Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംപിമാരും എംഎൽഎമാരും പ്രധാന പദവികളിൽ; ഒരാൾക്ക് ഒരു പദവി നയം ഉപേക്ഷിച്ച് കോൺഗ്രസ്; ഡിസിസി പ്രസിഡന്റാകാൻ ഇടിച്ചു നിൽക്കുന്നവരിൽ ഏറെയും എംപിമാരും എംഎൽഎമാരും; തിരുവനന്തപുരത്ത് ശബരീനാഥും ആലപ്പുഴയിൽ ഷാനിമോളും പരിഗണനയിൽ; സീറ്റുമില്ല ഭാരവാഹിത്വവുമില്ലാത്തതിനാൽ നിരാശപ്പെട്ട് മുതിർന്ന നേതാക്കൾ

എംപിമാരും എംഎൽഎമാരും പ്രധാന പദവികളിൽ; ഒരാൾക്ക് ഒരു പദവി നയം ഉപേക്ഷിച്ച് കോൺഗ്രസ്; ഡിസിസി പ്രസിഡന്റാകാൻ ഇടിച്ചു നിൽക്കുന്നവരിൽ ഏറെയും എംപിമാരും എംഎൽഎമാരും; തിരുവനന്തപുരത്ത് ശബരീനാഥും ആലപ്പുഴയിൽ ഷാനിമോളും പരിഗണനയിൽ; സീറ്റുമില്ല ഭാരവാഹിത്വവുമില്ലാത്തതിനാൽ നിരാശപ്പെട്ട് മുതിർന്ന നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂരിൽ നിന്നുള്ള എംപിയാണ് കെ സുധാകരൻ. സുധാകരൻ കെപിസിസി പ്രസിഡന്റായി 16ന് ചുമതല ഏൽക്കുന്നതോടെ 'ഒരാൾ ഒരു പദവി' എന്ന സംസ്ഥാന കോൺഗ്രസിലെ സംഘടനാ തത്വം ഇല്ലാതാകും. ഇതോടെ പാർട്ടി അഴിച്ചുപണിയിൽ എംപിമാരെയും എംഎൽഎമാരെയും പാർട്ടി ഭാരവാഹിത്വത്തിലേക്കു പരിഗണിക്കാം. യുഡിഎഫ് കൺവീനറായി എത്താൻ പോകുന്നത് കെ മുരളീധരൻ ആണെന്ന സൂചയും ശക്തമാണ്. വടകരയുടെ എംപിയാണ് മുരളീധരൻ.

നിലവിൽ പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് എഐസിസി നിയോഗിച്ച 4 പേരും ജനപ്രതിനിധികളാണ്. കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ എംപിമാരും പി.ടി.തോമസ്, ടി.സിദ്ദിഖ് എന്നിവർ എംഎൽഎമാരും. നേതൃതലത്തിൽ ഉള്ളവരുടെ കാര്യത്തിൽ 'ഒരാൾ ഒരു പദവി' ബാധകമാക്കേണ്ടെന്നു ഹൈക്കമാൻഡ് തീരുമാനിച്ചതോടെ മറ്റു ഭാരവാഹികളുടെ കാര്യത്തിൽ അതു ബാധകമാക്കുന്നതു പ്രായോഗികമല്ല. ജനകീയ നേതാക്കളെ പാർട്ടി നേതൃത്വം ഏൽപ്പിക്കാനാണ് ഹൈക്കമാണ്ട് തീരുമാനം. ഇതോടെയാണ് ഈ പഴയ നയം അപ്രസക്തമായത്.

ജനപ്രതിനിധികൾക്ക് ആ ജോലിയിൽ കേന്ദ്രീകരിക്കാനും മറ്റുള്ളവർക്കു പാർട്ടിയിൽ പ്രാതിനിധ്യം നൽകാനുമാണ് 'ഒരാൾ ഒരു പദവി' എന്ന ധാരണ കേരളത്തിൽ രൂപപ്പെട്ടത്. പാർലമെന്ററി, പാർട്ടി പദവികൾ രണ്ടും വഹിച്ച ചുരുക്കം ചിലർ ഉണ്ടായെങ്കിലും പൊതുവിൽ അതു പാലിക്കപ്പെട്ടു. എന്നാൽ ഒരുമിച്ചു 4 ജനപ്രതിനിധികളെ പാർട്ടിയെ നയിക്കാൻ നിയോഗിച്ച ഹൈക്കമാണ്ട് മറ്റ് സൂചനകളാണ് നൽകുന്നത്. ഇതോടെ ഡിസിസി പ്രസിഡന്റാകാനും എംഎൽഎമാരും എംപിമാരും മത്സരം തുടങ്ങി. ജനകീയ മുഖങ്ങളെ മുന്നിൽ നിർത്തി സംഘടന ശക്തിപ്പെടുത്താനാണ് ഇത്.

പല പ്രമുഖരായ മുതിർന്ന നേതാക്കൾക്കു സ്ഥാനങ്ങളൊന്നും ഇല്ലാത്ത അവസ്ഥയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് മുൻഗണന നൽകിയതിനാൽ പഴയ മുഖങ്ങളെ തഴഞ്ഞു. അവരിൽ ബഹുഭൂരിഭാഗവും തോറ്റു. എന്നിട്ടും പാർട്ടി പുനഃസംഘടനയിൽ യുവാക്കൾക്കും സ്ഥാനമുള്ളവർക്കുമാണ് പരിഗണന. ഇതോടെ മുതിർന്ന നേതാക്കളെല്ലാം നിരാശരാണ്. കെവി തോമസിന് പാർട്ടി വർക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. യുഡിഎഫ് കൺവീനറായി മുരളീധരൻ എത്തിയാൽ അതും കിട്ടില്ല. പിജെ കുര്യനും കെസി ജോസഫും എല്ലാം പദവികളില്ലാത്ത നേതാക്കളായി ഇനി മാറും.

അതിനിടെ വർക്കിങ് പ്രസിഡന്റുമാർക്കു മേഖല തിരിച്ചു ചുമതല നൽകണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ തവണ ആ നിർദ്ദേശം ഉണ്ടായെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രൻ നിരാകരിച്ചു. ഫലത്തിൽ വർക്കിങ് പ്രസിഡന്റുമാർക്കു പ്രത്യേകിച്ചു ചുമതലകൾ ഒന്നുമില്ലായിരുന്നു. തന്നെ സഹായിക്കാൻ ഉത്തരവാദപ്പെട്ട വർക്കിങ് പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിനു മുൻപ് ചർച്ച നടന്നില്ലെന്ന ഖേദം കെ.സുധാകരനും ഉണ്ട്. അതുകൊണ്ടു തന്നെ എന്താകും ഇനിയുണ്ടാകുക എന്നതും വ്യക്തമല്ല.

അതിനിടെ ഡിസിസി പ്രസിഡന്റുമാരാകാനുള്ള ചരടു വലികളും സജീവമാണ്. എല്ലാ ഡിസിസി അധ്യക്ഷന്മാരും മാറുമെന്നാണ് സൂചന. തിരുവനന്തപുരത്തേക്ക് ശബരിനാഥിന് സാധ്യത ഏറെയാണ്. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനം. രണ്ടു പേരും നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റവരാണ്. പാലക്കാട്ട് വിടി ബൽറാമിനെ ഡിസിസി അധ്യക്ഷനാക്കണമെന്ന വികാരവും ഉണ്ട്. എന്നാൽ അതിന് സാധ്യത കുറവാണ്. എവി ഗോപിനാഥിന് നറുക്കുവീഴാനാണ് സാധ്യത.

പരമാവധി 20-25 പേരടങ്ങുന്ന കെപിസിസിഡിസിസി ഭാരവാഹി നിര വരണമെന്ന അഭിപ്രായമാണു നേതൃത്വം പരിഗണിക്കുന്നത്. സാധ്യമെങ്കിൽ അതിലും കുറയ്ക്കണമെന്നു നിർദ്ദേശിക്കുന്നവർ ഉണ്ട്. നിലവിൽ വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമായി 56 പേരും സെക്രട്ടറിമാരായി 96 പേരുമുണ്ട്. നൂറിലേറെ ഭാരവാഹികൾ ഉള്ള ഡിസിസികളുമുണ്ട്. ഈ ജംബോ സമിതികൾക്കെതിരെ പൊതു വികാരം ശക്തമാണ് എന്നതിനാൽ എണ്ണം കുറയ്ക്കുമെന്നത് ഉറപ്പാണ്. സ്ഥാനം നഷ്ടപ്പെടുന്നവരെ കൈകാര്യം ചെയ്യുകയാകും നേതൃത്വത്തിന് ആദ്യ വെല്ലുവിളി.

കോൺഗ്രസ് ഭാരവാഹിത്വത്തിനു സമൂഹത്തിൽ നഷ്ടപ്പെട്ട മൂല്യം തിരിച്ചു കൊണ്ടുവരണമെന്ന തീരുമാനത്തിലാണു സുധാകരൻ. ബ്ലോക്ക് കമ്മിറ്റികൾക്കു പകരം നിയോജകമണ്ഡലം തലത്തിൽ കമ്മിറ്റികൾ വരും. താഴെത്തട്ടിൽ യോഗങ്ങൾ വിളിച്ചു പൊതുസമ്മതരെ ഭാരവാഹിത്വത്തിലേക്കു കൊണ്ടുവരണമെന്ന ആശയമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഓരോ കമ്മിറ്റിയും ഓരോ ഗ്രൂപ്പിന് എന്ന 'സ്റ്റാറ്റസ്‌കോ' അവസാനിപ്പിച്ചാലേ താഴെ സംഘടന ശക്തമാകൂ എന്ന ചിന്ത പ്രബലമാണ്. സംഘടനാ തിരഞ്ഞെടുപ്പിനെയും പുതിയ പ്രസിഡന്റ് സ്വാഗതം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP