Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊയിലൂർ മുത്തപ്പൻ മടപ്പുര മുകളിൽ കുഴിക്കൽ മലയിലെ ക്വാറിയിൽ കരിങ്കല്ലും മണ്ണും ഇടിഞ്ഞുവീണ് യുവാവിന് പരിക്കേറ്റത് വരാനിരിക്കുന്ന ദുരന്തത്തിന്റെ നേർ ചിത്രം; മഴ രണ്ടു ദിവസം തകർത്തു പെയ്താൽ ഇവിടെ എന്തും സംഭവിക്കാം; ക്വാറികൾ തുരന്നു തീർക്കുന്നു വാഴമല: കവളപ്പാറയ്ക്ക് സമാന ഭീതിയിൽ നൂറിലേറെ കുടുംബങ്ങൾ

പൊയിലൂർ മുത്തപ്പൻ മടപ്പുര മുകളിൽ കുഴിക്കൽ മലയിലെ ക്വാറിയിൽ കരിങ്കല്ലും മണ്ണും ഇടിഞ്ഞുവീണ് യുവാവിന് പരിക്കേറ്റത് വരാനിരിക്കുന്ന ദുരന്തത്തിന്റെ നേർ ചിത്രം; മഴ രണ്ടു ദിവസം തകർത്തു പെയ്താൽ ഇവിടെ എന്തും സംഭവിക്കാം; ക്വാറികൾ തുരന്നു തീർക്കുന്നു വാഴമല: കവളപ്പാറയ്ക്ക് സമാന ഭീതിയിൽ നൂറിലേറെ കുടുംബങ്ങൾ

അനീഷ് കുമാർ

പാനൂർ: മഴ രണ്ടു ദിവസം തകർത്തു പെയ്താൽ ദുരന്തത്തിന് കാതോർക്കുകയാണ് വാഴമല. അപ്രതീക്ഷിതമായെത്തുന്ന ഉരുൾപൊട്ടലിലുടെ പ്രദേശം മറ്റൊരു കവളപ്പാറയാകുമെന്ന ഭീതി ഇവിടുത്തുകാർക്കുണ്ട്. തലശേരി താലൂക്കിലെ പ്രധാന മലനിരകളിലൊന്നായ വാഴമലയെയും നരിക്കോട് മലയെയും ക്വാറി മാഫിയ തുരന്ന് തീർക്കുന്നത് ഹരിത കേരളത്തിന്റെ മന:സാക്ഷിയെ നോക്കി പല്ലിളിച്ചാണ്. കുറച്ചു നാൾ കൂടി ഇതേ സ്ഥിതി തുടരുകയാണെങ്കിൽ വാഴമലയും, നരിക്കോട് മലനിരകളും ഓർമ ചിത്രമായി മാറിയേക്കും

മല തുരന്നു തീർക്കുന്നകരിങ്കൽ ക്വാറികൾ ഉരുൾപൊട്ടൽ ഭീഷണിയിലായത് ഇതിന്റെ താഴ്‌വാരത്തിൽ താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഇക്കുറിയും അതിവർഷമുണ്ടായാൽ വാഴമലയിൽ നിന്നും ഏതുനിമിഷവും ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. വാഴമല, നരിക്കോട് മലനിരകളിൽ നിരവധി കരിങ്കൽ ക്വാറികളാണ് പ്രവർത്തിച്ചുവരുന്നത്. മല തുരന്നുള്ള ക്വാറികളുടെ പ്രവർത്തനമാണ് ഉരുൾപൊട്ടൽ ഭീഷണിക്ക് കാരണമായിരിക്കുന്നത്.

പൊയിലൂരിലെ കരിയാരിച്ചാൽ ക്വാറിക്കെതിരെ പ്രദേശവാസികൾ 100 ദിവസമായി സമരം നടത്തിവരികയാണ്. ക്വാറി ഉടമകളുടെ മല തുരന്നുള്ള പ്രവർത്തനം തടയുവാനോ നിയന്ത്രിക്കുവാനോ അധികൃതർ തയ്യാറാവാത്തത് ക്വാറി മാഫിയകൾക്ക് തണലാവുകയാണ്. കഴിഞ്ഞ ദിവസം പൊയിലൂർ മുത്തപ്പൻ മടപ്പുര മുകളിൽ കുഴിക്കൽ മലയിലെ ക്വാറിയിൽ കരിങ്കല്ലും മണ്ണും ഇടിഞ്ഞുവീണ് യുവാവിന് പരിക്കേറ്റിരുന്നു. യന്ത്രം കല്ലുകളാൽ മൂടപ്പെടുകയുണ്ടായി. മണ്ണും കല്ലും കുത്തിയൊഴുകി മുമ്പുണ്ടായിരുന്ന തോട് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. അവിടെയുള്ള പഴയ നീർച്ചാലിന്റെ ഗതിമാറ്റിയായിരുന്നു ക്വാറി പ്രവർത്തനം നടത്തിയിരുന്നത്.

രണ്ടുവർഷം മുമ്പ് ഉരുൾപൊട്ടിയ അതേ സ്ഥലത്തുതന്നെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. ഉരുൾപൊട്ടൽ നടന്നപ്പോൾ പൊയിലൂർ മേഖലയിൽ വൻതോതിൽ കൃഷിനാശം സംഭവിച്ചിരുന്നു. സേവ് വാഴമല, നരിക്കോട് മല എന്ന മുദ്രാവാക്യവുമായി ചില സംഘടനകൾ പ്രദേശത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശ്ശേരി സബ് കലക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. പാനൂരിലെ പനോളി തറവാട്ടിലെ കെട്ടിലമ്മ ആദിവാസികൾക്ക് പതിച്ചു നൽകിയതായിരുന്നു ഈ മലനിരകൾ. ഈ മലനിരകളിലെ 2000 ഏക്കർ ഭൂമി സ്വകാര്യവ്യക്തി വിലക്ക് വാങ്ങുകയുണ്ടായി. തുടർന്ന് മലനിരകളിലെ മരങ്ങൾ വൻതോതിൽ വെട്ടിമാറ്റപ്പെടുകയും ചെയ്തു.

അതിനുശേഷം വേറെ ചിലർ പ്രദേശത്തെ 50, 100 ഏക്കർ ഭൂമികൾ വിലക്കുവാങ്ങിത്തുടങ്ങി. ഭൂമി വാങ്ങിയ ആളുകൾ വേലികൾ കെട്ടി. ആദിവാസികൾ വേലിക്കിടയിൽപ്പെട്ടു. ഇതിനിടയിൽ ആദിവാസികളുടെ ഭൂമി മിച്ചഭൂമിയായി സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഭൂമി വാങ്ങിയവർക്ക് പട്ടയം ലഭിച്ചു. ഇതോടെയാണ് ക്വാറികളുടെ പ്രവർത്തനവും ആരംഭിച്ചത്.

പ്രദേശത്ത് നിരവധി പദ്ധതികൾ അനുവദിക്കപ്പെട്ടെങ്കിലും ഒന്നും തന്നെ നടപ്പിലാക്കിയില്ല. മുൻയു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രി ജയലക്ഷ്മി വികസനത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. ഒരു പ്രവർത്തനവും നടന്നില്ല. വികസന പ്രവർത്തനങ്ങൾ ഓരോന്നും ക്വാറി മാഫിയ പണമൊഴുക്കി തടയുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP