Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൈബറിടത്തിൽ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്രോളുകളും പൈങ്കിളി കഥകളുമിറക്കി തന്നെ മോശമായി ചിത്രീകരിക്കുന്നു; അതിൽ ആസ്വാദനം കണ്ടെത്തുന്നവർ എന്തായാലും എന്നെപ്പോലെ മറ്റൊരു പെണ്ണായിരിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്; എം.എസ്.എഫ് ഹരിതയിലെ തർക്കത്തിൽ പ്രതികരണവുമായി മലപ്പുറം ജില്ലാ പ്രസിഡന്റ്

സൈബറിടത്തിൽ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്രോളുകളും പൈങ്കിളി കഥകളുമിറക്കി തന്നെ മോശമായി ചിത്രീകരിക്കുന്നു;  അതിൽ ആസ്വാദനം കണ്ടെത്തുന്നവർ എന്തായാലും എന്നെപ്പോലെ മറ്റൊരു പെണ്ണായിരിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്; എം.എസ്.എഫ് ഹരിതയിലെ തർക്കത്തിൽ പ്രതികരണവുമായി മലപ്പുറം ജില്ലാ പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സൈബറിടത്തിൽ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്രോളുകളും പൈങ്കിളി കഥകളുമിറക്കി തന്നെ മോശമായി ചിത്രീകരിക്കുകയാണെന്നും രണ്ട് ദിവസമായി നേരിട്ട അക്രമങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. തൊഹാനി.

ഒരു പെണ്ണ് എന്ന പരിഗണന പോലും നൽകാതെ തനിക്കും ഒരു കുടുംബമുണ്ടെന്ന് ആലോചിക്കാതെയാണ് സൈബർ ആക്രമണം. അതൊരു പെണ്ണായിരിക്കില്ലെന്നാണ് തൊഹാനി പറയുന്നത്. ആരോടും അങ്ങോട്ട് പോയി ഒന്നും ചോദിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ആകുമെന്നും കരുതിയില്ല. കഴിയുന്ന ഒരു സേവനം പാർട്ടിക്ക് വേണ്ടി ചെയ്യാം എന്ന് മാത്രമേ ആലോചിച്ചിരുന്നുള്ളൂവെന്നും ഇത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഇനിയും ദയവായി ആക്രമിക്കരുതെന്നും തൊഹാനി ഫേസ്‌ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.

ഹരിത ജില്ലാ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായം മറികടന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നേരിട്ട് പ്രഖ്യാപിച്ചതോടെയാണ് സംഘടനയിലെ ഭിന്നത മറനീക്കിയത്. ഇത് ഔദ്യോഗിക കമ്മിറ്റിയല്ലെന്ന് ഹരിത സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.

കെ.എസ്.യു പ്രവർത്തകരെയും പ്രായപരിധി കഴിഞ്ഞവരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നും ആരോപണമുയർന്നു. ചില ഭാരവാഹികൾ സ്ഥാനം ഏറ്റെടുക്കില്ലെന്ന് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. സംഘടന ഏൽപ്പിച്ച പദവിയിൽ തുടരുമെന്നും മികച്ച പ്രവർത്തനങ്ങളിലൂടെ അടയാളപ്പെടുത്തി കടന്നു പോവാൻ ശ്രമിക്കുമെന്നും അഭിഭാഷകയും ലോ കോളജ് അദ്ധ്യാപികയുമായ തൊഹാനി വ്യക്തമാക്കിയിട്ടുണ്ട്.

എം.എസ്.എഫിന്റെ വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ പുതുതായി തെരഞ്ഞടുത്ത മലപ്പുറം ജില്ലാ കമ്മറ്റിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടത്. സംസ്ഥാന കമ്മറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഒരു വിഭാഗം ജില്ലാ കമ്മറ്റിയെ പ്രഖ്യാപിച്ചതെന്നും ഇതിന് സംസ്ഥാന കമ്മറ്റിയുടെ അംഗീകാരമില്ലെന്നും ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നിയും ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയും പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

എം.എസ്.എഫിന്റെ ജില്ലാ കമ്മറ്റയുമായി ആശയവിനിമയം നടത്തി സംസ്ഥാന കമ്മറ്റി ജില്ലാ കമ്മറ്റിയെ തെരഞ്ഞടുക്കുന്നതാണ് ഹരിതയുടെ കീഴ്‌വഴക്കം. 2018 ജുലൈയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയാണ് ഹരിതയുടെ ഔദ്യോഗിക മലപ്പുറം ജില്ലാ വിഭാഗമെന്ന് സംസ്ഥാന കമ്മറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. എം.എസ്.എഫിന്റെ പ്രായപരിധി കഴിഞ്ഞവരാണ് ഹരിതയുടെതെന്ന പേരിലുള്ള മലപ്പുറം ജില്ലാ കമ്മറ്റിയെന്നും പ്രസ്താവനയിൽ പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരമാണ് ഓൺലൈൻ യോഗം വിളിച്ച് അഡ്വ. കെ. തൊഹാനി പ്രസിഡന്റും എംപി. സിഫ്വ ജനറൽ സെക്രട്ടറിയും സഫാന ഷംന ടഷററുമായി ഹരിത മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ എം.എസ്.എഫ്. കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്. ഇതേ തുടർന്നാണ് പ്രശ്‌നങ്ങൾ സംഘടനയിൽ ഉടലെടുത്ത്.

സംഭവത്തിൽ പ്രതികരിച്ചുള്ള അഡ്വ. കെ തൊഹാനിയുടെ പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ടവരെ,
മുസ്ലിം ലീഗ് പാർട്ടിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരു സാധാരണ പാർട്ടി പ്രവർത്തക എന്ന നിലയിൽ ഒരിക്കലും ഇങ്ങനെയൊരു അവസരം എന്റെ ജീവിതത്തിൽ കൈവരുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ജീവിതത്തിൽ ഒരിക്കൽ പോലും അങ്ങനെയൊരു ആഗ്രഹവും ഉണ്ടായിട്ടില്ല.
പാർട്ടിക്ക് വേണ്ടി സേവനം ചെയ്യാൻ കിട്ടിയ ഒരു ചെറിയ അവസരം എന്നതിൽ കവിഞ്ഞ് ഒരു അലങ്കാരമായി ഇതൊന്നും കാണുന്നില്ല, വലിയ ഉത്തരവാദിത്തമാണ് എന്ന ബോധ്യവുമുണ്ട്.
കൈമാറേണ്ട ഒരു അമാനത്ത് മാത്രമായേ സ്ഥാനങ്ങളെ കണ്ടിട്ടുള്ളൂ. മികച്ച പ്രവർത്തനങ്ങളിലൂടെ അടയാളപ്പെടുത്തി കടന്നു പോവുക എന്നത് മാത്രമാണ് ലക്ഷ്യം വെക്കേണ്ടത്.
ഒരു കാലത്തെ മാറ്റി നിർത്തപ്പെടലിന് പകരമെന്നോണം ഇന്ന് ഹരിതയുടെ എളിയൊരു ഭാഗമാവാൻ സാധിച്ചതിൽ സർവ്വശക്തനോട് ആദ്യമായി നന്ദി പറയുന്നു.
ലീഗ് എന്താണെന്ന് എന്നെ പഠിപ്പിച്ചതും പരിചയപ്പെടുത്തിയതും മക്ക കെഎംസിസി നേതാവ് ജനാബ് കോഡൂർ മൊയ്തീൻ കുട്ടി സാഹിബ് എന്ന ഞാൻ ഉപ്പ എന്ന് വിളിക്കുന്ന ദീദിയുടെ ഉപ്പയാണ്. ഹൈസ്‌കൂൾ കാലത്ത് ഉപ്പ പറയുന്ന ലീഗ് ചരിത്രങ്ങൾ ആവേശത്തോടെ കേട്ടിരുന്നിട്ടുണ്ട്.
ഞാൻ വരുന്നത് വലിയ ജീവിത സാഹചര്യങ്ങളിൽ നിന്നല്ല, ഒരുപാട് പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് എൽ.എൽ.ബി. എന്ന ആഗ്രഹത്തിലേക്ക് പോലും എത്തിയത്.
അഡ്‌മിഷൻ നേടി ലോ കോളേജിലേക്ക് വന്ന ആദ്യ ദിവസങ്ങളിൽ പരിചയപ്പെട്ട പ്രിയപ്പെട്ട ഫമീഷ ഇത്തക്ക് (അഡ്വ. ഫമീഷ) ഞാനന്നെ പരിചയപ്പെടുത്തിയത് ഞാനൊരു എംഎസ്എഫ് കാരിയാണെന്ന് പറഞ്ഞാണ്.
എല്ലാ പാർട്ടിയിലും സുഹൃത്തുക്കൾ ഉണ്ടായിരുന്നു, ഇന്നുമുണ്ട്. സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി യു.ഡി.എസ്.എഫിന്റെ ഭാഗമായി ജനറൽ സീറ്റിൽ മറ്റൊരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ബാനറിൽ മത്സരിച്ചിട്ടുണ്ട്. ജനറൽ സീറ്റിൽ അവരായിരുന്നു മത്സരിക്കാറുള്ളത്. ധാരാളം സുഹൃത്തുക്കൾ ആ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നു. മെമ്പർഷിപ്പ് എടുക്കുകയോ ഭാരവാഹിത്വം വഹിക്കുകയോ ഒന്നും ചെയ്തിട്ടില്ല.
2011 ൽ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം പങ്കെടുത്ത എം.എസ്.എഫ്. സമ്മേളനത്തിൽ ഫമീഷ ഇത്തയോടൊപ്പം അഭിമാനത്തോടെ പങ്കെടുത്തിട്ടുണ്ട്.
ഇലക്ഷനു ശേഷവും ഹരിതയുടെ ഭാഗമായി ഒരു കാമ്പിന് പോയിട്ടുണ്ട്.
എൽ.എൽ.ബി. പഠനകാലത്ത് തന്നെ എം.എസ്.എഫ്. ഫണ്ടിനു വേണ്ടി എന്റെ നാട്ടിൽ പിരിവും നടത്തിയിട്ടുണ്ട്.
ബഹു. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന എം.സി.ടി. കോളേജിൽ അദ്ധ്യാപികയാണ്. പി.എച്ച്.ഡി. എൻഡ്രൻസിന് തയ്യാറെടുക്കുന്നുണ്ട്, നെറ്റ് കഴിഞ്ഞ വർഷങ്ങളിൽ തുണച്ചിട്ടില്ല. സി.എസ്. പ്രവേശനത്തിന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ത്രിതല പഞ്ചായത്ത് ഇലക്ഷനിലും ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷനിലും മുസ്ലിം ലീഗിനു വേണ്ടി എളിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്, ഇരു ഇലക്ഷനുകളിലും കുടുംബയോഗങ്ങളിൽ പാർട്ടിയുടെ ശബ്ദമായിട്ടുണ്ട്.
പഞ്ചായത്ത് ഇലക്ഷനിൽ വേങ്ങരയിൽ മത്സരിക്കാൻ പാർട്ടി അവസരം തന്നിട്ടുണ്ട്. അന്ന് അത് സ്‌നേഹപൂർവ്വം വേണ്ടെന്ന് വെച്ചതാണ്.
കാലാകാലങ്ങളിൽ മുസ്ലിം ലീഗ് പാർട്ടിയെ മനസ്സിലാക്കി മറ്റു പാർട്ടികളിൽ നിന്നും കടന്നു വന്നവർ ധാരാളമുണ്ട്. ഇനിയും ആളുകൾ വരണം. അതുകൊണ്ടൊന്നും അവരാരും ലീഗുകാരല്ല എന്നു പറയാനാവില്ല.
ഒരാളും ജീവിതത്തിൽ മാറരുത് എന്ന് വാശി പിടിക്കരുത്.
ലീഗാണോ എന്ന് അന്വേഷിക്കേണ്ടത് ഒരാളുടെ വാർഡിലാണ് എന്നു തോന്നുന്നു.
എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റിനെ യാതൊരു മുൻപരിചയവുമില്ല. ഇതുവരെ നേരിൽ കണ്ടിട്ടില്ല. ആദ്യമായി സംസാരിച്ചത് പോലും കമ്മിറ്റി പ്രഖ്യാപന ദിവസം മാത്രമാണ്.
കഴിഞ്ഞ വർഷത്തെ കോവിഡ് കാലത്ത് ഫ്രീടൈം കിട്ടാൻ തുടങ്ങിയപ്പോഴാണ് ഫേസ്‌ബുക്കിൽ ചെറുതായി ലീഗൽ അവയർനസിനെ കുറിച്ച് എഴുതണമെന്ന് തോന്നിയത്. അങ്ങനെയാണ് ലീഗൽ ഡൗട്ട്‌സ് ആരംഭിച്ചത്. പിന്നീട് സൗകര്യക്കുറവ് കാരണം നിന്നുപോയി. മികച്ച അഭിഭാഷകരുമായുള്ള അഭിമുഖം അടക്കമുള്ള പരിപാടികളുമായി ഇൻഷാ അള്ളാ അത് പുനരാരംഭിക്കും.
ഈ കോവിഡ് കാലത്താണ് വീണ്ടും എഴുതണമെന്ന് തോന്നിയത്. സുഹൃത്തുക്കളുടെ സഹായവും സഹകരണവും ഉണ്ടായപ്പോൾ വല്ലപ്പോഴും ചെറിയ പോസ്റ്റുകൾ ചെയ്തു.
ജുഡീഷ്യറിയിലും നിയമമേഖലയിലും ന്യൂനപക്ഷങ്ങളുടെ കുറവ് പരിഹരിക്കപ്പെടണമെന്ന ലക്ഷ്യത്തിലേക്ക് എന്നാലാവുന്ന വിധം ഒരു ബോധവത്കരണത്തിന്റെ ഭാഗമായി നിയമപഠനത്തിലെ സാധ്യതകളെ കുറിച്ച് ഒരു സീരീസായി പോസ്റ്റ് ചെയ്യുന്നുണ്ട്.
പല കോളേജുകളിലും നോൺ പ്രോഫിറ്റ് സംഘടനകൾക്ക് വേണ്ടിയും നിയമ പഠനത്തിലെ സാധ്യതകളെക്കുറിച്ച് സൗജന്യ ലൈവ് ഓറിയന്റേഷൻ ക്ലാസുകൾ നൽകി വരുന്നുണ്ട്.
മുസ്ലിം ലീഗിന്റെ പോയ കാലത്തെ ചരിത്ര സംഭവങ്ങൾ പുസ്തകങ്ങളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും മനസ്സിലാക്കാനും അവസരമുണ്ടായി. ജനാബ് എം.സി. വടകര സാഹിബ് ആയൊക്കെ സംസാരിക്കാനാവുന്നത് ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു.
എന്നെപ്പോലെ അത്തരം അഭിമാനകരമായ ഇന്നലെകളെ കുറിച്ച് അധികമറിയാത്തവർക്ക് കൂടുതൽ പഠിക്കാൻ ഒരു പ്രചോദനമാകുമെന്ന് കരുതിയാണ് അവ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്.
ഇതൊന്നും തന്നെ ഒരു രാഷ്ട്രീയ പ്രവേശനത്തിനുള്ള മാർഗ്ഗമായി കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ ഒതുങ്ങി നിൽക്കുന്ന രാഷ്ട്രീയത്തോട് താത്പര്യവുമില്ല. ടീച്ചിങ് പോലെ ഇത്തരം ചെറിയ അറിവുകൾ പകരുന്നതും ഒരു പാഷനപ്പുറം ഒന്നും തന്നെയല്ല.
ആരുടെയും അവസരം കളയാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മാറ്റിനിർത്തപ്പെട്ട ഒരാളെന്ന നിലക്ക് എല്ലാവർക്കും അവസരം നൽകണമെന്നാണ് ആഗ്രഹം.
അടുത്ത വർഷം പത്താം വാർഷികം ആഘോഷിക്കാൻ പോകുന്ന ഹരിതയിലൂടെ ഈ സമുദായത്തിന് നേതൃത്വം നൽകേണ്ട ഒരുപാട് കുട്ടികൾ ഉയർന്നു വരണം. ഹരിത നമ്മൾ എല്ലാവരുടേതുമാണ്.
ആരോപണങ്ങളും പ്രത്യാരോപണങ്ങളും മറുപടികളും ഉണ്ടാവേണ്ടത് പൊതു ഇടത്തിലല്ല, പാർട്ടിക്കകത്താണെന്ന് വിശ്വസിക്കുന്നു. അതിനാൽ കൂടുതൽ എഴുതുന്നില്ല.
എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുമുള്ളത്. ഇലക്ഷനു ശേഷം സിപിഎമ്മിന്റെ സൈബറാക്രമണം നേരിട്ടിട്ടുണ്ട്. ഇലക്ഷൻ സംബന്ധിച്ച ചില പോസ്റ്റുകൾ ഫ്രണ്ട്‌സ് ഓൺലി, മി ഓൺലി ഒക്കെ ആക്കേണ്ടി വന്നു.
പക്ഷെ കഴിഞ്ഞ രണ്ട് ദിവസമായി സൈബറിടത്തിൽ നേരിട്ട അക്രമങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ഒരു പെണ്ണ് എന്ന് പരിഗണന പോലും നൽകാതെ എനിക്കും ഒരു കുടുംബമുണ്ടെന്ന് ആലോചിക്കാതെ എന്നെ വൾഗർ ആയി ചിത്രീകരിച്ച് സൈബർ ബുള്ളിയിങ് ചെയ്യുകയാണ് ചിലർ.
സൈബറിടത്ത് ഒരു പെണ്ണിന്റെ വൾഗർ ട്രോളുകളും പൈങ്കിളി കഥകളുമിറക്കി ആസ്വാദനം കണ്ടെത്തുന്നവർ എന്തായാലും എന്നെപ്പോലെ മറ്റൊരു പെണ്ണായിരിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്.
ആരോടും അങ്ങോട്ട് പോയി ഒന്നും ചോദിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ആകുമെന്നും കരുതിയില്ല. എന്നെ കൊണ്ട് കഴിയുന്ന ഒരു സേവനം പാർട്ടിക്ക് വേണ്ടി ചെയ്യാം എന്ന് മാത്രമേ ആലോചിച്ചിരുന്നുള്ളൂ.
എനിക്കിത് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇനിയും ദയവായി എന്നെ ആക്രമിക്കരുത് എന്ന് അപേക്ഷിക്കുന്നു.
നിങ്ങളുടെ ഓരോരുത്തരുടെയും പരിപൂർണ്ണ സഹകരണം ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
നമുക്കൊരുമിച്ച് ഹരിതാഭമായ പുതിയ വസന്തം തീർക്കണം... പുതിയ ചരിത്രം രചിക്കണം... ഹരിതയുടെ പുതിയ കാലത്തെ അടയാളപ്പെടുത്തണം...
ഈ വേദനകൾക്കിടയിലും ഞാൻ ഏറെ ബഹുമാനിക്കുന്ന നേതാക്കളും വിവിധ കമ്മിറ്റികളുടെ ഭാരവാഹികളും പാർട്ടിക്കാരും സുഹൃത്തുക്കളും സഹപ്രവർത്തകരും എന്റെ ഹരിതയിലെ സഹോദരിമാരും എന്റെ കുടുംബവും തന്ന ആശ്വാസ വാക്കുകൾക്ക് നന്ദി പറയുകയാണ്.
അഡ്വ തൊഹാനി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP