Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മുകുൾ റോയിയും മകനും തൃണമൂൽ കോൺഗ്രസിൽ; പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയത് മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടത്തിയ ചർച്ചയെ തുടർന്ന്; ബംഗാളിലെയും ഇന്ത്യയിലെയും ഒരേ ഒരു നേതാവ് മമതയെന്നും മുകുൾ റോയ്; ചതിച്ചവരെ തിരിച്ചെടുക്കില്ലെന്ന് മമത

ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മുകുൾ റോയിയും മകനും തൃണമൂൽ കോൺഗ്രസിൽ; പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയത് മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടത്തിയ ചർച്ചയെ തുടർന്ന്; ബംഗാളിലെയും ഇന്ത്യയിലെയും ഒരേ ഒരു നേതാവ് മമതയെന്നും മുകുൾ റോയ്; ചതിച്ചവരെ തിരിച്ചെടുക്കില്ലെന്ന് മമത

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ബിജെപി ദേശീയ നേതൃത്വത്തിന് കനത്ത ആഘാതം ഏൽപ്പിച്ച് ദേശീയ ഉപാധ്യക്ഷനും മുതിർന്ന നേതാവുമായ മുകുൾ റോയി മകൻ സുഭ്രാൻശുവിനൊപ്പം തൃണമൂൽ കോൺഗ്രസിൽ. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും ഒടുവിലാണ് മുകുൾ റോയി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലേക്കു മടങ്ങിയെത്തിയത്. തൃണമൂൽ ഭവനിലെത്തിയ മുകുൾ റോയി മുഖ്യമന്ത്രി മമതാ ബാനർജിയുമായി ചർച്ച നടത്തി. തുടർന്നാണ് പാർട്ടിയിലേക്കു മടങ്ങുന്നുവെന്ന് അറിയിച്ചത്.

മുകുൾ റോയിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മമത ബാനർജി പറഞ്ഞു. പാർട്ടിയിൽ സുപ്രധാന ചുമതലതന്നെ അദ്ദേഹം വഹിക്കുമെന്നും മമത പറഞ്ഞു. എന്നാൽ, തിരഞ്ഞെടുപ്പിന് മുൻപായി പണം വാങ്ങി ബിജെപിക്കു വേണ്ടി തൃണമൂൽ കോൺഗ്രസിനെ ചതിച്ചവരെ ഒരു വിധത്തിലും പാർട്ടിയിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്നും അവർ പറഞ്ഞു.

2017ൽ തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ മുകുൾ റോയി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മമതയ്ക്കൊപ്പം മടങ്ങുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. മുകുൾ റോയ് തിരിച്ചെത്തിയെന്നും മറ്റുള്ളവരെ പോലെ അയാൾ വഞ്ചകനല്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. പഴയ സഹപ്രവർത്തകരെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു മുകുൾ റോയ് പറഞ്ഞു. ബംഗാളിലെയും ഇന്തയിലെയും ഒരേ ഒരു നേതാവ് മമതാ ബാനർജിയാണെന്നും മുകുൾ റോയ് പറഞ്ഞു.

2017ൽ ബിജെപിയിൽ ചേർന്നതു മുതൽ 'ശ്വാസംമുട്ടൽ' അനുഭവിക്കുകയാണെന്ന് മുകുൾ റോയ് തന്റെ അടുത്ത അനുയായികളോടു പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടിയേറ്റതോടെ അസ്വസ്ഥതയ്ക്ക് ആക്കം കൂടി. ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരവും ആശയങ്ങളും ബംഗാളിനു യോജിച്ചതല്ലെന്നും എക്കാലവും 'അപരിചിതമായി' തുടരുമെന്നുമാണ് മുകുൾ റോയിയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് അടുത്ത അനുയായികൾ സൂചിപ്പിക്കുന്നത്. മമതയെ പോലെ ജനങ്ങളുടെ പൾസ് അറിയുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറയുന്നു.

മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി അപ്രതീക്ഷിതമായി അവരിൽനിന്ന് അകന്ന് ബിജെപിയിലേക്ക് എത്തിയതാണ് മുകുൾ റോയിയുടെ പ്രശ്നങ്ങൾക്കു കാരണമെന്നാണു വിലയിരുത്തൽ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ചുക്കാൻ പിടിച്ച മുകുൾ റോയിയേക്കാൾ സുവേന്ദുവിന് ബിജെപി കൂടുതൽ പ്രാമുഖ്യം നൽകിയത് മുകുൾ ക്യാംപിനെ ചൊടിപ്പിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയെ പരാജയപ്പെടുത്തിയതോടെ സുവേന്ദുവിന് പാർട്ടിക്കുള്ളിലും കേന്ദ്രനേതൃത്വവുമായും കൂടുതൽ അടുപ്പമുണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക. അതേസമയം, സുവേന്ദുവിനൊപ്പം വന്ന നേതാക്കളും തൃണമൂലിലേക്ക് മടങ്ങുമെന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ മുകുൾ റോയ് ഒഴികെ ആരെയും തിച്ചെടുക്കാൻ മമത പച്ചക്കൊടി കാട്ടിയിട്ടില്ല.

ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന മുകുൾ റോയ് പിന്നീട് ബംഗാളിൽ ബിജെപിക്കു വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായ മുകുൾ റോയ് ഇത്തവണ ബംഗാൾ തിരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎ ആവുകയും ചെയ്തു.

പാർട്ടി വിട്ടു പോയ സുവേന്ദുവിനെ മമത കടന്നാക്രമിക്കുമ്പോഴും മുകുൾ റോയിയോട് മൃദു സമീപനമായിരുന്നു. 'പാവം മുകുൾ റോയ് അവിടെ പെട്ടുപോയതാണ്' എന്ന് മമത തിരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിച്ചിട്ടുമുണ്ട്. മുകുൾ റോയിയുടെ ഭാര്യ കൃഷ്ണ റോയ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുമ്പോൾ മമതയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനർജി വിവരങ്ങളറിയാൻ ആശുപത്രിയിലെത്തുകയും മുകുൾ റോയിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

'ഘർ വാപസി'ക്കുള്ള മമതയുടെ ക്ഷണവുമായാണ് അഭിഷേക് എത്തിയതെന്ന വിവരം ബംഗാൾ രാഷ്ട്രീയത്തിൽ കാട്ടുതീ പോലെ പടർന്നു. 10 മിനിറ്റോളമാണ് അഭിഷേക് ആശുപത്രിയിൽ ചെലവിട്ടത്. അദ്ദേഹം മടങ്ങി അൽപസമയത്തിനകം ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ആശുപത്രിയിലെത്തി മുകുൾ റോയിയുമായി സംസാരിച്ചു. എന്നിട്ടും തീരാതെ ജൂൺ മൂന്നിനു രാവിലെ സാക്ഷാൽ നരേന്ദ്ര മോദി തന്നെ മുകുൾ റോയിയെ വിളിച്ചു സംസാരിച്ചു. സുഖവിവരങ്ങളന്വേഷിക്കാനായിരുന്നു വിളിയെന്നു മാത്രമേ മുകുൾ റോയി പറഞ്ഞുള്ളൂവെങ്കിലും ആ വിളിക്ക് അതിലപ്പുറത്തെ മാനങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ശാരദാ ചിട്ടിഫണ്ട് കേസിലും നാരദ സ്റ്റിങ് ഓപറേഷൻ കേസിലും പ്രതിയാണ് മുകുൾ റോയ്. അദ്ദേഹം ബിജെപിയിലേക്കു പോയത് ഈ കേസുകളിൽനിന്ന് രക്ഷ തേടിയാണെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. 2017ൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയ വിവരം പുറത്തു വന്നപ്പോഴാണ് തൃണമൂൽ റോയിയെ പുറത്താക്കുന്നത്. രണ്ടു മാസത്തിനകം 2017 നവംബറിൽ റോയ് ബിജെപിയിൽ ചേർന്നു.

അതോടെ ബംഗാളിലെ ബിജെപിയുടെ കുന്തമുനയായി മുകുൾ റോയ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 18 സീറ്റു നേടി ചരിത്രവിജയം കൈവരിച്ചത് മുകുൾ റോയിയുടെ മാത്രം മികവിലായിരുന്നുവെന്നതും ചരിത്രം. അതോടെ റോയ് ദേശീയ നേതൃത്വത്തിന്റെയും പ്രിയങ്കരനായി. അമിത് ഷായുടെ കണ്ണിലുണ്ണിയായി. ജെ.പി.നഡ്ഡയുടെ പുതിയ ടീം വന്നപ്പോൾ റോയ് ദേശീയ വൈസ് പ്രസിഡന്റുമായി.

ബംഗാൾ തിരഞ്ഞെടുപ്പിൽ സീറ്റു നിർണയത്തിലും റോയ് മുഖ്യകേന്ദ്രമായതോടെ പാർട്ടിക്കുള്ളിൽ മുറുമുറുപ്പുകൾ തുടങ്ങി. വിരുന്നു വന്നവർ കാര്യക്കാരായെന്ന് പാർട്ടി അധ്യക്ഷൻ ദിലീപ് ഘോഷ്തന്നെ പറയുന്ന അവസ്ഥയായി. റോയിയും ഘോഷും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കൊടുവിൽ ഇരുവരെയും ഡൽഹിയിലേക്കു വിളിപ്പിച്ചു ദേശീയ നേതൃത്വംതന്നെ മഞ്ഞുരുക്കൽ നടത്തി. എങ്കിലും ചില കനലുകൾ അണയാതെ കിടന്നിരുന്നു.

നാരദാ സ്റ്റിങ് ഓപറേഷൻ കേസിൽ നാലു തൃണമൂൽ നേതാക്കൾ അറസ്റ്റിലായതോടെ മുകുൾ റോയിയെയും സുവേന്ദുവിനെയും പിടികൂടാത്തതെന്ത് എന്ന ചോദ്യം ഉയർന്നു. കേസ് ചാർജ് ചെയ്യുമ്പോൾ രാജ്യസഭാംഗമായിരുന്ന മുകുൾ റോയിയെയും ലോക്സഭാംഗമായിരുന്ന സുവേന്ദുവിനെയും അറസ്റ്റു ചെയ്യാൻ രാജ്യസഭാ ചെയർമാന്റെയും ലോക്സഭാ സ്പീക്കറുടെയും അനുമതി വേണമെന്നും അതിനു കാക്കുകയാണെന്നും സിബിഐ പറഞ്ഞു.

ഇരുവരെയും സംരക്ഷിക്കുന്ന വിധത്തിൽ ഒരു വാക്കു പോലും ബംഗാൾ ബിജെപി നേതൃത്വത്തിൽനിന്നു വരാതിരുന്നതും ദേശീയ നേതൃത്വം മിണ്ടാതിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിനു ശേഷമുള്ള മുകുൾ റോയിയുടെ മൗനത്തെ രാഷ്ട്രീയ നിരീക്ഷകർ ഇതുമായി കൂട്ടിവായിച്ചിരുന്നു. ബംഗാളിൽ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അതിക്രമങ്ങളെക്കുറിച്ചു ബിജെപി നടത്തിയ പ്രക്ഷോഭങ്ങളിലൊന്നും മുകുൾ റോയിയുടെ സജീവ സാന്നിധ്യമുണ്ടായില്ല. പ്രസ്താവനകളിൽപ്പോലും തൃണമൂലിനെതിരെ അദ്ദേഹം പ്രതികരിച്ചിരുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP