Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരുവീടും സീൽ ചെയ്തില്ല; ബാരിക്കേഡ് കെട്ടിയില്ല; പേടിയാണ് കോവിഡിനേക്കാൾ വലിയ ശത്രുവെന്ന് ആളുകളോട് പറഞ്ഞു; ലക്‌നൗവിലെ കോവിഡ് കേസുകൾ ആറായിരത്തിൽ നിന്ന് നാൽപതാക്കി കുറച്ച് മാജിക്ക്; മലയാളി ഐഎഎസ് ഉദ്യോഗസ്ഥ ഡോ.റോഷി ജേക്കബിന് കൈയടി

ഒരുവീടും സീൽ ചെയ്തില്ല; ബാരിക്കേഡ് കെട്ടിയില്ല; പേടിയാണ് കോവിഡിനേക്കാൾ വലിയ ശത്രുവെന്ന് ആളുകളോട് പറഞ്ഞു; ലക്‌നൗവിലെ കോവിഡ് കേസുകൾ ആറായിരത്തിൽ നിന്ന് നാൽപതാക്കി കുറച്ച് മാജിക്ക്; മലയാളി ഐഎഎസ് ഉദ്യോഗസ്ഥ ഡോ.റോഷി ജേക്കബിന് കൈയടി

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് ഇന്ത്യയിൽ ആഞ്ഞടിച്ചതെന്നാണ് പ്രധാനമന്ത്രി അടുത്തിടെ വിശേഷിപ്പിച്ചത്. ഉത്തർപ്രദേശിൽ രോഗവ്യാപനം നേരിടാൻ സർക്കാർ വല്ലാതെ വിഷമിച്ചു. ഈ വിഷമസന്ധിയിൽ നിന്ന് കൈപിടിച്ചുകയറ്റാൻ ഇച്ഛാശക്തിയുള്ള നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും വലിയൊരു അളവ് വരെ കഴിയും. ലക്‌നൗവിലെ മലയാളിയായ ഡോ.റോഷൻ ജേക്കബ് ഐഎഎസ് മാധ്യമത്താളുകളിൽ ഇടം പിടിക്കുന്നതും അങ്ങനെയാണ്. യുപി തലസ്ഥാനത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകൾ കുത്തനെ താഴുന്ന കാഴ്ചയാണ്. ഏപ്രിലിൽ 6000 കേസുകൾ എന്ന നിലയിൽ നിന്ന് ജൂൺ 4 ആയപ്പോഴേക്കും 40 കേസുകൾ എന്നായി മാറി. ഒരുസിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ കർമശേഷിയുടെ മികവുറ്റ ഫലം. വെറും ആഴ്ചകൾ കൊണ്ടുള്ള മുന്നേറ്റത്തിന് പിന്നിലെ കഥ റോഷൻ ജേക്കബ് തന്നെ പറയും.

43 കാരിയായ യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ റോഷൻ ജേക്കബ് 2004 ബാച്ചുകാരിയാണ്. ജില്ല മജിസ്‌ട്രേറ്റേിന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഡോ.റോഷൻ ജേക്കബിനെ പ്രത്യേക ദൗത്യവുമായി ലക്‌നൗവിലേക്ക് അയച്ചത്. ഏപ്രിൽ 17 മുതൽ ജൂൺ 2 വരെയുള്ള കാലയളവിൽ എന്ത് അദ്ഭുതമാണ് സംഭവിച്ചത്? മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ ഡോക്ടറെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

തിരുവനന്തപുരം സ്വദേശിയായ ഡോ.റോഷൻ ജേക്കബ് 17 വർഷമായി യുപിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ്. ഇതിനകം കരിയറിൽ മികച്ച നേട്ടങ്ങളുടെ ഒരുവലിയ പട്ടിക തന്നെയുണ്ട്. 2013 ൽ ഗോണ്ട എന്ന പിന്നോക്ക ജില്ലയിലെ എൽപിജി വിതരണം കാര്യക്ഷമമാക്കിയത് മുതൽ കാൻപൂർ നഗർ പോലെയുള്ള നഗരജില്ലകളിലെ ശുചിത്വ പ്രശ്‌നങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിച്ച് പരിഹരിച്ചത് വരെ എണ്ണിപ്പറയാവുന്ന നേട്ടങ്ങൾ ഏറെ.

മൂന്നുവർഷം മുമ്പ് സാധാരണ സിവിൽ സർവീസ് ഉദ്യോഗസ്ഥർ പോകാൻ മടിക്കുന്ന യുപിയിലെ ഖനി വകുപ്പിന്റെ ആദ്യ വനിതാ ഡയറക്‌റായി.
കഴിഞ്ഞ വർഷം മെയിൽ ഡോ.റോഷൻ ജേക്കബിന്റെ മേൽനോട്ടത്തിൽ ലോക്ഡൗണിൽ ഖനനജോലികൾ തുടങ്ങയ രാജ്യത്തെ ആദ്യ സംസ്ഥാനമായി യുപി. ഐഎഎസ് അസോസിയേഷന്റെ ഒരുട്വീറ്റ് ശ്രദ്ധിക്കൂ...' അവർ ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നതിലും ആശയവിനിമയം നടത്തുന്നതിലും വിശ്വസിക്കുന്നു. അവർ വീടുകളും ആശുപത്രികളും സന്ദർശിക്കുന്നതിനെ ആദ്യം ഞങ്ങൾ അംഗീകരിച്ചിരുന്നില്ല. എന്നാൽ, അത് അവരുടെ കരുത്തായി മാറി. അത് ഫലം ചെയ്തു. നിലവിൽ മൈനിങ് ഡയറക്ടർ-സെക്രട്ടറിയാണ് ഡോ.റോഷൻ ജേക്കബ്.

മഹാമാരിയിൽ ഹീറോകളില്ല

'മണി കൺട്രോളിന്' നൽകിയ അഭിമുഖത്തിൽ ഡോ.റോഷൻ ജേക്കബ് താൻ പ്രയോഗിച്ച് തന്ത്രങ്ങൾ വിശദീകരിക്കുന്നു. തന്റെ മിടുക്ക് മാത്രമല്ല, വൈറസിന്റെ തീവ്രത കുറഞ്ഞതും അനുഗ്രഹമായി എന്ന് അവർ സമ്മതിക്കുന്നു. ഒരുമഹാമാരിയിൽ ദുരിതനഷ്ടങ്ങൾ അനുഭവിക്കുന്ന മനുഷ്യരല്ലാതെ ഹീറോകളില്ല.

ജനങ്ങൾ നൽകിയ പിന്തുണയും സഹകരണവുമാണ് ഈ മാറ്റത്തിന് പിന്നിലുള്ളതെന്ന് ഡോ.റോഷൻ ജേക്കബ് പറയുന്നു. ഒരു നല്ല ടീമിനെ കൂടെ കിട്ടി. കോവിഡ് വന്നാൽ പിന്നെ രക്ഷയില്ല എന്ന മനോഭാവം ആദ്യം മാറ്റിയെടുത്തു. ജനങ്ങൾക്ക് രോഗത്തോടുള്ള ഭയം മാറ്റി, കൃത്യമായ ചികിത്സയുണ്ട് എന്ന് ബോധ്യപ്പെടുത്തി. ഓരോ വീടുകളിലും പോയി ജനങ്ങളോട് സംസാരിച്ചു. അവരുടെ ആവശ്യങ്ങൾ കൃത്യമായി ചോദിച്ച് അവരിലേക്ക് എത്തിച്ചു.

ഡോക്ടർ ലക്‌നൗവിൽ എത്തിയ സമയത്ത് ഓരോ രോഗിക്കും ആശുപത്രിയിൽ പോകണമെന്നായിരുന്നു നിർബന്ധം. അതിൽ 85 പേരെയും വീട്ടിൽ ചികിത്സിച്ചാൽ മതിയായിരുന്നു. 10-15 ശതമാനം വരുന്ന ആളുകൾക്ക് ബെഡ്ഡുകൾ ഒരുക്കുക എന്നതായി വെല്ലുവിളി. വൈറസ് ഉച്ഛസ്ഥായിയിൽ ആയിരുന്നപ്പോൾ രോഗബാധിതർക്കെല്ലാം മെഡിസിൻ കിറ്റുകൾ നൽകി.

അതുപോലെ കോവിഡ് ചികിത്സ വളരെ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന തോന്നൽ ജനങ്ങളിൽ നിന്നും അകറ്റി. ഹോം ഐസൊലേഷൻ, മരുന്ന് കിറ്റുകൾ, റാപിഡ് റെസ്‌പോൺസ് ടീമുകളുടെ പ്രവർത്തനം എന്നിവ വളരെ ശക്തവും കാര്യക്ഷമവുമാക്കി. അത് മാത്രമല്ല, നേരിട്ട് പല വീടുകളിലും പോയി ജനങ്ങളോട് സംസാരിച്ചു. കൂട്ടായ പ്രവർത്തനമാണ് ലക്‌നൗവിലെ കോവിഡ് സാഹചര്യത്തിന് മാറ്റമുണ്ടാക്കിയത്-ഡോ.റോഷൻ ജേക്കബ് പറയുന്നു.

ആശുപത്രികളിൽ അമിതഭാരം വരാതിരിക്കാൻ ശ്രദ്ധിച്ചു. ദ്രുതപ്രതികരണ ടീം മികച്ച സേവനമണ് നടത്തിയത്. വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് മികച്ച ഫോളോ അപ്പ് നൽകി. ആശുപത്രി അഡ്‌മിഷനുകൾ കമാൻഡ് കൺട്രോൾ സെന്ററാണ് നിയന്ത്രിച്ചത്. കഴിഞ്ഞാഴ്ച ആശുപത്രിയിലേക്ക് വെയിറ്റിങ് ലിസ്റ്റ് ഉണ്ടായിരുന്നില്ല. കാരണം കേസുകൾ കുറഞ്ഞു, മെച്ചപ്പട്ട പ്രോട്ടോക്കോൾ സംവിധാനവും സഹായകമായി.

ടീം വർക്കാണ് താരം

ആശുപത്രികളിൽ കൂട്ടമരണങ്ങൾ ഉണ്ടാകാതിരിക്കാൻ മണിക്കൂർ കണക്കിൽ ഓക്‌സിജൻ റേഷനിങ് ഏർപ്പെടുത്തി. ഡോക്ടർമാരും, ഉദ്യോഗസ്ഥരും, പൊലീസും ഭരണകൂടവും എല്ലാം ഒരുടീമായി പ്രവർത്തിച്ചു. നേരത്തെ ആർടിപിസിആർ ഫലം വരുന്നത് വരെ പോസിറ്റീവ് രോഗികളെ മാറ്റിപ്പാർപ്പിക്കാൻ കാത്തിരിക്കണമായിരുന്നു. എന്നാൽ, പിന്നീട് ഫലത്തിന് കാത്തിരിക്കാതെ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മരുന്ന് കിറ്റുകൾ കൈമാറാൻ തുടങ്ങി. ദ്രുതപ്രതികരണസേനയിൽ ഉള്ള ഡോക്ടറും, നഴ്‌സും, ഫാർമസിസ്റ്റും രോഗലക്ഷണങ്ങൾ ഉള്ളവരെ സന്ദർശിച്ചിരുന്നു. വെറുതെ ഫോൺകോൾ ചെയ്യുന്നതുകൊണ്ടുഫലമില്ല. ഞാനും വീടുകളിലും ആശുപത്രികളിലും പോയി. ആളുകളെ കാണുന്നത് ഇഷ്ടമായതുകൊണ്ടുമാത്രമായിരുന്നില്ല ഈ സന്ദർശനങ്ങൾ. കോവിഡിനെ ഒരുഅധിനിവേശ ശത്രുവിനെ പോയാണ് രോഗമായല്ല കാണുന്നതെന്ന് ഞാൻ ഈ സന്ദർശനങ്ങളിൽ മനസ്സിലാക്കി. ഒരുവീടും സീൽ ചെയ്യില്ലെന്നും, ബാരിക്കേഡ് കെട്ടില്ലെന്നും ഉറപ്പാക്കി. ആരോഗ്യപ്രവർത്തകരെ കുറിച്ചുള്ള ആളുകളുടെ പേടി മാറ്റി. അതോടെ ആളുകൾക്ക് ആശ്വാസമായി.

യുപിയിലെ ജോലി വെല്ലുവിളികൾ നിറഞ്ഞത്

വെല്ലുവിളി നിറഞ്ഞതെങ്കിലും ജോലി ആസ്വദിക്കുന്നു ഡോ.റോഷി ജേക്കബ്. വളരാനും കാര്യങ്ങൾ ചെയ്യാനും അവസരമുണ്ട്. വനിതാ ഉദ്യോഗസ്ഥരെ യുപിക്കാർ സ്വാഗതം ചെയ്യുന്നു. ജോലിയിൽ ചേർന്ന നാളുകളിൽ ഹിന്ദിയിൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ജില്ല മജിസ്‌ട്രേറ്റ് പദവിയിലിരിക്കെയാണ് ഏറ്റവും അധികം വെല്ലുവിളികൾ നേരിട്ടത്. മൈനിങ് വകുപ്പിൽ നിയമപരമായ ഖനനം സുഗമമാക്കുന്നതിനൊപ്പം, അനധികൃത ഖനനം തടയുകയും വേണം.

കുടുംബം, വിദ്യാഭ്യാസം, ജോലി

അമ്മ ഏലിയാമ്മ വർഗ്ഗീസും അച്ഛൻ ടി.കെ.ജേക്കബും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ദമ്പതികളുടെ ഏകമകളാണ്. തിരുവനന്തപുരത്തെ സർവോദയ സ്‌കൂളിലായിരുന്നു സ്‌കൂൾ പഠനം. സർക്കാർ വനിതാ കോളേജിൽ ബിരുദത്തിനും, കേരള സർവകലാശാല ഇംഗ്ലീഷ് വകുപ്പിൽ ബിരുദാനന്തര ബിരുദവും. ജെആർഎഫ് നേടിയ ശേഷം സർവീസിലിരിക്കെ പിഎച്ചഡി പൂർത്തിയാക്കി. ഝാൻസിയിൽ പ്രൊബേഷണറി ഓഫീസറായിട്ടായിരുന്നു ആദ്യ പോസ്റ്റിങ്. ബസ്തി, ഗോണ്ട, കാൺപൂർ, റായ്ബറേലി, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലായി ജില്ലാ മജിസ്‌ട്രേറ്റായി.

ഐഎഫ്എസ് ഉദ്യോഗസ്ഥനും ബാച്ച്‌മേറ്റുമായ ഡോ.അറിന്ദം ഭട്ടാചാര്യയാണ് ജീവിത പങ്കാളി. അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിലാണ്. ലക്‌നൗവിൽ കോവിഡ് നിയന്ത്രണത്തിനായി ഡോ.റോഷി ജേക്കബ് പ്രയത്‌നിക്കുമ്പോൾ ഒരുമാസത്തോളം മെഡിക്കൽ ഡോക്ടറായ അറിന്ദവും ഒപ്പമുണ്ടായിരുന്നു. ഒരുമകളും മകനുമുണ്ട് ദമ്പതികൾക്ക്.

ഒഴിവുസമയത്ത് കവിതയെഴുത്താണ് ഡോ.റോഷി ജേക്കബിന്റെ ഇഷ്ടം. ഇംഗ്ലീഷ് കവിതകളുടെ കന്നിസമാഹാരം എ ഹാൻഡ്ഫുൾ ഓഫ് സ്റ്റാർഡസ്റ്റ് ശശി തരൂരാണ് പ്രകാശനം ചെയ്തത്. ഇപ്പോൾ ഹിന്ദി നന്നായി സംസാരിക്കാനും, വായിക്കാനും, എഴുതാനും ഡോ.റോഷി ജേക്കബ് പ്രാവീണ്യം നേടിയിരിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP