Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാനുരിലെ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ആവാസ കേന്ദ്രം; ഒകെ വാസുവിനെ മറുകണ്ടത്ത് എത്തിച്ചതും മേഖലയിലെ സ്വാധീനം ശക്തമാക്കാനുള്ള സിപിഎം നീക്കം; വാഴമല തുരന്ന് കരിങ്കൽ ഖനനം നടത്തുന്നവർക്ക് സംരക്ഷണം രാഷ്ട്രിയ ക്വട്ടേഷൻ സംഘങ്ങൾ: പൊയിലൂരിലുള്ളത് അറുപതോളം അനധികൃത ക്വാറികൾ; വെള്ളച്ചാട്ടാത്തെ പോലും ഗതിമാറ്റുന്ന മാഫിയാക്കഥ

പാനുരിലെ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ആവാസ കേന്ദ്രം; ഒകെ വാസുവിനെ മറുകണ്ടത്ത് എത്തിച്ചതും മേഖലയിലെ സ്വാധീനം ശക്തമാക്കാനുള്ള സിപിഎം നീക്കം; വാഴമല തുരന്ന് കരിങ്കൽ ഖനനം നടത്തുന്നവർക്ക് സംരക്ഷണം രാഷ്ട്രിയ ക്വട്ടേഷൻ സംഘങ്ങൾ: പൊയിലൂരിലുള്ളത് അറുപതോളം അനധികൃത ക്വാറികൾ; വെള്ളച്ചാട്ടാത്തെ പോലും ഗതിമാറ്റുന്ന മാഫിയാക്കഥ

അനീഷ് കുമാർ

കണ്ണൂർ: തലശേരി താലൂക്കിലെ പൊയിലൂരിൽ ജൈവവൈവിധ്യമുള്ള മലകളെ കാർന്ന് തിന്നുന്ന കരിങ്കൽ ക്വാറികൾക്ക് സംരക്ഷണവും ഒത്താശയും നൽകുന്നത് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളെന്ന ആരോപണം ശക്തമാകുന്നു. പാനുർ മേഖലകളിൽ നിർബാധം പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന കരിങ്കൽ ക്വാറികൾ ഉഗ്രസ്‌ഫോടനത്തോടെ മലകൾ തുരക്കുന്നതിന് ഒത്താശ ചെയ്യുന്നത് രാഷ്ട്രിയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ്. ഇതാണ് ഇപ്പോൾ ഹരിതഭംഗിയാർന്ന വാഴമല - നരിക്കോട് മേഖലയിലെ സർവനാശത്തിന് ഇടയാക്കുന്നത്.

2500 ഏക്കർ സ്ഥലം വാങ്ങിയ സ്വകാര്യ വ്യക്തി റവന്യു-വനം വകുപ്പ് അധികൃതരുടെ ഒത്താശയോടെ കോടികളുടെ വില മതിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയതിനു ശേഷമാണ് കരിങ്കൽ ഖനനം തുടങ്ങിയത്. ചെറുതും വലുതുമായ നിരവധി ക്വാറികളാണ് പൊയിലുർ മേഖലയിൽ പ്രവർത്തിച്ചു വരുന്നത്. ഇവയിൽ വിരലിൽ എണ്ണാവുന്നതിന് മാത്രമേ ഖനനത്തിന് ലൈസൻസുള്ളു. മലയിൽ നിന്നും ഉത്സവിക്കുന്ന വെള്ളച്ചാട്ടത്തെ വഴിതിരിച്ചു വിട്ടാണ് ഭൂമാഫിയ ഖനനം നടത്തുന്നത്. ഇതു കാരണം വാഴമലയിലെ താഴ്‌വാരങ്ങളിൽ കർഷകരുടെ നെൽകൃഷിയടക്കമുള്ള കാർഷിക വിളകൾ മുച്ചൂടും നശിച്ചു.

പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം മുട്ടി. ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിനതീതമായി സംഘടിക്കാൻ തുടങ്ങിയതോടെയാണ് മാനിനൊപ്പം ഇര തേടുകയും സിംഹത്തൊടൊപ്പം വേട്ടയാടുകയും ചെയ്യുന്ന ശൈലി വെച്ചു പുലർത്തുന്ന ചില പാർട്ടികളും മുഖം രക്ഷിക്കാനായി ക്വാറി ഖനനത്തിനെതിരെ സമരമാരംഭിച്ചത്. പാനുരിലെ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ആവാസ കേന്ദ്രം കൂടിയാണ് പൊയിലുർ. ആധിപത്യമുറപ്പിക്കാനായി സിപിഎമ്മും ആർ.എസ്എസും തമ്മിൽ നടത്തുന്ന സായുധ പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

പൊയിലുർ മുത്തപ്പൻ മടപ്പുരയുടെ നിയന്ത്രണം നിലനിർത്താനായി ആർഎസ്എസ് നടത്തിയ ശ്രമങ്ങൾക്ക് ഭരണസമിതിയുടെ ചുക്കാൻ പിടിച്ചിരുന്ന ബിജെപി ദേശിയ നിർവാഹക സമിതിയംഗമായിരുന്ന ഒ കെ വാസുവിനെ മറുകണ്ടം ചാടിച്ചാണ് സിപിഎം തിരിച്ചടി നൽകിയത്. കഴിഞ്ഞ പിണറായി സർക്കാർ ഇതിന് പ്രത്യുപകാരമായി ഒ.കെ വാസുവിന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ പദവി നൽകുകയും ചെയ്തു .മറുകണ്ടം ചാടിയ ഒകെ വാസുവിനെതിരെ ആർഎസ്എസ് പ്രത്യാക്രമണം ശക്തമാക്കിയിരുന്നുവെങ്കിലും സിപിഎം പ്രതിരോധം ശക്തമാക്കിയതിനെ തുടർന്ന് ദുർബലമാവുകയായിരുന്നു

ഒകെ വാസു സഞ്ചരിച്ച വാഹനമുൾപ്പെടെ നിരവധി തവണ ഇവിടെ നിന്നും അക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൊയിലൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ കൂടുതൽ സംഘർഷ ഭരിതമായത്.ആർ.എസ് എസിന് ശക്തമായ നിയന്ത്രണമുള്ള പാനൂർ മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് പൊയിലൂർയ തലശേരി താലൂക്കിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സ്ഥിരം സാന്നിധ്യമാവാറുള്ള രാഷ്ട്രീയ ക്രിമിനലുകൾ ഓരോ ഓപ്പറേഷനു ശേഷവും ഒളിത്താവളങ്ങൾ ഒരുക്കുന്നത് വാഴമലയുടെ താഴ്‌വാരങ്ങളിലാണ്.

പൊലിസിന് ഒരിക്കലും കടന്നു ചെല്ലാൻ കഴിയാത്ത അതീവ രഹസ്യമായ കേന്ദ്രങ്ങൾ ഒളിത്താവളങ്ങൾ പൊയിലൂരിലുണ്ട്. ടി.പി വധത്തിന് ശേഷം കൊടി സുനിയും സംഘവും ഒളിവിൽ കഴിഞ്ഞിരുന്ന മുടക്കോഴി മലപ്പോലെ തന്നെ ഈച്ച പോലും കടക്കാൻ ഭയക്കുന്ന മേഖലയാണിത്. തലശേരി മേഖലയിൽ ബോംബുനിർമ്മാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്നുകൾ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്നത് പൊയിലൂരിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികളുടെ മറവിലാണ്.

കണ്ണുരിൽ രാഷട്രീയ സംഘർഷത്തിന് ശമനമുണ്ടായപ്പോൾ തൊഴിൽ രഹിതരായ ക്വട്ടേഷൻ സംഘങ്ങൾക്വാറികളുടെ നടത്തിപ്പുകാരായി പ്രവർത്തിക്കുകയായിരുന്നു. ഇവരുടെ കേസ് നടത്തിപ്പും മറ്റു ചെലവുകൾക്കുമായി ലക്ഷങ്ങളാണ് ഇതിന് പ്രത്യുപകാരമായി ക്വാറി മാഫിയ പൊടിക്കുന്നത്. ഇതിനൊപ്പം പാർട്ടിയിലെ പ്രാദേശിക നേത്യത്വങ്ങൾക്കും കൈ നിറയെ പണം ലഭിച്ചപ്പോൾ പാനൂർ മേഖല അനധികൃത കരിങ്കൽ ക്വാറികളുടെ കൂത്തരങ്ങായി മാറി. കൈക്കുലി കൊടുത്തും ഭീഷണിപ്പെടുത്തിയും ഇവ തടയേണ്ട ഉദ്യോഗസ്ഥരെ വരുതിയിലാക്കിയതോടെ സമാന്തര സാമ്രാജ്യം തന്നെ ഇവർ സൃഷ്ടിക്കുകയായിരുന്നു.

അഞ്ചു വർഷം മുൻപ് അന്നത്തെ കണ്ണുർ കലക്ടറായിരുന്ന മിർ മുഹമ്മദലി അനധികൃത കരിങ്കൽ ക്വാറികൾക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നുവെങ്കിലും ഉദ്യോഗസ്ഥന്മാർ തുരങ്കം വെച്ചതിനാൽ നടപടികൾ നിലയ്ക്കുകയായിരുന്നു. അന്ന് റവന്യു വകുപ്പ് നടത്തിയ പരിശോധനയിൽ അറുപതിലേറെ കരിങ്കൽ ക്വാറികൾ യാതൊരു ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്നത് കണ്ടത്തിയിരുന്നു.കഴിഞ്ഞ തദ്ദേശ - നിയമ സഭ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടി നേതൃത്വങ്ങൾക്കായി ലക്ഷങ്ങളാണ് ക്വാറി മാഫിയ പാർട്ടി ഫണ്ടിലും അല്ലാതെയും ഒഴുക്കിയത്.

ഇപ്പോൾ അനധികൃത ഖനനത്തിനെതിരെ നാട്ടുകാർ ഒന്നടങ്കം സമരത്തിനിറങ്ങിയപ്പോൾ തങ്ങളുടെ മുഖം രക്ഷിക്കാനായി അതിന്റെ മുൻനിരയിൽ തന്നെ നിൽക്കാനുള്ള തത്രപ്പാടിലാണ് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങൾ.ഇതിനിടെ കരിങ്കൽ ക്വാറികൾ ഉരുൾപൊട്ടൽ ഭീഷണിയുയർത്തുന്നത് വാർത്തയായതിനെ തുടർന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സ്ഥലം സന്ദർശിച്ചു. വാഴമല -നരിക്കോട് മലയുടെ താഴ്‌വാരങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു.

വാഴമല, നരിക്കോട്ട് മല താഴ് വരകളിലെ ജനജീവിതത്തിനും കൃഷിക്കും ക്വാറികൾ ഭീഷണിയായി മാറിയിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി റവന്യൂ അധികൃതർ ഉടൻ ഇടപ്പെടണം. പൊയിലൂർ മടപ്പുരയ്ക്ക് സമീപം കഴിഞ്ഞ ദിവസം മലയിടിച്ചിലുണ്ടയ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജൻ. കാലവർഷം കനത്തതോടെ ഉരുളൻ പാറകൾ കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും ഒഴുകി കൊണ്ടിരിക്കുകയാണ്. ക്വാറി മാഫിയകളുടെ സൗകര്യത്തിനനുസരിച്ചു മുകളിൽനിന്നും വരുന്ന വെള്ളച്ചാട്ടത്തെ ഗതി മാറ്റി ഒഴിക്കിയതാണ് ഇപ്പോഴത്തെ മലയിടിച്ചിലിന്റെ കാരണം.

ഒരു നിയന്ത്രണവുമില്ലാതെ ഇത്തരത്തിൽ ക്വാറികൾ പ്രവർത്തിക്കുന്നത് പ്രയാസകരമാണെന്നും എം വി ജയരാജൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം കെ കെ പവിത്രൻ, ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, എ വി ബാലൻ, എ പി ഭാസ്‌കരൻ, എം പി ബൈജു എന്നിവരും ജയരാജനൊപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP