Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കസ്റ്റഡിയിൽ എടുത്തത് റോഡിൽ വച്ച് കാറുകൾ തമ്മിൽ ഉരസിയതിന്റെ പേരിൽ; സ്റ്റേഷനിലെത്തിച്ച് തന്നെയും ജോയലിനെയും ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചു; ജോയൽ മരിച്ചത് പൊലീസ് മർദനം മൂലം; ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി പിതൃസഹോദരി

കസ്റ്റഡിയിൽ എടുത്തത് റോഡിൽ വച്ച് കാറുകൾ തമ്മിൽ ഉരസിയതിന്റെ പേരിൽ; സ്റ്റേഷനിലെത്തിച്ച് തന്നെയും ജോയലിനെയും ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചു; ജോയൽ മരിച്ചത് പൊലീസ് മർദനം മൂലം; ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി പിതൃസഹോദരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടൂരിലെ ഡിവൈഎഫ്ഐ മേഖലാ ആക്ടിങ് സെക്രട്ടറിയും സിപിഎം നേതാക്കളുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന എംജെ ജോയലിന്റെ മരണത്തിന് കാരണം പൊലീസ് മർദനമാണെന്ന വെളിപ്പെടുത്തലുമായി പിതൃസഹോദരി കുഞ്ഞമ്മ രംഗത്ത്. തന്റെയും പിതാവ്, സഹോദരൻ എന്നിവരുടെയും മുന്നിൽ വച്ചാണ് അടൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന യു. ബിജു, ഗ്രേഡ് എഎസ്ഐ ആയിരുന്ന ഷിജു പി. സാം, സിപിഓമാരായിരുന്ന ശ്രീകുമാർ, സുരേഷ്, ഗ്രേഡ് എസ്ഐ ജയകുമാർ എന്നിവർ ചേർന്ന് ക്രൂരമായി മർദിച്ചതെന്ന് കുഞ്ഞമ്മ പറയുന്നു. തടയാൻ ശ്രമിച്ച തന്നെ പുരുഷ പൊലീസുകാർ അതിക്രൂരമായി മർദിച്ചു. മർദനമേറ്റ് അവശനിലയിലായ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊലീസ് ഇടപെടൽ മൂലം അഡ്‌മിറ്റാക്കിയില്ലെന്നും കുഞ്ഞമ്മ ആരോപിച്ചു.

കഴിഞ്ഞ വർഷം ജനുവരി ഒന്നിന് വൈകിട്ട് നടന്ന സംഭവങ്ങളെ കുറിച്ച് കുഞ്ഞമ്മ മനസു തുറക്കുന്നു. അന്ന് വൈകിട്ട് അടൂർ ഹൈസ്‌കൂൾ ജങ്ഷനിൽ വച്ച് ജോയലിന്റെയും മേലൂട് സരോവരത്തിൽ ഇഎസ് സജിത്തിന്റെയും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഇരുവരും തമ്മിൽ വാക്കേറ്റവും കൈയേറ്റവുമായപ്പോൾ പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. വിവരം അറിഞ്ഞ് സ്റ്റേഷനിലേക്ക് എത്തിയ തന്നെ വെളിയിൽ നിന്നിരുന്ന സജിത്തും ഭാര്യയും ചേർന്ന് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. പിന്നീട് ഇവരുമായി സംസാരിച്ച് വിഷയം പരിഹരിച്ചു.

തുടർന്ന് ഇരുകൂട്ടരും പോകാൻ തുടങ്ങിയപ്പോൾ ഒരു പൊലീസുകാരൻ വന്ന് ഇൻസ്പെക്ടർ ബിജു വന്നിട്ട് ജോയൽ പോയാൽ മതി എന്ന് അറിയിച്ചു. രാത്രി ഏഴു മണിയോടെ ബിജു എത്തി. തൊട്ടുപിന്നാലെ ഏതാനും പൊലീസുകാരുമായി ചേർന്ന് ജോയലിനെ മർദിക്കാൻ തുടങ്ങി. തന്റെയും പിതാവ് ജോയിക്കുട്ടി, സഹോദരൻ ജോയൽ എന്നിവരുടെ മുന്നിൽ വച്ചായിരുന്നു ക്രൂരമർദനം. ഇൻസ്പെക്ടർ ബിജു പല പ്രാവശ്യം ജോയലിന്റെ തല ഭിത്തിയിൽ ഇടിച്ചു. നാഭിക്കും പുറത്തും അടിക്കുകയും നെഞ്ചത്ത് തൊഴിക്കുകയും വയറ്റത്ത് ബൂട്ട് ഇട്ട് ചവിട്ടുകയും ചെയ്തു. ഇതു കണ്ട് താനും ജോയലിന്റെ പിതാവും സഹോദരനും തടയാൻ ശ്രമിച്ചു. ഇതോടെ ബിജുവിന്റെ പരാക്രമം എന്റെ നേരെയായി. അയാൾ എന്റെ നെഞ്ചത്തും മുതുകിലും അടിക്കുകയും നാഭിക്ക് തൊഴിക്കുകയും ചെയ്തു. വയറ്റത്തും ഏണിനും കാലിനും ബൂട്ട് ഇട്ട് ചവിട്ടി. കുഴഞ്ഞ് വീണ എന്നെ മറ്റു പൊലീസുകാർ ചവിട്ടുകയും തെറി വിളിക്കുകയും ചെയ്തു.

ഇടിയേറ്റ് ജോയൽ അവശനായിരുന്നു. ഇതിനിടെ ആരുടെയോ ഫോൺ ബിജുവിന് വന്നു. അയാൾ ജോയലിനെ വിളിച്ച് കസേരയിട്ട് തന്റെ മുറിയിൽ ഇരുത്തി. എന്നെ ഇതിൽ കരുവാക്കരുതെന്നും നിന്നോട് എനിക്ക് വൈരാഗ്യമൊന്നുമില്ലെന്നും ഒരു പെറ്റിക്കേസ് എടുത്ത് വിടാമെന്നും ബിജു പറഞ്ഞു. അവശ നിലയിലായ എന്നെ അടൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിന് പിന്നാലെ ഇൻസ്പെക്ടർ ബിജു വിളിച്ച് ഡോക്ടറോട് അഡ്‌മിറ്റ് ചെയ്യരുതെന്ന് നിർദേശിച്ചു. ഇതിൻ പ്രകാരം മരുന്നു നൽകി ഡോക്ടർ പറഞ്ഞയച്ചു. രണ്ടു ദിവസത്തിന് ശേഷം അവശനിലയിലായ താൻ വീണ്ടും ഇതേ ആശുപത്രിയിൽ ചികിൽസ തേടി. തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്ന് കണ്ട് എതിർകക്ഷിയായ സജിത്തിനെ വിളിച്ചു വരുത്തി ഞങ്ങൾ അവരെ മർദിച്ചുവെന്ന പരാതി എഴുതി വാങ്ങി. ജനുവരി ഒന്നിന് പൊലീസിൽ നിന്നേറ്റ ക്രൂരമർദനത്തിന്റെ ഫലമായി ജോയലിന്റെ ആരോഗ്യം ക്ഷയിച്ചു. മെയ്‌ 22 ന് അവൻ മരിക്കുകയും ചെയ്തു.

യു. ബിജുവിനെതിരേ വിവിധ കേന്ദ്രങ്ങളിൽ നൽകിയ പരാതി അന്വേഷിക്കാൻ അന്നത്തെ ഡിവൈഎസ്‌പി ആർ. ബിനു അയാളെ തന്നെ ഏൽപ്പിക്കുന്ന വിചിത്രമായ കാഴ്ചയും പിന്നീട് കണ്ടുവെന്ന് കുഞ്ഞമ്മയുടെ പരാതിയിൽ പറയുന്നു. നാട്ടുകാരെ ക്രൂരമായി മർദിക്കുന്നുവെന്ന് ബിജുവിനെതിരേ പരാതി വരുന്നത് ആദ്യമായിട്ടല്ല. ഇയാൾ പത്തനംതിട്ട സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ പതിനഞ്ചുകാരനെ മർദിച്ചത് പുലിവാലായിരുന്നു. മനോനില തകർന്നു പോയ കുട്ടിയുടെ വീട്ടിൽ ചെന്ന് കാലുപിടിച്ച് മാപ്പു പറഞ്ഞാണ് ഇയാൾ തലയൂരിയത്. റോഡിൽ വച്ചുണ്ടായ ഒരു അടിപിടിക്കേസിൽ പെറ്റിക്കേസ് എടുത്ത് വിടാമായിരുന്നപ്പോഴാണ് ജോയലിനെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദിച്ചത്.

സ്റ്റേഷനിൽ മദ്യലഹരിയിൽ ജോയൽ അതിക്രമം കാണിച്ചുവെന്നൊരു കേസും എടുത്തു. അന്ന് സ്റ്റേഷനിൽ നടന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഹാജരാക്കണമെന്നും ജോയലിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന നിലപാടാണ് അടൂർ ഡിവൈഎസ്‌പി എടുത്തത്. സിപിഎമ്മിന്റെ ചില നേതാക്കളുടെ നിർദേശപ്രകാരമാണ് ഇൻസ്പെക്ടർ ബിജു ജോയലിനെ അതിക്രൂരമായി മർദിച്ചത് എന്നാണ് ആക്ഷേപം. വ്യാജരേഖ ചമച്ച് ജോലി തട്ടിപ്പ് നടത്തിയ ജയസൂര്യ പ്രകാശ് എന്ന യുവതിയും സിപിഎം നേതാക്കളും തമ്മിലുള്ള ബന്ധം പുറത്തു വരുമെന്ന് ഭയന്ന് ജോയലിനെ പൊലീസിനെ ഉപയോഗിച്ച് മർദിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP