Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതം തടസ്സമായില്ല; ഹിന്ദു യുവതിക്ക് അന്ത്യകർമ്മം ചെയ്ത് മുസ്ലിം കൂട്ടുകാരി: ദുബായിൽ തനിച്ചായിപ്പോയ ഭാരതിയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോട് ചേർന്ന് ജെറീനാ ബീഗം

മതം തടസ്സമായില്ല; ഹിന്ദു യുവതിക്ക് അന്ത്യകർമ്മം ചെയ്ത് മുസ്ലിം കൂട്ടുകാരി: ദുബായിൽ തനിച്ചായിപ്പോയ ഭാരതിയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോട് ചേർന്ന് ജെറീനാ ബീഗം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിൽ ഒറ്റയ്ക്ക് കഴിയുന്ന ജെറീനാ ബീഗത്തിന് എല്ലാം എല്ലാം ആയിരുന്നത് ഉറ്റ കൂട്ടുകാരി ഭാരതിയും അവളുടെ പത്ത് മാസം പ്രായമായ കുഞ്ഞുമായിരുന്നു. അതുകൊണ്ട് തന്നെ കോവിഡ് ബാധിച്ചു പ്രിയ കൂട്ടുകാരി മരിച്ചപ്പോൾ അന്ത്യകർമങ്ങൾ ചെയ്യാൻ ജെറീനാ ബീഗത്തിന് മതം തടസ്സമായില്ല. ജബൽ അലിയിലെ ഹിന്ദു ശ്മശാനത്തിൽ തമിഴ്‌നാട് സ്വദേശി ഭാരതി(40)ക്ക് ജറീനാ ബീഗം മതപരമായി തന്നെ അന്ത്യകർമ്മങ്ങൾ ചെയ്തു. പോറ്റമ്മ എന്താണ് ചെയ്യുന്നതെന്നറിയാതെ ജറീനയുടെ കയ്യിലിരുന്നു ഭാരതിയുടെ കുഞ്ഞു മകൻ എല്ലാത്തിനും മൂക സാക്ഷിയായി.

ഭാരതിയുടെ മൃതദേഹം കത്തിയമരുമ്പോൾ, അവരുടെ പത്തുമാസം പ്രായമുള്ള മകൻ ദേവേഷ് വേലവനെ നെഞ്ചോടു ചേർത്ത് പെിടിച്ച് ജെറീന തേങ്ങി. ഭാരതിക്ക് കോവിഡ് വന്നതു മുതൽ ജെറീനയായിരുന്നു ആ കുഞ്ഞിന്റെ അമ്മ. കുഞ്ഞിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് ഇനി ശ്രമം. കഴിഞ്ഞ മാസം 29 നാണ് തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിനി ഭാരതി ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡെന്തെന്ന് പോലും അറിയാത്ത കുരുന്നിനെ അന്യ നാട്ടിൽ ഒറ്റയ്ക്കാക്കിയാണ് ഭാരതി ഈ ലോകത്തോട് വിടപറഞ്ഞഅ പോയത്.

ഭാരതിക്ക് നാട്ടിൽ ഭർത്താവും മറ്റൊരു കുട്ടിയുമുണ്ട്. എന്നാൽ, ജോലിക്ക് പോകാത്ത ഭർത്താവിന്റെ അലസത മൂലം കുടുംബം പട്ടിണിയിലായി. പ്രണയവിവാഹമായതിനാൽ ബന്ധുക്കളും കൈവിട്ടിരുന്നു. ഇതോടെ കുടുംബം പോറ്റാനായാണ് പലരോടും കടം വാങ്ങിയും വിറ്റുപെറുക്കിയും സന്ദർശക വീസയിൽ യുഎഇയിലെത്തിയത്. മക്കളുടെ നല്ല ജീവിതത്തിനായി അന്യനാട്ടിൽ എത്തിയ ഭാരതിയെ തട്ടിയെടുക്കുക ആയിരുന്നു.

വീട്ടുജോലി ചെയ്ത് നാട്ടിലെ കുടുംബത്തെ പോറ്റുകയായിരുന്നു ഉദ്ദേശ്യം. കൂടെപ്പിറപ്പ് പോലെ സ്‌നേഹിക്കുന്ന ജെറീന ബീഗത്തിനൊപ്പം കുടുസ്സുമുറിയിൽ താമസിച്ച് ജോലി അന്വേഷിക്കുന്നതിനിടെയായിരുന്നു മഹാമാരി നിഷ്‌കരുണം ഈ യുവതിയുടെ ജീവനെടുത്തത്. അതോടെ, ദേവേഷിന് ജറീന അമ്മയായി. ദുബായിൽ വീട്ടുജോലിക്കാരിയായ ജെറീന പുറത്തേക്കു പോകുമ്പോൾ തൊട്ടടുത്തുള്ള ശ്രീലങ്കൻ യുവതിയെയാണ് അവനെ ഏൽപിക്കുന്നത്.

പെറ്റമ്മയുടെ വിടവ് നികത്തി ജെറീന
ജെറീനയുടെ ലോകം ഭാരതിയും ദേവേഷും ആയിരുന്നു. അതുകൊണ്ട് തന്നെ ആത്മാർഥ സുഹൃത്തിന്റെ വിയോഗം ഏറെ തളർത്തിയത് ജെറീനാ ബീഗത്തിനെയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഭാരതിയുടെ അന്ത്യ കർമങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം അമ്മയുടെ വിടവ് നികത്തി ജെറീന ബീഗം ദേവേഷിന് മാതൃസ്‌നേഹം നൽകി. അവനെ കുളിപ്പിക്കുകയും ഭക്ഷണം കഴിപ്പിക്കുകയും കളിപ്പിക്കുകയും ഉടുപ്പിടുവിക്കുകയും ഉറക്കുകയുമെല്ലാം ഈ കൂട്ടുകാരി തന്നെ. ദേവേഷിനും ജെറീനയെ മതി. എങ്കിലും ഇടയ്ക്കിടയ്ക്ക് ആ കുഞ്ഞി കണ്ണുകൾ പെറ്റമ്മയെ തേടും.

ദുബായിൽ വീട്ടുജോലിക്കാരിയായ ജെറീന പക്ഷേ, പുറത്തേയ്ക്ക് പോകുമ്പോൾ തൊട്ടടുത്തുള്ള ഒരു ശ്രീലങ്കൻ യുവതിയെയാണ് ദേവേഷിനെ നോക്കാൻ ഏൽപ്പിക്കുന്നത്. ജോലി കഴിഞ്ഞ് മടങ്ങുവോളം കുട്ടിയെ ഓർത്ത് ഈ യുവതിയുടെ മനസ്സ് വിങ്ങും. എങ്ങനെയെങ്കിലും കുട്ടിയെ നാട്ടിലുള്ള ബന്ധുക്കളുടെ അടുത്തെത്തിക്കണമെന്നാണ് ആഗ്രഹം.

ദുബായിലെത്തിയത് മടിയനായ ഭർത്താവിന് പകരം കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
വിവാഹത്തോടെ ഒറ്റപ്പെട്ടുപോയ ഭാരതി കഴിഞ്ഞ 10 വർഷത്തിലേറെയായി ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു.ഭാരതിയുടേത് പ്രണയ വിവാഹമായിരുന്നു. അതുകൊണ്ട് തന്നെ വീട്ടുകാരും ബന്ധുക്കളും എതിർത്തു. ഇതോടെ എങ്ങുനിന്നും ശകാരങ്ങളുയർന്നു. ഒറ്റപ്പെടുത്തലിൽ വീർപ്പുമുട്ടി.ഒടുവിൽ പ്രേമബന്ധം വിജയിച്ചപ്പോൾ തന്റെയും ഭർത്താവിന്റെയും കുംടുംബങ്ങൾ ഭാരതിയെ അകറ്റി നിർത്തി.

പക്ഷെ ജീവിതത്തിൽ ഭാരതിക്കു തെറ്റു പറ്റി. വലിയ സ്വപ്നങ്ങളുമായി ദാമ്പത്യ ജീവിതം ആരംഭിച്ച ഭാരതിയെ കാത്തിരുന്നത് പക്ഷേ, അശുഭകരമായ നാളുകളായിരുന്നു. ഒരുമിച്ച് ജീവിതം തുടങ്ങിയെങ്കിലും മടിയനായിരുന്നു ഭാരതിയുടെ ഭർത്താവ്. ജോലിക്കു പോകാതെ സദാസമയവും വീട്ടിൽ തന്നെ. ഇതോടെ ജീവിതത്തിന്റെ താളം പിഴയ്ക്കാൻ തുടങ്ങി എങ്കിലും തോറ്റുകൊടുക്കാൻ ഭാരതി തയാറല്ലായിരുന്നു.

അങ്ങനെ 2011 ൽ ആദ്യമായി യുവതി ദുബായിലെത്തി. ആദ്യ ഒരു വർഷം ഒരു ഹോട്ടലിൽ ജോലി ചെയ്തു. പിറ്റേ വർഷം നാട്ടിലേയ്ക്ക് മടങ്ങി. പക്ഷേ വിധിയുടെ വിളയാട്ടം തുടർന്നു. ആദ്യകുട്ടിക്ക് ജന്മം നൽകിയ ശേഷം കുറച്ചു കാലം എങ്ങനെയെല്ലാമോ നാട്ടിൽ പിടിച്ചു നിന്നു. ഭർത്താവ് ഉത്തരവാദിത്തമേറ്റെടുക്കാൻ തയാറാകാതെ വന്നപ്പോൾ, 2017ൽ വീണ്ടും ഭാരതി ദുബായിലേയ്ക്ക് തിരിച്ചുവന്നു. വീട്ടുജോലിക്കാരിയായി കഴിയവെയാണ് ജെറീനാ ബീഗമെന്ന സ്വന്തം നാട്ടുകാരിയെ പരിചയപ്പെടുന്നത്. ഇരുവരും ഉറ്റ കൂട്ടുകാരികളാകാൻ ഏറെ നാളുകൾ വേണ്ടിവന്നില്ല.

2019 വരെ പലയിടങ്ങളിൽ ജോലി ചെയ്ത ഭാരതി ചെറിയ സമ്പാദ്യവുമായി സമാധാനം നിറഞ്ഞ ജീവിതം സ്വപ്നം കണ്ട് നാട്ടിലേയ്ക്ക് മടങ്ങി. പക്ഷേ മുൻപത്തേക്കാളും കഷ്ടപ്പാടും ദുരിതവുമായിരുന്നു അവരെ കാത്തിരുന്നത്. ഈ സമയത്തെല്ലാം ജെറീനയുടെ ആശ്വാസ വാക്കുകളായിരുന്നു സങ്കടങ്ങളകറ്റിയത്. അതിനിടയിലാണ് ദേവേഷിന്റെ ജനനം. പിന്നീട് ഈ വർഷം മാർച്ചിൽ കൈക്കുഞ്ഞുമായി ഭാരതി ദുബായിലെത്തി. ഇനിയുള്ള കാലം മക്കൾക്കു വേണ്ടി മാത്രം ജീവിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഭാരതി ഇടയ്ക്കിടെ പറയുമായിരുന്നുവെന്ന് ജെറീന ദുഃഖമടക്കാനാകാതെ പറയുന്നു.

ഭാരതിയെ കാത്ത് ആശുപത്രിക്ക് മുന്നിൽ ജറീനയും ദേവേഷും
പ്രവാസ ജീവിതം പ്രതീക്ഷയോടെ മുന്നോട്ടുപോകുമ്പോഴായിരുന്നു കോവിഡ് വില്ലനായെത്തിയത്. ദുബായ് റാഷിദ് ആശുപത്രിയിൽ ഭാരതിയെ പ്രവേശിപ്പിച്ച ദിവസം മുതൽ ദേവേഷ് ജെറീനയ്‌ക്കൊപ്പമായിരുന്നു. കുഞ്ഞിനെയുമെടുത്ത് പ്രാർത്ഥനയോടെ ആശുപത്രി മുറ്റത്ത് തിരിച്ചുവരവ് കാത്തിരുന്നു, ഈ കൂട്ടുകാരി. അമ്മ മരണത്തോട് മല്ലടിക്കുന്നതറിയാതെ ദേവേഷ് ജെറീനയുടെ കൈകളിൽ ഇരുന്നു.

പ്രതിസന്ധികളേറെയുണ്ടായിട്ടും ജീവിതത്തോട് പൊരുതി നിന്നിരുന്ന ഭാരതി, കൊറോണ വൈറസിനെ തോൽപ്പിച്ച് ആശുപത്രിയിൽ നിന്ന് പുഞ്ചിരിയോടെ ഇറങ്ങിവരുമെന്ന് തന്നെയായിരുന്നു അവസാന നിമിഷം വരെ ജെറീന ഉറച്ചുവിശ്വസിച്ചിരുന്നത്. പക്ഷേ തോറ്റതുകൊറോണയായിരുന്നില്ല, ഭാരതിയായിരുന്നു.

തുണയായി സാമൂഹിക പ്രവർത്തകർ
ദുബായിലെ സാമൂഹിക പ്രവർത്തകരായ നാസറിനെയും മുഹമ്മദുമാണ് ജറീനയ്ക്ക് തുണയായത്. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറത്ത് മനുഷ്യ സ്‌നേഹത്തിന്റെ വലിയ പാഠം പകർന്നു കൂടപ്പിറപ്പിനെപോലെ വർഷങ്ങളായി ഒരുമിച്ചുണ്ടായിരുന്ന ഭാരതിയെ അവസാനമായി യാത്രയയക്കാൻ ജെറീനയും നാസറും മുഹമ്മദും മുന്നിൽ നിന്നു. എല്ലാത്തിനും മൂകസാക്ഷിയായി ദേവേഷും. കൊറോണ വൈറസ് പലവിധത്തിൽ നമ്മെ തകർക്കാൻ ശ്രമിച്ചാലും ജാതിക്കും മതത്തിനും ദേശത്തിനും അതീതമായി ഒറ്റക്കെട്ടായി മനുഷ്യരുണ്ട് എന്നതാണ് ഈ കാലം നമ്മളെ പഠിപ്പിക്കുന്നതെന്ന് നാസർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP