Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സജിതയെ മതം മാറ്റിയിട്ടില്ല; മതം നോക്കിയിട്ടല്ല തങ്ങൾ സ്നേഹിച്ചതും; ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാമെന്ന് റഹ്മാൻ; പത്ത് വർഷങ്ങൾക്ക് ശേഷം മകളെ നേരിൽകണ്ട് മാതാപിതാക്കളും; ഒറ്റ മുറി ജീവിതത്തിൽ നിന്നും വാടക വീട്ടിലെത്തിയ റഹ്മാനും സജിതയ്ക്കും സഹായഹസ്തവുമായി പൊലീസും

സജിതയെ മതം മാറ്റിയിട്ടില്ല;  മതം നോക്കിയിട്ടല്ല തങ്ങൾ സ്നേഹിച്ചതും; ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാമെന്ന് റഹ്മാൻ; പത്ത് വർഷങ്ങൾക്ക് ശേഷം മകളെ നേരിൽകണ്ട് മാതാപിതാക്കളും; ഒറ്റ മുറി ജീവിതത്തിൽ നിന്നും വാടക വീട്ടിലെത്തിയ റഹ്മാനും സജിതയ്ക്കും സഹായഹസ്തവുമായി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സജിതയെ താൻ മതം മാറ്റിയിട്ടില്ലെന്നും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാമെന്നും ഭർത്താവ് റഹ്മാൻ. തനിക്ക് മതം മാറ്റാൻ താത്പര്യമില്ല, ഇതുവരെ അതിന് ശ്രമിച്ചിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവളുടെ രീതിയിൽ അവൾ ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങൾ തെറ്റാണ്. മതം നോക്കിയിട്ടല്ല തങ്ങൾ സ്നേഹിച്ചതെന്നും റഹ്മാൻ വ്യക്തമാക്കി.

അതിനിടെ നഷ്ടപ്പെട്ടെന്നു കരുതിയ മകളെ 10 വർഷത്തിനു ശേഷം കൺനിറയെ കണ്ട് ശാന്തയും വേലായുധനും. പാലക്കാട് 10 വർഷം യുവാവ് പ്രണയിനിയെ ഒറ്റമുറിയിൽ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിലെ സജിതയുടെ മാതാപിതാക്കൾ വാടകവീട്ടിലെത്തി. മകൾ ഒരുവിളിക്കപ്പുറം ഉണ്ടായിരുന്നിട്ടും കാണാൻ കഴിയാതിരുന്ന, എവിടെപ്പോയെന്ന ചിന്തയിൽ ഉരുകി ജീവിച്ചിരുന്ന ശാന്തയും വേലായുധനും ഇന്ന് രാവിലെയാണ് സജിതയുടെ വാടകവീട്ടിലെത്തിയത്.

മൂന്നുമാസം മുൻപാണ് സജിതയും റഹ്മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കൾ തന്നെ ഫോണിൽ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അയിലൂർ സ്വദേശിയായ റഹ്മാൻ, കാമുകിയായ സജിതയെ 10 കൊല്ലമാണ് സ്വന്തം വീട്ടിൽ ആരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരൻ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തിൽ നിർണായകമായത്. തുടർന്ന് റഹ്മാൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് 10 വർഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു.

തങ്ങൾ പ്രണയത്തിലാണെന്നും 10 വർഷം യുവതിയെ സ്വന്തം വീട്ടിൽ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാൻ വെളിപ്പെടുത്തിയപ്പോൾ പൊലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാൽ, ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം നടക്കാവുന്ന കാര്യങ്ങളാണെന്നുമാണ് നെന്മാറ എസ്.എച്ച്.ഒ. പറഞ്ഞത്.

റഹ്മാനും സജിതയുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. റഹ്മാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. സഹോദരിയെ കാണാനും സംസാരിക്കാനുമായി സജിത വീട്ടിലെത്തുന്നത് പതിവായിരുന്നു. ഈ സൗഹൃദം വളർന്ന് പ്രണയമായപ്പോഴാണ് റഹ്മാനൊപ്പം ജീവിക്കാൻ 18 വയസ്സുകാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്നു റഹ്മാൻ. തനിക്കൊപ്പം ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാൻ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ചു. കഷ്ടിച്ച് രണ്ടാൾക്ക് മാത്രം കിടക്കാൻ കഴിയുന്ന ചെറുമുറിയിൽ വീട്ടുകാർ പോലും അറിയാതെ ഇരുവരും ജീവിതം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

അതേസമയം, 10 കൊല്ലത്തെ ഒറ്റമുറി ജീവിതത്തിൽനിന്നു സ്വയം പറിച്ചുനട്ട റഹ്മാനും സജിതയ്ക്കും സഹായഹസ്തവുമായി പൊലീസും നാട്ടുകാരും എത്തിയിട്ടുണ്ട്. മൂന്നു മാസമായി ഇവർ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പൊലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി. പച്ചക്കറിയും മറ്റു നിത്യോപയോഗസാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ തേടിയെത്തി.

പൊലീസിന്റെ നേതൃത്വത്തിൽ ഇരുവർക്കും മനഃശാസ്ത്ര കൗൺസലിങ്ങും ലഭ്യമാക്കി. പൊലീസുകാരുടെയും നാട്ടുകാരുടെയും തണലിൽ പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് പുഞ്ചിരിയായി വിടർന്നു. രമ്യ ഹരിദാസ് എംപി. ഉൾപ്പെടെയുള്ളവരും ക്ഷേമാന്വേഷണവുമായി എത്തുകയും ചെയ്തിരുന്നു.

വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഒളിവിൽ ദാമ്പത്യം ആരംഭിച്ചത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നും കാണാതായ റഹ്മാനെ സഹോദരൻ അവിചാരിതമായി കണ്ടുമുട്ടുന്നതോടെയാണ് നാടിനെ നടുക്കിയ പ്രണയകഥ പുറം ലോകം അറിയുന്നത്. ഒറ്റമുറിക്കുള്ളിൽ ആ വീട്ടിലെ മറ്റുള്ളവർ പോലും അറിയാതെ ഒരു യുവതി പത്തുവർഷത്തോളം ജീവിച്ചു എന്നത് അവിശ്വസനീയതയോടെയാണ് ലോകം കേട്ടത്. റഹ്മാന്റെ വീട്ടുകാരെ ഭയന്നാണ് ഇത്തരം ഒരു ജീവിതം തിരഞ്ഞെടുത്തതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. പ്രണയകഥ പുറത്തുവന്നതോടെ റഹ്മാൻ സജിതയെ മതം മാറ്റിയെന്ന തരത്തിലുള്ള ആരോപണങ്ങളും ശക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP