Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാൽവാൻ സംഘർഷം: ഒരു വർഷം കാത്തിരുന്നിട്ടും സംഭവത്തെപ്പറ്റി വ്യക്തത ലഭിച്ചില്ല; സംഘർഷത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയെന്ന് അറിയാൻ ക്ഷമയോടെ കാത്തിരുന്നു; ഇനിയെങ്കിലും രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കണം; കേന്ദ്രസർക്കാരിനെ വിമർശിച്ച് സോണിയ

ഗാൽവാൻ സംഘർഷം: ഒരു വർഷം കാത്തിരുന്നിട്ടും സംഭവത്തെപ്പറ്റി വ്യക്തത ലഭിച്ചില്ല; സംഘർഷത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയെന്ന് അറിയാൻ ക്ഷമയോടെ കാത്തിരുന്നു; ഇനിയെങ്കിലും രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കണം; കേന്ദ്രസർക്കാരിനെ വിമർശിച്ച് സോണിയ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഗാൽവാൻ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ചൈനീസ് സൈനികരുമായുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ സംഭവത്തിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് അവർ ആരോപിച്ചു. ഇനിയെങ്കിലും ഇക്കാര്യത്തിൽ രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും സോണിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിമർശത്തിൽ ഇതുവരെ ബിജെപിയുടെ പ്രതികരണം വന്നിട്ടില്ല.

കഴിഞ്ഞ വർഷം ജൂൺ 15-നാണ് ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ സംഘർഷമുണ്ടായത്. നിരവധി ചൈനീസ് സൈനികരും സംഘർഷത്തിനിടെ കൊല്ലപ്പെട്ടിരുന്നു. യഥാർഥ നിയന്ത്രണ രേഖയിൽ അഞ്ച് പതിറ്റാണ്ടിനിടെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമായിരുന്നു ഇത്.

മുൻപ് ഒരിക്കലും ഉണ്ടാകാത്ത വിധമുള്ള സംഘർഷത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണ് എന്ന കാര്യത്തിൽ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിൽ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു താൻ എന്ന് സോണിയ പറഞ്ഞു. ഇന്ത്യയുടെ ധീര ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ കടന്നുകയറ്റം നടന്നിട്ടില്ലെന്ന തരത്തിൽ പ്രധാനമന്ത്രി ഒരും വർഷം മുമ്പ് പറഞ്ഞതിൽപ്പോലും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെന്ന് സോണിയ ആരോപിച്ചു.

സംഭവത്തിന്റെ വിശദാംശങ്ങൾ നൽകണമെന്ന് കോൺഗ്രസ് പല തവണ ആവശ്യപ്പെട്ടതാണ്. യഥാർഥ നിയന്ത്രണ രേഖയിൽ തൽസ്ഥിതി പുനഃസ്ഥാപിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നും കോൺഗ്രസ് ആരാഞ്ഞിരുന്നു. 

ഗാൽവാൻ അതിർത്തിയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാൾ കൂടുതലാണെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത ബ്ലോഗറെ ചൈനീസ് ഭരണകൂടം ജയിലിലടച്ചിരുന്നു. നാല് സൈനികർ കൊല്ലപ്പെട്ടെന്നായിരുന്നു ചൈനീസ് സർക്കാർ പുറത്തുവിട്ടതിത്. എന്നാൽ ഇതിനേക്കാൾ കൂടുതൽ സൈനികർ മരിച്ചെന്ന് പറഞ്ഞതിനായിരുന്നു നടപടി. ഇന്ത്യയുടമായുള്ള സംഘർഷത്തിൽ നാല് സൈനികരുടെ ജീവൻ നഷ്ടമായെന്നാണ് ചൈന വെളിപ്പെടുത്തിയത്.

ഗാൽവാൻ താഴ്‌വരയിലെ സംഘർഷം നിർഭാഗ്യകരമെന്ന പ്രസ്താവനയുമായി ചൈന പിന്നീട് രംഗത്ത് എത്തിയിരുന്നു. ഇന്ത്യയിലെ ചൈനീസ് അംബാസഡറായ സുൺ വീഡോംഗാണ് ചരിത്രപരമായും ഏറെ ദുഃഖകരമായ സംഭവമാണെന്നും ഒഴിവാക്കാമായിരുന്നുവെന്നുമുള്ള കുറ്റസമ്മതം നടത്തിയത്. 'ഇന്ത്യയും ചൈനയും തമ്മിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത പ്രശ്നമാണ് ഗാൽവാനിൽ നടന്നത്. ഇപ്പോൾ സ്ഥിതി വേണ്ട വിധം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ദുഃഖകരമായ സംഭവമാണ് നടന്നത്' ചൈനീസ് സ്ഥാനപതി സുൻ വീഡോംഗ് പറഞ്ഞു. ഇന്ത്യ ചൈന യുവ സമ്മേളനത്തിന്റെ ഭാഗമായി വെബിനാറിലാണ് ചൈനയുടെ അഭിപ്രായം സുൻ വ്യക്തമാക്കിയത്.


ഗാൽവൻ സംഘർഷം ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് അമേരിക്കയിലെ ഉന്നതതല സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് - ചൈന എക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ (യുഎസ്സിസി) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ജപ്പാൻ മുതൽ ഇന്ത്യവരെയുള്ള രാജ്യങ്ങൾക്കെതിരെ ചൈന സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്യാൻ തുടങ്ങിയതിന് പിന്നാലെയാണ് ഗാൽവാൻ സംഭവം അവർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് തെളിവുകൾ ചൂണ്ടിക്കാട്ടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ആളപായം ഉണ്ടാകാനുള്ള സാധ്യതപോലും ചൈന മുന്നിൽക്കണ്ടിരുന്നുവെന്നാണ് യു.എസ് സമിതി പറയുന്നത്.

ഇരുരാജ്യങ്ങളെയും വേർതിരിക്കുന്ന യഥാർഥ നിയന്ത്രണ രേഖയിൽ കിഴക്കൻ ലഡാക്കിന് സമീപമാണ് ഗാൽവൻ താഴ്‌വര. 2020 മെയ് മാസം മുതലുണ്ടായ ഉരസലുകൾക്കൊടുവിലാണ് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചൈനീസ് സൈനികർ കൊല്ലപ്പെടുകയും ചെയ്ത ഗാൽവൻ സംഘർഷമുണ്ടായത്. എത്ര ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത് എന്നകാര്യം തുടക്കത്തിൽ സ്ഥിരീകരിച്ചിട്ടില്ല.

1975 നുശേഷം ഇരുഭാഗത്തും ആൾനാശമുണ്ടാകുന്ന ആദ്യ സംഭവമായിരുന്നു ഇത്. അതിർത്തി ഭദ്രമാക്കുന്നതിനായി സൈനിക ശക്തി ഉപയോഗിക്കാൻ ചൈനീസ് പ്രതിരോധമന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെ ആയിരുന്നു സംഭവം. ഇന്ത്യൻ ഭൂപ്രദേശം കൈയടക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്ന് ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റിയൂഷനിലെ സീനിയർ ഫെലോ തൻവി മദനെ ഉദ്ധരിച്ചുകൊണ്ട് യു.എസ് ഉന്നതതല സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

നീക്കം ഫലംകാണുമെന്ന് ചൈന കണക്കുകൂട്ടിയിരുന്നു. അമേരിക്കയോട് കൂടുതൽ അടുക്കുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമിട്ടാണ് യഥാർഥ നിയന്ത്രണ രേഖയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ചൈന തടഞ്ഞത്. എന്നാൽ ചൈനയുടെ നീക്കങ്ങളെല്ലാം പാളി.

യു.എസ് - ചൈന വ്യാപാര യുദ്ധം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തെ ബാധിക്കുന്ന സാഹചര്യമുണ്ടായാൽ ഇന്ത്യ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ മുന്നറിയിപ്പ് നൽകിയിരുന്ന കാര്യവും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. സംഘർഷമുണ്ടാകുന്നതിന് ഒരാഴ്ചമുമ്പ് പകർത്തിയ ഉപഗ്രഹ ചിത്രങ്ങളിൽ ആയിരത്തോളം പിഎൽഎ സൈനികരുടെ സാന്നിധ്യം ഗാൽവൻ താഴ്‌വരയിലുണ്ടെന്നകാര്യം വ്യക്തമായിരുന്നു.

ഇന്ത്യ - ചൈന സൈനികർ തമ്മിൽ പലതവണ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഷി ജിൻപിങ് 2012 ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി അവരോധിക്കപ്പെട്ടതിനുശേഷം അഞ്ച് തവണയാണ് വൻ സംഘർഷങ്ങൾ ഉണ്ടായതെന്നും യു.എസ് സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP