Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടിവെള്ളപദ്ധതിയുടെ പേര് രാമപുരമാണെന്ന സർക്കാർ രേഖ പുറത്തുവിട്ട് മാണി സി കാപ്പൻ

കുടിവെള്ളപദ്ധതിയുടെ പേര് രാമപുരമാണെന്ന സർക്കാർ രേഖ പുറത്തുവിട്ട് മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പാലാ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ പേര് മാണി സി കാപ്പൻ പറഞ്ഞതു തന്നെയാണെന്നു വ്യക്തമായി. പദ്ധതിയുടെ പേര് രാമപുരം പദ്ധതി എന്നതാണെന്നു തെളിയിക്കുന്ന സർക്കാർ രേഖ മാണി സി കാപ്പൻ എം എൽ എ പുറത്തുവിട്ടു.

2021 ജനുവരി 23 നു കേരള വാട്ടർ അഥോറിറ്റി പുറപ്പെടുവിച്ച ഉത്തരവിലാണ് പദ്ധതിയുടെ പേര് രാമപുരം പദ്ധതി എന്നാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ജലവിഭവ വകുപ്പ് ഈരാറ്റുപേട്ട കുടിവെള്ള പദ്ധതിയും രാമപുരം പദ്ധതിയും ചേർന്ന സംയോജിത പദ്ധതിക്കായി മലങ്കര ഡാമിൽ നിന്നും പ്രതിദിനം 30 ദശലക്ഷം ലിറ്റർ ജലം ഉപയോഗിക്കുന്നതിന് നൽകിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതുപ്രകാരം മലങ്കര ഡാമിൽനിന്നു ഈരാറ്റുപേട്ട കുടിവെള്ള പദ്ധതിയും രാമപുരം പദ്ധതിയും ചേർന്ന സംയോജിത പദ്ധതിക്കായി 30 ദശലക്ഷം ലിറ്റർ ജലം മലങ്കര റിസർവോയറിൽനിന്നും ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു. മന്ത്രിയായ എൻ എം ജോസഫ് വിഭാവനം ചെയ്ത നീലൂർ കുടിവെള്ള പദ്ധതി പരിഷ്‌ക്കരിച്ചു നടപ്പാക്കുന്നതാണ് രാമപുരം പദ്ധതി. 150 കോടിയോളം ചെലവ് വരുന്ന പദ്ധതിയുടെ പകുതി തുക കേന്ദ്ര സർക്കാരും ബാക്കി സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉപഭോക്താക്കളും ചേർന്നാണ് വഹിക്കുന്നത്. പാലാ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതി രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

നിർദ്ദിഷ്ട രാമപുരം പദ്ധതിയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ മാണി സി കാപ്പൻ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തപ്പോൾ കേരളാ കോൺഗ്രസ് ജോസ് വിഭാഗം ജനപ്രതിനിധികൾ പദ്ധതിയുടെ പേര് നീലൂർ കുടിവെള്ളപദ്ധതിയാണെന്നും രാമപുരം എന്ന പേരിൽ പദ്ധതിയില്ലെന്ന ആക്ഷേപവുമായി രംഗത്തു വന്നിരുന്നു. എം എൽ എ രേഖ പുറത്തു വിട്ടതോടെ ജോസ് വിഭാഗം ജനപ്രതിനിധികളുടെ വാദം തെറ്റാണെന്ന് തെളിഞ്ഞതായി യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

പേരിനല്ല പദ്ധതിക്കാണ് പ്രാധാന്യം: മാണി സി കാപ്പൻ

പാലാ: കുടിവെള്ള പദ്ധതിയുടെ പേര് സംബന്ധിച്ച തർക്കത്തെക്കാൾ പ്രാധാന്യം നൽകുന്നത് പദ്ധതി നടപ്പാക്കുന്നതിനാണെന്നും മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. താനായിട്ടു ഒരു പദ്ധതിയുടെയും പേര് മാറ്റിയിട്ടില്ല. താൻ എം എൽ എ ആയതിനുശേഷം കിട്ടിയ സർക്കാർ രേഖകളിൽ കണ്ടത് രാമപുരം പദ്ധതി എന്നാണ്. അതുപ്രകാരമാണ് രാമപുരം പദ്ധതി എന്നു വിശേഷിപ്പിച്ചത്. പദ്ധതിക്ക് ഏതു പേര് നൽകിയാലും വിരോധമില്ല. പാലാ മണ്ഡലത്തിലെ എല്ലാ പ്രദേശത്തും ജലം എത്തിക്കുന്നതിനാണ് പരിഗണന. പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കി ജനങ്ങൾക്കു കുടിവെള്ളം എത്തിക്കാനാണ് തന്റെ പരിശ്രമമെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിലെ എല്ലാ മേഖലകളിലും കുടിവെള്ളമെത്തിക്കുന്നതിന് എല്ലാവരുടെയും പിന്തുണ തേടുമെന്നും കാപ്പൻ വ്യക്തമാക്കി. വികസനത്തിൽ രാഷ്ട്രീയമില്ല. പാലായുടെ വികസനത്തിന് ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികളുടെ നടപടി അപക്വം: യു ഡി എഫ്

പാലാ: പാലാ എം എൽ എ മാണി സി കാപ്പനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കേരള കോൺഗ്രസ് ജനപ്രതിനിധികളുടെ നടപടി അപക്വമാണെന്ന് യു ഡി എഫ്. രാമപുരം പദ്ധതി ഇല്ലെന്നും എം എൽ എ സാങ്കൽപ്പിക പദ്ധതി പ്രഖ്യാപിച്ചതാണെന്നുമുള്ള വ്യാജ ആരോപണങ്ങൾ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ്. സ്വന്തം ജലവിഭവമന്ത്രിയുണ്ടായിട്ടും വ്യാജ ആക്ഷേപം ഉന്നയിച്ചതിൽ ദുരൂഹതയുണ്ട്. മാണി സി കാപ്പനെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഇത്തരം നടപടികൾ. സർക്കാർ രേഖകളിൽ പദ്ധതിയുടെ പേര് രാമപുരം പദ്ധതി എന്നാണെന്നു പുറത്തു വന്ന സാഹചര്യത്തിൽ വ്യാജ ആരോപണം ഉന്നയിച്ച ജനപ്രതിനിധികൾ മാപ്പു പറയുന്നത് ഉചിതമായിരിക്കും. തങ്ങളെ ജനങ്ങൾ തോൽപ്പിച്ചുവെന്ന ഒറ്റക്കാരണത്താൽ എം എൽ എ യെ കണ്ണടച്ച് എതിർക്കുന്നത് ജനാധിപത്യത്തിനു ചേർന്ന നടപടിയാണോയെന്നു പരിശോധിക്കണം. പൊതുജനത്തിനു മുന്നിൽ അഭിപ്രായപ്രകടനം നടത്തേണ്ടി വരുമ്പോൾ ജനപ്രതിനിധികൾ ജാഗ്രത പാലിക്കണം. നാടിന്റെ വികസനത്തിന് രാഷ്ട്രീയം തടസ്സമാവരുതെന്നും കമ്മിറ്റി പറഞ്ഞു. ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP