Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങി മുകുൾ റോയ്; മമതയുമായി കൂടിക്കാഴ്ച തൃണമൂൽ ഭവനിൽ; ചർച്ചയ്ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്; സുവേന്ദുവിന് പ്രാമുഖ്യം നൽകിയതിൽ പ്രതിഷേധിച്ച് ഘർ വാപസിക്ക് ഒരുങ്ങി കൂടുതൽ നേതാക്കൾ

ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങി മുകുൾ റോയ്; മമതയുമായി കൂടിക്കാഴ്ച തൃണമൂൽ ഭവനിൽ; ചർച്ചയ്ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്; സുവേന്ദുവിന് പ്രാമുഖ്യം നൽകിയതിൽ പ്രതിഷേധിച്ച് ഘർ വാപസിക്ക് ഒരുങ്ങി കൂടുതൽ നേതാക്കൾ

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ, ബിജെപി. ഉപാധ്യക്ഷൻ മുകുൾ റോയ് മമത ബാനർജിയുമായി നിർണായക കൂടിക്കാഴ്ച. ചർച്ചകൾക്കായി മുകുൾ റോയ് തൃണമൂൽ ഭവനിലെത്തി. പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച തീരുമാനം കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബംഗാളിൽ മമത ബാനർജിയുടെ മടയിൽനിന്നു ബിജെപി ആദ്യം അടർത്തിയെടുത്ത മുകുൾ റോയ് ബിജെപി വിട്ട് വീണ്ടും മമതയ്ക്കൊപ്പം മടങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. തൃണമൂൽ കോൺഗ്രസ് ആസ്ഥാനത്തേക്ക് പോകുന്ന കാര്യം മുകുൾ റോയ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ബംഗാളിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷ പൊലിഞ്ഞതിനു പിന്നാലെയാണ് ബിജെപിക്ക് ഇരട്ടപ്രഹരം നൽകിക്കൊണ്ട് നേതാക്കൾ തൃണമൂലിലേക്ക് തിരികെ പോകുന്നുവെന്ന വാർത്തകളും പുറത്തുവരുന്നത്. മുകുൾ റോയിയുടെ ഭാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ തൃണമൂൽ നേതാവ് അഭിഷേക് ബാനർജി അദ്ദേഹത്തെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.

'ഘർ വാപസി'ക്കുള്ള മമതയുടെ ക്ഷണവുമായാണ് അഭിഷേക് എത്തിയതെന്ന വിവരം ബംഗാൾ രാഷ്ട്രീയത്തിൽ കാട്ടുതീ പോലെ പടർന്നു. 10 മിനിറ്റോളമാണ് അഭിഷേക് ആശുപത്രിയിൽ ചെലവിട്ടത്. അദ്ദേഹം മടങ്ങി അൽപസമയത്തിനകം ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ആശുപത്രിയിലെത്തി മുകുൾ റോയിയുമായി സംസാരിച്ചു. എന്നിട്ടും തീരാതെ ജൂൺ മൂന്നിനു രാവിലെ സാക്ഷാൽ നരേന്ദ്ര മോദി തന്നെ മുകുൾ റോയിയെ വിളിച്ചു സംസാരിച്ചിരുന്നു.

അടുത്തിടെ കൊൽക്കത്തയിൽ നടന്ന ബിജെപി. യോഗത്തിൽ മുകുൾ റോയ് പങ്കെടുക്കാതിരുന്നതും അദ്ദേഹം ബിജെപി. വിടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.

2017-ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ടത്. പിന്നീട് 2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ മുകുൾ റോയിക്കും സംഘത്തിനും സാധിച്ചിരുന്നു. എന്നാൽ, 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുകുൾ റോയിയെ ബിജെപി. അവഗണിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സുവേന്ദു അധികാരിയെയാണ് ബിജെപി. പരിഗണിച്ചത്. ഇത് പടലപ്പിണക്കത്തിന് ഇടയാക്കുകയായിരുന്നു. തുടർന്നാണ് തൃണമൂലിലേക്ക് തിരികെ പോകാൻ മുകുൾ റോയിയും മകൻ ശുഭ്രാംശു റോയിയും ചില നേതാക്കളും തീരുമാനിച്ചത് എന്നാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയെ പരാജയപ്പെടുത്തിയതോടെ സുവേന്ദുവിന് പാർട്ടിക്കുള്ളിലും കേന്ദ്രനേതൃത്വവുമായും കൂടുതൽ അടുപ്പമുണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക. അതേസമയം, സുവേന്ദുവിനൊപ്പം വന്ന നേതാക്കളും തൃണമൂലിലേക്ക് മടങ്ങുമെന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ മുകുൾ റോയ് ഒഴികെ ആരെയും തിരിച്ചെടുക്കാൻ മമത പച്ചക്കൊടി കാട്ടിയിട്ടില്ല.

ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന മുകുൾ റോയ് പിന്നീട് ബംഗാളിൽ ബിജെപിക്കു വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായ മുകുൾ റോയ് ഇത്തവണ ബംഗാൾ തിരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎ ആവുകയും ചെയ്തു.

2017ൽ ബിജെപിയിൽ ചേർന്നതു മുതൽ 'ശ്വാസംമുട്ടൽ' അനുഭവിക്കുകയാണെന്ന് മുകുൾ റോയ് തന്റെ അടുത്ത അനുയായികളോടു പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടിയേറ്റതോടെ അസ്വസ്ഥതയ്ക്ക് ആക്കം കൂടി. ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരവും ആശയങ്ങളും ബംഗാളിനു യോജിച്ചതല്ലെന്നും എക്കാലവും 'അപരിചിതമായി' തുടരുമെന്നുമാണ് മുകുൾ റോയിയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് അടുത്ത അനുയായികൾ സൂചിപ്പിക്കുന്നത്. മമതയെ പോലെ ജനങ്ങളുടെ പൾസ് അറിയുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറയുന്നു.

പാർട്ടി വിട്ടു പോയ സുവേന്ദുവിനെ മമത കടന്നാക്രമിക്കുമ്പോഴും മുകുൾ റോയിയോട് മൃദു സമീപനമായിരുന്നു. 'പാവം മുകുൾ റോയ് അവിടെ പെട്ടുപോയതാണ്' എന്ന് മമത തിരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിച്ചിട്ടുമുണ്ട്

ശാരദാ ചിട്ടിഫണ്ട് കേസിലും നാരദ സ്റ്റിങ് ഓപറേഷൻ കേസിലും പ്രതിയാണ് മുകുൾ റോയ്. അദ്ദേഹം ബിജെപിയിലേക്കു പോയത് ഈ കേസുകളിൽനിന്ന് രക്ഷ തേടിയാണെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. 2017ൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയ വിവരം പുറത്തു വന്നപ്പോഴാണ് തൃണമൂൽ റോയിയെ പുറത്താക്കുന്നത്. രണ്ടു മാസത്തിനകം 2017 നവംബറിൽ റോയ് ബിജെപിയിൽ ചേർന്നു.

അതോടെ ബംഗാളിലെ ബിജെപിയുടെ കുന്തമുനയായി മുകുൾ റോയ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 18 സീറ്റു നേടി ചരിത്രവിജയം കൈവരിച്ചത് മുകുൾ റോയിയുടെ മാത്രം മികവിലായിരുന്നുവെന്നതും ചരിത്രം. അതോടെ റോയ് ദേശീയ നേതൃത്വത്തിന്റെയും പ്രിയങ്കരനായി. അമിത് ഷായുടെ കണ്ണിലുണ്ണിയായി. ജെ.പി.നഡ്ഡയുടെ പുതിയ ടീം വന്നപ്പോൾ റോയ് ദേശീയ വൈസ് പ്രസിഡന്റുമായി.

ബംഗാൾ തിരഞ്ഞെടുപ്പിൽ സീറ്റു നിർണയത്തിലും റോയ് മുഖ്യകേന്ദ്രമായതോടെ പാർട്ടിക്കുള്ളിൽ മുറുമുറുപ്പുകൾ തുടങ്ങി. വിരുന്നു വന്നവർ കാര്യക്കാരായെന്ന് പാർട്ടി അധ്യക്ഷൻ ദിലീപ് ഘോഷ്തന്നെ പറയുന്ന അവസ്ഥയായി. റോയിയും ഘോഷും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കൊടുവിൽ ഇരുവരെയും ഡൽഹിയിലേക്കു വിളിപ്പിച്ചു ദേശീയ നേതൃത്വംതന്നെ മഞ്ഞുരുക്കൽ നടത്തി. എങ്കിലും ചില കനലുകൾ അണയാതെ കിടന്നിരുന്നു.

നാരദാ സ്റ്റിങ് ഓപറേഷൻ കേസിൽ നാലു തൃണമൂൽ നേതാക്കൾ അറസ്റ്റിലായതോടെ മുകുൾ റോയിയെയും സുവേന്ദുവിനെയും പിടികൂടാത്തതെന്ത് എന്ന ചോദ്യം ഉയർന്നു. കേസ് ചാർജ് ചെയ്യുമ്പോൾ രാജ്യസഭാംഗമായിരുന്ന മുകുൾ റോയിയെയും ലോക്സഭാംഗമായിരുന്ന സുവേന്ദുവിനെയും അറസ്റ്റു ചെയ്യാൻ രാജ്യസഭാ ചെയർമാന്റെയും ലോക്സഭാ സ്പീക്കറുടെയും അനുമതി വേണമെന്നും അതിനു കാക്കുകയാണെന്നും സിബിഐ പറഞ്ഞു.

ഇരുവരെയും സംരക്ഷിക്കുന്ന വിധത്തിൽ ഒരു വാക്കു പോലും ബംഗാൾ ബിജെപി നേതൃത്വത്തിൽനിന്നു വരാതിരുന്നതും ദേശീയ നേതൃത്വം മിണ്ടാതിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിനു ശേഷമുള്ള മുകുൾ റോയിയുടെ മൗനത്തെ രാഷ്ട്രീയ നിരീക്ഷകർ ഇതുമായി കൂട്ടിവായിച്ചിരുന്നു. ബംഗാളിൽ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അതിക്രമങ്ങളെക്കുറിച്ചു ബിജെപി നടത്തിയ പ്രക്ഷോഭങ്ങളിലൊന്നും മുകുൾ റോയിയുടെ സജീവ സാന്നിധ്യമുണ്ടായില്ല. പ്രസ്താവനകളിൽപ്പോലും തൃണമൂലിനെതിരെ അദ്ദേഹം പ്രതികരിച്ചിരുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP