Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ഒരിക്കൽ കൂടി റിലീസ് മുടങ്ങിയാൽ മരയ്ക്കാറും ഒടിടിയിൽ എത്തും; ദേശീയ അവാർഡ് നേടിയ പ്രിയൻ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്നത് കോവിഡ് കുറയുമെന്ന പ്രതീക്ഷയിൽ; ഓണത്തിനും തിയേറ്റർ റിലീസ് നടന്നില്ലെങ്കിൽ 100 കോടി ചിത്രം ബാധ്യതയാകുമെന്ന തിരിച്ചറിവിൽ ആന്റണി പെരുമ്പാവൂർ; മലയാള സിനിമ വീണ്ടും കണക്കുകൂട്ടലുകളിലേക്ക്

ഇനി ഒരിക്കൽ കൂടി റിലീസ് മുടങ്ങിയാൽ മരയ്ക്കാറും ഒടിടിയിൽ എത്തും; ദേശീയ അവാർഡ് നേടിയ പ്രിയൻ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്നത് കോവിഡ് കുറയുമെന്ന പ്രതീക്ഷയിൽ; ഓണത്തിനും തിയേറ്റർ റിലീസ് നടന്നില്ലെങ്കിൽ 100 കോടി ചിത്രം ബാധ്യതയാകുമെന്ന തിരിച്ചറിവിൽ ആന്റണി പെരുമ്പാവൂർ; മലയാള സിനിമ വീണ്ടും കണക്കുകൂട്ടലുകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൂട്ടലുകളുടെയും കിഴിക്കലുകളുടെയും ഭാഗ്യനിർഭാഗ്യങ്ങളുടെയും ലോകമാണ് സിനിമ.മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കണക്കിലെ വലിയ കളികൾ പ്രാപ്യമായത് സമീപകാലത്താണ് എന്ന് നിസംശയം പറയാം.കുറച്ചുകൂടി വ്യക്തമാക്കിയാൽ പുലിമുരുകന് ശേഷം.മലയാള സിനിമയുടെ വാണീജ്യ വിജയങ്ങളെ പുലിമുരുകന് മുൻപും ശേഷവും എന്നു പറയുന്നതാവും ഉചിതം.കുഞ്ഞാലി മരയ്ക്കാർ പോലെ നൂറുകോടിയുടെ ബ്രഹ്‌മാണ്ഡ സിനിമയെടുക്കാൻ ആന്റണി പെരുമ്പാവൂരിന് ധൈര്യം പകർന്നതും ഈ വിജയം തന്നെ.പുലിമുരുകന്റെ ചുവട് പിടിച്ച് മലയാള സിനിമ വലിയ സ്വപ്‌നങ്ങൾ കണ്ട് തുടങ്ങിയപ്പോഴാണ് പ്രഹരമായി കോവിഡ് എത്തുന്നത്.

കോവിഡിന്റെ തേരോട്ടത്തിൽ മുരടിച്ച് പോയത് അക്ഷരാർത്ഥത്തിൽ മലയാള സിനിമയുടെ വാണീജ്യ വളർച്ചകൂടിയാണ്.മരയ്ക്കാറും മാലികും കുറുപ്പും തുറമുഖവുമുൾപ്പടെ നിരവധി ബിഗ്ബജറ്റുകളാണ് തിയേറ്ററിൽ പ്രേക്ഷകർക്കായി ഒരുങ്ങിയത്.എന്നാൽ പ്രതീക്ഷകളെ ഒരോന്നായി തല്ലിക്കെടുത്തിയപ്പോൾ ആദ്യം ദൃശ്യം ടുവും ഇപ്പോൾ മാലിക്കും പ്രിഥ്വിരാജിന്റെ കോൾഡ് കേസും ഒടിടിക്ക് വഴിമാറി.ഒരു നിർമ്മാതാവ് നേരിടുന്ന പ്രതിസന്ധിയുടെ തുറന്ന് പറച്ചിലായിരുന്നു കഴിഞ്ഞ ദിവസം ആന്റോ ജോസഫ് നടത്തിയത്.മാലിക്കും കോൾഡ് കേസും തിയേറ്ററിലെത്തിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും പക്ഷെ പ്രതീക്ഷകൾ ഒക്കെത്തന്നെയും വഴിമുട്ടുകയാണ് എന്നുമാണ് ആന്റോ പറഞ്ഞത്. ഇത്രയും ഭീമമായ തുക മുടക്കിയ രണ്ട് പടങ്ങൾ പെട്ടിയിലിരിക്കുമ്പോൾ മറ്റൊരു ചിത്രത്തെക്കുറിച്ചു ചിന്തിക്കാനാകില്ലെന്നും മുന്നോട്ടുള്ള പ്രയാണത്തിന് അനുകൂലമായ തീരുമാനം കൈക്കോള്ളാൻ താൻ നിർബന്ധിതനാകുന്നുവെന്നുമാണ് അന്റോ പറഞ്ഞത്.അങ്ങിനെയാണ് ഈ രണ്ടു ചിത്രവും ഒടിടി ഉറപ്പിച്ചതെന്നും ആന്റോ വ്യക്തമാക്കിയിരുന്നു.

ആന്റോ പറഞ്ഞതിന് ശേഷം മാലിക്കിന്റെ ഒടിടി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫഹദും രംഗത്തെത്തി.തന്റെ കരയിറിൽ തന്നെ താൻ തിയേറ്ററിൽ കാണണമെന്ന് ആഗ്രഹിച്ച ചിത്രങ്ങളിലൊന്നായിരുന്നു മാലിക്ക് എന്നും പക്ഷെ കോവിഡിന്റെ ഈ പശ്ചാത്തലത്തിൽ ഇനി കാത്തിരിക്കാൻ വയ്യെന്നുമായിരുന്നു ഫഹദിന്റെ പ്രതികരണം. തിയേറ്ററുകൾ വീണ്ടും തുറന്നാൽ മാറ്റൊരു മികച്ച ചിത്രം പ്രേക്ഷകർക്കായി സമ്മാനിക്കുമെന്നും ഫഹദ് പറഞ്ഞിരുന്നു.മറ്റൊരു ചിത്രമായ പ്രിഥ്വിരാജിന്റെ കോൾഡ് കേസ് ഈ മാസം 30 ന് ആമസോൺ പ്രൈമിലുടെ പ്രേക്ഷകർക്ക് മുന്നിലെത്തും.തുടർന്നാവും മാലിക്കിന്റെ തീയ്യതി പ്രഖ്യാപിക്കുക.

ഈ സാഹചര്യത്തിലാണ് അവസാന പ്രതീക്ഷയുമായി മരക്കാർ ഓണത്തിന് തിയേറ്ററിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 12 നാണ് ഇപ്പോൾ മരക്കാറിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങിനെയാണേങ്കിൽ മോഹൻലാലിന്റെ ഓണം റിലീസായി പ്രഖ്യാപിച്ച ആറാട്ട് റിലീസ് വൈകും.മാത്രമല്ല ഓണം റിലീസായി ആദ്യമെത്തുന്നതും മരക്കാറായിരിക്കും.മെയ് 12 ന് പെരുന്നാൾ റിലീസായാണ് ഒടുവിൽ മരക്കാറിന്റെ റിലീസ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്.എന്നാൽ രണ്ടാം തരംഗത്തിൽ അതും നടപ്പായില്ല.

കോവിഡ് പ്രതിസന്ധി മൂലം ഒരു വർഷത്തിലേറെയായി മൂന്നുതവണ റിലീസ് മാറ്റി വച്ചിരുന്ന ചിത്രമാണ് മരക്കാർ.സ്‌നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി 'മരക്കാർ അറബിക്കടലിന്റെ സിംഹം' നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു...റിലീസ് തീയതി പുറത്ത് വിട്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.പ്രശസ്ത കലാസംവിധായകൻ സാബു സിറിലാണ് ചിത്രത്തിന് വേണ്ടി സെറ്റൊരുക്കിയിരിക്കുന്നത്. റോണി റാഫേലാണ് മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം എന്ന വിഖ്യാതിയുമായി വരുന്ന മരയ്ക്കാറിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂർ, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.ഇത്തവണത്തെ മികച്ച ചിത്രത്തിനുൾപ്പടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രമാണ് മരക്കാർ.

മാലിക്കും കോൾഡ് കേസും ഒടിടിക്ക് വഴിമാറിയതോടെ മരക്കാറിന്റെ ഭാവി എന്താകുമെന്ന് സംവിധായകൻ പ്രിയദർശനോടും ആരാധകർ ചോദിച്ചിരുന്നു. മരക്കാർ തിയേറ്ററിൽ കാണേണ്ട സിനിമയാണെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നുമാണ് പ്രിയദർശൻ വ്യക്തമാക്കിയത്. ഇപ്പോൾ ഒടിടിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പ്രിയൻ പ്രതികരിച്ചിരുന്നു. ഓണം റിലീസായി മരക്കാർ എത്തുമ്പോൾ ഒരേ സമയം കൂടുതൽ തിയേറ്ററിൽ ഇറക്കുക എന്നതാവും അണിയറ പ്രവർത്തകർ ലക്ഷ്യം വെക്കുക.ഒരു പക്ഷെ ആ സമയത്ത് റിലീസിനെത്തുന്ന ചിത്രവും മരക്കാർ മാത്രമാകാനും സാധ്യതയുണ്ട്. എങ്കിൽ മാത്രമെ നിലവിലെ നിയന്ത്രണങ്ങളിൽ ആന്റണി പെരുമ്പാവൂരിന് കൈപൊള്ളാതെ രക്ഷപ്പെടാൻ സാധിക്കു.

ഓണത്തിനും റിലീസ് ആയില്ലെങ്കിൽ ഇനി മറ്റൊരു തീയ്യതി അണിയറ പ്രവർത്ത്കർ ചിന്തിക്കുമോ എന്ന കാര്യവും സംശയമാണ്.അങ്ങിനെയെങ്കിൽ മരക്കാറും ഒടിടിയുടെ വഴിതേടും.ഇതിനോടകം തന്നെ ഭീമമായ തുക വാഗ്ദാനം ചെയ്ത് നിരവധി പേർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ സമീപിക്കുന്നുവെന്നാണ് വിവരം.ഓണം റിലീസും പ്രതിസന്ധിയിലായി മരക്കാറും ഒടിടിയുടെ വഴി തേടിയാൽ അത് മലയാള സിനിമ ചരിത്രത്തിൽ തന്നെ വലിയൊരു മാറ്റത്തിനാവും വഴിവെക്കുക.പ്രത്യേകിച്ചും മലയാളത്തിനായി പ്രത്യേകം ഒടിടി പ്ലാറ്റ്‌ഫോമുകൾ പിറവിയെടുക്കുമ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP