Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പീഡനക്കേസിലെ ഒന്നാംപ്രതിയെ വിവാഹം കഴിക്കണമെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ബലം പ്രയോഗിച്ച് കാറിൽ കയറ്റി ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് നൽകി; കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷാൻ മുഹമ്മദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

പീഡനക്കേസിലെ ഒന്നാംപ്രതിയെ വിവാഹം കഴിക്കണമെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ബലം പ്രയോഗിച്ച് കാറിൽ കയറ്റി ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് നൽകി;  കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷാൻ മുഹമ്മദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ജാസിം മൊയ്തീൻ

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ഗർഭം അലസിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തതിനാണ് യൂത്ത് കോൺഗ്രസ് നേതാവിനെ പ്രതിചേർത്തിരിക്കുന്നത്.

മൂവാറ്റുപുഴ പോത്താനിക്കോട് പൊലീസ് സ്റ്റേഷൻ പരിധിൽ 10ാം ക്ലാസിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഷാൻ മുഹമ്മദിനെ പ്രതി ചേർത്തിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് യൂത്ത് കെയർ വളണ്ടിയറുമായ റിയാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിന് ശേഷം ഗർഭിണിയായ പെൺകുട്ടിയെ റിയാസിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഷാൻ മുഹമ്മദ് ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സമ്മതിക്കാതിരുന്ന പെൺകുട്ടിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റികൊണ്ടുപോയി ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് നൽകുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി റിയാസിനെ കോടതി റിമാന്റെ ചെയ്തു.

റിയാസ് അറസ്റ്റിലായതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായ ഷാൻ മുഹമ്മദ് ഒളിവിൽ പോയിരിക്കുന്നത്. ഷാൻ മുഹമ്മദ് സംസ്ഥാനം വിട്ടതായതാണ്് സൂചന. അന്വേഷണസംഘം കർണാടകം, ഗോവ, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ഷാൻ മുഹമ്മദിനായി അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ നടപടികൾ എടുത്തിട്ടുണ്ട്. ഒളിവിൽ താമസിക്കാൻ സൗകര്യം നൽകിയവരെക്കുറിച്ചും സൂചന ലഭിച്ചതായി അന്വേഷണസംഘം ഉദ്യോഗസ്ഥർ പറഞ്ഞു.

റിയാസിന് സഹായം ചെയ്തതിനും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിനും വിവരം മറച്ചുവച്ചതിനുമാണ് രണ്ടാംപ്രതിയാക്കി ഷാൻ മുഹമ്മദിനെതിരെ കേസെടുത്തത്. ഒളിവിൽ പോയ ഇയാളുടെ മൊബൈൽഫോൺ സ്വിച്ച് ഓഫാണ്. ഇതോടെ പൊലീസ് കഴിഞ്ഞദിവസം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. മൂവാറ്റുപുഴ ഡിവൈഎസ്‌പി സി ജി സനൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിൽ പോത്താനിക്കാട് എസ്എച്ച്ഒ ജി രാജീവ്, കുട്ടമ്പുഴ എസ്എച്ച്ഒ മഹേഷ്‌കുമാർ, ഊന്നുകൽ എസ്എച്ച്ഒ പി ലാൽകുമാർ എന്നിവരുമുണ്ട്.

അതേ സമയംപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ സംരക്ഷിക്കാൻ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം സ്വീകരിക്കുന്ന നടപടികൾ അപഹാസ്യമെന്ന് ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവിച്ചു. രാഷ്ട്രീയപ്രേരിതമായാണ് ഷാൻ മുഹമ്മദിനെ പ്രതിചേർത്തത് എന്ന യൂത്ത് കോൺഗ്രസ് പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തതാണ്.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ മൊഴിപ്രകാരമാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് പെൺകുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് ഷാൻ മുഹമ്മദിന്റെ പങ്ക് വെളിപ്പെട്ടത്.ലുക്ക് ഔട്ട് നോട്ടീസിലുള്ള കുറ്റവാളിയെ പുറത്താക്കുന്നതിനുപകരം ന്യായീകരിക്കുന്ന നടപടി യൂത്ത് കോൺഗ്രസിനെപ്പോലുള്ള യുവജന സംഘടനകൾക്ക് ചേർന്നതല്ലെന്നും ഡിവൈഎഫ്ഐ എറണാകുളം ജില്ല സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP