Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലിയുടെ പിരിമുറക്കം മാറ്റാൻ ഒന്നു 'മിനുങ്ങാൻ' സ്ഥലമില്ല; മറ്റുള്ളവരെപ്പോലെ ഉന്നത ഉദ്യോഗസ്ഥർക്ക് ബാറുകളിലോ മറ്റ് ക്ലബ്ബുകളിലോ പോയി മദ്യപിക്കാൻ സാധിക്കുന്നില്ല; സിവിൽ സർവീസ് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന് ബാർ ലൈസൻസ് നൽകണമെന്ന ആവശ്യം മുഖ്യമന്ത്രിക്കു മുന്നിൽ

ജോലിയുടെ പിരിമുറക്കം മാറ്റാൻ ഒന്നു 'മിനുങ്ങാൻ' സ്ഥലമില്ല; മറ്റുള്ളവരെപ്പോലെ ഉന്നത ഉദ്യോഗസ്ഥർക്ക് ബാറുകളിലോ മറ്റ് ക്ലബ്ബുകളിലോ പോയി മദ്യപിക്കാൻ സാധിക്കുന്നില്ല; സിവിൽ സർവീസ് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന് ബാർ ലൈസൻസ് നൽകണമെന്ന ആവശ്യം മുഖ്യമന്ത്രിക്കു മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ അബ്കാരി നയത്തിൽ തിരുത്തൽ ഉണ്ടാകുമോ? ഉന്നതരായ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഇക്കാര്യം ആവശ്യപ്പെട്ടു രംഗത്തുവന്നിട്ടുണ്ട്. കവടിയാർ ഗോൾഫ് ലിങ്ക് റോഡിലുള്ള സിവിൽ സർവീസ് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന് ബാർ സഹിതമുള്ള ക്ലബ് ലൈസൻസ് അനുവദിക്കണം എന്ന ആവശ്യവുമായി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ സമീപിച്ചിരിക്കയാണ്. ഇവർക്ക് മാത്രമായി ബാർ ലൈസൻസ് അനുവദിക്കണമെങ്കിൽ അബ്കാരി നയത്തിൽ തന്നെ മാറ്റം ആവശ്യമാണ്.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർ അംഗങ്ങളായ സിവിൽ സർവീസ് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിനെ ചീഫ് സെക്രട്ടറി ചെയർമാനായ ഭരണസമിതിയാണു നിയന്ത്രിക്കുന്നത്. ഇവിടെ ക്ലബ് ലൈസൻസ് അനുവദിക്കണമെന്നു മുൻ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് വീണ്ടും മുഖ്യമന്ത്രിക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

ജോലിയുടെ പിരിമുറക്കം മാറ്റാനായി ഉദ്യോഗസ്ഥർക്കു വിശ്രമിക്കാനും ചർച്ചകൾ നടത്താനും ഇൻസ്റ്റിറ്റ്യൂട്ടിന് ബാർ ഉൾപ്പെടെയുള്ള ക്ലബ് ലൈസൻസ് അനുവദിക്കണം. മറ്റുള്ളവരെപ്പോലെ ഉന്നത ഉദ്യോഗസ്ഥർക്ക് ബാറുകളിലോ മറ്റ് ക്ലബ്ബുകളിലോ പോയി മദ്യപിക്കാൻ സാധിക്കുന്നില്ലെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ലബ് അനുവദിക്കുമ്പോൾ ലൈസൻസ് ഫീ കുറയ്ക്കണമെന്നും മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ലബ്ബുകൾക്ക് എക്സൈസ് വകുപ്പിന്റെ ലൈസൻസ് ലഭിക്കണമെങ്കിൽ 20 ലക്ഷം രൂപ നൽകണമെന്നാണു നിലവിലെ വ്യവസ്ഥ. ഉന്നത ഉദ്യോഗസ്ഥരുടെ അപേക്ഷയിൽ എക്‌സൈസ് കമ്മിഷണറോട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. കൊച്ചിയിൽ നേവി ഉദ്യോഗസ്ഥർക്കുള്ള ക്ലബ് ലൈസൻസ് വർഷം 50,000 ഈടാക്കി അനുവദിച്ചിട്ടുണ്ടെന്ന് എക്‌സൈസ് കമ്മിഷണർ സർക്കാരിനെ അറിയിച്ചു. പ്രത്യേക വിഭാഗമായി പരിഗണിച്ച് ചട്ടഭേദഗതി വരുത്തി ക്ലബ് ലൈസൻസ് നൽകുകയായിരുന്നു.

ഇതേ മാതൃകയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തിയാലേ ലൈസൻസ് തുകയിൽ ഇളവ് അനുവദിക്കാൻ സാധിക്കുകയുള്ളൂ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണു തീരുമാനം എടുക്കേണ്ടത്. അതേസമയം നേരത്തെ വിവാദത്തിൽ പെട്ട സ്ഥാപനമാണ് സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്.

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടം നടന്ന ദിവസം ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ താമസിച്ചത് സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു. ഇവിടെ നിന്നും മദ്യപാർട്ടികഴിഞ്ഞ് കാറോടിച്ചു വരുമ്പോഴാണ് കെ എം ബഷീറിനെ ഇടിച്ചു കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ കവടിയാർ ഗോൾഫ് ക്ലബ്ബിനു സമീപമുള്ള സിവിൽ സർവീസ് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചു സർക്കാർ അന്വേഷിച്ചിരുന്നു.

നേരത്തെ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയായി നിർമ്മാണം ആരംഭിച്ച കെട്ടിടമാണിത്. എന്നാൽ, നിർമ്മാണം ഇടയ്ക്കു മുടങ്ങി. അതിനിടെ മുൻ ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി.കെ.പിള്ളയുടെ കുടുംബാംഗങ്ങൾ സർക്കാരിനു വിട്ടുകൊടുത്ത, കവടിയാർ വിമൻസ് ക്ലബ്ബിനു സമീപത്തെ വീട് മോടി പിടിപ്പിച്ചു 2015ൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയാക്കി.

പിന്നീടാണു ഗോൾഫ് ക്ലബ്ബിനു സമീപമുള്ള വീട് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ആക്കിയത്. മറ്റു സംസ്ഥാന തലസ്ഥാനങ്ങളിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു വലിയ ഗെസ്റ്റ് ഹൗസുകളുണ്ടെങ്കിലും കേരളത്തിൽ സൗകര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണു കെട്ടിടം ഇൻസ്റ്റിറ്റ്യൂട്ട് ആക്കി മാറ്റിയത്. 4 മുറികളുള്ള വീട്ടിൽ സിവിൽ സർവീസിലെ ഉദ്യോഗസ്ഥർക്ക് കുറഞ്ഞ നിരക്കിൽ താമസിക്കാൻ സൗകര്യമുണ്ട്. 2 കോടിയോളം രൂപ ചെലവിട്ടാണു കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP