Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണ്ണാടക ജഴ്‌സിയിൽ രഞ്ജി ട്രോഫിയിലുടെ ക്രിക്കറ്റ് പിച്ചിലേക്കെത്തി; വരവറിയിച്ചത് ഐപിഎൽ അരങ്ങേറ്റത്തിലെ അർധശതകത്തിലുടെ; ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മിന്നുന്ന ഫോമിലുടെ സെലക്ടർമാരുടെ ശ്രദ്ധനേടി; സ്ഥിരതയാർന്ന പ്രകടനത്തിലുടെ ഇന്ത്യൻ ടീമിന്റെ പടി കടന്ന് ദേവദത്ത് പടിക്കൽ വരുമ്പോൾ

കർണ്ണാടക ജഴ്‌സിയിൽ രഞ്ജി ട്രോഫിയിലുടെ ക്രിക്കറ്റ് പിച്ചിലേക്കെത്തി; വരവറിയിച്ചത് ഐപിഎൽ അരങ്ങേറ്റത്തിലെ അർധശതകത്തിലുടെ; ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മിന്നുന്ന ഫോമിലുടെ സെലക്ടർമാരുടെ ശ്രദ്ധനേടി; സ്ഥിരതയാർന്ന പ്രകടനത്തിലുടെ ഇന്ത്യൻ ടീമിന്റെ പടി കടന്ന് ദേവദത്ത് പടിക്കൽ വരുമ്പോൾ

സ്പോർട്സ് ഡെസ്ക്

ബാംഗ്ലൂർ: ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികവാർന്ന് പ്രകടനത്തിലുടെ ഇന്ത്യൻ ടീമിന്റെ പടികടന്ന് ദേവദത്ത് പടിക്കൽ.ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്കാണ് ഈ യുവപ്രതിഭ തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥിരതയാർന്ന പ്രകടനം നിലനിർത്താൻ സാധിക്കുന്നു എന്നതാണ് ഈ യുവതാരത്തിന്റെ ഏറ്റവും വലിയ കരുത്ത്. ഒപ്പം ഇടങ്കൈയൻ ബാറ്റിങ്ങിന്റെ സുന്ദരമായ കാഴ്‌ച്ചകൂടിയാണ് ദേവദത്തിന്റെ ഒരോ ഇന്നിങ്ങ്‌സും.ഇക്കഴിഞ്ഞ ഐപിഎല്ലിൽ തന്റെ കന്നി സെഞ്ച്വറി നേടിയ ഇന്നിങ്ങ്‌സ് ഇ മനോഹാരിതയുടെ ഉത്തമ ഉദാഹരണമായിരുന്നു.

മലപ്പുറം സ്വദേശിയായ ദേവദത്ത് അച്ഛന്റെ ജോലിയുടെ ആവശ്യാർത്ഥം ബംഗളുരുവിലേക്ക് മാറിയതോടെയാണ് കർണ്ണാട ക്രിക്കറ്റിന്റെ ഭാഗമാകുന്നത്.2018ൽ കർണാടകയ്ക്ക് വേണ്ടി മഹാരാഷ്ട്രക്കെതിരെ ആയിരുന്നു ദേവ്ദത്തിന്റെ രഞ്ജി ട്രോഫി അരങ്ങേറ്റം.അരങ്ങേറ്റ
മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഏഴ് റൺസെടുത്ത് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സിൽ 77 റൺസ് നേടി തിളങ്ങി.2019ൽ ലിസ്റ്റ് എ ക്രിക്കറ്റിൽ ഝാർഖണ്ഡിനെതിരെ അരങ്ങേറി. 58 റൺസുമായി തിളങ്ങി.2019ൽ തന്നെ ടി20 ക്രിക്കറ്റിലും അരങ്ങേറിയ ദേവ്ദത്ത് പടിക്കൽ ഉത്തരാഖണ്ഡിനെതിരെ പുറത്താകാതെ 53 റൺസെടുത്ത് തിളങ്ങി.

ഇ മികവാർന്ന പ്രകടനത്തിലുടെയാണ് ഐപിഎല്ലിന്റെ വാതിൽ ദേവദത്തിന് മുന്നിൽ തുറന്നത്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബിനെതിരെ ക്യാപ്റ്റൻ വിരാട് കോലിയുടെ ബാംഗ്ലൂരിനായി അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറിയുമായി ദേവദത്ത് വരവറിയിച്ചു.ആദ്യ സീസണിലെ മിന്നുന്ന പ്രകടനത്തോടെ ഇത്തരവണം ദേവദത്തിനെ ബാംഗ്ലൂർ നിലനിർത്തുകയായിരുന്നു.ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് കന്നി സെഞ്ചുറിയുമായി ദേവ് 'വിശ്വരൂപം' പുറത്തെടുത്തത്. 52 പന്തിൽനിന്ന് 101 റൺസുമായി പുറത്താകാതെ നിന്ന ദേവ്, 177 റൺസ് പിന്തുടർന്ന റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു. ഐപിഎൽ നിർത്തിവയ്ക്കുമ്പോൾ 6 മത്സരങ്ങളിൽനിന്ന് 195 റൺസായിരുന്നു സമ്പാദ്യം.

ഇതിനുപുറമെ കോവിഡ് മഹാമാരിക്കിടയിലും സംഘടിപ്പിച്ച ആഭ്യന്തര മത്സരങ്ങളിലും ദേവദത്ത് തന്റെ നയം വ്യക്തമാക്കിയിരുന്നു.വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ആഭ്യന്തര ടൂർണമെന്റുകളിൽ മികച്ച പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവച്ചത്. വിജയ് ഹസാരെയിൽ 7 മത്സരങ്ങളിൽനിന്ന് 737 റൺസ് അടിച്ചു. 4 സെഞ്ചുറികളും 3 അർധ സെഞ്ചുറികളും അടങ്ങിയ പ്രകടനം സിലക്ടർമാരുടെ ശ്രദ്ധ നേടിയിരുന്നു.മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ 218 റൺസാണ് നേടിയത്.

സമീപകാലത്തെ ഇത്തരം മികച്ച പ്രകടനങ്ങൾ തന്നെയാണ് ചേട്ടന്മാർ അങ്ങ് ഇംഗ്ലണ്ടിൽ ന്യൂസിലാന്റിനെതിരെ ടെസ്റ്റ് കളിക്കുമ്പോൾ ഇവിടെ അനിയന്മാർ ശ്രീലങ്കയിലേക്ക് കഴിവ് തെളിയിക്കാൻ പോകുമ്പോൾ ആ കുട്ടത്തിലേക്ക് ദേവദത്തിനും വഴിതുറന്നത്.മുൻനിര താരങ്ങൾ ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിക്കുമ്പോൾ യുവതാരങ്ങൾക്ക് മികച്ച പ്രകടനത്തിലൂടെ ഉയർന്നു വരാനുള്ള അവസരമാണ് ശ്രീലങ്കൻ പര്യടനത്തിലൂടെ ഒരുങ്ങുന്നത്.

ബെംഗളൂരുവിൽ താമസിക്കുന്ന ദേവ്ദത്ത് ജനിച്ചത് മലപ്പുറം ജില്ലയിലെ എടപ്പാളിലാണ്. നാലു വയസ്സുവരെ ഇവിടെയായിരുന്നു. അച്ഛനു ജോലി മാറ്റമായതോടെ ഹൈദരാബാദിലേക്കു ചേക്കേറിയ കുടുംബം പിന്നീടു ദേവിന്റെ ക്രിക്കറ്റ് ഭാവി ലക്ഷ്യമിട്ട് ബെംഗളൂരുവിലേക്കു മാറുകയായിരുന്നു. അച്ഛൻ ബാബുനു കുന്നത്ത് പാലക്കാട് ചിറ്റൂർ സ്വദേശിയാണ്. ബെംഗളൂരുവിൽ ഇലക്ട്രോണിക്‌സ് ബിസിനസ് രംഗത്താണ്. അമ്മ അമ്പിളി ബാലൻ പടിക്കൽ മലപ്പുറം എടപ്പാൾ സ്വദേശിയാണ്. അമ്മയുടെ വീട്ടുപേരാണ് ദേവ്ദത്തിന്റെ പേരിനൊപ്പമുള്ള പടിക്കൽ. ഒരു സഹോദരി കൂടിയുണ്ട്, ചാന്ദ്നി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP