Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മ്യൂണിക്കിൽ ഗോൾമഴ; പോർച്ചുഗലിനെ തകർത്ത് ജർമനി; ജയം, രണ്ടിനെതിരേ നാലു ഗോളുകൾക്ക്; ജയം നിർണയിച്ചത് രണ്ട് സെൽഫ് ഗോളുകൾ

മ്യൂണിക്കിൽ ഗോൾമഴ; പോർച്ചുഗലിനെ തകർത്ത് ജർമനി; ജയം, രണ്ടിനെതിരേ നാലു ഗോളുകൾക്ക്; ജയം നിർണയിച്ചത് രണ്ട് സെൽഫ് ഗോളുകൾ

സ്പോർട്സ് ഡെസ്ക്

മ്യൂണിക്ക്: മ്യൂണിക്കിലെ അലിയൻസ് അരീനയിൽ ഗോൾമഴ പെയ്തിറങ്ങിയ മത്സരത്തിൽ പോർച്ചുഗലിനെ തകർത്ത് ജർമനി. യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫിൽ നടന്ന മത്സരത്തിൽ ആറു ഗോളുകളാമ് പിറന്നത്. രണ്ടിനെതിരേ നാലു ഗോളുകൾക്കായിരുന്നു ജർമൻ ടീമിന്റെ ജയം. ജയത്തോടെ ജർമനി നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി.

ആദ്യ മത്സരത്തിൽ ഫ്രാൻസിനെതിരേ വില്ലനായ സെൽഫ് ഗോൾ ഇത്തവണ ജർമനിയെ തുണച്ചു. മത്സരത്തിൽ രണ്ട് സെൽഫ് ഗോളുകളാണ് ജർമനിയുടെ അക്കൗണ്ടിലെത്തിയത്. കായ് ഹാവെർട്സും റോബിൻ ഗോസെൻസും ജർമനിക്കായി സ്‌കോർ ചെയ്തപ്പോൾ റൂബൻ ഡയസ്, റാഫേൽ ഗുറെയ്റോ എന്നിവരുടെ സെൽഫ് ഗോളുകളും ജർമനിയുടെ അക്കൗണ്ടിലെത്തി.

ക്രിസ്റ്റിയാനോ റൊണാൾഡോ, ഡിയോഗോ ജോട്ട എന്നിവരാണ് പോർച്ചുഗലിനായി സ്‌കോർ ചെയ്തത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണം അഴിച്ചുവിട്ട ജർമനിയെ ഞെട്ടിച്ച് പോർച്ചുഗലാണ് ആദ്യം ലീഡെടുത്തത്. 15-ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗലിനായി സ്‌കോർ ചെയ്തത്.

ജർമനിയുടെ കോർണറിന് ശേഷം പോർച്ചുഗൽ നടത്തിയ കൗണ്ടർ അറ്റാക്കാണ് ഗോളിന് വഴിവെച്ചത്. പന്തുമായി മുന്നേറിയ ബെർണാർഡോ സിൽവ അത് ഡിയോഗോ ജോട്ടയ്ക്ക് നീട്ടി നൽകി. പന്ത് നിയന്ത്രിച്ച ജോട്ട നൂയർ തന്നെ തടയും മുമ്പ് നൽകിയ പാസ് ക്രിസ്റ്റ്യാനോ റൊണാൾഡോ അനായാസം വലയിലെത്തിക്കുകയായിരുന്നു.

പക്ഷേ ഗോൾ വീണതോടെ ജർമനി ആക്രമണം ശക്തമാക്കി. നാലു മിനിറ്റിനിടെ വീണ രണ്ട് സെൽഫ് ഗോളുകളിൽ അവർ ലീഡെടുക്കുകയും ചെയ്തു.

35-ാം മിനിറ്റിൽ പോർച്ചുഗീസ് ഡിഫൻഡർ റൂബൻ ഡയസാണ് ആദ്യ സെൽഫ് ഗോൾ വഴങ്ങിയത്. കിമ്മിച്ച് നീട്ടിനൽകിയ പന്തിൽ നിന്ന് ഗോസെൻസ് തൊടുത്ത വോളി ബോക്സിലുണ്ടായിരുന്ന കായ് ഹാവെർട്സിന് കാൽപ്പാകമായിരുന്നു. പക്ഷേ തടയാനെത്തിയ ഡയസിന്റെ കാലിൽ തട്ടി പന്ത് വലയിൽ.

പിന്നാലെ 39-ാം മിനിറ്റിൽ അന്റോണിയോ റുഡിഗർ, റോബിൻ ഗോസെൻസ്, തോമസ് മുള്ളർ എന്നിവർ ചേർന്നുള്ള ജർമനിയുടെ മികച്ച മുന്നേറ്റത്തിനൊടുവിലായിരുന്നു രണ്ടാം ഗോളിന്റെ പിറവി. മുള്ളറിൽ നിന്ന് പന്ത് ലഭിച്ച കിമ്മിച്ച് നൽകിയ ക്രോസ് പോർച്ചുഗീസ് താരം ഗുറെയ്റോയുടെ കാലിൽ തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു.

രണ്ടാം പകുതിയിലും ജർമനി ആക്രമണം അഴിച്ചുവിട്ടു. ഇതിനിടെ 51-ാം മിനിറ്റിൽ ടീം വർക്കിൽ നിന്ന് ജർമനിയുടെ മൂന്നാം ഗോളും വന്നു. മുള്ളർ നൽകിയ പന്ത് സ്വീകരിച്ച് ഗോസെൻസ് നൽകിയ ക്രോസ് ഹാവെർട്സ് വലയിലെത്തിക്കുകയായിരുന്നു.

60-ാം മിനിറ്റിൽ ഹെഡറിലൂടെ റോബിൻ ഗോസെൻസാണ് ജർമനിയുടെ നാലാം ഗോൾ നേടിയത്. ജോഷ്വ കിമ്മിച്ചിന്റെ ക്രോസ് ഗോസെൻസ് അനായാസം വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 67-ാം മിനിറ്റിൽ റൊണാൾഡോയുടെ പാസിൽ നിന്ന് ജോട്ട പോർച്ചുഗലിന്റെ രണ്ടാം ഗോൾ നേടി.

തുടർന്നു ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഇരു ടീമിന്റെയും പ്രതിരോധം ഉറച്ചുനിന്നു. രണ്ടാം പകുതിയിൽ പോർച്ചുഗലാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP