Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ 52ാം വാർഷികത്തിൽ ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ വീണ്ടും രംഗത്ത്; പിന്തുണയുമായി മുസ്ലിം ലീഗും; മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന് പറഞ്ഞവരിൽ കാണാത്ത വർഗ്ഗീയത തിരൂർ ജില്ലയുടെ കാര്യത്തിൽ വേണ്ടെന്ന് ഫാത്തിമ തെഹ്ലിയ

മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ 52ാം വാർഷികത്തിൽ ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ വീണ്ടും രംഗത്ത്; പിന്തുണയുമായി മുസ്ലിം ലീഗും; മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന് പറഞ്ഞവരിൽ കാണാത്ത വർഗ്ഗീയത തിരൂർ ജില്ലയുടെ കാര്യത്തിൽ വേണ്ടെന്ന്  ഫാത്തിമ തെഹ്ലിയ

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറം ജില്ല രൂപീകരണത്തിന്റെ 52ാം വാർഷികമാണ് ഇന്ന്. ഈ വാർഷികത്തിൽ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് എസ്ഡിപിഐ. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് എസ്ഡിപിഐ ഇന്ന് മലപ്പുറം കളക്റ്റ്രേറ്റിന് മുന്നിൽ സമരം നടത്തുകയും ചെയ്തു. സമരത്തിൽ വെച്ച് മലപ്പുറം എംഎൽഎ പി ഉബൈദുള്ളക്ക് ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനവും നൽകി. കഴിഞ്ഞ ദിവസം സ്പോർട്സ്, വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും എസ്ഡിപിഐ നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് നിവേദനം നൽകിയിരുന്നു.

11 വർഷങ്ങൾക്ക് മുമ്പാണ് എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. എന്നാൽ പിന്നീട് മുസ്ലിം ലീഗും ഈ ആവശ്യത്തെ പിന്തുണക്കുന്നതാണ് കണ്ടത്. പിന്നാലെ വെൽഫയർപാർട്ടിയും മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നു. തിരൂരിനെ ആസ്ഥാനമാക്കിക്കൊണ്ട് തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളെ ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം. ഒരു പതിറ്റാണ്ട് കാലമായി എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ഈ ആവശ്യവുമായി രംഗത്തുണ്ട്. വിവിധ സമരപരിപാടികളും ഇതിന്റെ ഭാഗമായി അവർ നടത്തിയിട്ടുണ്ട്.

ഈ ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് ജില്ല രൂപീകരണത്തിന്റെ 52ാം വർഷത്തിൽ എസ്ഡിപിഐ ഇന്ന് വീണ്ടും സമരവുമായി രംഗത്തെത്തിയത്. ഈ ആവശ്യം ഉന്നയിച്ചുള്ള സമരമാസമായിട്ടാണ് എസ്ഡിപിഐ ഈ മാസം ആചരിക്കുന്നത്. ജൂൺ 16 മുതൽ ജൂലെ 16 വരെയാണ് സമരമാസം ആചരിക്കുന്നത്. അവഗണക്ക് അമ്പതാണ്ട്, ഇരകൾ അമ്പത് ലക്ഷം. മലപ്പുറത്തിന്റെ കുതിപ്പിന് തിരൂർ ജില്ല വേണം എന്ന മുദ്രാവാക്യവുമായി ജില്ലയിലെ മുഴുവൻ താലൂക്ക് ഓഫീസുകൾക്ക് മുമ്പിലും എസ്ഡിപിഐ ഇന്ന് സമരപരിപാടികൾ നടത്തിയിരുന്നു.

എസ്ഡിപിഐയുടെ ഇതേ നിലപാടിന് പിന്തുണയുമായി മുസ്ലിം ലീഗും രംഗത്ത് വന്നിട്ടുണ്ട്. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടന എംഎസ്ഫിന്റെ ദേശിയ നേതവ് അഡ്വ. ഫാത്തിമ തെഹ്ലിയയാണ് ഇക്കാര്യം ഉന്നയിച്ച് ഫെയ്സ് ബുക്ക് കുറിപ്പുമായി രംഗത്ത് വന്നിട്ടുള്ളത്.മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ഫാത്തിമ തെഹ്ലിയ പറയുന്നത്. എസ്ഡിപിഐ നിലപാടിൽ നിന്ന് വിഭിന്നമായി പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗമായ ചില പ്രദേശങ്ങളെ കൂടി തിരൂർ ആസ്ഥാനമായി രൂപീകരിക്കുന്ന പുതിയ ജില്ലയിൽ കൂട്ടിച്ചേർക്കണമെന്നും ഫാത്തിമ തെഹ്ലിയ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജില്ല അടിസ്ഥാനത്തിൽ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ 8 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നത്. ഇത് അനീതിയാണ്. വാക്സിൻ വിതരണത്തിൽ അടക്കം ഈ അനീതി കണ്ടതാണ്. ഇത് മറികടക്കാനുള്ള ഏക പരിഹാരം ജില്ല വിഭജിക്കുക എന്നതാണ്. മൂവാറ്റുപഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി നേരത്തെ ചിലർ രംഗത്ത് വന്നിരുന്നു. അവർക്ക് നേരിടേണ്ടി വരാത്ത വർഗ്ഗീയ ആരോപണങ്ങൾ തിരൂർ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉയർത്തുന്നവർക്ക് നേരിടേണ്ടി വരുന്നത് പ്രതിഷേധാർഹമാണെന്നും ഫാത്തിമ തെഹ്ലിയ ഫെയ്സ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഫാത്തിമ തെഹ്ലിയയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

തിരൂർ കേന്ദ്രമായി ഒരു ജില്ല രൂപീകരിക്കാൻ ഇനിയും എത്ര നാൾ കാത്തിരിക്കണം?

1984ൽ കണ്ണൂർ ജില്ല വിഭജിച്ച് കാസർഗോഡ് ജില്ല രൂപീകരിച്ചതാണ് കേരളത്തിലെ അവസാനത്തെ ജില്ലാ രൂപീകരണം. കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ആകെ ജനസംഖ്യ 38 ലക്ഷമാണ്. മലപ്പുറം ജില്ലയുടെ ജനസംഖ്യയാകട്ടെ 41 ലക്ഷവും. കൊല്ലം, ആലപ്പുഴ ജില്ലകൾ വിഭജിച്ചാണ് 1982ൽ പത്തനംതിട്ട ജില്ല രൂപീകരിച്ചത്. കൊല്ലം ജില്ലയിൽ നിന്ന് പത്തനംതിട്ട വിഭജിച്ചില്ലായിരുന്നുവെങ്കിൽ പോലും കൊല്ലത്തേക്കാൾ കൂടുതൽ ജനസംഖ്യ മലപ്പുറം ജില്ലക്കുണ്ട്.

കേന്ദ്ര - സംസ്ഥാന സർക്കാരിന്റെ പല പദ്ധതികളും ജില്ല അടിസ്ഥാനത്തിൽ നൽകപ്പെടുമ്പോൾ 8 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നത്. ഇത് അനീതിയാണ്. വാക്സിൻ വിതരണത്തിൽ അടക്കം നാം ഈ അനീതി കണ്ടതാണ്. മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കുക എന്നത് മാത്രമാണ് ഏക പരിഹാരം. തിരൂരിനോട് ചേർന്നു കിടക്കുന്ന പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രദേശങ്ങളും പുതിയ ജില്ലയിൽ ചേർക്കുന്നത് ആലോചിക്കാവുന്നതാണ്.

മൂവാറ്റുപുഴ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കണം എന്ന ആവശ്യം ഉയർന്നു കേൾക്കുന്നുണ്ട്. മൂവാറ്റുപുഴ ജില്ലക്ക് വേണ്ടി വാദിക്കുന്നവർക്ക് കേൾക്കേണ്ടി വരാത്ത വർഗീയ ആരോപണങ്ങൾ തിരൂർ ജില്ല ആവശ്യപ്പെടുന്നവർക്ക് നേരിടേണ്ടി വരുന്നത് പ്രതിഷേധാർഹമാണ്.മലപ്പുറം ജില്ലക്ക് 52-ാം ജന്മദിനാശംസകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP