Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കടം കയറി മുടിഞ്ഞ കത്തനാർ! ക്യാൻസർ ചുമന്ന് ജീവിതം; നിത്യചൈതന്യ യതിയിലേക്ക് അടുപ്പിച്ചത് അച്ഛനും; മനസ്സിലുള്ളത് പ്രായമായ കത്തനാരും; പ്രകാശ് പോൾ ജീവിത കഥ പറയുമ്പോൾ

കടം കയറി മുടിഞ്ഞ കത്തനാർ! ക്യാൻസർ ചുമന്ന് ജീവിതം; നിത്യചൈതന്യ യതിയിലേക്ക് അടുപ്പിച്ചത് അച്ഛനും; മനസ്സിലുള്ളത് പ്രായമായ കത്തനാരും; പ്രകാശ് പോൾ ജീവിത കഥ പറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാന്ത്രികൻ മഹാ മാന്ത്രികൻ എന്നു തുടങ്ങുന്ന ടൈറ്റിൽ സോങ്ങും തകത തികത തെയ് എന്ന വായ്ത്താരിയും ഒരിക്കലെങ്കിലും ഏറ്റുപറയാത്ത മലയാള ടെലിവിഷൻ പ്രേക്ഷകർ കുറവായിരിക്കും. അത്രയെറെ മലയാളി പ്രേക്ഷകരുടെ മനസിൽ പതിഞ്ഞതാണ് ഇവ രണ്ടും. കടമറ്റത്ത് കത്തനാരായി ജീവിച്ച് മലയാളി മനസിൽ ചേക്കേറിയ പ്രകാശ് പോൾ തന്റെ അഭിനയജീവിതത്തെക്കുറിച്ചും തുടർന്നുണ്ടായാ സാമ്പത്തീക പ്രതിസന്ധികളെക്കുറിച്ചുമൊക്കെയാണ് അഭിമുഖത്തിന്റെ ഒന്നാംഭാഗത്തിൽ സംസാരിച്ചത്. എന്നാൽ അപ്രതീക്ഷിതിമായ ഒരു പല്ലുവേദനയുടെ രൂപത്തിൽ തന്റെ ശരീരത്തിൽ വരവറിയിച്ച ട്യൂമറിനെ നേരിടുന്ന അസാധ്യ മനസാന്നിദ്ധ്യത്തെയും സ്വാമി നിത്യ ചൈതന്യ യതിയുടെ ശിഷത്വം സ്വീകരിച്ചതിനെക്കുറിച്ചുമൊക്കെയാണ് അവസാനഭാഗത്തിൽ അദ്ദേഹം മറുനാടൻ വായനക്കാരുമായി പങ്കുവെക്കുന്നത്.

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. ചോദിക്കുമ്പോൾ ചിലപ്പോൾ വിഷമം തോന്നിയേക്കാം.എങ്കിലും എന്തായിരുന്നു പ്രശ്നം? ഇപ്പോൾ എങ്ങിനെ ആരോഗ്യ നില എങ്ങിനെ ഉണ്ട്?

ഏയ്.. ആരോഗ്യ പ്രശ്നത്തെക്കുറിച്ച് ചോദിക്കുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല.2016 ലാണ് പ്രശ്നം ആദ്യമായി തുടങ്ങുന്നത്. ഒരു പല്ലുവേദന വന്നു. അപ്പോൾ ചില നാടൻ മരുന്നുകളാണ് ചെയ്തത് അങ്ങിനെ നാക്കിന്റെ ഒരു വശം പൊള്ളുകയും മരവിച്ച് പോവുകയും ചെയ്തു.ഞാൻ പല്ലുവേദനയ്ക്ക് ഉപയോഗിച്ച മരുന്നിന്റെ പ്രശ്നമാണെന്ന് കരുതി ഒരുമാസത്തോളം ഒന്നും ചെയ്തില്ല.പക്ഷെ എന്നിട്ടും നേരെയാകാഞ്ഞപ്പോൾ ഞാൻ വീണ്ടും ഡോക്ടറെ കാണുകയും ആ ഡോക്ടർ ന്യൂറോ സർജ്ജന് സജസ്റ്റ് ചെയ്യുകയും ചെയ്തു. കുറെ ടസ്റ്റുകൾക്് ശേഷം സർജൻ പറഞ്ഞു വന്നത് പല്ലുവേദന ആയിരുന്നില്ലെന്നും സ്ട്രോക്ക് ആയിരുന്നുവെന്നും.മാത്രമല്ല പരിശോധനക്കിടയിൽ എന്റെ ബ്രെയിനിന്റെ ഉള്ളിൽ ഒരു ട്യൂമറുണ്ടെന്നും കണ്ടെത്തി. ബ്രെയ്നിന്റെ ഇന്നർ പാർട്ടിൽ ആയതിനാൽ തന്നെ എടുത്ത് കളയുന്നത് അത്ര എളുപ്പമല്ലെന്നും ഡോക്ടർമാർ പറഞ്ഞു.

അങ്ങിനെ ആർസിസിയിലെത്തി.അവിടെ നിന്ന് പരിശോധിച്ചപ്പോഴും പറഞ്ഞത് ഇതുതന്നെയാണ്.മാത്രമല്ല ഇത്തരത്തിൽ അപൂർവ്വമായ ഒരു ട്യൂമർ അവർ അധികം കണ്ടിട്ടില്ല,അതുകൊണ്ട് തന്നെ വിദേശത്തുള്ള ഡോക്ടർമാരുമായും ചർച്ച ചെയ്യണമെന്നും പറഞ്ഞു.അതിനൊക്കെ ഞാൻ സമ്മതിച്ചു.പക്ഷെ ഞാൻ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം.. എന്നെ അവിടെ കിടത്തരുത്.അത് അവർ സമ്മതിച്ചു.ഇതിൽ ഏറ്റവും രസകരമായ കാര്യം അന്ന് അവിടുന്ന് ഇറങ്ങിയ ശേഷം പിന്നെ ഞാൻ അങ്ങോട്ട് പോയിട്ടില്ല.ഒരു ചികിത്സയും നടത്തിയിട്ടില്ല എന്നതാണ് സത്യം.കേൾക്കുമ്പോൾ നിങ്ങൾക്ക് മണ്ടത്തരമായി തോന്നാം എന്നാലും. ഒന്നുകിൽ അത് മൂർഛിച്ച് ഞാൻ മരിക്കും. അല്ലെങ്കിൽ ഇത് കാര്യമായി ബാധിക്കാതെ ഞാൻ അതിജീവിക്കും.അതാണല്ലോ ഉണ്ടാവുക. അങ്ങിനെ നടക്കട്ടെ. ചികിത്സ നടത്തണമെന്ന് രണ്ട് മക്കളും ഭാര്യയുമൊക്കെ നിർബന്ധിക്കുന്നുണ്ട്.പക്ഷെ ഞാൻ വഴങ്ങിയില്ല എന്നത സത്യം.

ഇപ്പോൾ തിരുവനന്തപുരത്തല്ലെ താമസം..എങ്ങിനെയാണ് ഇവിടെ എത്തിച്ചേർന്നത്?

ഞാൻ ജനിച്ചത് നുറനാടാണ്.പത്താംക്ലാസ് വരെ അവിടെയായിരുന്നു,.പിന്നീടാണ് കോട്ടയത്തേക്ക് വരുന്നത്.കോട്ടയം എന്റെ അമ്മയുടെ നാട് കൂടിയാണ്. അതുകൊണ്ട് തന്നെ ആ സ്ഥലത്തോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു.പിന്നെ ഭാര്യയുടെ നാടും കോട്ടയമാണ്.കോട്ടയത്ത് മൂന്നോളം സ്ഥലങ്ങളിൽ മാറി മാറി ഞാൻ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്.

പിന്നീട് വീണ്ടു ഞാൻ നുറനാടേക്ക് തിരിച്ചുപോയി.കാരണം അച്ഛനും അമ്മയും ഒക്കെ അവിടെയാണ്.പിന്നെ എന്റെ പേരിൽ കുറച്ച് സ്ഥലവും ഉണ്ടായിരുന്നു.അപ്പോൾ അവിടെ ഒരു വീട് വെക്കാം.അവിടെ താമസമാക്കാം എന്നായിരുന്നു ചിന്ത.അങ്ങിനെ വീട് പണി എതാണ്ട പൂർത്തിയായി.അങ്ങിനെ അവിടത്തെ ഒരു ഹോട്ടലും തുടങ്ങി. അഭിനയം കഴിഞ്ഞാൽ അറിയാവുന്ന മറ്റൊരുപണി പാചകമായിരുന്നു.അങ്ങിനെയാണ് ഹോട്ടൽ തുടങ്ങുന്നത്.പക്ഷെ അവിടെയും ക്ലച്ച് പിടിച്ചില്ല.അങ്ങിനെ നഷ്ടത്തിന് അത് വിറ്റു. അതോടെ ആ നാട് എനിക്ക് പറ്റുന്നതല്ല എന്ന് മനസിലായി.അങ്ങിനെ വീട് വിറ്റ് അവിടെ നിന്ന് മാറാൻ തീരുമാനിച്ചു.

പക്ഷെ എങ്ങോട്ട് എന്ന് ഒരു പിടുത്തവുമില്ലായിരുന്നു.കാരണം കൊച്ചി അറിയാത്ത സ്ഥലമാണ്.കോട്ടയം വേണ്ടന്നും വച്ചു.പിന്നെ അടുപ്പമുള്ള നാട് തിരുവനന്തപുരമാണ്.അക്കാലത്ത് ഈസ്റ്റർ സമയത്ത് ഞാൻ അത്യവശ്യം തിരക്കുള്ള ആളാണ്. കോഴിക്കോക്കൊ ഡിമാന്റ് എന്ന് പറയുന്നത് പോലെ ഈസ്റ്റർ സമയത്ത് ഷോർട്ട്ഫിലീമിലൊക്കെ യേശുക്രിസ്തുവായി അഭിനയിക്കാൻ ധരാളം ഓഫർ കിട്ടും.അങ്ങിനെ ഷൂട്ട് കഴി്ഞ്ഞ ഒരു രാത്രിയാണ് എവിടെക്കെന്ന് തീരുമാനിക്കാതെ ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി വണ്ടിവിടുന്നത്.കാറിൽ വച്ചാണ് തിരുവനന്തപുരത്തേക്ക് പോകാമെന്ന് തീരുമാനിക്കുന്നത്.

അങ്ങിനെ തിരുവനന്തപുരത്ത് എത്തി വീട്ടുസാധനങ്ങൾ കൊണ്ടുവന്ന ലോറി ഒരു പെട്രോൾ പമ്പിൽ കയറ്റി വച്ച് ഭാര്യയെയും മക്കളെയും ഹോട്ടലിൽ മുറിയെടുത്ത് താമസിപ്പിച്ചു.പിന്നീട് ഒരു ദിവസം കൊണ്ട് ഞാനും ഫ്രണ്ടും വാടകവീട് അന്വേഷിച്ചു.അങ്ങിനെയാണ് ഒരു വീട് കണ്ടെത്തി തിരുവനന്തപുരത്ത് താമസം തുടങ്ങുന്നത്.

എങ്ങിനെയായിരുന്നു തിരുവനന്തപുരത്തെ ആദ്യകാല ജീവിതം? വരുമാനമാർഗ്ഗമൊക്കെ?

കോട്ടയത്ത് ആയിരുന്നപ്പോൾ പുസ്തക പബ്ലിക്കേഷൻ ആണ് ഞാൻ ചെയ്തുകൊണ്ടിരുന്ന പണി.കുറച്ച് സീരിയസ് റീഡിങ്ങിനുള്ള പുസ്തകങ്ങൾ.അതിൽ അത്യവശ്യം നല്ല വരുമാനമുണ്ടായിരുന്നു.പുസ്തക പ്രസാദ്ധക സംഘമെന്ന പേരിൽ നടത്തിയ അ പ്രസ്ഥാനത്തിന് കേരളത്തിൽ എല്ലാ ജില്ലകളിലും മെമ്പർമാർ ഉണ്ടായിരുന്നു.അങ്ങിനെ പുസ്തക വിൽപ്പനയിൽ നിന്ന് ഉണ്ടായ വരുമാനം തന്നെയായിരുന്നു കൈമുതൽ.പിന്നെ എല്ലാ സംഘത്തിനും ഉണ്ടാകുന്ന പോലെ പര്യവസാനമായിരുന്നു ഉണ്ടായത്.സംഘം അടിച്ചുപിരിഞ്ഞു

എന്താണ് താങ്കളുടെ വിദ്യാഭ്യാസ യോഗ്യത?

എസ് എസ് എൽ സി എന്നു പറയുന്നതാവും നല്ലത്.അല്ലെങ്കിൽ പ്രീഡിഗ്രീന്നും പറയാം.കാരണം ഈ സമയം വരെ മാത്രമെ പഠനത്തെ ഞാൻ സീരിയസായി കണ്ടിരുന്നുള്ളു.മൂന്നുകോളേജുകളിലായാണ് പ്രീഡിഗ്രീ പൂർത്തിയാക്കിയത്.ഒന്ന് ബീഷപ്പ് കോളേജിൽ ഒരു ദിവസം വർക്കല എസ്എൻ കോളേജ് ആറ് മാസം പന്തളം എൻഎസ്എസ് കോളേജിൽ ബാക്കി.മുടിവെട്ടാൻ പറ്റാത്തതിനാലാണ് ബിഷപ്പ് കോളേജിൽ നിന്ന് ഒരു ദിവസം കൊണ്ട് വിട്ടത്.

കണക്കായിരുന്നു എനിക്ക് ഇഷ്ടപ്പെട്ട വിഷയം. അങ്ങിനെ വർക്കല എസ്എൻ കോളേജിൽ ഒന്നാംവിഷയത്തിൽ ചേർന്നു.പക്ഷെ അവിടെപ്പോയപ്പോഴാണ് മനസിലായത് നമ്മൾ ഉദ്ദേശിച്ച കണക്കല്ല എന്ന്.ട്രിഗ്‌നോമെട്രിയായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്.ഒന്നും മനസിലാവുന്നില്ല.ആറുമാസം വരെ ശ്രമിച്ചുനോക്കി നടക്കില്ല എന്ന് മനസിലായപ്പോൾ അത് വിട്ടു.

പിന്നിടാണ് എൻഎസ്എസ് കോളേജിലേക്ക് എത്തുന്നത്.പക്ഷെ അവിടെയും പൂർത്തിയാക്കാൻ പറ്റിയില്ല. വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം അതും മുടങ്ങി.

താങ്കളുടെ ഈ വിചിത്രമായ ജീവിതത്തോട് കുടുംബം എങ്ങിനെ യോജിച്ചുപോകുന്നു? പ്രണയ വിവാഹമായിരുന്നോ?

പ്രണയ വിവാഹം എന്നു പറയാൻ പറ്റില്ല.ഞാൻ കോട്ടയത്ത് ഉള്ള സമയം.അവിടെ ഒരു പ്രിന്റിങ്ങ് പ്രസ്സ് നടത്തിയിരുന്നു.അത്യവശ്യം വരുമാനമൊക്കെയുണ്ട്. വീട്ടിലേക്ക് കാശൊക്കെ ആയക്കാം.അങ്ങിനെയാണ് അവസ്ഥ.അപ്പോൾ ഞാൻ താമസിക്കുന്ന വീടിന്റെ പിറകിൽ ഒരു വീടുണ്ട്.അവിടെ ഒരു അമ്മയുണ്ടായിരുന്നു.അവർ ഇടക്കിടക്ക് വന്ന് എന്നോട് വിശേഷങ്ങൾ ഒക്കെ തിരക്കും.വിവാഹം കഴിഞ്ഞോ.. കഴിക്കണ്ടെ അങ്ങിനെ ഒക്കെ..അ സമയത്തൊന്നും ഞാൻ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ലായിരുന്നു. അ അമ്മയുടെ ചോദ്യം കേട്ട് കേട്ടാണ് കല്യാണത്തെക്കുറിച്ച് ഞാൻ ചിന്തിച്ചത്.

അപ്പോൾ അവരുടെ ഒരു മകളുണ്ട്.ഞാൻ നേരെ പോയി അവരോട് പറഞ്ഞു വിവാഹം കഴിക്കുന്നില്ലെ എന്നു ചോദിച്ചില്ലെ നിങ്ങളുടെ മോളെ എനിക്ക് വിവാഹം ചെയ്ത് തരുമോ എന്ന്.അപ്പോൾ അവർ ശരിക്കും ഞെട്ടി.അതൊന്നും തീരുമാനിക്കേണ്ടത് ഞാനല്ല.അച്ഛനാണ് എന്നായിരുന്നു മറുപടി.അങ്ങിനെ അച്ഛനോട് കാര്യം അവതരിപ്പിച്ചു.അപ്പോൾ പറഞ്ഞു ഇപ്പോൾ മകൾക്ക് കല്യാണപ്രായം ആയില്ല. ഒരു ഒന്നര വർഷമൊക്കെ കഴിഞ്ഞ് നോക്കാം എന്ന്.ഞാൻ ഒകെ പറഞ്ഞു.ആ ഒന്നര വർഷം കൊണ്ട് ഞാൻ ആ കുടുംബവുമായി കൂടുതൽ അടുത്തു.

അവർ വിചാരിച്ചത് ഒന്നര വർഷം കൊണ്ട് ഞാൻ അതൊക്കെ മറക്കും എന്നായിരുന്നു.പക്ഷെ ഞാൻ വീണ്ടും അച്ഛനെ കണ്ടു. എങ്കിലും മറുപടി നെഗറ്റീവായിരന്നു.പ്രകാശ് വേറെ വല്ലതും പറ എന്നാണ് അച്ഛൻ പറഞ്ഞത്.ഞാൻ പിന്നെ മകളോട് ചോദിച്ചു.അവളും അപ്പോൾ ഒന്നും പറഞ്ഞില്ല.പക്ഷെ പെട്ടെന്ന് വേണ്ടെന്ന് വെക്കാൻ തോന്നിയില്ല.അങ്ങിനെ കുറച്ച് നാൾ കഴിഞ്ഞു അവസാന ശ്രമമെന്ന നിലയിൽ ഒന്നുകുടി അവളോട് ചോദിച്ചു.അങ്ങിനെ ഞങ്ങളുടെ രജിസ്റ്റർ മാരേജ് കഴിഞ്ഞു.നടക്കുമോ എന്നു ഉറപ്പില്ലാത്തതിനാൽ എന്റെ വീട്ടിലും പറയാൻ പറ്റിയില്ല.അകെ സുചിപ്പിച്ചത് അമ്മയുടെ അനിയത്തിയോടായിരുന്നു.പക്ഷെ പ്രതീക്ഷിച്ചത്ര പ്രശ്നം രണ്ടുവീട്ടിലും ഉണ്ടായില്ല.
പിന്നീട് പള്ളിയിൽ വച്ച് തന്നെ വിവാഹം കഴിഞ്ഞു.

നിത്യചൈതന്യയതിയുമായുള്ള ബന്ധം എങ്ങിനെയാണ്... സ്വാമിയെ എങ്ങിനെ അറിയാം

സത്യത്തിൽ എനിക്കല്ല പരിചയം.എന്റെ അച്ഛനാണ്.അത് വഴിയാണ് ഞാൻ സ്വാമിയുമയി അടുക്കുന്നത്.അച്ഛൻ ഹിന്ദുമതത്തിൽ ഈഴവ വിഭാഗത്തിൽ ജനിച്ച് പീന്നീട് ക്രിസ്തുമതം സ്വീകരിച്ചയാളാണ്.പരമേശ്വരൻ എന്നായിരുന്നു അദ്യപേര്.പിന്നീടാണ് കെ പി പോൾ ആകുന്നത്.അ്ച്ഛനും അച്ഛന്റെ സുഹൃത്തുക്കളും പറഞ്ഞ് കേട്ട കഥയാണ്.അച്ഛൻ ഒരുപാട് ചിന്തിച്ചു കൂട്ടുന്ന ആളായിരുന്നുവത്രെ.അങ്ങിനെ അദ്ദേഹത്തിന്റെ പതിനാറമത്തെ വയസ്സിൽ ഇതല്ല ജീവിതം ഇങ്ങനെയല്ല ജീവിതം എന്നൊക്കെ ചിന്തിച്ച് സന്യാസിയാവാൻ തീരുമാനിച്ചു. സ്വാഭാവികമായും എത്തുക ശിവഗിരിയിലേക്കാവും.അങ്ങിനെ ബ്രഹ്മചാരിയായി ശിവഗിരിയിലെത്തി.പക്ഷെ അവിടെ നിന്നും ഇതല്ല സന്യാസം എന്നു തോന്നി വീണ്ടും യാത്ര തുടർന്നു.അങ്ങിനെ ആ യാത്ര അവസാനിച്ചത് മഹാത്മഗാന്ധിയുടെ അടുത്താണ്.അവിടെ ഗാന്ധിജിയുടെ ആശ്രമത്തിൽ രണ്ടുവർഷത്തോളം ഉണ്ടായിരുന്നു.

അവിടെ വച്ചാണ് ആദ്യമായി വേദപുസ്തകം വായിക്കുന്നത്.അതും ഗാന്ധിജി നൽകിയത്.വേറൊരു പുസ്തകവും ഗാന്ധിജി കൊടുത്തു ജോൺ റസ്‌കിന്റെ അൺ ടു ദിസ് ലാസ്റ്റ്.ഈ പുസ്തകങ്ങളൊക്കെ വായിച്ചപ്പോൾ ക്രിസ്തുവിന്റെ ദൈവരാജ്യവും മാർക്സിന്റെ സ്ഥിതി സമത്വവും മഹാത്മാഗാന്ധിയുടെ രാമരാജ്യവും എല്ലാം ഒന്നുതന്നെയാണെന്ന് അച്ഛന് തോന്നി.അങ്ങിനെ അവിടുന്ന് മടങ്ങുമ്പോൾ അച്ഛന്റെ കയ്യിൽ ഗാന്ധിജി ഒരു കത്തുകൊടുത്തുവിട്ടു.കെകെ കുരുവിളി എന്നൊരാൾ അന്ന് കേരളത്തിലുണ്ടായിരുന്നു.അദ്ദേഹത്തിനായിരുന്നു കത്ത്. ഈ കത്തുമായി വരുന്ന പരമേശ്വരനെ വേദപുസ്തകം പഠിപ്പിക്കണം എന്നതുമാത്രമായിരുന്നു കത്തിൽ.ആ ആവേശത്തിലാണ് പരമേശ്വരൻ പോളായത്.പക്ഷെ അങ്ങിനെ പോളായതിൽ അദ്ദേഹം പിന്നീട് ദുഃഖിച്ചിരുന്നു.

അത് പിന്നീട് അദ്ദേഹം മെത്രന്മാർക്കും അച്ചന്മാർക്കും ഒക്കെ അയച്ച കത്തിലും പ്രകടമായിരുന്നു.കാരണം എല്ലാ കത്തിലും അദ്ദേഹം ഉപയോഗിച്ച ഒരു വാചകം ഉണ്ടായിരുന്നു ക്രിസ്തുദേവൻ പറഞ്ഞത്. നിങ്ങൾ ഒരുവനെ മതത്തിൽ ചേർക്കാൻ കരയും കടലും ചുറ്റി നടക്കും.. ചേർന്ന ശേഷമോ നിങ്ങളെക്കാൾ ഇരട്ടിച്ച് നരകയോഗ്യനാക്കും.അച്ഛൻ എ്പ്പഴും പറഞ്ഞ് കേട്ടിട്ടുള്ളതുകൊണ്ട് എനിക്കും മനപാഠമാണ്. ക്രിസ്തുമതത്തിൽ ചേർന്നെങ്കിലും പിന്നീട് യോജിച്ച് പോകാൻ അദ്ദേഹത്തിനായിട്ടില്ല.മാർത്തോമയിലാണ് ചേർന്നത് പിന്നീട് പല സഭകളും മാറി മാറി വന്നു.

അതിനിടയിൽ അമ്മയ്ക്കും അച്ഛനും മാനസീകമായി ചില പ്രശ്നങ്ങൾ ഉണ്ടായി.ഒരേ സമയത്താണ് രണ്ടാൾക്കും ഉണ്ടായത് എന്നതാണ് മറ്റൊരു കാര്യം. ആശുപത്രിയിൽ ചികിത്സ തേടി പൂർണ്ണമായും ഭേദമായി തിരിച്ചുവരികയായിരുന്നു.എന്നാൽ അച്ഛന് ചെറുപ്പകാലം മുതൽക്കെ അച്ഛനു ഇത്തരത്തിൽ പ്രശ്നമുണ്ടായിരുന്നു അതാണ് ഇത്തരത്തിലൊരു ജീവിതം നയിച്ചത് എന്നാണ് ചിലരൊക്കെ പറഞ്ഞത്.

പക്ഷെ ഞാനതൊന്നും മുഖവിലയ്ക്കെടുത്തില്ല.ഒരു വിഷമിച്ചാണ് അച്ഛൻ മരിക്കുന്നത്. അവസാന കാലത്ത് എന്നോട് പറഞ്ഞത് ഒരുപാട് പിഴവുകൾ പറ്റി എന്നായിരുന്നു. അതൊന്നുമില്ല ഒരുപിഴവും പറ്റിയിട്ടില്ല എന്നുപറഞ്ഞാണ്് ഞാൻ ആശ്വസിപ്പിച്ചിരുന്നത്.ഒരിക്കൽ ഇതുപോലെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ പറഞ്ഞു പിഴവിനെ പറ്റി ഓർത്തൊന്നും വിഷമിക്കണ്ട. എത്രയും പെട്ടെന്ന് മരിക്കുന്നതിനെപ്പറ്റി ചിന്തിക്കുക എന്ന്.അച്ഛനൊന്ന് ചിരിച്ചു അൽപ്പ നേരത്തിനകം അച്ഛൻ മരിക്കുകയും ചെയ്തു.

എന്നാൽ അമ്മയ്ക്ക് അത്തരം വിഷമതകളൊന്നും ഇല്ലായിരുന്നു.രണ്ടുപേരും എന്റെ അടുത്തായിരുന്നെങ്കിലും അവസാന സമയത്ത് അമ്മ അനിയത്തിയുടെ അടുത്തേക്ക് പോയിരുന്നു.

അങ്ങ് എങ്ങിനെയാണ് നിത്യചൈതന്യയതിയുടെ ശിഷ്യനായത്?

അച്ഛൻ ശിവഗരിയിൽ ഉണ്ടായ സമയത്തെ പരിചയമാണ് യതിയുമായും നടരാജ ഗുരുവുമായും.ഇരുവരുമായും എനിക്കും പരിചയപ്പെടുവാൻ സാധിച്ചു.ഞാൻ മൂന്നാംക്ലാസിലോ നാലാംക്ലാസിലോ പഠിക്കേണ്ടുന്ന പ്രായം.എന്നെ നേരിട്ട് സ്‌കുളിലേക്ക് അയക്കണ്ട എന്ന് യതി തീരുമാനിക്കുകയായിരുന്നു.വർക്കല ഗുരുകുലത്തിൽ യതിയുടെ ഒരു ഒറ്റമുറി വീടുണ്ട്.അവിടേക്കാണ് ഞാൻ ചെല്ലുന്നത്. ആ മുറിയിൽ ഒരു വലിയ മേശയും ഒരു ചെറിയ മേശയും.അതിൽ യതിയുടെ മേശമേൽ ഒരു മണിയുണ്ട്. അതായിരുന്നു മുറി

പക്ഷെ അന്ന് ആ ജീവിതവും എനിക്കിഷ്ടമായിരുന്നില്ല യതിയെയും ഇഷ്ടമായിരുന്നില്ല.ഞാൻ ഈ മണിയെയും നോക്കിയിരിക്കണം.അ മണി ഒരിക്കെ കിലുങ്ങിയാൽ എനിക്ക് പുറത്ത് പോകാം. വീണ്ടും കിലുങ്ങിയാൽ അകത്ത് വരണം.അതുകൊണ്ട് തന്നെ ശ്രദ്ധമുഴുവൻ മണിയിലായിരുന്നു. ഫ്രഞ്ച്, സംസ്‌കൃതം ഒക്കെയായിരുന്നു പഠിപ്പിച്ചിരുന്നത്. എനിക്കാണേൽ യാതൊരു താൽപ്പര്യവും ഇല്ല. പക്ഷെ യതി വിശ്വസിച്ചിരുന്നത് അദ്ദേഹത്തിന് മാത്രമെ എന്നെ കൈകാര്യം ചെയ്യാൻ പറ്റു എന്നാണ്. അതുകൊണ്ട് അദ്ദേഹം എവിടെയൊക്കെ പോകുന്നൊ അവിടെയൊക്കെ എന്നെയും കൊണ്ടുപോകും.ഫ്രാൻസിലേക്ക് പോകുമ്പോ കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ടുവീട്ടുകാർക്ക് കത്തയച്ചു.നിങ്ങൾ വന്ന് മകനെ കൂട്ടണം എന്ന്.

ആ കത്തൊക്കെ അമ്മ സുക്ഷിച്ച് വച്ചിരുന്നു.ആദ്യത്തെ കത്തിലൊക്കെ എന്നെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു എന്റെ മകനെപ്പോലെയാണ് പ്രിയപ്പെട്ട ശിഷ്യനാണ് എന്നൊക്കെ.പക്ഷെ പതുക്കെ പതുക്കെ അത് മാറി. അങ്ങിനെയാണ് ഫ്രാൻസിൽ പോയപ്പോൾ വീട്ടുകാരോട് എന്നെ കൂട്ടിപ്പോകാൻ പറഞ്ഞത്.

എനി എന്താണ് ആഗ്രഹം? അങ്ങയുടെ അടുത്ത ലക്ഷ്യം എന്താണ്?

കത്തനാരുടെ ആ കഥാപാത്രം തന്നെയാണ് മനസ്സിൽ. പ്രായമുള്ള കത്തനാർ .എനിക്ക് സ്‌ക്രിപ്റ്റ് ചെയ്യാൻ അറിയില്ല.അതുകൊണ്ട് അറിയാവുന്നവരോട് സംസാരിക്കുന്നുണ്ട്. യാഥാർത്ഥ്യമാകുമെന്നാണ് വിശ്വാസം പ്രകാശ് പോൾ പറഞ്ഞു നിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP