്രമല്ല, അവനവനെ സംബന്ധിക്കുന്ന കാര്യത്തിൽ പോലും തെറ്റുണ്ടെന്ന് കണ്ടാൽ, അത് പാർട്ടിയെ ബാധിക്കുമോ എന്ന് പേടിച്ച് മിണ്ടാതിരിക്കുന്ന ബുദ്ധിജീവികളും വിദ്യാസമ്പന്നരും ഉള്ള നാടാണിത്. സമകാലിക മലയാളിയുടെ രാഷ്ട്രീയത്തെയും മനോഭാവത്തെയും മനസിലാക്കാൻ ഈ ആത്മവഞ്ചനയുടെ സ്വഭാവം കൂടി മനസിലാക്കണം. രണ്ടുനാലുദിനം കൊണ്ടൊരുത്തനെ വാഷിങ്ഷൺ പോസ്റ്റിലെത്തിക്കുന്നതും ആസ്ട്രേലിയൻ സ്റ്റോക് എക്സേഞ്ചിലെത്തിക്കുന്നതും ഭവാൻ, പത്രത്തിലെ ഒറ്റക്കോളത്തിലൊതുക്കുന്നതും ഭവാൻ.

അദ്ധ്യാപകനും എഴുത്തുകാരനുമായ സുനിൽ.പി.ഇളയിടം അഭിനന്ദനങ്ങൾ നേർന്നു. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി (CEU) യുടെ 2021 ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് ഷൈലജ ടീച്ചർക്ക് ! തത്ത്വചിന്തയുടെ ചരിത്രത്തിലെ അതികായനായ കാൾ പോപ്പർ, UN സെക്രട്ടറി ജനറൽ കോഫി അന്നൻ, ചെക് പ്രസിഡണ്ടും നാടകകൃത്തുമായ വക്ലാവ് ഹാവൽ , ലോകപ്രശസ്ത സാമ്പത്തിക ചിന്തകൻ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുൻപ് നേടിയിട്ടുള്ളത്. 2020ൽ നോബൽ പുരസ്‌കാര ജേതാവ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിനായിരുന്നു ഓപ്പൺ സൊസൈറ്റിപ്രൈസ്. അത്തരമൊരംഗീകാരമാണ് ഷൈലജ ടീച്ചറിലൂടെ ആദ്യമായി ഇന്ത്യയിലേക്കും കേരളത്തിലേക്കും എത്തിയിരിക്കുന്നത്. ടീച്ചർക്ക് അഭിവാദനങ്ങൾ

അഞ്ച് വർഷത്തെ ഭരണകാലത്ത് മികച്ച ആരോഗ്യമന്ത്രി എന്ന സൽപ്പേര് സ്വന്തമാക്കിയ കെ.കെ ശൈലജ മട്ടന്നൂരിൽ നിന്ന് ജനവിധി നേടിയ കെ.കെ ശൈലജ 61000ത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം സ്വന്തമാക്കിയാണ് വീണ്ടും നിയമസഭയിലെത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ലോക ശ്രദ്ധയാകർഷിച്ച കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് വേണ്ടി കേരളം കാത്തുവെച്ചത് തിളങ്ങുന്ന ഭൂരിപക്ഷത്തിലൊരു വിജയമാണ്. എന്നാൽ രണ്ടാം പിണറായി മന്ത്രിസഭയിൽ ശൈലജയെ ഉൾപ്പെടുത്തിയിരുന്നില്ല. ഒരാൾക്ക് ഇളവ് കൊടുത്താൽ മറ്റുള്ളവർക്കും വേണ്ടിവരും എന്ന ന്യായമായിരുന്നു ഇതിനായി പിണറായി വിജയൻ അടക്കമുള്ള നേതൃത്വം ചൂണ്ടിക്കാട്ടിയത്.

നിപ്പയും കൊവിഡും തകർത്തെറിഞ്ഞപ്പോൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോഗ്യ മാതൃക ലോകശ്രദ്ധയിലെത്തിച്ച ആരോഗ്യമന്ത്രി കൂടിയാണ് കെ.കെ.ശൈലജ. കെ.കെ ശൈലജ കൈകാര്യം ചെയ്ത സാമൂഹിക നീതി വകുപ്പും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016ൽ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു കെ.കെ ശൈലജ വിജയിച്ചത്. തൊട്ട് മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ പേരാവൂർ നിയോജക മണ്ഡലത്തിൽ സണ്ണി ജോസഫിനോട് പരാജയപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP