Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് നാട്ടിലേക്ക് വരാൻ അനുമതി കിട്ടിയത് അറിഞ്ഞില്ല; ഇതര സംസ്ഥാന തൊഴിലാളികളെയും കൊണ്ടുപോയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ അസമിൽ ആത്മഹത്യ ചെയ്തു; കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അഭിജിത് ജീവനൊടുക്കിയത് ബസ്സിനുള്ളിൽ; ലോക്ഡൗണിൽ കുടുങ്ങിക്കിടന്നത് മാസങ്ങളായി

ഇന്ന് നാട്ടിലേക്ക് വരാൻ അനുമതി കിട്ടിയത് അറിഞ്ഞില്ല; ഇതര സംസ്ഥാന തൊഴിലാളികളെയും കൊണ്ടുപോയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ അസമിൽ ആത്മഹത്യ ചെയ്തു; കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അഭിജിത് ജീവനൊടുക്കിയത് ബസ്സിനുള്ളിൽ; ലോക്ഡൗണിൽ കുടുങ്ങിക്കിടന്നത് മാസങ്ങളായി

ജാസിം മൊയ്തീൻ

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് പോയ ബസ് ജീവനക്കാരൻ അസമിൽ വെച്ച് ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി മേപ്പയ്യൂർ സ്വദേശി നരക്കോടിൽ വീട്ടിൽ അഭിജിത് ആണ് ബസിനുള്ളിൽ ആത്മഹത്യ ചെയ്തത്. 26 വയസ്സായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി അഭിജിത് അടക്കമുള്ള കേരളത്തിൽ നിന്നുള്ള നിരവധി ബസ് ജീവനക്കാർ അസം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

കോവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി പെരുമ്പാവൂരിൽ നിന്നും അസമിലേക്ക് പോയതായിരുന്നു അഭിജിത്. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ തിരിച്ച് നാട്ടിലേക്ക് വരാൻ സാധിച്ചില്ല. മാത്രവുമല്ല തൊഴിലാളികൾ തിരികെ വരാൻ തയ്യാറാകാതിരുന്നതും പ്രതിസന്ധിയായി.

അസമിലെ നഗോണിൽ പാർക്ക് ചെയ്തിരുന്ന ബസിനകത്ത് വച്ചാണ് അഭിജിത് ആത്മഹത്യ ചെയ്തത്. നാല് വർഷങ്ങൾക്ക് മുമ്പ് അച്ചനും സഹോദരിയും മരണപ്പെട്ട അഭിജിത് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. വടകര സ്വദേശി സനലിന്റെ ഉടമസ്ഥതയിലുള്ളതായിരുന്ന അഭിജത് ജോലി ചെയ്തിരുന്ന ടൂറിസ്റ്റ് ബസ്. ഇന്ന് നാട്ടിലേക്ക് തിരികെ വരാൻ അനുമതി വാങ്ങിയിരുന്നതായി ബസ് ഉടമ സനൽ അറിയിച്ചു. എന്നാൽ അനുമതി ലഭിച്ച വിവരം അറിയുന്നതിന് മുമ്പ് തന്നെ അഭിജിത് ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നു എന്നാണ് വിവരം.

നാല് വർഷങ്ങൾക്ക് മുമ്പ് അന്തരിച്ച ബാലകൃഷണനാണ് അഭിജിതിന്റെ അച്ഛൻ. അമ്മ ഗീത. അഭിജിതിന്റെ സമാനമായി പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി ബസ്തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാൻ സർക്കാർ തലത്തിൽ നടപടിവേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ഒരു ജീവനക്കാരൻ ആത്മഹത്യ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് അസം അതിർത്തിയിൽ കുടുങ്ങിയ മലയാളി ഡ്രൈവർമാരിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചത്. തൃശൂർ സ്വദേശി നജീബ് ആണ് അന്ന് മരിച്ചത്. അസം- പശ്ചിമ ബംഗാൾ അതിർത്തിയായ അലിപൂരിൽ വച്ചായിരുന്നു മരണം. അതിഥി തൊഴിലാളികളുമായി പോയ ബസ് ജീവനക്കാർ വലിയ ദുരിതമാണ് അവിടെ അനുഭവിക്കുന്നത്. സ്വന്തം കയ്യിൽ നിന്ന് ദിവസ വാടക കൊടുത്താണ് ഇവർ ബസുകൾ അവിടെ പാർക്കു ചെയ്യുന്നത്. പൈസ നൽകിയില്ലെങ്കിൽ ഗുണ്ടകളുടെ ഭീഷണിയും നേരിടേണ്ടിവരുമെന്ന് ഇവർ പറയുന്നു. ഭക്ഷണം പോലും ലഭിക്കാതെ ദുരിത ജീവിതമാണ് ഇവർ നയിക്കുന്നത്.

കേരള ബസുകൾ ഉടൻ സംസ്ഥാനം വിടണമെന്ന് അസം സർക്കാറും ആവശ്യപ്പെട്ടിട്ടുണ്ട്. ഏജന്റുമാർ കബളിപ്പിച്ചതിനാൽ നൂറുകണക്കിന് ബസുകളാണ് ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നത്. ബസുകൾ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ബസ് ഉടമകളും കാര്യമായ ഇടപെടൽ നടത്തുന്നില്ല. തിരിച്ചു വരാൻ ഡീസലടിക്കാനുള്ള പണം പോലും കയ്യിലില്ലാത്ത അവസ്ഥയിലാണ് ബസ് ഡ്രൈവർമാർ.

കണ്ണൂർ, കോഴിക്കോട്, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബസ് ജീവനക്കാരിൽ കൂടുതലും. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ വരെ വലിയ ശ്രദ്ധ ചെലുത്തുന്ന കേരള സർക്കാർ നാട്ടുകാർ മറ്റൊരു നാട്ടിൽ കുടുങ്ങിക്കിടന്നിട്ടും കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ഈ വിഷയം കഴിഞ്ഞ ദിവസം നിയമ സഭയിലും ചർച്ചയായിരുന്നു. ഇതേ സമയം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവർമാരെ തിരികെയെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP