Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്ര സർക്കാർ; നടപടി, പുതിയ ഐടി ചട്ടപ്രകാരം നിയമാനുസൃത ഓഫീസർമാരെ നിയമിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ; നിയമവിരുദ്ധ' ട്വീറ്റുകൾക്ക് ഇനി കമ്പനി ഉത്തരവാദി; നിയമപരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കൻ കമ്പനി; 'ആദ്യ' കേസെടുത്ത് യുപി സർക്കാർ

ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്ര സർക്കാർ; നടപടി, പുതിയ ഐടി ചട്ടപ്രകാരം നിയമാനുസൃത ഓഫീസർമാരെ നിയമിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ; നിയമവിരുദ്ധ' ട്വീറ്റുകൾക്ക് ഇനി കമ്പനി ഉത്തരവാദി; നിയമപരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കൻ കമ്പനി; 'ആദ്യ' കേസെടുത്ത് യുപി സർക്കാർ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ട്വിറ്ററിന് ഐടി നിയമപ്രകാരമുള്ള പരിരക്ഷ ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ പുതിയ ഐടി ചട്ടപ്രകാരം നിയമാനുസൃത ഓഫീസർമാരെ നിശ്ചിത സമയത്തിനുള്ളിൽ നിയമിക്കാത്തതിനെ തുടർന്നാണ് നടപടി. സ്റ്റാറ്റിയൂട്ടറി ഓഫീസർമാരെ നിയമിക്കാത്തതിനെ തുടർന്നാണ് നടപടി. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ ഐടി നിയമം മെയ്‌ 25നാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.

നിയമപരിരക്ഷ ഒഴിവാക്കിയതോടെ ട്വിറ്ററിൽ ഏതെങ്കിലും ഉപയോക്താവിന്റെ 'നിയമവിരുദ്ധവും' 'തീവ്രവികാരമുണർത്തുന്ന'തുമായ ഉള്ളടക്കങ്ങളുടെ പേരിൽ കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പൊലീസ് ചോദ്യം ചെയ്യലും നിയമനടപിടകളും നേരിട്ടേക്കാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.

ട്വിറ്ററിനെതിരേ ഉത്തർപ്രദേശിൽ ഫയൽ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ജൂൺ അഞ്ചിന് ഗസ്സിയാബാദിൽ പ്രായമായ മുസ്ലിം വൃദ്ധന് നേരെ ആറുപേർ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച് തന്റെ താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കാൻ തന്നെ നിർബന്ധിച്ചുവെന്നുമാണ് വൃദ്ധൻ ആരോപിച്ചത്. ഈ സംഭവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററിൽ പ്രചരിച്ചുവെന്നും ഇത് നീക്കം ചെയ്യാൻ ട്വിറ്റർ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരേ യുപിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ വൃദ്ധന് നേരെ ഉണ്ടായത് സാമുദായിക ആക്രമണമല്ലെന്നും ഇയാൾ വിറ്റ മന്ത്രത്തകിടുകളിൽ അസംതൃപ്തരായ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആറുപേർ ചേർന്നാണ് ഇയാൾക്കെതിരേ അതിക്രമം നടത്തിയതെന്നും യുപി പൊലീസ് പറയുന്നു.

ഗസ്സിയാബാദ് സംഭവത്തിന് സാമുദായിക പരിവേഷം ചാർത്തി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് നിരവധി മാധ്യമപ്രവർത്തകർക്കും ട്വിറ്ററിനുമെതിരേ പൊലീസ് കുറ്റം ചുമത്തിയിരുന്നു. ജൂൺ 14-ന് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് പങ്കുവെച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടും സംഭവുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണജനകമായ പോസ്റ്റുകൾ പിൻവലിക്കുന്നതിനുള്ള നടപടികൾ ട്വിറ്റർ സ്വീകരിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിനെതിരേ കേസെടുത്തിരിക്കുന്നത്. 'ട്വിറ്ററിന് ഇന്ത്യയിൽ ഒരു നിയമപരിരക്ഷയും ഇല്ലാത്തതിനാൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോ കൃത്രിമ വീഡിയോ എന്ന് ഫ്ളാഗ് ചെയ്യാത്തതിനെതിരേ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ട്വിറ്റർ ബാധ്യസ്ഥരാണ്.' സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഐടി നിയമം അനുശാസിക്കുന്ന നിയമ പരിരക്ഷ നഷ്ടപ്പെട്ട ഏക അമേരിക്കൻ കമ്പനിയാണ് ട്വിറ്റർ. നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീർത്തികരവുമായ ഉള്ളടക്കത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ ഇന്ത്യൻ മാനേജിങ് ഡയറക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ പൊലീസിന് ചോദ്യം ചെയ്യാനും ക്രിമിനൽ നടപടി സ്വീകരിക്കാനും കഴിയും. പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കേണ്ട സമയം മെയ് 25ന് അവസാനിച്ചിരുന്നു. ചില കമ്പനികൾ കോറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഐടി ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ട്വിറ്ററിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഫേസ്‌ബുക്ക്, യൂട്യൂബ്, വാട്‌സ് ആപ്പ് തുടങ്ങിയവയെല്ലാം സർക്കാർ ആവശ്യപ്പെട്ടതുപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നു.ചട്ടങ്ങൾ നടപ്പക്കുന്നതിന് ഒരാഴ്ചത്തെ സമയം ട്വിറ്റർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചതായി ട്വിറ്റർ വ്യക്തമാക്കിയത്. എന്നാൽ കംപ്ലയൻസ് ഓഫിസറെ നിയമിച്ചത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. കംപ്ലയൻസ് ഓഫീസർക്ക് പുറമേ, പരിഹാര പരിഹാര സെൽ, നോഡൽ ഓഫീസർ എന്നീ നിയമനങ്ങളും പുതിയ ചട്ടങ്ങൾ പ്രകാരം നടത്തണം.

പുതിയ ഐ.ടി നിയമപ്രകാരം സമൂഹ മാധ്യമ മേഖലയിലെ ഓരോ കമ്പനിയും ഇന്ത്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പരാതി പരിഹാര ഉദ്യോഗസ്ഥൻ, കംപ്ലയിൻസ് ഓഫീസർ, നോഡൽ ഓഫീസർ എന്നിവരെ നിയമിക്കണം. ഇതുവഴി സാധാരണക്കാരായ ഉപയോക്താക്കൾക്ക് അവരുടെ പരാതികൾ പരിഹരിക്കാൻ സാധിക്കും. അപകീർത്തികരമെന്ന് കാണുന്ന ഏതുതരം സന്ദേശങ്ങളും പോസ്റ്റുകളും 36 മണിക്കൂറിനകം നീക്കണമെന്നും പുതിയ ഐ.ടി നിയമത്തിൽ വ്യവസ്ഥയുണ്ട്.

എന്താണ് ഐ ടി നിയമത്തിലെ സെക്ഷൻ 79

ഐ ടി വകുപ്പിലെ സെക്ഷൻ 79 പ്രകാരം, ഏതെങ്കിലും മൂന്നാം കക്ഷി തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന വിവരങ്ങൾ, ഡാറ്റ, ആശയവിനിമയത്തിനുള്ള ലിങ്കുകൾ തുടങ്ങിയവയ്ക്ക് ഇടനിലക്കാരായ ഈ കമ്പനികൾക്ക് നിയമപരമോ അല്ലാത്തതോ ആയ ബാധ്യത ഇല്ല. ചുരുക്കത്തിൽ, സമൂഹ മാധ്യമങ്ങൾ ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് വഹിക്കപ്പെടുന്ന സന്ദേശത്തിന്റെ വാഹകരായി മാത്രം വർത്തിക്കുകയും ആ പ്രക്രിയയിൽ നേരിട്ട് മറ്റ് ഇടപെടലുകൾ നടത്താതിരിക്കുകയും ചെയ്യുന്നിടത്തോളം ആ സന്ദേശം മൂലം ഉണ്ടാകുന്ന നിയമ നടപടികളിൽ നിന്ന് ഈ കമ്പനികൾ സുരക്ഷിതരായിരിക്കും.

എന്നാൽ, സർക്കാരോ മറ്റ് ഏജൻസികളോ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിയിട്ടും ഏതെങ്കിലും ഒരു ഉള്ളടക്കം നീക്കം ചെയ്യാൻ തയ്യാറായില്ലെങ്കിൽ ഈ പരിരക്ഷ അവർക്ക് ലഭിക്കില്ല. അതോടൊപ്പം, തങ്ങളുടെ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യപ്പെട്ട, നിയമനടപടിക്ക് ഇടയാക്കിയ സന്ദേശങ്ങളിലോ മറ്റ് ഉള്ളടക്കങ്ങളിലോ തെളിവുകളിലോ സമൂഹ മാധ്യമങ്ങൾ കൃത്രിമം കാണിക്കുകയോ അത് നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താലും സെക്ഷൻ 79 നൽകുന്ന പരിരക്ഷ നഷ്ടപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP