Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫ്രഞ്ച് പടയെ ഞെട്ടിച്ച് അറ്റില ഫിയോളയുടെ ഗോൾ; രണ്ടാം പകുതിയിൽ ഫ്രാൻസ് ഒപ്പമെത്തിയത് ഗ്രീസ്മാനിലൂടെ; അവസരങ്ങൾ കളഞ്ഞുകുളിച്ച് എംബാപ്പെയും; ലോകചാമ്പ്യന്മാർക്കെതിരെ ഹംഗറിക്ക് വിജയത്തോളം പോന്ന സമനില

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫ്രഞ്ച് പടയെ ഞെട്ടിച്ച് അറ്റില ഫിയോളയുടെ ഗോൾ; രണ്ടാം പകുതിയിൽ ഫ്രാൻസ് ഒപ്പമെത്തിയത് ഗ്രീസ്മാനിലൂടെ; അവസരങ്ങൾ കളഞ്ഞുകുളിച്ച് എംബാപ്പെയും; ലോകചാമ്പ്യന്മാർക്കെതിരെ ഹംഗറിക്ക് വിജയത്തോളം പോന്ന സമനില

സ്പോർട്സ് ഡെസ്ക്

ബുഡാപെസ്റ്റ്: യൂറോ കപ്പിൽ മരണ ഗ്രൂപ്പായ എഫിൽ നടന്ന പോരാട്ടത്തിൽ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ സമനിലയിൽ കുരുക്കി ഹംഗറി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഫ്രഞ്ച് ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ട ഹംഗറി കിട്ടിയ അവസരം മുതലെടുത്ത് ഗോളുമടിച്ചു.

ആദ്യ മത്സരത്തിൽ ജർമനിയെ തോൽപ്പിച്ചെത്തിയ ഫ്രാൻസിനെ അതേ മികവ് പുറത്തെടുക്കാൻ ഹംഗറി സമ്മതിച്ചില്ല. ആദ്യ പകുതിയിൽ അറ്റില ഫിയോള ഹംഗറിയെ മുന്നിലെത്തിച്ചു. 66-ാം മിനിറ്റിൽ ഗ്രീസ്മാനിലൂടെ ഫ്രാൻസ് സമനില ഗോൾ നേടി.

മത്സരത്തിന്റെ 14-ാം മിനിറ്റിലാണ് ഫ്രാൻസ് ആദ്യമായി ഹംഗറിയുടെ ഗോൾ കീപ്പർ പീറ്റർ ഗുലാസിയെ പരീക്ഷിച്ചത്. കെയ്ലിയൻ എംബാപ്പെയിൽ നിന്ന് പന്ത് വാങ്ങിയ കരീം ബെൻസേമ ബോക്സിന് പുറത്ത് നിന്ന് ഷോട്ടുതിർത്തു. നിലംപറ്റെയുള്ള ബെൻസേമയുടെ ഷോട്ട് ഗുലാസി ഒരു മുഴുനീളെ ഡൈവിംഗിലൂടെ തട്ടിയകറ്റി. പന്ത് നേരെ അന്റോയ്ൻ ഗ്രീസ്മാന്റെ കാലുകളിലേക്ക് ബാഴ്സലോണ താരം ഗോൾവര കടത്താൻ ശ്രമിച്ചെങ്കിലും ഗുലാസി വീണ്ടും രക്ഷകനായി.

17-ാം മിനിറ്റിൽ ലൂകാസ് ഡിഗ്‌നെയുടെ ക്രോസിൽ എംബാപ്പെയുടെ ഹെഡ്ഡർ പുറത്തേക്ക് പോയി. 31-ാം മിനിറ്റിൽ ബെൻസേമയുടെ വോളിയും പുറത്തേക്ക് പോയി. മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിങ് മോശമായതാണ് ഫ്രാൻസിന് വിനയായത്.

കളിയുടെ ഒഴുക്കിന് എതിരായി ആദ്യ പകുതിയുടെ അധിക സമയത്ത് അറ്റില ഫിയോളയാണ് ഹംഗറിയെ മുന്നിലെത്തിച്ചത്. പന്ത് ക്ലിയർ ചെയ്യുന്നതിൽ ഫ്രഞ്ച് ഡിഫൻഡർ ബെഞ്ചമിൻ പവാർഡ് വരുത്തിയ പിഴവ് മുതലെടുത്ത് റോളണ്ട് സല്ലായ് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. ഒറ്റയ്ക്ക് മുന്നേറിയ ഫിയോള ലോറിസിന് യാതൊരു അവസരവും കൊടുക്കാതെ പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ ഉസ്മാൻ ഡെംബെലെ ഇറങ്ങിയതോടെ ഫ്രാൻസ് സമനില ഗോളും കണ്ടെത്തി. ഡെംബെലെ ഇറങ്ങിയ ശേഷം 4-2-4 ഫോർമേഷനിലേക്ക് മാറി ആക്രമണം കടുപ്പിച്ച ഫ്രാൻസ് 66-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി.

ഫ്രഞ്ച് ബോക്സിൽ നിന്ന് ഹ്യൂഗോ ലോറിസ് നീട്ടിനൽകിയ പന്ത് സ്വീകരിച്ച് എംബാപ്പെ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. എംബാപ്പെ നൽകിയ പാസ് ഗ്രീസ്മാൻ അനായാസം വലയിലെത്തിച്ചു. യൂറോ കപ്പിൽ ഗ്രീസ്മാന്റെ ഏഴാം ഗോളായിരുന്നു ഇത്.

തുടർന്നും ഫ്രാൻസ് ആക്രമണങ്ങൾ തുടർന്നെങ്കിലും ഹംഗറി പ്രതിരോധം ഉറച്ചുനിന്നു. 82-ാം മിനിറ്റിൽ എംബാപ്പെയുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി പീറ്റർ ഗുലാച്ചി വീണ്ടും ഹംഗറിയുടെ രക്ഷകനായി. രണ്ട് മത്സരങ്ങളിൽ നാല് പോയിന്റുമായി ഒന്നാമത് തുടരുകയാണ് ഫ്രാൻസ്. ഹംഗറി ഒരു പോയിന്റുമായി മൂന്നാമതാണ്. മൂന്ന് പോയിന്റുള്ള പോർച്ചുഗൽ രണ്ടാമതാണ്. ജർമനിയാണ് നാലാം സ്ഥാനത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP